ഞാൻ വെറും പോഴൻ

Thursday 7 July 2016

മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതിലും വല്ല്യ തമാശ സ്വപ്നങ്ങളിൽ മാത്രം.....!!!

2014 - ൽ മദ്യനയം തീരുമാനിക്കാൻ കൂടിയ യു ഡി എഫ് യോഗം കഴിയുമ്പോൾ കേരളത്തിൽ എന്തൊക്കെയോ നടക്കുമെന്ന് കരുതിയവർക്ക് തെറ്റി. മല പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി  കാര്യങ്ങൾ..... ഹൈക്കോടതിയിൽ തലേന്ന് വരെ സർക്കാരും, മാധ്യമങ്ങൾക്ക് മുന്നിൽ ശ്രീ ഉമ്മൻ ചാണ്ടിയും കെ എം മാണിയും തുടങ്ങി യു ഡി എഫിലെ പലരും, പറഞ്ഞിരുന്ന നിലപാടിൽ നിന്ന് കുട്ടിക്കരണം മറിഞ്ഞു കൊണ്ടുള്ള ഈ രാഷ്ട്രീയ അഭ്യാസത്തിനു മുൻപിൽ ബാർ-മദ്യ മുതലാളിമാർ, പാവം കുടിയന്മാർ, പ്രതിപക്ഷം...... എന്തിന് പറയുന്നു മദ്യ വിരുദ്ധ പ്രസ്ഥാനക്കാർ പോലും ഞെട്ടിപ്പോയി. യു ഡി എഫിന്റെ ആദർശമുഖമായ സുധീരനും ചെന്നിത്തലയും ഉമ്മച്ചനും ഒരേ ഭാഷയിൽ ആദർശ ഭരിത മദ്യ നിർമാർജ്ജന പ്രതിജ്ഞാ ഗാനം പാടിയപ്പോൾ ബാബുമന്ത്രിയ്ക്ക് ഒന്നും മിണ്ടാനില്ലാതെ അറ്റെൻഷനായി നില്ക്കാനെ കഴിഞ്ഞുള്ളു; "കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ; 418 ബാറുകൾ പൂട്ടിക്കിടക്കുന്നതു സഹിക്കാൻ പറ്റാത്ത മന്തി ബാക്കി 312 കൂടി പൂട്ടുന്നത് എങ്ങനെ സഹിക്കും" എന്ന് ചോദിച്ചു കണ്ണു തള്ളിയവർ പിന്നീടങ്ങോട്ടുള്ള ബാബുവണ്ണന്റെ മദ്യവിരുദ്ധ സദാചാരകഥാപ്രസംഗങ്ങൾ കേട്ട് വീണ്ടും വീണ്ടും കണ്ണു തള്ളി. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പുതിയ മദ്യനയം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടച്ചിട്ട 418 ബാറുകള്‍ തുറക്കില്ല. തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കും. കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.  ഞായറാഴ്ച്ചകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല. ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇതിനായി നീക്കിവെക്കും. ബാര്‍ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും. പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ഓരോ വര്‍ഷവും ഔട്ട്‌ലെറ്റുകളുടെ എണ്ണം 10 ശതമാനം കുറയ്ക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല. കള്ളുചെത്ത് വ്യവസായം പ്രോത്സാഹിപ്പിക്കും. പത്തു വര്‍ഷത്തിനകം കേരളത്തെ മദ്യരഹിതമാക്കും. മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ മദ്യനിരോധനത്തിലുപരി മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, ഡ്രൈ ഡെകളുടെ എണ്ണം വര്‍ധിപ്പിക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള മദ്യനയമാണ് പ്രഖ്യാപിച്ചത്. പുതിയ മദ്യനയത്തെ യുഡിഎഫ് ഘടക കക്ഷികള്‍ രണ്ടു കയ്യും നീട്ടി വായും പിളർന്നു സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ മധുര മനോജ്ഞ മദ്യ രഹിത കേരളം സംജാതമാകുമോ എന്ന് ശുദ്ധഹൃദയരെല്ലാം ഒരു വേള ശങ്കിച്ച് പോയി.... ഹൌ ഹൌ...ഓർത്തിട്ടു തന്നെ കോൾമയിർ കൊണ്ടിട്ട് വയ്യ എന്നായിരുന്നു സ്ഥിതി.....

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ള് കുടിയനായ അരപ്പട്ടിണിക്കാരന്റെ ഭാര്യമാര്യ്ടെ കണ്ണില്‍ പൊടിയിടാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. അന്നാണ് കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍ ലോ ക്ളാസ്സിന്റെ പ്രതിനിധിയും ‘സ്ഥിരമായി രണ്ട് സ്മോള്‍ വിടുന്ന’ ആള്‍ മാന്യനും ആയി ഗണിക്കപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. മദ്യപാനം ചിലരുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യം എന്ന നില വിട്ട് ഒരു ഫാഷനും സ്റ്റാറ്റസ് സിംബലുമായി. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

ഒടുവിൽ,  ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന "ചെറുകിട ബാർ നിർമാർജ്ജനം" സുധീരന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉമ്മൻ ചാണ്ടിയാൽ പ്രഖ്യാപിക്കപ്പെട്ടു. സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്ന സത്യം ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകും. പക്ഷെ, ഘട്ടം ഘട്ടമായുള്ള  സമ്പൂർണ്ണ മദ്യ നിരോധനത്തിലേക്കുള്ള കുതിപ്പായിട്ടാണ് ഇതിനെ ഉമ്മൻ ചാണ്ടി വിശേഷിപ്പിച്ചത്‌. ചാരായ നിരോധത്തിന് ശേഷം പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമാണ് അട്ടിമറിക്കപ്പെട്ടത്. ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ തന്നെ ചാരായ നിരോധനത്തിന് ശേഷം അതിന്റെ പല മടങ്ങ്‌ പണം ചെലവിട്ട് ഒട്ടും തന്നെ നിലവാരമില്ലാത്ത മദ്യം വാങ്ങി കുടിച്ചു തുടങ്ങി. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ കൂലി നിലവാരം കൂടുകയും അവരുടെ സാമ്പത്തിക നിലവാരം വീണ്ടും ഭദ്രത പ്രാപിച്ചു വരികയുമായിരുന്നു. അപ്പോഴാണ്‌ ഈ ഇരുട്ടടി വരുന്നത്. ഇനിയെന്തൊക്കെ ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം. 

കേരളത്തിൽ ഇത് കൊണ്ട് സംഭവിച്ച കുറെ കാര്യങ്ങൾ (ഇതൊരു പൂർണ്ണ ലിസ്റ്റല്ല. ലിസ്റ്റിലേക്ക് സഹൃദയർക്ക് സംഭാവന നല്കാവുന്നതാണ്.)

1. തുടരണം, വികസിക്കണം എന്നൊക്കെ പറഞ്ഞ് കെട്ടിപ്പൊക്കിയ മനക്കോട്ടകൾ ദയനീയമായി തകർന്നു വീണു. എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞവരെ ജനം വിശ്വാസത്തിലെടുത്തു.
2.  ചില രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് വികസിച്ചു....ചിലരുടേത് ശുഷ്കിച്ചു.
3. ബീവറേജസ് കോർപറേഷൻ വീണ്ടും വീണ്ടും കോടികൾ വാരിക്കൂട്ടി ഉത്തരോത്തരം ലാഭത്തിലേക്ക് കുതിച്ചു.
4. പഞ്ച നക്ഷത്ര നിലവാരത്തിൽ കുറഞ്ഞ ബാർ മുതലാളിമാരും അവരുടെ തൊഴിലാളികളും മറ്റു പണികൾ കണ്ടെത്തി ജീവിക്കുന്നു.
5. കഞ്ചാവ്, ആന മയക്കി, പൊടിക്കള്ള്, ചുമ മരുന്നുകൾ, അലർജി മരുന്നുകൾ, വ്യാജമദ്യ- വാറ്റുചാരായം എന്നിവയുടെ കച്ചവട സാധ്യത പതിന്മടങ്ങ് വർദ്ധിച്ചു .  
8. ബാറിൽ ഇരുന്നടിക്കണം എന്ന് നിർബന്ധമുള്ളവർ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ അന്തസ്സുള്ള കസ്റ്റമേഴ്സ് ആയി മാറി.. 
9. ഊതിക്കുടിക്കാൻ നിവൃത്തിയില്ലാത്ത അഗണ്യകോടിയിൽ പെട്ട പാവത്തുങ്ങൾ ഇപ്പോഴും ബീവറെജസ് കോർപ്പറെഷന്റെ ഔട്ട് ലെറ്റുകളിൽ പോയി ക്യൂ നിന്ന് വാങ്ങി അടിക്കുന്നു.
10. വ്യാജ വാറ്റു പ്രൊഫഷണലുകൾ, വ്യാജ വാറ്റുപകരണങ്ങൾ, പ്രെഷർ കൂക്കർ, പുട്ട് കുട്ടി, ചെമ്പ് പൈപ്പ്, ഗ്ളാസ് പൈപ്പ്, മണ്‍കുടം, ചെമ്പ് കുടം, ചില ആയുർവേദ മരുന്നുകൾ, യീസ്റ്റ്, മുന്തിരി, പൈൻ ആപ്പിൾ മുതലായവക്ക് ഡിമാന്റ് കൂടി.
11. വഴിവക്കുകളിലും തട്ടുകടകളിലും പതുങ്ങി നിന്ന് "നിപ്പൻ" അടിക്കുന്നവരുടെ എണ്ണം കൂടി. തികച്ചും സ്വകാര്യമായി സംഘം ചേർന്നോ ഒറ്റക്കോ നടന്നിരുന്ന മദ്യസേവ റോഡ് സൈഡിലേക്കും വീട്ടുമുറികളിലേക്കും മാറി. തദ്വാരാ ഇതു കണ്ടു വളരുന്ന യുവതലമുറയും മോശം മാതൃകകളെ അനുകരിക്കാൻ തുടങ്ങി.
12. ക്ലാസ് കുറഞ്ഞ ബാറുകൾ അടഞ്ഞതോടെ ഒഴിഞ്ഞ പറമ്പുകളും കെട്ടിടങ്ങളും എല്ലാം ടാബ്‌ലറ്റ് ബാറുകളായി.
13. ബിവറേജസിൽ ക്യൂ നിന്നു സാധനം വാങ്ങി മൊത്തമായും ചില്ലറയായും കച്ചവടം നടത്തുകയും ഡോർ ഡെലിവറി നടത്തുകയും ചെയ്യുന്ന പെറ്റി അബ്‌കാരികളുടെ എണ്ണം കൂടി.  
14.  സോഡാ, താറാവ് മുട്ട, എരിവ് മിക്സ്ചർ, മുളക് ബജി മുതലായവയുടെ കച്ചവടം നന്നേ കുറഞ്ഞു.    
15. ഹർത്താൽ, പൊതു പണിമുടക്ക്‌, സമരങ്ങൾ, സമ്മേളനങ്ങൾ മുതലായവയുടെ വിജയ സാധ്യത കുറഞ്ഞു.
16. മിലിട്ടറി ക്വാട്ട കിട്ടുന്ന എക്സ് സർവീസുകാർ, മാഹിയിൽ പോയി വരുന്ന ലോറി, ടാക്സി മുതലായ വാഹനങ്ങളിലെ പണിക്കാർ എന്നിവർക്ക് വരുമാനം കൂടി.‍
17. മിടുക്കന്മാരായ ചില ബാർ മുതലാളിമാർ പോയി 5 സ്റ്റാർ പദവി സംഘടിപ്പിച്ചു വീണ്ടും കൊയ്ത്തു തുടങ്ങി. 

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഉമ്മൻ ചാണ്ടിയും സംഘവും പറഞ്ഞ പോലെയായിരുന്നില്ല കാര്യങ്ങൾ. ഇവിടെ മദ്യനിരോധനം എന്നൊരു സംഭവമേ നടന്നില്ല; ആകപ്പാടെ ആളുകൾക്ക് പോയിരുന്നു കുടിക്കാനുണ്ടായിരുന്ന ഇടങ്ങൾ മാത്രമാണ് നിർത്തലാക്കിയത്. പിന്നെ സുലഭവും മിതമായ വിലയിലും ലഭിച്ചിരുന്ന സാധനം നിങ്ങൾ വല്ല്യ ലക്ഷുറി ആക്കിക്കളഞ്ഞു; അത്ര മാത്രം. പക്ഷെ ഒരു കാര്യം മനസിലാക്കണമായിരുന്നു. മദ്യം നിരോധിക്കാം. ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും"

പല്ലിളിക്കുന്ന യാഥാർത്ഥ്യം : എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും ഈ മദ്യ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!

ഉപദേശം (FREE) : ബാറുകൾ തുറന്നു കൊടുക്കൂ; അതൊരു വ്യവസായമല്ലേ. സർക്കാരിന് മനഃസാക്ഷിക്കുത്തോ മറ്റോ തോന്നുന്നുണ്ടെങ്കിൽ സർക്കാർ മദ്യവിൽപ്പന നിർത്തട്ടെ.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഇതേ വിഷയത്തിൽ മുൻപ് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ==>  മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!???


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



4 comments:

  1. കുറചൂടെ ഹാസ്യാൽമകം ആക്കാമായിരുന്നു

    ReplyDelete
    Replies
    1. പെട്ടെന്ന് തട്ടിക്കൂട്ടിയതാ...

      Delete