ഞാൻ വെറും പോഴൻ

Sunday 1 February 2015

ലാലേട്ടാ, നിങ്ങൾ ഇത് ചെയ്യരുതായിരുന്നു....

ആധുനിക മലയാള സാഹിത്യത്തിലെ, എം. ടി. എന്ന പ്രതിഭാസം, 'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് പറഞ്ഞത്‌ ഇപ്രകാരമാണ്; "മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍". അങ്ങിനെയൊന്നും പറയാൻ എനിക്ക് തോന്നുന്നില്ലെങ്കിലും, നിങ്ങളുടെ അയത്നലളിതമായ അഭിനയം കണ്ടു നിങ്ങളോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. സിനിമ ആണെങ്കിലും നാടകം ആണെങ്കിലും അഭിനയമികവിൽ നിങ്ങൾ ഒരു മഹാസംഭവം ആണെന്നതിന് ഒരു തർക്കവും ഇല്ല. സിനിമയിൽ, ഉപരി കലയുടെ വിവിധ മേഖലകളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന് കൂടിയാണ് ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത്; പ്രത്യേകിച്ച് സംഗീതത്തെ. സിനിമാ ഗാനങ്ങളിൽ കുടുങ്ങിക്കിടന്ന സാധാരണ പ്രേക്ഷകന്റെ സഗീതാഭിരുചിയെ അർദ്ധ ശാസ്ത്രീയ - ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തിലേക്ക് നയിക്കാൻ താങ്കൾ നിർമ്മിച്ചതും തകർത്ത് അഭിനയിച്ചതുമായ പല ചിത്രങ്ങളും സഹായിച്ചിട്ടുണ്ട് എന്നതും സ്തുത്യർഹമാണ്‌. മുഖവുര ഇവിടെ നിൽക്കട്ടെ ...

അതേ സാർ, വളച്ചു കെട്ടി പറഞ്ഞു വരുന്നത് അതിനെപ്പറ്റി തന്നെയാണ്. അങ്ങയുടെ സംഗീത ബാൻഡ് - "ലാലിസം"

അങ്ങയുടെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള ഈ സംഗീതയാത്ര എന്ന പേരിൽ തുടങ്ങിയ 'ലാലിസം' എന്ന സംഗീത ബാൻഡ്.

സ്‌പെഷല്‍ ഇഫക്ട്സും നൂതനമായ ശബ്ദ വിന്യാസ സംവിധാനങ്ങളും ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സങ്കേതങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള 'ലാലിസ'ത്തിന്റെ 'ദി ലാല്‍ ഇഫക്ട്' എന്ന ടാഗ് ലൈന്‍ ഒക്കെ നന്നായിരുന്നു. ''ഇത് എന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. അതില്‍ എന്റെ ഫിലോസഫിയും കഥാപാത്രങ്ങളുമെല്ലാമുണ്ടാകും. ഇത്രയും കാലം എന്നെ സഹായിച്ചവര്‍ക്കുള്ള എന്റെ നന്ദിപ്രകടനമാണിത്. കലാകാരന്‍ ആയതിനാല്‍ തിരിച്ചുനല്‍കാന്‍ എന്‍റെ കൈയില്‍ ഈ കലാരൂപമേയുള്ളൂ. ഇത് എന്റെ സമ്മാനമായി കാണുക'' എന്നായിരുന്നു നിങ്ങൾ തന്നെ അതിനെ പരിചയപ്പെടുത്തിയത്. കൊച്ചിയിലെ ജെ.ടി.പാക്കിന്റെ നേതൃത്വത്തിൽ നിര്‍മാണവും പ്രൊമോഷനും മാര്‍ക്കറ്റിങ്ങും നടത്തി, രതീഷ് വേഗ, കിച്ചു, അഭിഷേക്, ബ്രൂസ്, നിഖില്‍ വിനു, അങ്കിത എന്നിവർ അണിനിരക്കുന്ന "'ലാലിസ" ത്തിലെ പ്രധാന ആകർഷണം മോഹൻലാലിന്റെ നിറസാന്നിധ്യം ആയിരിക്കുമെന്നാണ് പൊതുജനം മനസ്സിലാക്കിയിരുന്നത്. ഈ ഷോയില്‍ ലാലിന്‍റെ ചിത്രങ്ങളിലെ അനവധി ഗാനങ്ങൾ ഉണ്ടാകും എന്നും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള  'ലാലിസ'വുമായി ലോകമെങ്ങും മോഹന്‍ലാലും സംഘവും സഞ്ചരിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞിരുന്നത്. ഭാവിയിൽ വമ്പന്‍ വേദികളെ ലക്ഷ്യമാക്കി സംവിധാനം ചെയ്ത "ലാലിസം", ദേശീയ ഗെയിംസ്‌ ഉദ്‌ഘാടന പരിപാടിയില്‍ "ലാലിസം - ഇന്ത്യ സിങ്ങിങ്ങ്" എന്ന പേരിൽ അരങ്ങേറ്റം നടത്തിയത് കാണാൻ ഇടയായി. കനത്ത പ്രതിഫലം വാങ്ങി നാഷണല്‍ ഗെയിംസ്‌ വേദിയില്‍ ലാലിസം അവതരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ വിനയനടക്കമുളളവര്‍  രംഗത്തു വന്നപ്പോൾ സത്യമായും വിനയനോട്  തെല്ലു അമർഷവും തോന്നിയിരുന്നു. ചുമ്മാ ഒരു വിവാദം ഉണ്ടാക്കി പേരെടുക്കുന്നു എന്ന് അതിനെ നിസ്സാരവൽക്കരിക്കുകയും ചെയ്തു. രണ്ടു കോടിയും അത് വാങ്ങിയതിലെ ധാർമ്മികതയും ന്യായീകരണങ്ങളും കൊടുത്തതിലെ ക്രമക്കേടും എല്ലാം ബന്ധപ്പെട്ടവർ അന്വേഷിച്ചു കണ്ടെത്തട്ടെ. എന്നാൽ, ലാൽ ആരാധകരും സംഗീതപ്രേമികളും ഏറെ കാത്തിരുന്ന പരിപാടി സ്റ്റേജിൽ വന്നതോടെ ഏവരും നിരാശയിൽ ആയി. ഒരു ശരാശരി ഗാനമേളയുടെ നിലവാരം പോലും പരിപാടിക്കില്ലായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഉദിത് നാരായണ്‍, ഹരിഹരന്‍, അല്‍ക്ക യാഗ്നിക്, കാര്‍ത്തിക്, എം ജി ശ്രീകുമാര്‍, സുജാത തുടങ്ങിയവര്‍ അവതരിപ്പിച്ചെങ്കിലും, അതൊന്നും തന്നെ ഒരു പരിധിക്കപ്പുറം നിലവാരത്തിൽ എത്തിയില്ലെന്ന് സമ്മതിക്കേണ്ടി വരും. പരിപാടിയെ പറ്റി മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ ലാലിനെ പ്രകീര്‍ത്തിച്ച് വെണ്ടയ്ക്കയും മത്തങ്ങയും ഒക്കെ നിരത്തിയെങ്കിലും പതിവ് പോലെ സോഷ്യല്‍ മീഡിയ ആക്ഷേപ ഹാസ്യ ശരങ്ങളുമായി മുന്നേറുകയാണ്. അതൊന്നും സഹിയ്ക്കാൻ ഒരു ലാൽ ആരാധകനും സാധിക്കുമെന്ന് തോന്നുന്നില്ല.

ലാലിസത്തിന്‍റെ പ്രൊമൊ വീഡിയോയിൽ തന്നെ, ലാലേട്ടൻ പാടിയ പാട്ട് കേട്ടാൽ അദ്ദേഹത്തിന്‍റെ ആലാപനത്തിന്  കാര്യമായ നിലവാരം ഇല്ല എന്ന് മനസ്സിലാക്കാം. ഇനി നമുക്ക് ഷഡ്ജവും സംഗതിയും ഒന്നും അറിയാത്തത് കൊണ്ടാണോ എന്നറിയില്ല കേട്ടോ. ഗെയിംസ് വേദിയിലെ ചില പാട്ടുകൾ കാണുമ്പോൾ (കേൾക്കുമ്പോൾ അല്ല) അത് നേരത്തെ റെക്കൊര്‍ഡ് ചെയ്തിട്ട് വേദിയിൽ പാടുന്നത് പോലെ അഭിനയിക്കുകയാണോ എന്ന് തോന്നുമായിരുന്നു. പലപ്പോഴും, ദാസേട്ടന്റെ പാട്ടിനു സിനിമയിൽ ലിപ്പ് കൊടുത്തപ്പോൾ ഉണ്ടായ പെർഫെക്ഷൻ പോലും സ്റ്റേജിൽ വച്ചു് നിങ്ങളുടെ സ്വന്തം പാട്ടിനു ലിപ്പ് കൊടുത്തപ്പോൾ ഇല്ലാതെ പോയല്ലോ ലാലേട്ടാ... ഒരിക്കൽ പോലും, സിനിമയിൽ അങ്ങ് പാടിയ ഗാനം ജനം പിന്നീട്, മൂളി നടന്നത് അങ്ങിലെ ഗായകനെ ആരാധിച്ചു കൊണ്ടായിരിക്കില്ല; മറിച്ച്, നിങ്ങളിലെ അഭിനയ പ്രതിഭയോടുള്ള കറ തീർന്ന ആരാധന ഒന്ന് കൊണ്ട് മാത്രമായിരിക്കും. പൊതു വേദികളിൽ, ആർത്തലയ്ക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താനും ത്രസിപ്പിക്കാനും വേണ്ടി ഒന്നോ രണ്ടോ പാട്ടുകൾ അങ്ങ് തന്നെ പാടുന്നത് മനസ്സിലാക്കാം.  പക്ഷെ, ഇത്തരം പരിപാടികളിൽ അങ്ങ് തന്നെ മുഖ്യ ഗായകൻ ആകുന്നതു അനൌചിത്യമായിട്ടാണ് തോന്നുന്നത്. ബാൻഡുകൾ എന്ന പേരിലും അല്ലാതെയും ഇവിടെ കുറെ "ഗായകർ"  ജനപ്രിയ ഗാനങ്ങളെ കൊന്നു തിന്നു കൊണ്ടിരിക്കുമ്പോൾ അങ്ങ് കൂടി അതിനു തുനിയരുത്.

ഗാന ഗന്ധർവൻ യേശുദാസിന് എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞ അവസരത്തിൽ അങ്ങ് "എടുത്തു കൊള്‍ക എന്റെ ആയുസ്സിന്റെ ഒരു പങ്ക്‌" എന്ന പേരിൽ ഒരു കുറിപ്പ് മാതൃഭൂമിയിൽ എഴുതിയിരുന്നു. അതിലൊരു ഭാഗം ഇപ്രകാരമായിരുന്നു "അദ്ദേഹത്തിന്റെ ശബ്ദത്തിന് എത്ര പ്രായമായി എന്നെനിക്കറിയില്ല. ഒരു പക്ഷേ ഗന്ധര്‍വ്വന്മാരുടെ ശബ്ദത്തിന് പ്രായമാവില്ലായിരിക്കാം, ജരാനരകള്‍ ബാധിക്കില്ലായിരിക്കാം. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്നനിലയില്‍, അദ്ദേഹത്തിന്റെ ശബ്ദത്തിന് വേണ്ടി ചുണ്ടു ചലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍, ഒന്നേ എനിക്ക് പറയാനുള്ളൂ: യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം. അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തില്‍ നിന്ന് ഒരു ഭാഗം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ആ സ്വരത്തിന് പകരമായി ഇതേ എനിക്ക് തരാനുള്ളൂ..."

യേശുദാസിന് വേണ്ടി മാത്രമല്ല, ഒരു ഗായകന് വേണ്ടിയും ആയുസൊന്നും അങ്ങ് പകുത്തു കൊടുക്കണ്ട. അതൊന്നും നടപടിയുള്ള കാര്യവും അല്ല. പക്ഷെ, അവർ പാടിയ നല്ല പാട്ടുകൾ പരസ്യമായി പാടി അവരെ കൊല്ലാതിരിയ്ക്കാം. "കർണ്ണഭാരം" എന്ന സംസ്കൃത നാടകം അത്യുജ്ജ്വലമായി അഭിനയിച്ചു ഫലിപ്പിച്ച അങ്ങ് പാട്ട് പാടി ആരാധകർക്ക് "കർണ്ണ ഭാരം" ആകരുത്.

അങ്ങയുടെ അനേകം അഭിമുഖങ്ങളിൽ അങ്ങ് തന്നെ ആവർത്തിച്ചു പറയാറുള്ള ഒരു കാര്യമുണ്ട്. ഏത് കലയോടാണെങ്കിലും അതിനോട് ഒരു RESPECT ഉണ്ടാവണം എന്നാണത്. സംഗീതം എന്ന മാഹാ സാഗരത്തിന്റെ മുൻപിൽ പകച്ചു നിൽക്കുന്ന കുട്ടിയാണ് അങ്ങെന്ന് അങ്ങയുടെ കഥാപാത്രത്തിലൂടെ അങ്ങ് പതിറ്റാണ്ടുകൾക്ക് മുൻപേ പ്രസ്താവിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെ, ആദ്യ പ്രകടനത്തിലെ പോരായ്മ ഒന്നും, ഒട്ടും കാര്യമാക്കേണ്ടതില്ല. ശുദ്ധ സംഗീതത്തെ പരിപോഷിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വളർത്തുന്ന വൻ പ്രസ്ഥാനമായി 'ലാലിസം'  മുന്നോട്ടു തന്നെ പോകട്ടെ... എല്ലാ ഭാവുകങ്ങളും പ്രാർഥനകളും... പാട്ടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു വലിയ കലാകാരൻ എന്ന നിലയ്ക്ക് പാട്ടിനെ അതിന് വേണ്ടി  ജനിച്ചവര്‍ക്കു വിട്ടുകൊടുത്ത് നല്ലൊരു ആസ്വാദകൻ ആവുക എന്നതായിരിക്കും ഏറ്റവും മഹത്തരം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് പോലെ തന്നെ മഹത്തരമാണ് സ്വരം നന്നല്ല എന്ന് തിരിച്ചറിഞ്ഞ് പാടാതിരിക്കുക എന്നതും.

ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആയതു കൊണ്ടാണ് ഈ പോസ്റ്റ്‌ എന്ന് കരുതുന്നവർക്ക് താഴെയുള്ള ലിങ്ക് വായിച്ച് നിർവൃതി അടയാം...

"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....

ലാലിസത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ബ്ലോഗ്‌....=>> ഒരു ട്രൌസർ വാങ്ങിയ കഥ...വെർതെ ഒരു രസത്തിന്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

12 comments:

  1. യാഥാർഥ്യബോധത്തോടെയുള്ള പ്രതികരണം... ഇത് ലാലേട്ടൻ വായിച്ചെങ്കിൽ!

    ReplyDelete
  2. ലളിതവും വസ്തുനിഷ്ടവുമായ എഴുത്തു.മഹത്തരമാകുന്ന അച്ചായത്തരങ്ങൾ.

    ReplyDelete
  3. അച്ചായത്തരങ്ങളിൽ പൊള്ളത്തരമില്ല എന്ന് ഇപ്പോൾ മനസ്സിലായി നേരത്തെ മമ്മൂക്കയെ വിമർശിച്ചപ്പോൽ ഇത്തിരി നീരസം ഉണ്ടായിരുന്നു അത് മാറിക്കിട്ടി.

    ReplyDelete
    Replies
    1. Thanks for this kind of openness...Very Rare...Well Appreciated..

      Delete
  4. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് പോലെ തന്നെ മഹത്തരമാണ് സ്വരം നന്നല്ല എന്ന് തിരിച്ചറിഞ്ഞ് പാടാതിരിക്കുക എന്നതും..

    what a way to end an article.. hats off to you achaya...

    ReplyDelete
  5. അങ്ങയുടെ അനേകം അഭിമുഖങ്ങളിൽ അങ്ങ് തന്നെ ആവർത്തിച്ചു പറയാറുള്ള ഒരു കാര്യമുണ്ട്. ഏത് കലയോടാണെങ്കിലും അതിനോട് ഒരു റേശ്പ്പേച്ട്‌ ഉണ്ടാവണം എന്നാണത്..



    ഇതൊക്കെയെന്ത്‌
    !!!!!!!!"????

    ReplyDelete
    Replies
    1. അദ്ദേഹത്തിന് പതുക്കെ ഒരു നാർസിസ്ററ് മനോഭാവം വളരുന്നുണ്ടോ എന്നൊരു സംശയമുണ്ട്. അദ്ദേഹത്തിന്റെ പേജിന് "ദി കംപ്ലീറ്റ് ആക്ടർ" പേരിട്ടത് (അത് പറയേണ്ടത് സ്വയം അല്ലല്ലോ...പ്രേക്ഷകരല്ലേ)...ലോയ്ഡിന്റെ പരസ്യത്തിലെ "എന്നെപ്പോലെ വിശ്വസിക്കാം" എന്ന ടാഗ് ലൈൻ (വാദത്തിനു വേണ്ടി സ്ക്രിപ്റ്റിനെ കുറ്റം പറയാം); എല്ലാം കൂടി ഒരു നാർസിസ്റ്റ് മണം അടിക്കുന്നോ എന്നൊരു സംശയം. ഇത്രയും സീനിയർ നടൻ ഇത്തരം കാര്യങ്ങളിൽ കുറച്ചു സെലക്ടീവ് ആകേണ്ടതല്ലേ.

      Delete