ഞാൻ വെറും പോഴൻ

Monday 15 December 2014

നമ്മളെ ഭരിക്കുന്നവരുടെ തലയ്‌ക്കുള്ളില്‍ തെര്‍മോക്കോളാണോ !!??

A.D. 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം ആരംഭിക്കുന്നത്. ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. ഗണിതശാസ്ത്രം, തത്വശാസ്ത്രം, വാനശാസ്ത്രം, ഭാഷാപാണ്ഡിത്യം, ചിത്രകല എന്നിവയിൽ അഗാധ പ്രാവീണ്യം ഉണ്ടായിരുന്നു. അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്ന ഇദ്ദേഹത്തെ ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.  സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയപ്പോള്‍ ദില്ലിയിലെ ജനങ്ങളെയും അവരുടെ വസ്തുവകകളും കൂടി ദൗലത്താബാദിലേയ്ക്ക് മാറ്റിയതും കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും എല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്' എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചരിത്ര സ്നേഹം കൊണ്ടൊന്നുമല്ല; ഈ ദിവസങ്ങളിൽ കാണുന്ന ചില പത്ര വാർത്തകൾ വായിച്ചിട്ടാണ്. 

എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യത്തെ മുൻ നിർത്തി സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നായിരുന്നു ഒരു വാർത്ത.  പകരം പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാൻ പോകുന്നത്രേ. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പാക്കും. സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാള്‍ വളരെ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി അതല്ലാത്തത് കൊണ്ട് ഈ സമ്പ്രദായത്തിന് ഇപ്പോള്‍ പ്രസക്തിയുമില്ലത്രേ.  പ്ലസ് ടു കോഴ്‌സുകളും സീറ്റുകളും വാരിക്കോരി കൊടുത്തെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല. പ്ലസ് ടുവിന്റെ മാര്‍ക്ക് മാത്രം മാനദണ്ഡമാക്കുമ്പോള്‍, ഉദാരമായി മാര്‍ക്ക് കിട്ടുന്ന, കേരള സിലബസ് പഠിപ്പിക്കുന്ന പ്ലസ് ടു സ്‌കൂളുകളിൽ കുട്ടികള്‍ കൂടുതലായി എത്തുമെന്നാണ് കണ്ടെത്തൽ. കേരള സിലബസിനെ അപേക്ഷിച്ച് മൂല്യ നിർണ്ണയം കടുപ്പമായ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ മുതലായ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതോടെ കേരള എൻട്രൻസ് കിട്ടാനുള്ള സാധ്യത കുറയും. മുട്ടിനു മുട്ടിനു സ്വാശ്രയ കോളേജുകൾ അനുവദിച്ചതിന്റെ തിക്ത ഫലമാണ് വിദ്യാർഥി ക്ഷാമത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളു. 

സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്നാണ് അടുത്ത വാർത്ത. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണെന്നാണ്‌ സർക്കാർ ഭാഷ്യം. കടം കയറി പൂട്ടാൻ ഒരുങ്ങി നിൽക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ കുറേക്കൂടി  ബുദ്ധിമുട്ടിലാക്കാൻ മാത്രമേ ഇത് കൊണ്ട് കഴിയൂ. 

ഇത്തരം പരിഷ്കാരങ്ങളെ ഒക്കെ തുഗ്ലക്ക്‌ പരിഷ്കാരം എന്ന് വിളിച്ചാല്‍ തുഗ്ലക്ക്‌ പോലും ക്ഷമിക്കാന്‍ വഴിയില്ല. കാരണം തുഗ്ലക്ക്‌ പരിഷ്കാരങ്ങളെക്കാള്‍ വിഡ്ഢിത്തമാണ് ഇപ്പോൾ കൊണ്ട് വരുന്ന ചില പരിഷ്കാരങ്ങൾ. തലയിൽ തലച്ചോറിനു പകരം തെർമോക്കോൾ നിറച്ചു വച്ചിട്ട് അത് കൊണ്ട് ചിന്തിക്കുന്ന നമ്മുടെ അധികാരികളും ആസൂത്രണ വിദഗ്ദ്ധന്മാരുമാണ് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പ്രൊഫൈലിൽ നിന്നും ഒരു വാർത്ത പുറത്തു വന്നിരുന്നു. വിവാഹിതരാകാൻ പോകുന്ന സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങരുതെന്നും അക്കാര്യം തെളിയിക്കുന്ന സത്യവാങ്‌മൂലം പിന്നീട്‌ നൽകണമെന്നും സര്‍ക്കാര്‍ നിർദ്ദേശം ആയിരുന്നു അത്. സ്‌ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്‌  എന്ന വിവരം സ്വന്തം മേലധികാരികളെ രേഖാമൂലം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം, സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതിനായി, ഭാര്യയും ഭാര്യാപിതാവും സ്വന്തം പിതാവും കൂടി ഒപ്പു വെച്ച സത്യവാങ്‌മൂലം വകുപ്പ്‌ മേധാവിക്ക്‌ നൽകണമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇക്കാര്യം നിർബ്ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നും ഇത് സ്‌ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നും പോസ്‌റ്റിൽ പറഞ്ഞിരുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന അനേകം പ്രശ്‌നങ്ങൾ ഇതോടെ ഒഴിവാകും എന്നായിരിക്കണം ഈ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നിൽ എന്ന് കരുതാം. അന്ന് സോഷ്യൽ മീഡിയയിൽ അനേകം ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടിയ ഈ നിർദ്ദേശം ഇപ്പോൾ ചത്തോ ജീവിച്ചോ എന്ന് ആർക്കറിയാം.  ഇതെങ്ങാൻ പ്രാബല്യത്തിൽ വന്നാൽ, ഇത് കൊണ്ടുണ്ടാവാന്‍ പോകുന്ന ചില പ്രായോഗിക പ്രശ്നങ്ങള്‍ എന്തായിരിക്കും എന്ന് നോക്കാം.

സ്ത്രീ വീടിന്‍റെ വിളക്കാണ്, ഐശ്വര്യമാണ്, സ്ത്രീ തന്നെ ധനമായിരിക്കെ പിന്നെന്തു സ്ത്രീധനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വടം വിളിച്ചു പറഞ്ഞിട്ട്,  സ്ത്രീധനം കൊടുക്കുക വാങ്ങുക എന്നത് ഈ സമൂഹത്തില്‍ വളരെയേറെ വേര് പിടിച്ചു വളര്‍ന്നു നില്‍ക്കുന്ന സാമൂഹിക അനാചാരമാണ്. എന്തൊക്കെ നിയമം വന്നാലും, അധിക പക്ഷവും, ചെറുക്കന്‍ വീട്ടുകാരുടെയും പെണ്‍ വീട്ടുകാരുടെയും പരസ്പര സമ്മതത്തോടെ നടക്കുന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നിര്‍ബാധം തുടരുക തന്നെ ചെയ്യും. അതിനും മാത്രം പഴുതുകള്‍ ഇത് സംബന്ധിച്ച  നിയമത്തില്‍ ഉണ്ടെന്നത് കൊണ്ട്, തികച്ചും നിയമ വിരുദ്ധമായ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ ശേഷം നിര്‍ദ്ദിഷ്ട "അ"സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യും. പിന്നെ, ഒരച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ മകള്‍ക്ക് കൊടുക്കുന്ന വിവാഹ സമ്മാനം എങ്ങിനെയാണ് നിയമവിരുദ്ധ സ്ത്രീധനം ആവുക. വിവാഹം നടക്കണമെങ്കില്‍ ഇത്ര തുക കിട്ടിയാലേ പറ്റൂ എന്ന്  ശഠിക്കുമ്പോഴാണ് അത് നിയമ വിരുദ്ധമാവാന്‍ പാടുള്ളൂ.  പൂര്‍ണ്ണ മനസ്സോടെ അതി വാല്‍സല്യപൂര്‍വ്വം വിവാഹ സമ്മാനം നല്‍കുമ്പോള്‍ നിയമം വഴി അതിനെ എതിര്‍ക്കുന്നതോ തടയുന്നതോ ശരിയാണോ ?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യര്‍ ആണെന്നിരിക്കെ സ്വന്തം പിതൃസ്വത്തിലുള്ള പെണ്‍കുട്ടിയുടെ അവകാശം വിവാഹ സമയത്ത് നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തീരുമാനിക്കുകയും അത് കൊടുക്കുകയും ചെയ്യുമ്പോള്‍ അതിനെ സ്ത്രീധനം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലേ. അങ്ങിനെ വ്യാഖ്യാനിച്ചാല്‍, എഴുതി ഒപ്പിട്ടു നല്‍കുന്ന സത്യവാങ്ങ്മൂലം അസത്യമാവുകയില്ലേ...

പ്രണയ ബന്ധത്തോടനുബന്ധിച്ചോ അതല്ലാത്ത മറ്റേതെങ്കിലും സാഹചര്യത്തിലോ വീട്ടുകാരുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് ഈ നടപടി കൊണ്ട് ഉണ്ടാവാന്‍ പോകുന്ന പ്രായോഗിക ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല. തങ്ങളെ ധിക്കരിച്ചു വിവാഹിതരായ മക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രതികാര ബുദ്ധിയോടെ ഒരു അവസരം തേടിയിരിക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയൊരു സത്യവാങ്ങ്മൂലം  ഒപ്പിട്ട് കൊടുക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ നോക്കിയാല്‍, പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം  പുരോഗമന പരമായോ പ്രകോപന പരമായോ വിവാഹിതരായാല്‍ ഉള്ള തൊഴില്‍ നഷ്ടപ്പെടും എന്ന അവസ്ഥ വരാന്‍ ഇടയുണ്ട്. ഏതെന്കിലും കാരണത്താല്‍ ഒരു കോടതി വ്യവഹാരത്തില്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം വാങ്ങി എന്ന് തെളിയിക്കേണ്ടി വരുന്ന അവസരത്തില്‍, വിവാഹം നടക്കാനുള്ള നിയമ നിബന്ധനയുടെ പേരില്‍ ഒപ്പിട്ടു കൊടുത്ത സത്യവാങ്ങ്മൂലം തന്നെ എതിര്‍ സാക്ഷ്യമായി പോകാന്‍ വഴിയുണ്ട്. 

നമ്മുടെ ഭരണാധികാരികള്‍  ആദ്യമായിട്ടൊന്നുമല്ല ഇത്തരം നടപടികള്‍ മുന്നോട്ടു വക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള പോഴത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ അമിതമായി ഹോണ്‍ മുഴക്കുന്നതു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യംങ് ഇന്ത്യന്‍ കൊച്ചി ചാപ്റ്റര്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന ഗതാഗത മന്ത്രി, വാഹനങ്ങളില്‍ ബോഷ് ഹോണ്‍ ഉപയോഗിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച്  സര്‍ക്കാര്‍ ആലോചിക്കുമെന്നു  പ്രഖ്യാപിച്ചിട്ടു അധികം കാലമായില്ല. ജനമധ്യത്തില്‍ ചീറിപ്പായുന്ന മിക്കവാറും സര്‍ക്കാര്‍ വണ്ടികളിലും ഇത്തരം ഹോണുകള്‍ ആണ് ഉപയോഗിക്കുന്നത്. അത് മനസ്സിലായത്‌ കൊണ്ടായിരിക്കും,  ഇത് വരെ ഉത്തരവ് പുറത്തു വന്നില്ല.

അതുപോലെ, സിനിമയിൽ ഒരു കഥാപാത്രം ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ ആ സീനിൽ അഭിനയിച്ച നടനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം നടപടിയെടുക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഈ നീക്കവും നടപ്പാക്കിയതായി അറിവില്ല. യഥാർഥ സാഹചര്യങ്ങളിൽ മാത്രം പ്രവർത്തനക്ഷമമാവുന്ന ഒന്നാണ്‌ നിയമം എന്നിരിക്കെ, സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ചു ഹെൽമറ്റ്‌ ധരിക്കാതെ ടു വീലര്‍ ഓടിക്കുന്ന നടനെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയുമെന്നത്‌ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അങ്ങനെ നോക്കിയാല്‍ ബാലന്‍ കെ നായരും ജോസ് പ്രകാശും ഭീമന്‍ രഘുവും തുടങ്ങി ഒട്ടു മിക്ക സിനിമാ നടന്മാരും ഇപ്പോഴേ വധശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു.

മേല്‍ പറഞ്ഞതെല്ലാം, നടപ്പിലാവാത്ത നിര്‍ദ്ദേശങ്ങള്‍ ആണെങ്കില്‍ നടപ്പിലായ ഒരു ആന മണ്ടത്തരം ഉണ്ട്. വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റ് എന്ന പരിപാടിയാണത്. ഇന്നേ വരെ ഒരു വണ്ടിക്കും അനുവദനീയമായ അളവില്‍ കൂടുതല്‍ പുക ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കേട്ടിട്ടില്ല. എല്ലാവരും, പോലീസ് പിടിക്കുമ്പോള്‍ നൂറു രൂപ പോകാതിരിക്കാനായി ഈ സര്‍ട്ടിഫിക്കറ്റ് ഒരെണ്ണം സംഘടിപ്പിച്ചു വണ്ടിയില്‍ സൂക്ഷിക്കുന്നു. വാഹനമില്ലെങ്കിലും രേഖകളില്ലെങ്കിലും പണം കൊടുത്താല്‍ ഏത് വണ്ടിക്കും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമത്തിന്റെ ഉദ്ദേശവും പരിസ്ഥിതി സംരക്ഷണവും ഒക്കെ കട്ടപ്പുക.

ഇങ്ങനെ എന്തെല്ലാം പ്രഹസനങ്ങള്‍....സഹിക്കുക തന്നെ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment