ഞാൻ വെറും പോഴൻ

Tuesday 24 February 2015

അഭിനവ CPI (M) - ഹാ കഷ്ടം....

കോടിക്കണക്കിന് രൂപ പൊതുജനങ്ങളിൽ നിന്ന് (പേര് വെളിപ്പെടുത്താത്ത മുതലാളിമാരുടെ കയ്യിൽ നിന്നും) പിരിവെടുത്ത് കൊണ്ടാടിയ  സി.പി.എം. സംസ്ഥാനസമ്മേളനം പിണറായി - വി.എസ്. ചക്കളത്തിപ്പോരാട്ടത്തിനപ്പുറം രാഷ്ട്രീയ കേരളത്തിന് എന്ത് സംഭാവന നൽകിയെന്ന് അതിന്റെ നേതാക്കൾ എല്ലാവരും നെഞ്ചിൽ കൈവച്ച് ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിൽ നടന്ന പാർട്ടി സമ്മേളനങ്ങളും അതിലെ തെരഞ്ഞെടുപ്പുകളുമെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങൾ ആയിരുന്നു. വിമർശനവും സ്വയം വിമർശനവും നടത്തി സംഘടനാപരമായും രാഷ്‌ട്രീയപരമായും വന്നു പോയ വീഴ്‌ചകളും തെറ്റുകളും തിരുത്തി കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകാനുള്ള തീരുമാനങ്ങൾ എടുക്കാനാണ് പാർട്ടി സമ്മേളനങ്ങൾ എന്നും വേദിയാകാറുള്ളത്‌.  പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്  ശേഷമുള്ള മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ വിമർശനാത്മക വിലയിരുത്തലും വരും നാളുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ രൂപീകരണവും നടത്താനുള്ള അവസരവും ആണത്.  അടിമുടി അഴിമതിയിലും ദുർഭരണത്തിലും മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തേണ്ട രാഷ്‌ട്രീയ വിഷയങ്ങൾ, സാധാരണ ജനങ്ങൾ നേരിടുന്ന നിരവധി ദൈനംദിന പ്രശ്‌നങ്ങളും പ്രതിസന്ധികളും, കേരളത്തിൽ വളർന്നു വരുന്ന വർഗീയ സംഘടനകളുടെ സ്വാധീനം, യുവജനങ്ങളും പാർട്ടിയെ തുണയ്‌ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുന്ന സ്ഥിതി  തുടങ്ങി അതീവ ഗൗരവ വിഷയങ്ങൾ ഒന്നും തന്നെ ഈ സമ്മേളനത്തിന് ഗൌരവവിഷയമായതായി കേട്ടില്ല. എന്നാൽ, വി. എസ്....വി. എസ്....എന്ന മുറവിളിയല്ലാതെ എന്ത് രാഷ്ട്രീയമാണ് ഈ സമ്മേളനം ചർച്ച ചെയ്തത് ? സോളാർ കേസ്, ഘർ വാപസി, ബാർ കോഴ വിവാദം,  രൂക്ഷമായ വിലക്കയറ്റം, വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി  സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ട ഗൗരവ വിഷയങ്ങൾ മാറ്റി വച്ചിട്ട് വി.എസ്. എന്ന പടുവൃദ്ധനെ പാർട്ടിയുടെ ആരംഭം മുതലുള്ള നേതാവെന്നതിന്റെയോ, പ്രായത്തിന്റെയോ പരിഗണന നൽകാതെ വളഞ്ഞിട്ട് ആക്രമിച്ചു രസിക്കുന്നത് കാണുമ്പോൾ ഒരു കാര്യം ഏതാണ്ട് തീരുമാനമായി. പത്തു കൊല്ലത്തിനിപ്പുറം കേരളത്തിൽ സി.പി.എം. എന്ന പ്രസ്ഥാനം ഒരു രാഷ്ട്രീയ ശക്തിയേ അല്ലാതായി മാറും. ദേശീയ തലത്തിലും പാർട്ടിയുടെ നെടും കോട്ടയായിരുന്ന ബംഗാളിലും പാർട്ടി അപ്രസക്തമായത് പോലെ തന്നെ കേരളത്തിലും വൈകാതെ സംഭവിയ്ക്കാൻ പോകുന്നു.

ജനകീയ അടിത്തറയുടെ പിൻബലത്തിൽ മാത്രം നില നില്ക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷി എന്ന് ഊറ്റം കൊള്ളുന്ന സി.പി.എം. എന്ന സംഘടന എത്തി നില്ക്കുന്ന അധ:പതനം കാണുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പും അത്ഭുതവും ചെറുതല്ല. ലോക കമ്മ്യൂ ണിസത്തിന്റെ തേനും പാലുമൊഴുകുന്ന മനോജ്ഞഭൂമി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, പരിപൂർണ്ണ സൈനിക സാങ്കേതിക ശക്തിയായിരുന്ന സോവിയറ്റ് യൂണിയൻ ഒറ്റ രാത്രി കൊണ്ട് തകര്‍ന്നു വീഴാമെങ്കിൽ കേരളത്തിലെ പാർട്ടിയ്ക്ക് എന്ത് തന്നെ സംഭവിച്ചു കൂടാ. USSR നെ ആഗോള മുതലാളിത്ത ശക്തികൾ പതിയിരുന്നാക്രമിച്ച് നശിപ്പിച്ചതായിരുന്നില്ല. പാര്‍ട്ടി സംവിധാനത്തെ അഴിമതി നടത്താനും കുറ്റകൃത്യങ്ങൾ ചെയ്യാനുമുള്ള ഉപകരണമാക്കി മാറ്റിയപ്പോൾ, പാർട്ടി മുതലാളിമാർ ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും മൂർത്തരൂപങ്ങൾ ആയി മാറിയപ്പോൾ അടിസ്ഥാന വർഗ്ഗമായ  ജനം പാര്‍ട്ടിയില്‍ നിന്നകന്നു. സഹികെട്ട അവർ നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുകയും പാര്‍ട്ടി സഖാക്കളെ പാര്‍ട്ടി ഓഫീസ് തുറക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഒടുവിൽ ജനറല്‍ സെക്രട്ടറിയ്ക്ക് തന്നെ പാര്‍ട്ടി പിരിച്ചു വിട്ടു കൊണ്ടുള്ള പ്രഖ്യാപനം നടത്തേണ്ടി വന്നു. കേരളത്തിലെ പാർട്ടിയും ഇതേ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് തോന്നുന്നത്. 

സച്ചിൻ ടെൻടുൽക്കറിനെപ്പറ്റി പറയാറുള്ള ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് 2 പതിറ്റാണ്ട് കാലത്തെ നിലവാരത്തകർച്ച മൂലം ഇന്ത്യൻ ക്രിക്കറ്റ് ടീം നശിച്ചു കെട്ട് പോകാതിരിക്കാനും ഇന്നത്തെ നിലയിൽ ഉയിർത്തെഴുന്നേൽക്കാനും കാരണം എന്ന്. കേരളത്തെ സംബന്ധിച്ച്, സിപിഎം മാത്രമല്ല ഇടതുപക്ഷ മതേതര പ്രസ്ഥാനം മൊത്തത്തിൽ നശിച്ചു കെട്ട് പോകാതിരിക്കാനും ഇന്നത്തെ നിലയിൽ എങ്കിലും നില നില്ക്കുന്നതിനു പിന്നിൽ വി എസ് എന്ന വൃദ്ധസഖാവിന്റെ സജീവ സാന്നിധ്യം കാരണമായി എന്ന് നിങ്ങൾ സഖാക്കൾ ഒന്നും സമ്മതിച്ചില്ലെങ്കിലും ഇടതു പക്ഷത്തെ സ്നേഹിക്കുന്ന ഏതൊരാളും നൂറു വട്ടം സമ്മതിയ്ക്കും. കടുത്ത പാര്‍ട്ടി ശത്രുക്കള്‍ക്കെതിരേ മാത്രം പ്രയോഗിക്കാറുള്ള തരത്തിൽ, വി എസിനെതിരെ കടുത്ത പാര്‍ട്ടി വിരുദ്ധൻ, വിഭാഗീയവാദി, തരംതാണവൻ തുടങ്ങി ഒട്ടനവധി പദപ്രയോഗങ്ങൾ പിണറായി പരസ്യമായി എടുത്തു പ്രയോഗിച്ചിരുന്നു. എന്നാൽ അയാളുടെ വാക്കുകള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വിഎസ് തിരിച്ചടിച്ച വി എസും ജ്വലിച്ചു തന്നെ നിന്നു. ഏഴു പതിറ്റാണ്ടോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന, ഇന്ന് പാർട്ടിയുടെ ഏറ്റവും ജനകീയ മുഖമായ, ആയുസ്സിന്റെ തൊണ്ണൂറുകളിലും  കർമ്മരംഗത്ത് യുവാവായി ജീവിക്കുന്ന വി എസ് എന്ന വിപ്ലവ വടവൃക്ഷത്തെ ഒരു പുൽക്കൊടി പോലെ ചവിട്ടിത്തേയ്ക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളേക്കാൾ, സ്വരാജ്, ഷംസീർ, ചിന്ത ജെറോം തുടങ്ങിയ, ഇന്നലെ കൊരുത്ത യുവ തലമുറ കാണിച്ച അമിതാവേശം പാർട്ടിയ്ക്കൊരു തരത്തിലും ഗുണം ചെയ്യാൻ പോകുന്നില്ല എന്ന് അഭിനവ വിപ്ലവാചാര്യന്മാർ തിരിച്ചറിയുമ്പോഴേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയാത്ത നിലയിലേക്ക് പാർട്ടി കൂപ്പു കുത്തിയിട്ടുണ്ടാകും. കാറ്റിനൊപ്പം തൂറ്റാൻ വിദഗ്ധരായിരുന്ന സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയും പാർട്ടിയുടെ ഞെഞ്ചത്തു കയറിയിരുന്നു പൊങ്കാലയിട്ടിട്ടു അധികം കാലമായില്ല എന്ന് കൂടി ഓർക്കുന്നത് നന്ന്. ഇങ്ങനെ പോയാൽ അവെയ്ലബിൾ PB പോലെ അവെയ്ലബിൾ PARTY സംവിധാനം ഏർപ്പെടുത്തേണ്ടി വരുന്ന കാലം വിദൂരമല്ല. 

സി പി എം നശിച്ചു പോകുന്നതിലുള്ള അടക്കാനാവാത്ത സങ്കടം കൊണ്ടൊന്നുമല്ല ഇത്രയും കുറിച്ചത്. നിങ്ങൾ നശിച്ചു ഇല്ലാതാകുമ്പോൾ, കേരളത്തെ അപ്പാടെ തുരങ്കം വച്ചു കൊണ്ടിരിക്കുന്ന കാട്ടുകള്ളന്മാർ ഇനിയും ഇവിടെ ഭരിയ്ക്കാനിട വരുമല്ലോ എന്നും ഇപ്പോൾ ഇടതു പക്ഷ കോട്ടയിൽ വീഴുന്ന വിള്ളലിലൂടെ വർഗീയകോമരങ്ങൾ ഇവിടത്തെ രാഷ്ട്രീയ ഭൂമികയിൽ ഇടം നെടുമല്ലോ എന്നും ഉള്ള ആശങ്കകൾ മാത്രമാണ് ഈ കുറിപ്പിനാധാരം....

കേരളത്തിലെ സി.പി.എം. ന്റെ  പുതിയ സെക്രട്ടറി ചിരിക്കുന്ന ആളാണത്രേ. അത് ചിരിയാണോ ഇളിയാണോ എന്നൊക്കെ പത്രക്കാർ ചർച്ച ചെയ്തു തീരുമാനത്തിലെത്തട്ടെ. എന്തായാലും അദ്ദേഹം നല്ലൊരു തമാശക്കാരൻ ആണെന്ന് സെക്രട്ടറി ആയ ദിവസം തന്നെ തെളിയിച്ചു. "ഈ അടുത്ത കാലത്ത് സിപിഎം നടത്തിയ സോളാർ സെക്രട്ടേറിയറ്റ് വളയൽ സമരമുൾപ്പെടെ എല്ലാ സമരങ്ങളും വൻ വിജയമായിരുന്നു" എന്ന മ്യാരക തമാശ പറഞ്ഞാണ് അദ്ദേഹം തന്റെ ചരിത്ര ദൌത്യത്തിന് തുടക്കമിട്ടിരിക്കുന്നത്.  ചിരിയ്ക്കുന്ന സെക്രട്ടറിയുടെയും ചിരിപ്പിച്ചു കൊല്ലുന്ന പുതു സഖാക്കളുടെയും നേതൃത്വത്തിൽ വിപ്ലവം ജയിക്കട്ടെ...ലാൽ സലാം...


വാൽക്കഷണം : 'തൂവല്‍ക്കൊട്ടാര'ത്തിന്റെ ഷൂട്ടിങ് ഒരു നിയമസഭാ തിരഞ്ഞെടുപ്പു കാലത്തായിരുന്നു. ഒറ്റപ്പാലത്തെ ചിത്രീകരണത്തിനിടയില്‍ തിരഞ്ഞെടുപ്പു ഫലമറിയാന്‍ ഓടിനടക്കുകയായിരുന്നു പപ്പുവേട്ടന്‍ (കുതിരവട്ടം പപ്പു). ഒരു ഇടത് രാഷ്ട്രീയബോധം പപ്പുവിനുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതുപോലെ ഇടതുപക്ഷം ജയിച്ചിട്ടും വല്ലാത്തൊരു മ്ലാനത ആ മുഖത്തുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ വിഷമത്തോടെ പപ്പുവേട്ടന്‍ പറഞ്ഞു:
''ആരു ജയിച്ചിട്ടെന്താ അച്യുതാനന്ദന്‍ തോറ്റുപോയില്ലേ?''
പപ്പുവേട്ടന്റെ മനസ്സില്‍ വി.എസ്. ഒരു വലിയ വടവൃക്ഷമായിരുന്നു. ഇടതുപക്ഷം ജയിച്ചിട്ടും വി.എസ്. പരാജയപ്പെട്ടത് മാനസികമായി പപ്പുവേട്ടനെ തളര്‍ത്തിക്കളഞ്ഞു. ആ ദിവസം ഷൂട്ടിങ് തീരുന്നതിനു മുമ്പേ പപ്പുവേട്ടന്‍ മുറിയിലേക്കു മടങ്ങി. നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഒരു ഇടതുപക്ഷക്കാരന്റെ ചിരി പപ്പുവേട്ടന്റെ മുഖത്ത് കണ്ടിരുന്നില്ല. 

വാക്കിന്റെ അധിപന്മാരെയാണ് നമ്മുടെ കാലം ഇതുവരെ ആദരിച്ചുപോന്നത്. എഴുത്തറിയുന്നവര്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും നായകന്മാരായി എവിടെയും നിറഞ്ഞുനിന്നു. എഴുത്തുകാരേക്കാള്‍ തീവ്രമായ ജീവിതപാഠങ്ങളിലൂടെ കടന്നുപോയവരെ പുതിയ കാലം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു തൂവാലകൊണ്ട് നെറ്റിത്തടം കെട്ടി, പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് ഒരു ചിരിക്കാഴ്ച മാത്രം ജനിപ്പിച്ചിരുന്ന പപ്പുവേട്ടന്‍, വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ രാത്രിയില്‍ ഉറങ്ങിയിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം! (മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)


ഈ ബ്ലോഗ്‌ പോസ്റ്റിന്റെ കമന്റ്റ്‌ ബോക്സിൽ ഒരു സ്നേഹിതൻ കുറച്ചു ചോദ്യങ്ങൾ/ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെല്ലാം ഉത്തരം പറയാമെന്നു കരുതുന്നു...വായിക്കാൻ ക്ലിക്ക് ചെയ്യുക...=>> താത്വികമായ ഒരു അവലോകനം.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

6 comments:

  1. 1. cpi(m) muthalimaarude kayyil ninnu vaangiya panam kondaanu ee paripaadi muzhuvan nadathiyathu ennathinu enthaanu thelivu ???? ethenkilum muthalaalimaar angane parasya prasthaavana nadathiyo ?? atho reciept vallathum purathu vanno ??

    2. party ye ottapeduthi njaan maathram mahan ennu varuthi theerkkanulla VS nte sramathe ethirkkunnathil enthaanu thettu ??? VS party kku vendi orupaadu nalla kaaryangal cheythu, athil adhehathodu angeyattathe bahumaanam undu, aadaravum.... pakshe ee prasthaanam kettipokkiyathu lakshakkanakkinu aalukalude kadinaadhwaanam undu.... anekaayiram per rektha saakshikal aayittundu.... bhaaviyileykkayi kashtapedaan thayyaraaya oru yuva thalamura undu.... avare ellam marannu kondu, thyagojwalamaaya anekam jeevithangale marannu kondu VS ne maathram snehiykkanum bahumaaniykkanum aavilla.... VS bahumaanam arhiykkunnathodoppam VS um mattullavare bahumaaniykkan baadhyatha ulla aalaanu....

    3. CPI(M) nte bhaavi illathakkanulla gooda sramangalaanu yuva nethaakkale kurichu varunna thettidharana undaakkunna vaarthakal.... swaraaj thaniykethire vanna vaarthaykku ethire case kodukkaan pokunnathu adhehathinte sathya sandhatha theliyiykkaanaanu.... thaankal oru nishpakshanaanenkil ee kaaryam yukthi poorvam chinthiykkuka....

    4. Oriykal koodi aavarthiykunnu, thaankal oru ''nishpakshavaadi" aanenkil, party conference neyum party yeyum, VS enna 2 akshrangalil othukkathe, lekshakkanakkinu janangalude vikaaravum viswaasavum aayi kaanan njaan vineethamaayi abhyarthiykkunnu.....

    malayaalm typing software illaathathu kondaanu 'manglish' il type cheyyendi vannathu.... vaayiykkan budhumuttanu ennu karuthu vaayiykkathiriykkaruthu......

    ReplyDelete
    Replies
    1. നിങ്ങൾ ഉയർത്തിയ ചോദ്യങ്ങളെ അവഗണിക്കാനായില്ല...അത് കൊണ്ട് മറുപടി ഒരു പോസ്റ്റ്‌ ആക്കി....http://achayatharangal.blogspot.in/2015/02/blog-post_26.html

      Delete
    2. കമ്പ്യൂട്ടറില്‍ മലയാളം ടൈപ് ചെയ്യാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം ഇതാ
      കമ്പ്യൂട്ടറില്‍ മലയാളം ശരിയായി ടൈപ് ചെയ്യാന്‍ ഗൂഗിള്‍ മലയാളം
      http://www.facebook.com/l.php?u=http%3A%2F%2Fwww.google.com%2Finputtools%2Fwindows%2Findex.html&h=nAQHUHMlv

      Delete
    3. But he typed perfectly in Manglish...

      Delete
  2. .കേരളത്തിൽ സി.പി.എം ഇല്ലാതാകില്ല.ഇപ്പോൾ മതത്തിന്റെ പേരിൽ കേരളത്തെ അവർ വിഭജിച്ചു.സകല കുട്ടിക്രിമിനലുകളേയും ചെറുപ്പത്തിൽത്തന്നെ പിടിച്ച്‌ അടിമകളാക്കുന്നതുകൊണ്ട്‌ ഏത്‌ ഗുണ്ടായിസത്തിനും ആളുമുണ്ട്‌.

    വി.എസ്‌ എനിയ്ക്കൊരു വികാരമാണു.
    എന്റെ മിക്ക പോസ്റ്റുകളിലും ഞാൻ വി എസിനെക്കുറിച്ച്‌.ഒരു വാചകമെങ്കിലും ചേർക്കാറുണ്ട്‌ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ്‌ ആണെന്ന് ചരിത്രം വിലയിരുത്തുമെന്നുറപ്പ്‌ .

    ReplyDelete
    Replies
    1. ഈ വയോധികനുള്ള ക്രൗഡ് പുള്ളിങ്‌ പവർ പാർട്ടിയിലെ ഒരു നേതാവിനും ഇല്ല എന്നത് പാർട്ടി ഒരു ഗവേഷണവിഷയവും തിരുത്തൽകാരണവും ആക്കേണ്ടതാണ്.

      Delete