ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 12 July 2017

സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി വിദ്യാർത്ഥിനികൾ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വൻ എതിർപ്പിനെത്തുടർന്ന് ഉത്തരവ് രായ്ക്ക് രാമാനം പിൻവലിച്ചിട്ട് അധികം കാലമായില്ല. ഏതാണ്ട് അതേ കാലയളവിലാണ് കായംകുളത്തുനിന്നുള്ള സി പി എമ്മിന്റെ വനിതാ എം എല്‍ എ ആയ പ്രതിഭാ ഹരി ലെഗ്ഗിൻസ് ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു എന്ന "ആക്ഷേപം" മാധ്യമങ്ങൾ വെണ്ടക്കയാക്കിയത്.

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയ സംഭവം എല്ലാവർക്കും ഓർമ്മ കാണും. പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാദ്ധ്യമങ്ങളായ എൻ.ഡി.ടി.വി, ഐ.ബി.എൻ. ലൈവ്, ഇന്ത്യൻ എക്‌സ്‌പ്രസ് തുടങ്ങിയവയെക്കൂടാതെ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. വരെ ആ സംഭവം മത്തങ്ങയും വെണ്ടക്കയും ഒക്കെ ആക്കിയിരുന്നു. ജീൻസ് ധരിച്ച് പിൻഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി അന്ന് വാർത്ത നൽകിയത്. യേശുദാസിന്റെ പരാമർശവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമർശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചു. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലർ പ്രതികരിച്ചപ്പോൾ, യേശുദാസ് പാടാൻ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നാണ് ചിലർ പറഞ്ഞത്.


തിരുവന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്ന വിഷയം കടന്നുവന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി. അദ്ദേഹത്തിൻറെ പരാമർശത്തിന്റെ ഏകദേശ മുഴുവൻ രൂപം താഴെക്കൊടുക്കുന്നു. 'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം". 

എന്റെ അഭിപ്രായത്തിൽ, യേശുദാസിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധം എന്നതിലുപരി പുരുഷ വിരുദ്ധം ആണ്. സ്ത്രീയുടെ അശ്രദ്ധമായ വസ്ത്രധാരണം കണ്ടാലുടനെ വേണ്ടാതീനം ചെയ്യാൻ പാകത്തിൽ നഷ്ടപ്പെടുന്ന ദുർബലമായ കണ്ട്രോളാണ് അദ്ദേഹവും ഞാനും ഉൾപ്പെടുന്ന പുരുഷ സമൂഹത്തിനുള്ളത് എന്നാണു ആദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ. അങ്ങിനെ നോക്കുമ്പോൾ സ്ത്രീകൾക്ക് മുൻപേ വാളെടുക്കേണ്ടത് പുരുഷന്മാരല്ലേ. തല്ക്കാലം യേശുദാസ് എന്ന വ്യക്തിയും അങ്ങേരുടെ അഭിപ്രായങ്ങളെയും അതിന്റെ പാട്ടിനു വിടാം... 

ഇതിനൊക്കെ പുറമെ, പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും ദുരന്തങ്ങളെയും പറ്റി ആത്മീയ-മത വീക്ഷണകോണിൽ നിന്ന് പ്രഭാഷണം നടത്തുന്ന കുറെ ഉപദേശിമാരും കൂടിയാവുമ്പോൾ ജീൻസും ഇറുകിയ വസ്ത്രങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പിരിമുറുക്കം വല്ലാതെ കൂടുകയാണ്.

നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്പ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ   മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദർശിപ്പിക്കാൻ നിർബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ മായാവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും അടുത്തിടെ വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.

ലോകത്തിന്റെ വിവിധ കോണുകളിൽ നൂറ്റാണ്ടുകളുടെ ഇടയിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്‌. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീർച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുകയാണ് എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. സാഹചര്യത്തിന് അനുയോജ്യമായ മാന്യമായ  വസ്ത്ര ധാരണത്തിലൂടെ തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദർഭം എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കാൻ. ഇന്റർവ്യൂവിനു പോകുമ്പോഴും പെണ്ണ് കാണൽ പോലുള്ള ചടങ്ങുകളിലും  അധികമാരും "അവരവർക്ക് സൗകര്യമുള്ള" ഡ്രസ്സ്‌ ധരിക്കുന്നത് കാണാറില്ല. ആ സന്ദർഭങ്ങളിലെല്ലാം അലിഖിത പൊതു സമൂഹ സദാചാര സംഹിതകൾ അംഗീകരിച്ച ഡ്രസ്സ്‌ കോഡ് ആണ് പിന്തുടരാറുള്ളത്. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അവിടെ നിഷ്കർഷിച്ചിട്ടുള്ള വസ്ത്രമാണ് പരാതിയൊന്നുമില്ലാതെ ധരിക്കാറുള്ളത്. ഇതിൽ നിന്നൊക്കെ തന്നെ സന്ദർഭമാണ് വസ്ത്രം തിരഞ്ഞെടുക്കാനുള്ള അളവുകോൽ എന്ന് ഊഹിക്കാം. ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും  നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. കേരളത്തിലെ ചില കൌമാരക്കാരായ പയ്യന്മാരുടെ ലോ വെയിസ്റ്റ് ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടപ്പോള്‍ പോലീസ് കേസെടുത്തതായി പത്ര വാർത്ത വന്നിരുന്നു. സ്ട്രീക്കിംഗ് നടത്തിയത്തിനു ഒരു പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു കസ്റ്റഡിയിൽ എടുത്തത് കേരളത്തിലെ ഏറ്റവും പുരോഗമനം പറയുന്ന കൊച്ചി നഗരത്തിലാണ്. അപ്പോൾ വസ്ത്ര ധാരണത്തിലെ മാന്യതയ്ക്കും സംസ്കാരത്തിനും സ്ത്രീ പുരുഷൻ എന്ന വ്യത്യാസം ഒന്നും വേണ്ട. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്നും തോന്നുന്നില്ല. സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ  അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുന്നത് പാപമോ അപരാധമോ ഒന്നുമല്ല; പക്ഷെ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിക്കുന്ന പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല എന്ന് മാത്രം. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് വളരെ ആവശ്യമായി വരുന്നത്. 


അങ്ങുമിങ്ങും എത്താത്ത, വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ ചെറു കാറ്റിൽപ്പോലും ഉയർന്നു പൊങ്ങുമ്പോഴും, ശരീരത്തോട് ഇറുകിച്ചേർന്ന വസ്ത്രങ്ങളിലൂടെയും തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും ക്യാമറക്കണ്ണുകൾക്കും ഇരയാകുന്നുണ്ട്‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നു. ഈ പറഞ്ഞതിന്റെ സത്യാവസ്ഥ ഇന്റർ നെറ്റ് ബ്രൗസിങ്ങിൽ അത്യാവശ്യം പിടിപാടുള്ളവർക്ക് ഒരു മൗസ് ക്ലിക്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നത് സത്യം തന്നെയാണ്. തൊടാൻ പോയിട്ട്  പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ലെന്നതും പച്ച പരമാർത്ഥവുമാണ്. പക്ഷെ ഇതൊക്കെ സാമാന്യം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കല്ലെ ഗ്രഹിക്കാനാവൂ; മാലാഖമാരും മാന്യന്മാരും മാത്രമല്ലല്ലോ സമൂഹത്തിൽ ഉള്ളത്; ഗോവിന്ദച്ചാമിമാരും അമീറുൽ ഇസ്‌ലാംമാരും സുലഭമാണ് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ കാത്തിരിക്കുന്ന അപകടങ്ങളെ പറ്റി നമ്മുടെ സ്ത്രീകൾ ബോധവതികളാകുന്നത് മോശം കാര്യമല്ല.

സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയ തോതിൽ പുറത്തു വരുന്ന അവസരങ്ങളിൽ എല്ലാം തന്നെ, വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നത് കേൾക്കാം. എന്നാല്‍ “ഞങ്ങളുടെ വസ്ത്രങ്ങളെപ്പറ്റി പറയാതെ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ" എന്നുള്ള പ്രതിരോധങ്ങളും പ്രതിഷേധ സ്വരങ്ങളും പരക്കെ ഉയരാറുണ്ട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ നേരെയും അതിക്രമം നടക്കുന്നില്ലേ എന്ന ചോദ്യവും കേൾക്കാറുണ്ട്. എന്നാൽ; ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ അടിവരയിട്ടു പറയുന്നുണ്ട്. മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതൽ എണീറ്റ്‌ നില്ക്കാൻ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതൽ മോർച്ചറിയിൽ നിന്നും കല്ലറയിൽ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂർത്തിക്കായുപയോഗിക്കുന്ന പുരുഷൻ എന്ന ജന്തുവിനെ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി സമീപിക്കുന്നതാണ് സാമാന്യ ബുദ്ധി. കഠിന തപസ്സിലൂടെ ഇന്ദ്രിയനിഗ്രഹം സാധിച്ച, വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരമുനി പോലും മൽസ്യഗന്ധി എന്ന കടത്തുകാരിയുടെ മേനിയഴകിൽ മയങ്ങി ലൈംഗിക വികാരത്തിനു അടിപ്പെട്ട കാര്യം പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും, പെണ്ണിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ്. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നു. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അവർ ഈ നോട്ടം നേരിടാനാവാതെ ചൂളിച്ചുരുങ്ങുന്നു. എന്നാൽ, തന്റെ അഴകളവുകൾ പുരുഷന്‍ കാണണമെന്നും കണ്ട് ആസ്വദിക്കണമെന്നും കരുതുന്ന, ഈ നയനഭോഗം ആസ്വദിക്കുന്ന ഒരു ചെറിയ വിഭാഗവും കാണുമായിരിക്കാം. 

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ തേടുന്ന പുരുഷന്റെ ആർത്തിക്കണ്ണുകളെയും ഇവരുടെ ദർശനപാത്രങ്ങളാവാൻ ഒരുമ്പെട്ടിറങ്ങുന്ന ചില തരുണീ മണികളുടെ സന്നദ്ധതയുമാണ്‌ സിനിമ, സീരിയൽ, പരസ്യം, മോഡലിംഗ് തുടങ്ങി ഒട്ടനവധി വ്യവസായങ്ങളുടെ നില നില്പ്പ്. പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന്  സ്ത്രീകൾ സ്വയം പ്രഖ്യാപിച്ചു നടക്കുന്നിടത്തോളം സ്ത്രീയായി പിറന്ന ഒരാൾക്കും വിമോചനം ഉണ്ടാവില്ല. പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താൻ വിവസ്ത്രയാവുകയും അൽപ വസ്ത്ര ധാരിണിയാവുകയും ചെയ്യുന്ന സ്ത്രീ വിമോചിതയാവുന്നതിനു പകരം അവന്റെ അടിമ ആവുകയാണെന്നാണെന്റെ തോന്നൽ. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രൊഫഷണൽ മോഡലുകളുടെ വെളുത്തു കൊലുന്നനെയുള്ള കാലുകളുടെയും മറ്റു അഴകളവുകളുടെയും ആകാരവടിവിൽ ഭംഗിയോടെ ചേർന്നിരിക്കുന്ന ലെഗിൻസും ടൈറ്റ് ജീൻസും ടീ ഷർട്ടും കണ്ട് അതിനെ അനുകരിക്കാൻ തോന്നുന്നതിൽ നമ്മുടെ സഹോദരിമാരെ ഞാൻ തെറ്റ് പറയുന്നില്ല. അവർ ഇതെല്ലാം അണിഞ്ഞു പാറി പറന്നു നടക്കുന്നത് ബൈക്കിലും പൊതുവാഹനങ്ങളിലും അല്ല. മിക്കവാറും എസ്കോർട്ടിന് ആളുകളുമായി സ്വകാര്യ വാഹനങ്ങളിൽ വന്ന് ആൾക്കൂട്ടത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ വിരാജിക്കുന്ന അവരെ അനുകരിച്ച്‌, ബൈക്കിലും തിരക്കേറിയ പൊതു വാഹനങ്ങളിലും ആൾക്കൂട്ടങ്ങൾക്കിടയിലും പൊതു നിരത്തുകളിലും എക്സ്പോസ് ചെയ്യപ്പെടുമ്പോൾ ഇറുക്കമുള്ള വസ്ത്രങ്ങൾക്കപ്പുറത്തേക്ക് ആരെങ്കിലും തുറിച്ചു നോക്കിയാൽ അമർഷം കടിച്ചമർത്തി ഉള്ളിൽ തെറി വിളിച്ചിട്ട് കടന്നു പോകാം എന്നല്ലാതെ എന്താണ് നമ്മുടെ സഹോദരിമാർക്ക് ചെയ്യാനാവുക. 

സ്ത്രീ വെറുമൊരു ചരക്കല്ല, മറിച്ചു തന്നോളം പോന്ന ഒരു പൂർണ്ണ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവ് ഓരോ പുരുഷനും ഉണ്ടായാൽ മാത്രമേ ഇറുക്കം കൂടിയ വസ്ത്രം കാണുമ്പോഴുള്ള പിരിമുറുക്കം കുറയൂ എന്നാണെന്റെ പക്ഷം. വേഷം കെട്ടലുകൾക്ക് ഉപരിയായി വ്യക്തിത്വത്തെ അംഗീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം പുറംമോടികളിൽ ഭ്രമിച്ചു വീഴുന്ന പുരുഷന്മാരുടെ എണ്ണത്തെ അധികരിക്കുന്ന കാലം വരെ സ്ത്രീകൾ ജാഗ്രത പാലിക്കുക തന്നെ വേണം.  മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സംവാദ വിഷയങ്ങൾ ആണ്. സംവാദങ്ങൾ സാധാരണയായി സമവായത്തിൽ എത്താറും ഇല്ല. പിന്നെ ആകെ ഉരുത്തിരിയാറുള്ളത് ചില നീക്ക് പോക്കുകൾ മാത്രമാണ്... അതിലേക്കായി ചില നിർദേശങ്ങൾ... പുതിയ കാര്യം ഒന്നും അല്ല.... മുകളിൽ പറഞ്ഞതിൽ നിന്ന് ചിലത് അടിവരയിട്ടു പറയുന്നു എന്ന് മാത്രം...
 • സാഹചര്യത്തിനനുസരിച്ച് മാന്യമായ  രീതിയിൽ വസ്ത്രം ധരിക്കണം എന്നത് പുരുഷന്മാര്‍ക്കും സ്ത്രീകൾക്കും ഒരു പോലെ ബാധകമാണ്.
 • ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് ധരിക്കാൻ പുരുഷനുള്ളത് പോലെ തന്നെ സ്ത്രീക്കും 101% സ്വാതന്ത്ര്യം ഉണ്ട്.
 • ഒരു സ്ത്രീ, അർദ്ധനഗ്നയോ പരിപൂർണ്ണ നഗ്നയോ ആയി പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ തൊടാൻ പോയിട്ട്  ഒന്ന് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ല.
 • ഏത് സാഹചര്യത്തിലാണെങ്കിലും ബാലാൽസംഗം, സ്ത്രീപീഡനം മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന് ഒട്ടും തന്നെ കാലതാമസമില്ലാതെ പരമാവധി ശിക്ഷ നിർദാഷണ്യം നല്കാൻ ഈ നാട്ടിലെ നിയമങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ടാകണം. വധശിക്ഷ ചെറിയ ശിക്ഷയായിട്ടാണ് തോന്നുന്നത്; ഇളവുകളില്ലാത്ത ജീവപര്യന്ത ജയിൽവാസം, ഉപകരണ ഛേദനം ഒക്കെ തന്നെയാണ് ഉത്തമശിക്ഷകൾ എന്ന് തോന്നുന്നു.

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


28 comments:

 1. ഇവിടെ ജീൻസാണ്‌ റേപ്പ് ഉണ്ടാകാൻ കാരണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല ..യേശുദാസും അതല്ല പറയാൻ ശ്രമിച്ചത്‌...വസ്ത്രത്തിന്റെ അടിസ്ഥാന ഉപയോഗം എന്നത് നഗ്നത മറയ്ക്കുക എന്നതാണ്...പിന്നെ രണ്ടാമത്തെ ഉപയോഗം എന്നുള്ളത് തണുപ്പിൽ നിന്നും രക്ഷ നേടുക എന്നുള്ളതും...പിന്നെ അല്പ്പം ഫാഷൻ ഒക്കെ ആകാം..പക്ഷേ അവനവന്റെ പ്രായത്തിനും ശരീരപ്രകൃതിക്കും സന്ദർഭത്തിനും കാലാവസ്ഥക്കും യോജിച്ച വസ്ത്രങ്ങൾ ആണെങ്കിൽ ധരിക്കുന്ന ആളിനും കാണുന്ന സമൂഹത്തിനും നല്ലതാണു...

  യഥാർത്ഥത്തിൽ എന്താണ് ജീൻസ്..??Jeans are trousers often made from denim or dungaree cloth. Often the term "jeans" refers to a particular style of pants, called "blue jeans" and invented by Jacob Davis and Levi Strauss in 1873. Starting in the 1950s, jeans, originally designed for cowboys and miners, became popular among teenagers, especially members of the greaser subculture.

  കേരളത്തിലെ മിതശീതോഷ്ണ കാലാവസ്ഥയ്ക്ക് ഒരിക്കലും യോജിച്ചതല്ല ജീൻസ് എന്ന വസ്ത്രം...ചൂടുള്ള കാലാവസ്ഥയിൽ ജീൻസിന്റെ നിരന്തരമായ ഉപയോഗം മൂലം പുരുഷന്മാരിൽ സ്പേം കൌണ്ട് കുറയാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ സയൻസ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്..എന്ന് പറഞ്ഞു നാളെ ജീൻസ് നിരോധിക്കണം എന്നല്ല ഞാൻ പറയുന്നത്...ഞാനും ജീൻസ് ധരിക്കുന്ന ആളാണ് ..തണുപ്പുള്ള കാലാവസ്ഥയിൽ casual outdoor ട്രിപ്പുകൾക്ക് യോജിച്ച വസ്ത്രമാണ് ജീൻസ്...സ്ത്രീകൾ തണുപ്പ് കാലാവസ്ഥയിൽ ജീൻസ് ധരിച്ചോളൂ..പാശ്ച്യാത്യ നാടുകളിൽ വല്ല്യമ്മമാർ പോലും ജീൻസ് ധരിക്കാറുണ്ട് അത് അവിടുത്തെ കാലാവസ്ഥ തണുപ്പായതു കൊണ്ടാണ് ..അത് കണ്ടു കേരളത്തിലെ 90 വയസ്സുള്ള അമ്മൂമ്മ ജീൻസ് ധരിച്ചാൽ എങ്ങനെ ഇരിക്കും...???അതുപോലെ ചൂടുള്ള കാലാവസ്ഥയിൽ പോലും കേരളത്തിലെ യുവതികൾ ഫാഷന് വേണ്ടി മാത്രമായി ടയിറ്റ് ജീൻസ് ധരിച്ചു നടക്കുന്നത് കാണാം...വസ്ത്ര ധാരണം കേവലം ഫാഷന് വേണ്ടി മാത്രമാകരുത് ..ചുരുക്കിപ്പറഞ്ഞാൽ അവനവനു ചേരുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥക്ക് യോജിച്ച വസ്ത്രങ്ങൾ ധരിക്കുക ..വെറുതെ യേശുദാസിന്റെ മുതുകത്തു കയറാതിരിക്കുക..ഒന്നുമില്ലെങ്കിലും പ്രായമായ മനുഷ്യൻ അല്ലേ..!!!

  ReplyDelete
  Replies
  1. ഈ അഭിപ്രായത്തോട് എനിക്കും വിയോജിപ്പ്‌ ഇല്ല. റേപ്പ് അല്ല യേശുദാസും പറഞ്ഞത്. അദ്ദേഹം പറഞ്ഞതും പ്രകോപനത്തെ പറ്റി തന്നെ ആണ്...

   Delete
  2. Kevalam fashionu vendi dress idunathinu entha kuzhappom. Mattoralude abhipraya swathanthriathe chodyam cheyan aarkum avakasham illa. Indiakku independence kittiappol fundamental rights ellavarkkum kittiya kaaryam aanu. Oru shaktamaya kaattu adichal parannu pokavunna otta mundu aanungal idunnathu kuzhappom illel pennungal avarkku ishtamullathu idunnathil aarkku prashnam parayan patum. I am not saying your opinion is wrong or any thing but I believe a person has the right to wear whatever he finds suitable if it conforms to the national laws on the matter.

   Delete
 2. Islamintey aashyangal lokath chilerenkilum paranju varunnu ,,alhamdulilah

  ReplyDelete
 3. താങ്കളുടെ എഴുത്തിനു ആശംസകൾ, നല്ല വീക്ഷണം

  രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ -
  ചില പുരുഷന്മാരുടെ ഭാഗത്ത് നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും എന്ന കാരണത്താൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ നമ്മൾ നിബന്ധനകൾ വയ്ക്കേണ്ട ആവശ്യമുണ്ടോ ?. അങ്ങിനെ ചെയ്യുമ്പോൾ സ്വന്തം ശരീരം എങ്ങിനെ മറക്കണം എന്ന് നമ്മൾ സ്ത്രീകള്ക്ക് പറഞ്ഞു കൊടുക്കകയല്ലേ ചെയ്യുന്നത്. അവർ നമ്മളെ എന്തിനു അനുസരിക്കണം? കാരണം നമ്മളെ പോലെ തന്നെ അവര്ക്കും ബുദ്ധി ഉണ്ടല്ലോ. അതിനെ കഴിഞ്ഞും കുറച്ചു കൂടി നല്ല ചിന്താഗതി സ്ത്രീകളെ അവരുടെ സ്വാതന്ത്യത്തിനു വിടുകയും നമ്മൾ ഉപദ്രവകാരികളായ പുരുഷന്മാരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതല്ലേ?. അവിടെ അല്ലെ സ്ത്രീ പുരുഷ സമത്വം ഉണ്ടാവൂ.

  രണ്ടാമത്തെ കാര്യം
  വസ്ത്ര ധാരണം കൊണ്ട് സ്ത്രീകള് ആക്രമിക്കപ്പെടുന്നത് അത്ര സാധാരണ അനുഭവം അല്ല. ചുരിദാർ ഇട്ടു ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ നിതംബത്തിൽ ലിംഗം ഇട്ടു ഉരക്കുന്ന മനോരോഗി അല്ലേൽ ക്രിമിനൽ അത് ചെയ്യുന്നത് അയാൾക്ക്‌ സമൂഹത്തെ അല്ലേൽ നിയമത്തെ പേടി ഇല്ലാത്തതു കൊണ്ടാണ്.

  ഈ അവസ്ഥയിൽ സ്ത്രീകളുടെ വസ്ത്ര ധാരണം എന്ന അവകാശത്തിൽ നമ്മൾ പുരുഷന്മാർ കൈ കടത്തുമ്പോൾ "പുരുഷൻ പറയുന്നത് കേട്ട് ജീവിക്കുന്ന സ്ത്രീ " എന്നാ ആശയം വീണ്ടും വീണ്ടും നാം കൊട്ടി ഘോഷിക്കുകയാണ്. ഈ ആശയത്തിൽ ജീവിക്കുന്ന സ്ത്രീക്ക് മനോരോഗിയായ പുരുഷന് എതിരെ പ്രതികരിക്കാൻ ഈ സമൂഹത്തിൽ ധൈര്യം വരില്ല. ഫലമോ, പ്രതികരിക്കാൻ ശക്തി ഇല്ലാതെ തനിക്കെതിരെ ഉള്ള ഉപദ്രവങ്ങൾ നമ്മുടെ സഹോദരിമാരും പെണ്മക്കളും തകര്ന്ന ആത്മാഭിമാനത്തോടെ സഹിക്കും, നമ്മളാരും അത് കാണുകയും കേള്ക്കുകയും ഇല്ല .

  ReplyDelete
  Replies
  1. Thanks for the comment. I don't have opinion to impose any restriction on one's way of dressing. I stress that it is their own choice.

   ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുകയാണ് എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. നല്ല വസ്ത്ര ധാരണത്തിലൂടെ തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദർഭം എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കാൻ. ജോലിക്ക് ഇന്റർവ്യൂവിനു പോകുമ്പോഴും പെണ്ണ് കാണാൻ വരുമ്പോഴും അധികമാരും അവരവർക്ക് സൗകര്യമുള്ള ഡ്രസ്സ്‌ ധരിക്കുന്നത് കാണാറില്ല. ആ സന്ദർഭങ്ങളിലെല്ലാം വിപ്ലവം മാറ്റി വച്ചിട്ടു, പൊതു സമൂഹം അംഗീകരിച്ച ഡ്രസ്സ്‌ കോഡ് ആണ് പിന്തുടരാറുള്ളത്. ഇതിൽ നിന്ന് തന്നെ സന്ദർഭമാണ് വസ്ത്രം തിരഞ്ഞെടുക്കാനുള്ള അളവുകോൽ എന്ന് ഊഹിക്കാം . ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്നു തോന്നുന്നില്ല. സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുന്നത് പാപമോ വലിയ അപരാധമോ ഒന്നുമല്ലായിരിക്കാം; പക്ഷെ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിച്ച പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് വളരെ ആവശ്യമായി വരുന്നത്. വസ്ത്ര ധാരണം മേനി പ്രദര്‍ശനമോ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ പ്രദർശനമോ (അത് ഇറുകിയ വസ്ത്രങ്ങളിൽക്കൂടി ആയാൽ തന്നെയും) ആയാൽ അതിനെ മാന്യമായ നല്ല വസ്ത്ര ധാരണം എന്ന് പറയുന്നതെങ്ങിനെയാണ്. അങ്ങുമിങ്ങും എത്താത്ത, വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ ചെറു കാറ്റിൽപ്പോലും ഉയർന്നു പൊങ്ങുമ്പോൾ, തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും മൊബൈൽ ക്യാമറകൾക്കും ഇരയാകുന്നുണ്ട്‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നു. പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നത് സത്യം തന്നെയാണ്. തൊടാൻ പോയിറ്റ് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ലെന്നതും പച്ച പരമാർത്ഥം. പക്ഷെ ഇതൊക്കെ അങ്ങേയറ്റം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കല്ലെ ഗ്രഹിക്കാനാവൂ. മാലാഖമാരും മാന്യന്മാരും മാത്രമല്ല സമൂഹത്തിൽ ഉള്ളത്; ഗോവിന്ദച്ചാമിമാരും സുലഭമാണ് എന്ന് ഓർക്കണം.

   Delete
 4. ഗംഭീരമായിരിക്കുന്നു ... (Y)

  ReplyDelete
 5. കാഴ്ചയില്‍ ഉത്തേജിതനാകുന്ന പുരുഷന്റ അതേ ലൈംഗികമനോഭാവം തന്നെയാണ് സ്വന്തം ശരീരം ഉത്തേജകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയുടെയതും... രണ്ടു കാര്യത്തിനും വലുതായ നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തില്‍ ഉണ്ടാകണം... അല്ലാതെ ഇവിടെ പുരുഷന്‍ മാത്രം അതിലൈഗികത പിടിപെട്ട് മനോനിയന്തണമില്ലാതെ പെരുമാറുന്നു എന്ന് പറയാന്‍ കഴിയില്ല... മനോഭാവം സമൂഹത്തിന്റതു മുഴുവനായാണ് മാറുന്നത്.. സ്ത്രീ അത് സമൂഹ സാഹചര്യത്തിനനുസരിച്ച് വ്യത്യസ്ഥ രീതിയില്‍ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. നിഷ്കളങ്കമാണ് തങ്ങളുടെ ഭാഗം എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. "ഞാനിത്രയേ ചെയ്തുള്ളൂ" എന്ന നിഷ്കളങ്കമായ ഭാവം. പാശ്ചാത്യവനിതയുടെ സ്വാതന്ത്ര്യമാണ് അവര്‍ക്കും വേണ്ടത്.. പക്ഷെ പാശ്ചാത്യനായ ഒരു പുരുഷനുള്ള സ്വാതന്ത്രം ഇവിടത്തെ പുരുഷനുമില്ല എന്നത് മറക്കരുത്.

  ReplyDelete
 6. ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദർഭം ,കാലാവസ്ഥ എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണം. മുഖം മറച്ചുള്ള വസ്ത്ര ധാരണത്തോട് വ്യക്തിപരമായി യോജിപ്പില്ല.

  ReplyDelete
 7. Saw this now and would like to add the following lines from a Western lady....
  Most of us doesn't know the term ANS Automatic Nervous System in Humans. Read the below lines to know what is ANS and the meaning of "what guys see that girls don't..."

  By Sharon Daugherty
  CBN.com –
  According to the fashion industry, less is more – way less. Low-rider jeans, midriff revealing shirts and bra tops are everywhere, leaving us to wonder is modesty in fashion at all? Is it possible to dress fashionably and modestly?
  In her book, What Guys See that Girls Don’t, author Sharon Daugherty discusses why modesty and fashion are important issues, especially for Christians. With Scripture as her basis, she speaks frankly to young women about the impact their dress and behavior has on the opposite sex.
  The author recently discussed her book.
  What is the term ANS that you refer to in the book, and how does it relate to this issue of modesty and dress?
  The ANS is the Automatic Nervous System. It controls many organs and muscles in the body. It is involuntary and acts in reflex to our environment. A person has no control over the ANS because it functions involuntarily. For example, when someone experiences sudden fear, the ANS reacts immediately without a person thinking about it and their heart rate increases and they may break out in a cold sweat. They didn’t decide to make their heart rate increase or break out in a cold sweat. It just happened.
  Guys and girls are made up differently. The ANS in a guy is connected to his sexual system. A guy can be walking down a hallway when suddenly around a corner a girl is bending over showing the top of her thong as it rises above her low-rise jeans. Then she stands up and her breast cleavage shows under the tight blouse she’s wearing. Immediately, the ANS in a guy causes his heart rate to increase, his hands to break out in a cold sweat, his body to break out in a cold sweat, and he has to make a decision. Does he look another way and get control of his thoughts, or does he keep looking and let his imaginations go wild? Most girls think that just because they don’t have a problem looking at a guy with no shirt on that a guy should be able to control himself and not have a problem if they want to show their body. Guys are turned on by sight.
  Is it possible for girls/women to dress modestly and be fashionable at the same time?
  Sure, it’s possible to be fashionable and modest at the same time. You have to choose to select cute clothes that still cover up the body parts that need to stay undercover. Sometimes you have to buy a size bigger or have something altered at the seamstress.

  ReplyDelete
 8. "പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന് സ്ത്രീകൾ സ്വയം പ്രഖ്യാപിച്ചു നടക്കുന്നിടത്തോളം സ്ത്രീയായി പിറന്ന ഒരാൾക്കും വിമോചനം ഉണ്ടാവില്ല. പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താൻ വിവസ്ത്രയാവുകയും അൽപ വസ്ത്ര ധാരിണിയാവുകയും ചെയ്യുന്ന സ്ത്രീ വിമോചിതയാവുന്നതിനു പകരം അവന്റെ അടിമ ആവുകയാണ്.".......പ്രിയ സുഹൃത്തേ..പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്..പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താൻ വിവസ്ത്രയാവുകയും അൽപ വസ്ത്ര ധാരിണിയാവുകയും ചെയ്യുകയാണ് സ്ത്രീകള്‍ എന്ന് താങ്കള്‍ ഉറപ്പിക്കുന്നു..ഇത് കാഴ്ചകള്‍ കൊണ്ട് നിയന്ത്രണം വിടുന്ന പുരുഷന്റെ കാഴ്ചപ്പാട് മാത്രമാണ്...പുരുഷന് വേണ്ടിയാണ് സ്ത്രീ വസ്ത്രം ധരിക്കുന്നത് എന്നുള്ള കാഴ്ചപ്പാട് പരിഹാസ്യമാണ്..സിനിമ പോലുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ശരീര പ്രദര്‍ശനം ചെയ്യുന്നവര്‍...കഷ്ടം ..അവരുടെ കഴിവുകളോ പുരുഷനെ പോലെ ജോലി ചെയ്തു ജീവികാനുള്ള അവരുടെ സ്വാതന്ത്ര്യമോ കാണാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല

  ReplyDelete
 9. https://www.youtube.com/watch?v=hVOGT5f3ZIY

  Please watch our short-film based on the same issue :)

  ReplyDelete
 10. എന്തോ തപ്പിത്തിരഞ്ഞു നടക്കുമ്പോൾ കിട്ടിയതാണിത്. ഒരു പെൺപക്ഷ ചിന്തയാകട്ടെ... ഞാനൊരു മതവാദിയോ ഫെമിനിസ്റ്റോ പരമ്പരാഗത ചിന്താഗതിക്കാരിയോ അല്ല. ആഭാസകരമായ വസ്ത്രധാരണം പെണ്ണിന്റെ കണ്ണിലും മോശം തന്നെയാണ്. മാന്യമായ വസ്ത്രധാരണം മൂലം എനിക്കിന്നേ വരെ പൊതുയിടങ്ങളിലെ സുരക്ഷിതത്വം നഷ്ടപ്പെട്ടിട്ടില്ല. ഞാനൊരു lab technitian ആണ്... മുസ്ലിമായത് കൊണ്ട് പർദ്ദ ധരിക്കുന്നു. അതെനിക്ക് ഇഷ്ടവുമാണ്. ഇതര മതസ്തരും ഇറുകി കിടക്കാത്ത വശങ്ങളിലെ കീറൽ അല്പം താഴ്ത്തിയ ചുരിദാർ ധരിച്ചു കാണുന്നതാണു അല്ലങ്കിൽ സാരി അതാണൂ സൗന്ദര്യവും മാന്യതയും.. ജീൻസ് ധരിച്ചോട്ടെ അത് അരോചകമായി തോന്നാത്ത ശരീരമുള്ളവർ..... മോഡലിനെ പോലെ വസ്ത്രമണിഞ്ഞ് പാർട്ടികളിലും മറ്റുമൊഴിച്ചാൽ ഒഴിവാക്കുന്നതായിരുന്നു നല്ലത്..

  ReplyDelete
  Replies
  1. അതെ, സന്ദർഭത്തിനനുസരിച്ച്‌ ശരീരത്തിന് ചേരുന്ന വസ്ത്രം വേണം ധരിക്കേണ്ടത്. ആണായാലും പെണ്ണായാലും.

   Delete