ഞാൻ വെറും പോഴൻ

Tuesday 10 February 2015

Well Done Delhi......മനോഹരമായ ഈ ഷോക്ക് ട്രീറ്റ്മെന്റിന്....

ഡൽഹിയിലെ AAP യുടെ വിജയത്തിൽ ഇന്ന് ഞാൻ വളരെയധികം സന്തോഷവാനാണ്...
കേജ്രിവാൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനോ കേജ്രിവാൾ എന്ന വ്യക്തിയോടുള്ള താൽപ്പര്യത്തിനോ ഡൽഹി ജനത നല്കിയ അംഗീകാരം കണ്ടിട്ടുമല്ല...
എന്നാൽ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ഒരിക്കൽക്കൂടി വെളിപ്പെട്ട ധർമ്മയുദ്ധം എന്ന നിലയിൽ ആണ് ഞാൻ ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നത്...
മൃഗീയ ഭൂരിപക്ഷം നൽകിയ സർവ്വാധികാരത്തിന്റെ പ്രിമത്തതയിൽ മതി മയങ്ങി, UPA  സർക്കാരിന്റെ നയങ്ങളിൽ ഒട്ടും തന്നെ വെള്ളം ചേർക്കാതെ, കോർപ്പറേറ്റ് - സാമ്രാജ്യത്വ ശക്തികൾക്ക് വേണ്ടി മാത്രം, ജനദ്രോഹത്തിന്റെ കാഠിന്യം കൂട്ടി, മത സ്പർദ്ധയുടെ മേമ്പൊടി ചേർത്ത് ഭരണം വിളമ്പിയവർക്ക് ഒരു ജനത നല്കുന്ന താക്കീതും മുന്നറിയിപ്പും ആണിത്.....

ഏതാണ്ടെല്ലാ അഭിപ്രായ വോട്ടെടുപ്പുകളും ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി വിജയിക്കുമെന്ന്‌ പ്രവചിക്കുന്നതിന് മുൻപേ തന്നെ ബി ജെ പി ഈയൊരു തിരിച്ചടി മുന്നി കണ്ടിരുന്നു എന്ന് അവരുടെ വിവിധ നേതാക്കളുടെ വാക്കുകളിൽ നിന്ന് നിരീക്ഷിക്കാമായിരുന്നു. എന്നാലും ദുർബലമായ ഒരു പ്രതിരോധം എന്ന നിലയിൽ എക്‌സിറ്റ്‌ പോളുകളില്‍ വിശ്വാസമില്ലെന്നും ചൊവ്വാഴ്‌ച വരെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി.യുടെ അതേ പ്രതീക്ഷ തന്നെയായിരുന്നു ഞാനും വച്ച് പുലർത്തിയിരുന്നത്. എങ്കിലും,  ചരിത്രത്തിൽ രാഷ്ട്രീയപരീക്ഷണങ്ങളോട് ഒരിക്കലും വൈമുഖ്യം കാട്ടാത്ത ഡൽഹിയുടെ രാഷ്ട്രീയ മനസ്സ് ഇങ്ങനെയായതിൽ ഒട്ടും തന്നെ അതിശയിക്കാനില്ല. ദേശീയരാഷ്ട്രീയത്തിന്റെ ദിശ 180 ഡിഗ്രി തിരിച്ചു വിട്ട കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന ഒരു തിരഞ്ഞെടുപ്പാണ് ഡൽഹി തിരഞ്ഞെടുപ്പും. 1951 മുതൽ കേന്ദ്രഭരണപ്രദേശം എന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു പ്രദേശമാണ് ഡൽഹി. 1991 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഡൽഹിയ്ക്ക് സംസ്ഥാന പദവി കൈവന്നെങ്കിലും ഈ ദേശീയ തലസ്ഥാന മേഖലയ്ക്ക് ഇപ്പോഴും പൂർണ്ണ സംസ്ഥാന പദവിയില്ല. ഇപ്പോഴും ക്രമസമാധാനം, ഭൂമി, ഡല്ഹി ഡെവലപ്‌മെന്റ് മുതലായവയുടെ ചുമതല കേന്ദ്ര ഗവണ്‍മെന്റിനാണ്. 

രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പുചരിത്രം പരിശോധിച്ചാൽ ചില അപൂർവ്വ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ, ദേശീയ രാഷ്ട്രീയത്തിനൊപ്പമായിരുന്നു എന്നും ഡൽഹിയുടെ പ്രാദേശിക രാഷ്ട്രീയ ചായ്‌വും എന്ന് കാണാനാകും. എന്നാൽ 2013 - ലെ തിരഞ്ഞെടുപ്പ് വേറിട്ടൊരു പാതയാണ് വെട്ടി ത്തുറന്നത്. തുടർച്ചയായ  വൻ അഴിമതി ആരോപണങ്ങളിൽ  മുങ്ങി വീർപ്പ് മുട്ടുന്ന കോണ്‍ഗ്രസ്സും മോഡിയെ കേന്ദ്രീകരിച്ചു ഒരു കുതിപ്പിനൊരുങ്ങുന്ന ബി ജെ പിയും. ഇതിനിടെയാണ് യു.പി.എ. ഗവണ്മെന്റിനെതിരെ അണ്ണ ഹസാരെ അഴിച്ചു വിട്ട അഴിമതിവിരുദ്ധസമരവും ഡൽഹി കൂട്ട ബലാൽസംഗത്തിനെതിരായി ഉയർന്നു വന്ന വൻ ജനകീയ മുന്നേറ്റവും നടന്നത്. ഈ, രണ്ടു സംഭവങ്ങളുടെ പരോക്ഷമായ സംഭാവനയായിരുന്നു ആം ആദ്മി പാർട്ടി ഉണ്ടാക്കിയ രാഷ്ട്രീയമാറ്റത്തിന്റെ തരംഗം. അഴിമതി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി മാറിയ ഡൽഹിയിൽ കോണ്‍ഗ്രസ്സിനെ നാണം കെടുത്തിക്കൊണ്ട് ബി ജെ പിയെ ഒന്നാം കക്ഷിയായും രാഷ്ട്രീയ ശിശുവായ AAP യെ രണ്ടാം കക്ഷിയായും ഡൽഹി ജനത തിരഞ്ഞെടുത്തു. ചേരികൾ,  ഗ്രാമപ്രദേശം, നഗരപ്രദേശം എന്നിവയെല്ലാം ഉൾപ്പെട്ട, തദ്ദേശീയരും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്നു പാർക്കുന്നവരുമായ വിവിധ മത ജാതി സമുദായ അംഗങ്ങളായ അധിവസിക്കുന്ന ഡൽഹി ഒരു "മിനി" ഇന്ത്യ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ ജീവിക്കുന്ന ദരിദ്രർ, വിവിധ തരത്തിലുള്ള മധ്യ വർഗ്ഗം, സമ്പന്നർ, വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ, അധികാരകേന്ദ്രങ്ങൾ തുടങ്ങിയവരുടെ ഒരു സമ്മിശ്ര സംസ്കാരമാണ് ഡൽഹിയുടേത്. മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ അതി സങ്കീർണ്ണവും ആണതിന്റെ രാഷ്ട്രീയ മനസ്സ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന ഒട്ടു മിക്ക സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിച്‌ഛായയുടെ ബലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞ ആത്മ വിശ്വാസത്തിൽ ആയിരുന്നു ബി ജെ പി. പാർട്ടിക്കുള്ളിലും സർക്കാറിലും ഏതാണ്ട് ഏകാധിപതിയായി വാഴുന്ന മോഡിയുടെ തരംഗത്തിൽ ബി ജെ പി യ്ക്ക് കാര്യമായ ശക്തിയില്ലാത്ത ഹരിയാണയില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തി. ജാർഖണ്ഡ് ഭരണം പിടിച്ചു. ശിവസേനയുമായി ബന്ധം വേണ്ടെന്നു വച്ച് മത്സരിച്ച മഹാരാഷ്ട്രയിലും വിജയിച്ചു. ജമ്മുകശ്മീരിൽ പോലും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. പക്ഷെ, ഡൽഹിയിൽ കാര്യങ്ങൾ എളുപ്പമായില്ല.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് രാംലീലാ മൈതാനത്ത്‌ നടത്തിയ, മോഡി പങ്കെടുത്ത റാലിയില്‍ ജനപ്രാതിനിധ്യം പ്രതീക്ഷിച്ചതിനേക്കാൾ വളരെയധികം കുറഞ്ഞപ്പോള്‍ മുതൽ കാര്യങ്ങൾ അവരുടെ കയ്യിൽ നിന്ന് പോവുകയായിരുന്നു. അതേ സമയം തലസ്ഥാനത്തെ സാധാരണ ജനവിഭാഗം ഏതാണ്ട് മുഴുവനായിത്തന്നെ അരവിന്ദ് കെജ്രിവാളിന് പിന്നിൽ അണിനിരക്കുകയും ചെയ്തു. ലോക് സഭ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതിൽ നിന്ന് വ്യത്യസ്തമായി, മോഡിയുടെ ജനപ്രീതി തിരിച്ചറിഞ്ഞ്‌ മോഡി എന്ന വ്യക്തിയെ യാതൊരു വിധത്തിലും ആക്രമിക്കാതിരിക്കുക എന്ന തന്ത്രമാണ്‌ അരവിന്ദ്‌ കെജ്‌രിവാളും കൂട്ടരും തുടക്കം മുതല്‍ സ്വീകരിച്ചത്‌. എന്നാൽ, മറുപക്ഷം വ്യക്തിപരമായ അധിക്ഷേപം കൊണ്ട് കേജ്രിവാലിനെ തലങ്ങും വിലങ്ങും  ആക്രമിച്ചു. ബി.ജെ.പി. നേതാക്കള്‍, അദ്ദേഹത്തിനെ കുരങ്ങ്‌, കള്ളന്‍ എന്നൊക്കെ പരസ്യമായി അഭിസംബോധന ചെയ്തപ്പോൾ സാക്ഷാൽ മോഡി വിശേഷിപ്പിച്ചത്  അരാജകവാദി, നക്‌സല്‍ എന്നൊക്കെയായിരുന്നു. വ്യക്തിപരമായ ഈ അധിക്ഷേപങ്ങളെല്ലാം തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ ആപ്പിനു കഴിഞ്ഞു. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ പ്രവർത്തനങ്ങൾ തുടങ്ങിയ ബി ജെ പി, അതിനു ശേഷം മുൻ മോഡി വിരുദ്ധയായ കിരണ്‍ ബേദിയെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതും വലിയ അബദ്ധമായി. കിരണ്‍ ബേദിയെ അവതരിപ്പിച്ചതോടെ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിനുണ്ടായ അതൃപ്‌തി അവരുടെ പ്രചാരണരംഗത്ത് നിന്ന് നേതാക്കൾ പിൻ വലിയുന്നതിലേക്ക് വരെ എത്തിച്ചേർന്നു. AAP തിരഞ്ഞെടുപ്പ് വിഷയങ്ങളായി മുന്നോട്ട് വച്ച, ഡല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളായ അഴിമതി, വൈദ്യുതി, വെള്ളം, സ്‌ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്കപ്പുറത്തേക്കുള്ള വിഷയങ്ങൾ അവതരിപ്പിക്കുവാൻ ബി ജെ പി യ്ക്ക്  കഴിഞ്ഞതുമില്ല. 

എന്ത് തന്നെയായാലും, കഴിഞ്ഞതവണത്തെ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്കിയും ജനസഭകൾ നടത്തി ഒരോ പ്രദേശത്തിന്റെയും വികസനപദ്ധതികൾ നിശ്ചയിച്ചും, കേജ്രിവാൾ എന്ന സാധാരണക്കാരൻ വെറും ആം ആദ്മികളുടെ പിൻ ബലത്തിൽ  മോദി അമിത്ഷാ അച്ചു തണ്ടിന്റെ ജൈത്രയാത്രയ്ക്കാണ് താല്ക്കാലിക തടയിട്ടത്. ഡല്‍ഹി പരാജയം ഉണ്ടാക്കുന്ന പ്രഹരം കേവലം പ്രതീകാത്മകം മാത്രമല്ല. ഒരു പക്ഷെ, രാജ്യത്തെ പ്രതിപക്ഷരാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായി ഈ പരാജയം മാറിയേക്കും. ബിഹാറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഡല്‍ഹി ഫലം പ്രതിഫലിയ്ക്കാൻ സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് ബി.ജെ.പിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും നില നില്ക്കുന്നു.  

ശ്രദ്ധേയമായ മറ്റൊരു കാര്യം കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന ഡൽഹിയിൽ കോണ്‍ഗ്രസ് ചിത്രത്തിൽ വരുന്നേയില്ല എന്നതാണ്. ഇനിയുള്ള കാലം ബി ജെ പി യെയും AAP യെയും ഇവിടത്തെ ജനങ്ങൾ എത്രത്തോളം വെറുക്കുന്നു അനുസരിച്ചായിരിക്കും ഇനി കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത. 

അവസരവാദരാഷ്ട്രീയത്തിന്റെ ജീർണ്ണതയിലേക്ക് പൂണ്ടിറങ്ങിയ കിരണ്‍ ബേദി തോറ്റതും ഒരു കാവ്യനീതിയായി.

ആരൊക്കെ എന്തൊക്കെ വിശദീകരണങ്ങൾ നൽകിയാലും ന്യൂസ്‌ ഡസ്കിൽ ഉരുണ്ടു കളിച്ചാലും ഈ തിരഞ്ഞെടുപ്പ് രണ്ടു കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്....

1. ആദ്യം കിട്ടിയ അവസരം ഇടയ്ക്ക് വച്ച് രാജി വച്ച് നഷ്ടപ്പെടുത്തിയെങ്കിലും, ആ 49 ദിവസങ്ങളിൽ നിങ്ങൾ എടുത്ത നിലപാടുകളെ ജനം മുഖ വിലയ്ക്കെടുത്തു.....അവർ കേജ്രിവാലിനു കൊടുത്ത അംഗീകാരമാണ് ഈ തകർപ്പൻ ജനവിധി...


2. ഒരു പാർട്ടിയുടെ നയപരിപാടികൾ മടുത്ത ജനം അവരെ പുറത്താക്കി മറ്റൊരു കൂട്ടരെ ഭരണം ഏൽപ്പിക്കുമ്പോൾ അവർക്ക് അതേ ജനത്തോടുള്ള കടപ്പാട് മറന്ന് ഏകാധിപത്യ പ്രവണതയും ജനദ്രോഹ നടപടികളും കൊണ്ട് മുന്നോട്ട് പോയാൽ മുൻഗാമികളുടെ ഗതി തന്നെയാണ് പിൻഗാമികൾക്കും ജനാധിപത്യം കരുതി വയ്ക്കുന്നത്; ഇപ്പോൾ മൃഗീയ ഭൂരിപക്ഷം നേടിയ AAP ഒരു കാരണത്താലും മറക്കരുതാത്ത സന്ദേശമാണത്....

അവസാന വാക്ക്...ആപാദചൂഡം സ്വന്തം പേര് തുന്നിയ ആത്മരതിയുടെ കോട്ടിനും വിലയ്ക്ക് വാങ്ങിയ മാധ്യമങ്ങളുടെ ഓരിയിടലിനും അളവില്ലാത്ത കോർപ്പറേറ്റ് പണക്കൊഴുപ്പിനും ഫോട്ടോഷോപ്പ് കലാപരിപാടികൾക്കും  എന്നും എപ്പോഴും ജന വിധിയെ വിലക്ക് വാങ്ങാൻ കഴിയില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത്....

ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം 1000 - ൽ അധികം റീഡിംഗ് ഹിറ്റ്‌ ആദ്യമായി കിട്ടിയ പോസ്റ്റ്‌ ആയിരുന്നു 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. സ്വന്തം മന്ത്രിസഭയിലെ ചില മന്ത്രിമാരുടെയും അതുപോലെ സ്വന്തം പാർട്ടിയിലെ ചില എം പി മാരുടെയും തീർത്തും അപക്വവും നിരുത്തരവാദപരവുമായ, വംശീയതയും മതവിദ്വേഷവും വളർത്തുന്ന പ്രസ്താവനകൾ തുടർച്ചയായി വന്നിട്ടും മോഡി പുലർത്തുന്ന മൗനം എന്നെ പേടിപ്പെടുത്തുന്നു...7 മാസം എന്നുള്ളത് ഒരു സർക്കാരിനെ വിലയിരുത്താൻ പറ്റിയ കാലം അല്ലെങ്കിലും കള്ളപണത്തിന്റെയും ഇന്ധനവിലയുടെയും കാര്യത്തിലും വിലക്കയറ്റത്തിന്റെയും ഘർ വാപ്പസിയുടെയും കാര്യത്തിലും മോഡി സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം കോണ്ഗ്രസ്സിന്റെ ദുർഭരണത്തിൽ പൊറുതിമുട്ടി, ഒട്ടേറെ പ്രതീക്ഷയോടെ മോഡിയെ അധികാരത്തിലേറ്റിയ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക്‌ ഒട്ടും പ്രതീക്ഷക്കു വക നല്കുന്ന ഒന്നല്ല...കോണ്ഗ്രസ്സിന്റെ കുടുംബവാഴ്ച , ബി ജെ പി യുടെ വർഗീയത, സി പി എമ്മിന്റെ അക്രമ രാഷ്ട്രീയം എന്നിവ കണ്ടു സഹികെട്ട ജനങ്ങൾക്ക് ആകെയുള്ള ആശ്വാസമാണ് ഡൽഹിയിലെ ആപ്പിന്റെ ഈ വൻവിജയം..ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു കേരളത്തിലും ഒരു മാറ്റത്തിനു തുടക്കം കുറിക്കാൻ ആപ്പിനു സാധിക്കും എന്നാണ് എന്റെ പ്രതീക്ഷയും വിശ്വാസവും..

    ReplyDelete
    Replies
    1. ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിലുള്ള AAP യുടെ ഉത്തരവാദിത്തം ഇതോടെ പതിൻമടങ്ങായിരിക്കുകയാണ്. അടിസ്ഥാന തലത്തിലുള്ള ചിട്ടയായ ആസൂത്രണം കൊണ്ടാണ് ഈ വിജയം സാധ്യമായത്. കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മാതൃകയാണിത്...AAP യ്ക്ക് എല്ലാ വിധ അഭിവാദ്യങ്ങളും...

      Delete
  2. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞയുടനേ ദില്ലി ഇലക്ഷൻ നടത്തിയിരുന്നെങ്കിൽ ഈ ലോകതട്ടിപ്പുകാരൻ ഭരണത്തിൽ കയറില്ലായിരുന്നു.

    ReplyDelete
    Replies
    1. ആം ആദ്മി പാർട്ടിയുടെ കൺസെപ്റ്റ് നല്ലതായിരുന്നു. പക്ഷെ, ടോട്ടാലിറ്റിയിൽ അതൊരു പരാജയമാവാനാണ് സാധ്യത. ജീർണ്ണതകൾ കണ്ടു തുടങ്ങി.

      Delete