ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 11 April 2016

പടക്കങ്ങൾ ഒരു വീക്ക്നസ്സ് ആയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.....

ഓഫീസിലെ  തിരക്ക് കാരണം ബ്ലോഗിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ട് കുറച്ചു കാലമായി. ഇന്നലെ നടന്ന പുറ്റിങ്ങൽ ഉത്സവ വെടിക്കെട്ടിന്റെ വാർത്തകൾ കണ്ടിട്ട് എഴുതാതിരിക്കാൻ തോന്നിയില്ല. 

"അപകടത്തിൽ ഇരകളായ എല്ലാ വ്യക്തികളുടെയും അവരുടെ വേണ്ടപ്പെട്ടവരുടെയും വേദനയിലും ദുഖത്തിലും മനസാ പങ്ക് ചേരുന്നു."

ഒരിക്കൽക്കൂടി നിസ്സഹായരായ ജനക്കൂട്ടത്തിനിടയിലേക്ക് മരണവും വേദനകളും  വന്നു പതിച്ചു. വർണ്ണ വിസ്മയങ്ങളും ശബ്ദഘോഷങ്ങളും സമ്മാനിച്ച ഉത്സവപ്പറമ്പ് നിമിഷ നേരങ്ങൾ കൊണ്ട് ശവപ്പറമ്പായി. പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവഹർഷങ്ങൾ ആർത്തനാദങ്ങൾക്കും നെടുവീർപ്പുകൾക്കും വഴിമാറി. ദുരന്ത റിപ്പോർട്ട് വന്ന ശേഷം ദൃശ്യ മാധ്യമങ്ങളിൽ പലവുരു കേട്ട; കേട്ടു കൊണ്ടിരിക്കുന്ന   ഒരു വാചകമുണ്ട്; 


"ഇനിയെങ്കിലും ഇതൊക്കെ നിരോധിക്കേണ്ടതല്ലേ ? " 

വളരെ പ്രസക്തമെന്ന് തോന്നാവുന്ന ഒരു ചോദ്യം. ഇത്തരം ദുരന്തങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ഉടനടി മുന്നോട്ടു വയ്ക്കപ്പെടുന്ന ചില പരിഹാരങ്ങൾ ആണ് നിരോധനം, നിയന്ത്രണം എന്നൊക്കെയുള്ളത്. അത്തരം കാര്യങ്ങൾ നമുക്ക് അവസാനം നോക്കാം. 

വെടിമരുന്ന് കേരളത്തിൽ എത്തിപ്പെട്ടതിന്റെ ഒരു ലഘു ചരിത്രം മുൻപെങ്ങോ വായിച്ച ഒരു ബ്ലോഗ്‌ പോസ്റ്റിൽ  ഉണ്ടായിരുന്നു. ആധികാരകതയെ പറ്റി ഉറപ്പില്ലാത്ത ആ വിവരണം ഏ താണ്ട് ഇപ്പ്രകാരമായിരുന്നു. ചൈനാക്കാർ ആണത്രെ ആദ്യമായി വെടി മരുന്ന് നിർമ്മിച്ചത്. വ്യാളികൾ മുതലായ ദോഷകാരികളായ മാരണങ്ങളെ ഓടിക്കാനായിരുന്നു ചൈനക്കാർ വെടി വച്ചിരുന്നത്. വിശദമായി പറഞ്ഞാൽ, മനുഷ്യന് വന്നു ഭവിക്കുന്ന അസുഖങ്ങൾ, അപകടങ്ങൾ, ധനനഷ്ടം, മാനഹാനി, ഐശ്വര്യക്കേട്‌ എന്നിവയ്ക്ക് കാരണമായി ചൈനക്കാർ കരുതുന്ന വ്യാളികൾ എന്നാ ഭീകരന്മാരെ തുരത്താനാണ് അവർ വെടിക്കെട്ട്‌ ഉപയോഗിച്ചത്. മറ്റെന്തോ കണ്ടെത്താൻ വേണ്ടി നടത്തിയ രാസപരീക്ഷണങ്ങൾക്കിടയിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിറങ്ങളോട് കൂടി വലിയ ഉയരങ്ങളിലേക്കു ചിന്നിച്ചിതറുകയും ചെയ്യുന്ന രാസവസ്തുക്കൾ  ചൈനീസ് ശാസ്ത്രജ്ഞൻമാരുടെ ശ്രദ്ധയിൽ പെട്ടതത്രെ. പിന്നെ അത്തരം രാസവസ്തുക്കളെ ഇഷ്ടാനുസരണം ഉണ്ടാക്കിയെടുക്കാനും അതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാനും പഠിച്ചതോടെ ചൈനക്കാർ വെടിമരുന്നിന്റെയും വെടിക്കെട്ടിന്റെയും ഉപജ്ഞാതാക്കൾ എന്ന നിലയിൽ  അറിയപ്പെടാൻ തുടങ്ങി. ഇത് എന്തിന് വേണ്ടി ഉപയുക്തമാക്കാം എന്ന ചിന്ത അവരെ  കാണണം. അന്നൊക്കെ വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വലിയ തമ്പോർ മുഴക്കുന്ന  പതിവുണ്ടായിരുന്നു. പിന്നീട് തമ്പോറിനു പകരം വെടി വച്ച്‌ മൃഗങ്ങളെ ഓടിക്കാൻ തുടങ്ങി. അതിനും ശേഷമായിരിക്കണം വ്യാളികൾക്കെതിരെ വെടി വയ്ക്കാൻ തുടങ്ങിയത്. എന്തായാലും ചൈനക്കാരുടെ പുതിയ കണ്ടുപിടുത്തത്തെ പറ്റി അറിഞ്ഞ ഗ്രീക്കുകാർ വെടിമരുന്ന് തേടി ചൈനയിൽ എത്തി. പക്ഷെ, വെടിമരുന്നിന്റെ ട്രാൻസ്പോർട്ടേഷൻ ഒരു വൻ പ്രശ്നമായിരുന്നു. കനത്ത ചൂടിൽ പാതിവഴിക്കിടെ തന്നെ സംഗതി പൊട്ടിത്തെറിക്കും. വെടിമരുന്നിന്റെയും അത് കൊണ്ടുവരാൻ പോയവന്റെയും കച്ചവടം പാതി വഴിയിൽ അവസാനിക്കും. ഇതൊരു തുടർക്കഥ ആയപ്പോൾ ഗ്രീക്കുകാർക്ക്‌ ബുദ്ധി തെളിഞ്ഞു. ചൈനാക്കാർക്ക് ഒരു കപ്പല്‍ കൊടുത്തിട്ട് പകരം ഒരു വെടിമരുന്നു നിർമ്മാണ വിദഗ്ധനെ ഗ്രീക്കുകാർ ചൈനയിൽ നിന്ന് സ്വന്തമാക്കി. ഗ്രീക്കുകാർ വെടിമരുന്നിനെ യുദ്ധങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടാക്കാൻ ആണ് ഉപയോഗിച്ചത്. തുടർന്ന്, വെടിമരുന്ന് പിന്നീട് ഗ്രീസിൽ നിന്നു യൂറോപ്പിലേക്കും പോർച്ചുഗലിലേക്കും യാത്രയായി. പോർ ച്ചുഗീസുകാർ  വെടിമരുന്ന് ഉപയോഗിച്ച് പീരങ്കികൾ ഉണ്ടാക്കി. അവരുടെ കപ്പലുകളിലെല്ലാം അവർ വെടിമരുന്ന് നിറച്ച പീരങ്കികൾ ഉറപ്പിച്ചു. ഡമ്മി കപ്പലുകൾ നിർമ്മിച്ച് അവയിൽ വിജയകരമായി പരീക്ഷിച്ചു. എവിടെ  എങ്ങനെ കൃത്യതയോടെ വെടി വയ്ക്കണമെന്നും പഠിച്ചു. അധിനിവേശത്തിന്റെയും പിടിച്ചടക്കലിന്റെയും  പടയോട്ടങ്ങളുടെ ചരിത്രത്തിൽ ഈ വെടിമരുന്നിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്.  പോർച്ചുഗലിൽ നിന്ന് പറങ്കികൾ വഴി അതിവേഗം വെടിമരുന്ന് ലോകമെങ്ങും വ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെടിമരുന്നിനെ ഹൈ എക്‌സ്‌പ്ലോസീവ് പട്ടികയിൽപ്പെടുത്തുകയും അത് യുദ്ധമുഖത്തു നിന്നു പിന്മാറുകയും ചെയ്തു.  പറങ്കികളിൽ നിന്ന് തന്നെയാണ് വെടിമരുന്ന് മലയാളിക്കും കിട്ടിയത് എന്നാണ് നിരീക്ഷണം. നമ്മളതിനെ ഗംഭീര വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുകയും ചെയ്തു. 

ചൈനയിൽ വെടിമരുന്ന് ഉണ്ടാക്കുന്നയാൾക്ക് സൂപ്പർ ഹീറോ പരിവേഷമായിരുന്നത്രേ. മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടായിരുന്നത്രേ അവർ വെടിമരുന്ന് പരീക്ഷിച്ചിരുന്നത്. പോർച്ചുഗീസുകാർ വെടിമരുന്നു കൈകാര്യം ചെയ്യിപ്പിച്ചിരുന്നത് യുദ്ധതടവുകാരെ കൊണ്ടും അറബികൾ  വെടിമരുന്നു കൈകാര്യം ചെയ്യിപ്പിച്ചിരുന്നത് ആഫ്രിക്കയിൽ നിന്നും കൊണ്ടു വന്ന അടിമകളെക്കൊണ്ടും ആയിരുന്നത്രെ. ഇതത്രയും വെടിമരുന്നിന്റെ അപകട സാധ്യത മുന്നിൽ കണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഇനി ചരിത്രം അവിടെ നിൽക്കട്ടെ. വർത്തമാന കാലത്തേക്ക് വന്നാൽ, ഈ ഭൂമിയിൽ വെടിക്കെട്ട്‌ നടക്കുന്ന ഏക നാടൊന്നുമല്ല കേരളം. ജനീവയിലും റിയോ ഡി ജനീറോയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും മാൽട്ടായിലും ദുബായിലും സിംഗപ്പൂരിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക പ്രശസ്തമായ വെടിക്കെട്ടുകൾ നടക്കാറുണ്ട്. അവിടെയൊന്നും ഇവിടത്തെപ്പോലെ വ്യാപകമായ അപകടങ്ങൾ ഉണ്ടാകാറില്ല. അങ്ങനെ നോക്കുമ്പോൾ കരിമരുന്ന് പ്രയോഗം എന്നത് അതിൽത്തന്നെ അപകടം പിടിച്ചതോ പൂർണ്ണമായും നിരോധിക്കപ്പെടേണ്ടതോ അല്ല എന്ന് മനസ്സിലാക്കാം; മറിച്ച് വേണ്ടത്ര നിയന്ത്രണങ്ങളോടെയും സുരക്ഷാ മുൻ കരുതലുകളോടെയും നടത്തുക എന്നതായിരിക്കും അപകട നിവാരണത്തിന് കൂടുതൽ മെച്ചപ്പെട്ട വഴി. 

ഇപ്പോൾ നടന്നതും മുൻപ്‌ നടന്ന് മറന്നു പോയതുമായ ചെറുതും വലുതുമായ അപകടങ്ങൾ ചില ചോദ്യങ്ങൾ നമ്മുടെ സമൂഹ മനസാക്ഷിക്ക് മുൻപിൽ വയ്ക്കുന്നുണ്ട്‌.....

നമ്മുടെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അപകടങ്ങൾ ഒഴിവാക്കാൻ പര്യാപ്തമായിരുന്നോ?

ആയിരുന്നെങ്കിൽ, അവ പാലിക്കപ്പെടാതെ പോയതിന് ആരാണ് ഉത്തരവാദികൾ ?

വെടിക്കെട്ട് തടയണമെന്ന നാട്ടുകാരുടെ പരാതിയും കളക്ടറുടെ അനുമതി നിഷേധവും അവഗണിച്ചു വെടിക്കെട്ട് നടത്തിയതിനു പിന്നിൽ ഏത് ശക്തികളാണ് പ്രവർത്തിച്ചത് ?

കരിമരുന്ന് പ്രയോഗത്തിന്റെ കരാറുകാരനും അതിലെ തൊഴിലാളികൾക്കും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഔപചാരികമായ ശാസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടുണ്ടോ ?

ഇത്തരം ഒരപകടം ഉണ്ടായാൽ ആവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ - അഗ്നി ശമന സംവിധാനങ്ങൾ അവിടെ ഉണ്ടായിരുന്നോ ?

ഫയർ  എഞ്ചിൻ, ആംബുലൻസ് മുതലായ സൌകര്യങ്ങൾ ഒരുക്കിയിരുന്നോ ?

വെടിക്കെട്ടിന്റെ 840 മീറ്റർ പരിധിയിൽ ആളുകൾ  നിൽക്കാൻ പാടില്ല എന്ന നാഷണൽ കൗൺസിൽ ഓഫ് ഫയർ വർക്ക്‌സ് സേഫ്റ്റിയുടെ നിർദ്ദേശം പാലിക്കാൻ സാധിക്കുന്ന എത്ര വെടിക്കെട്ട്‌ വേദികൾ കേരളത്തിൽ കണ്ടെത്താൻ കഴിയും ?

വെടിക്കെട്ട് നടക്കുന്ന സ്ഥലവും കമ്പപ്പുരയും തമ്മിൽ  100 മീറ്ററിലധികം ദൂരം വേണമെന്ന നിയമവും രാത്രി പത്തുമണിക്ക് ശേഷം വെടിക്കെട്ടുകൾ നടത്തരുതെന്ന നിയമവും എന്ത് കൊണ്ട് പാലിക്കപ്പെടാതെ പോയി ?

അനുവദനീയമല്ലാത്ത രാസവസ്തുക്കളുടെ ഉപയോഗം, അനുവദനീയമായ പരിധിക്ക് പുറത്തുള്ള രാസവസ്തുക്കളുടെ ഉപയോഗം, പ്രതികൂലവും അപകടസാധ്യതയുമുള്ള കാറ്റും മറ്റ് അന്തരീക്ഷവ്യതിയാനം മുതലായ കാര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ എന്ത് സംവിധാനമാണ് നമുക്കുള്ളത് ?

നമ്മുടെ  സമൂഹത്തിന്റെ അടിസ്ഥാനമായ സുരക്ഷാബോധത്തിന് കാര്യമായ എന്തോ കുഴപ്പമില്ലേ ?  

അപകട സാധ്യതകൾ മുന്നിൽക്കണ്ട് നമ്മുടെ ആചാരങ്ങളിൽ പ്രായോഗികമായ ചെറിയ മാറ്റങ്ങളോ ലാളിത്യമോ വരുത്താനുള്ള അധികാരികളുടെ ശ്രമത്തെ നമ്മുടെ സമൂഹം എതിർത്ത് തോൽപ്പിക്കുകയല്ലേ പതിവ് ?

ദിനം പ്രതി വിശാലമായ പൊതു സ്ഥലങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, വളരെ പരിമിതമായ സ്ഥലത്ത് ഉഗ്ര സ്ഫോടനങ്ങൾ ഉൾപ്പെടുന്ന വെടിക്കെട്ട്‌ നടത്തണമെന്നു വാശിപിടിക്കുന്നത് ശരിയാണോ ?

ഏത് നിയമങ്ങളെയും നിയന്ത്രണങ്ങളെയും മതത്തിന്റെയും സമുദായത്തിന്റെയും പിന്തുണ കാട്ടി  മറികടക്കുന്നത് ക്രൂരമല്ലേ ?

പല വൻ ദുരന്തങ്ങളും ഉണ്ടാകുന്നത് ആവശ്യം പാലിക്കപ്പെടേണ്ട വളരെ ചെറിയ ചെറിയ അനവധി സുരക്ഷാ മുൻ കരുതലകളുടെ ഒറ്റക്കോ കൂട്ടമായോ ഉള്ള അവഗണനകളിൽ നിന്നല്ലേ ?

ഇത്തരം ദുരന്തങ്ങൾ കഴിഞ്ഞാൽ തന്നെ, അതിന്റെ കാര്യകാരണങ്ങൾ പഠിച്ച് മേലിൽ ഒരു ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പകരം കമ്മിറ്റിക്കാരെയും കരാറുകാരനെയും പ്രതികളാക്കി തല കഴുത്തിലാക്കുന്ന ഗിമ്മിക്ക് കൊണ്ട് നമ്മൾ ഗുണപരമായ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് ?

ആചാരങ്ങൾ, അത് എത്ര പഴക്കം ഉള്ളതാണെങ്കിലും മനുഷ്യന്റെ ജീവനും ജീവിതത്തിനും ഭീഷണിയാണെങ്കിൽ ഉപേക്ഷിക്കുകയല്ലേ നല്ലത് ?

മത ചടങ്ങുകളിൽ നിയമലംഘനവും ദുരന്തങ്ങളും ഉണ്ടായാലും നിയമസംവിധാനങ്ങൾ നട്ടെല്ല് വളച്ചു വഴങ്ങിക്കൊടുക്കുന്നതിന് ഇനിയെങ്കിലും ഒരു അറുതി വരേണ്ടതല്ലേ ?

ആചാരങ്ങൾ ആർഭാടങ്ങൾക്കും ആഡംബരങ്ങൾക്കും വഴിമാറുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ മരിക്കുന്നവരും ജീവിക്കുന്നവരുമായ ഇരകളുടെ കണ്ണീരിനും ചോരക്കും അതിന്റെ നടത്തിപ്പുകാരും അവരുടെ തലമുറകളും ഉത്തരം പറയേണ്ടി വരില്ലേ ?

ചുമ്മാ അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാക്കി പൊടിച്ചും കരിച്ചും പുകച്ചും കളയുന്ന ലക്ഷങ്ങൾ കൊണ്ട് എത്ര ദരിദ്രരുടെ പട്ടിണി മാറ്റാം; പണമില്ലാത്തതിന്റെ പേരിൽ പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം നടത്താം; കിടപ്പാടമില്ലാത്ത എത്രയോ പേർക്ക് ഒരു കൂര വച്ച് കൊടുക്കാം ?

ഇത്തരം ദുരന്തങ്ങൾ തികച്ചും മനുഷ്യനിർമ്മിതമല്ലേ ?

ഈ ചോദ്യങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ്. നിർമ്മലവും സത്യസന്ധവുമായ മനസാക്ഷിയിൽ നിന്ന്  ഉയരുന്ന ഇതുപോലുള്ള അനേകം ചോദ്യങ്ങൾക്ക് നിങ്ങളും ഞാനും നൽകുന്ന, നല്കേണ്ട ആത്മാർഥമായ മറുപടികൾക്ക് മാത്രമേ ദുരന്ത രഹിതമായ ഒരു നാളെയെ സമ്മാനിക്കാനാവൂ..... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


2 comments: