ഞാൻ വെറും പോഴൻ

Wednesday 1 June 2016

ഒരു പുതിയ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി എഴുതിയ കത്ത്...

ഒരു പുതിയ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി എഴുതിയ കത്തിന്റെ സങ്കൽപ്പരൂപം.. 

ഇത് തികച്ചും സാങ്കൽപ്പികം മാത്രമാണ്....


ഇതിലെ കഥാപാത്രങ്ങൾക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി ഒരു ബന്ധവും ഇല്ല. സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രമാണ്....


സഖാവിന് എന്റെ ആശംസകൾ.

താങ്കളോട് കുറച്ചു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോൾ പറയണമെന്ന് കരുതിയെങ്കിലും താങ്കൾ തിരക്കിലായിരുന്നത് കൊണ്ട് പറയാനൊത്തില്ല.

1. നിയമസഭയുടെ വലത്തേ അറ്റത്തിരിക്കുന്ന അലമാരിയിൽ ഒരു 200 പേജിന്റെ പറ്റു ബുക്കിരിപ്പുണ്ട്. ഞങ്ങൾ കടം വാങ്ങിയവരുടെ ലിസ്റ്റാണ്. അതിൽ നാലാമത്തെ പേജിൽ തിരുവനന്തപുരത്തെ ഒരു ബേക്കറിയുടെ പേരുണ്ട്. 2015 ൽ സാഹസികമായി ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ്  വിതരണം ചെയ്യാൻ ലഡു വാങ്ങിയ കാശാണ്. അതു കൊടുക്കണം.  

2. ഓഫീസിൽ, സീ സീ റ്റീ വി എന്ന് പറഞ്ഞു വച്ചിരിക്കുന്ന സാധനം ചുമ്മാ പടമാണ്. സുതാര്യമായ ഭരണം നടത്തുന്നു എന്ന് കാണിക്കാൻ ഫിറ്റ് ചെയ്തതാണ്. അഴിച്ചു വിറ്റാൽ സ്പെയർ പാർട്ട് സിന്റെ വില  കിട്ടുമായിരിക്കും. 

3. ആ മേശ വലിപ്പിൽ കുറച്ചു സീ ഡിയും, പെൻ ഡ്രൈവുമുണ്ട്. ഏതെങ്കിലും പുതിയ വികസന പദ്ധതിയുടെ രേഖകളാണന്നു കരുതി എന്നോട് ബഹുമാനമൊന്നും തോന്നണ്ട. അത് നമ്മുടെ സരിതയുടെ ആണെന്ന് പറഞ്ഞ് പോലീസുകാര് അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ പിടിച്ചു കൊണ്ട് വന്നതാണ്. അതൊന്നും  അതല്ല.

4.  പിന്നെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണിൽ എന്നെയോ ജിക്കു, ജോപ്പൻ, സലിം മോൻ എന്നിവരെയോ അന്വേഷിച്ച് വിളിച്ചാൽ എന്റെ നമ്പർ കൊടുക്കണം. വിളിക്കുന്നവർ നാലഞ്ച് വർഷത്തെ ശീലം കൊണ്ട് വിളിക്കുന്നതാണ്. 

5.  എപ്പോഴാണ് മണ്ണടിക്കേണ്ടതെന്ന് ചോദിച്ച് ഒരു ലോറി ഡ്രൈവർ വിളിക്കും. മെത്രാൻ കായൽ നികത്താൻ ടോക്കൺ കൊടുത്തിരുന്ന ആളാണ്‌.  ഇനി മണ്ണ് വേണ്ട;  ടോക്കൺ തിരിച്ചു വേണ്ടാന്ന് പറഞ്ഞൂന്ന് മാത്രം പറഞ്ഞാ മതി.

6. ആ, സന്തോഷ്‌ മാധവൻ വിളിച്ചാൽ കുഞ്ഞാലിയുടെ നമ്പർ കൊടുക്കണം.

7. പിന്നെ, എന്റെ ഉപദേഷ്ടാവ് ആയിരുന്നെന്നും പറഞ്ഞ് ഒരു പഴയ ഐ ഏ എസുകാരൻ വരും. ചായക്കാശ് കൊടുത്ത് പറഞ്ഞു വിടുമല്ലോ.

8. വികസനം വരുത്തി എന്ന് പറഞ്ഞ് എവിടെയൊക്കെയോ പോയി ഏതാണ്ടൊക്കെയോ  ഉദ്ഘാടനം ചെയ്തു വച്ചിട്ടുണ്ട്. എവിടെയൊക്കെയാണെന്നോ എത്ര എണ്ണമുണ്ടെന്നോ എനിക്ക് തന്നെ നിശ്ചയമില്ല. ഉദ്ഘാടനത്തിന്റെ ശിലാഫലകത്തിന്റെയും മൈക്ക് സെറ്റിന്റെയും ചായയുടെയും  കാശും ചോദിച്ചു ആരെങ്കിലും വന്നാൽ എന്നെ വിളിച്ച് കൺഫേം ചെയ്തിട്ടേ കൊടുക്കാവൂ. 

8. നിയമസഭ രേഖകൾ എഴുതാൻ പേനയും, പേപ്പറും വാങ്ങാൻപ്പോലും ഖജനാവിൽ പൈസയില്ല. പിന്നെ, ഓഫീസിന്റെ പിറകിലെ ഗോഡൌണിൽ രണ്ട് മൂന്ന് ലോഡ് കടലാസുകൾ കെട്ടി വച്ചിട്ടുണ്ട്. പോയ വർഷങ്ങളിൽ ജന സമ്പർക്കത്തിൽ കിട്ടിയ നിവേദനങ്ങളാണ്.  തൂക്കി വിറ്റാൽ തൽക്കാലം അല്ലറ ചില്ലറ ചിലവിന് കിട്ടും.

9. ഔദ്യോഗിക വസതിയുടെ വളപ്പിൽ എന്റെ സഹധർമ്മിണി  കുറച്ച് നെല്ല് കൃഷി ചെയ്തിരുന്നു. 100% ജൈവകൃഷി ആയിരുന്നു. കൊയ്യുമ്പോൾ ഒരു കഞ്ഞിക്കുള്ള നെല്ല് ഞങ്ങൾക്കും തരണം.

10. നെല്ലിന്റെ,  കാര്യം പറഞ്ഞപ്പോഴാണ്, നിങ്ങളുടെ പുതിയ ധനകാര്യമന്ത്രി കുറച്ചു ദിവസമായി ഖജനാവ് കാലിയാണേ, ഖജനാവ് കാലിയാണേ എന്ന് വിളിച്ചു പറഞ്ഞ് നടക്കുന്നത് കേട്ടു. ഖജനാവ് കാണാതെയാണ് അദ്ദേഹം അത് പറയുന്നത് എന്നെനിക്കുറപ്പാണ്. സഖാവിന്റെ ക്വാർട്ടേഴ്സിന്റെ  അടുക്കളയിൽ ഒരു ചെമ്പ് കെട്ടിയ പത്തായം കാണാം. അതാണ്‌, ഈ പറയുന്ന ഖജനാവ്. ഇട്ട് വയ്ക്കാൻ പൊതു പണം ഒന്നും ബാക്കിയില്ലാത്തത്‌ കൊണ്ട് അരിയും പലവ്യഞ്ജനവും ഇട്ടു വയ്ക്കാമെന്നു പറഞ്ഞ് ഭാര്യ എടുത്ത് അടുക്കളയിൽ ഇട്ടതാണ്. സത്യമായും അത് കാലിയല്ല...ഉറപ്പായും ഒരാഴ്ചത്തേക്കുള്ള അറിയും സാമാനങ്ങളും അതിലുണ്ട്. ഇക്കാര്യം നിങ്ങളുടെ പുതിയ ധനകാര്യമന്ത്രിയെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം.

11. തിരികെ വരും; ഭരണം തുടരും എന്നൊക്കെ കരുതിയത്‌ കൊണ്ട് പാൽക്കാരനും പത്രക്കാരനും ഒന്നും പണം കൊടുത്തിട്ടില്ല. ചോദിച്ചു വരുമ്പോൾ കൊടുത്തേരെ. നമ്മൾ എവിടെയെങ്കിലും വച്ച് കാണുമ്പോൾ ഞാൻ തന്നോളാം.

12. ആ, തയ്യൽക്കാരൻ  കുറെ പുതിയ കുപ്പായം തുന്നിയത് കൊണ്ട് വരും. കീറി തയ്ച്ചത് കണ്ട് പഴയതാണെന്ന് കരുതണ്ട. കീറിയിട്ട് തയ്ക്കാൻ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചിരിക്കുന്നതാണ്. സഖാവിന് വേണമെങ്കിൽ ഉപയോഗിച്ചോളൂ. കാശൊന്നും തരേണ്ട. ഒരു സമ്മാനമായി കരുതിയാൽ മതി.

ദീർഘിപ്പിക്കുന്നില്ല. എന്റെ ഗതി ഇങ്ങനെയൊക്കെ ആയിപ്പോയി. പലരും പറയുന്നത് ആ പഴയ കാർന്നോരുടെ പ്രാക്ക് ആണെന്നാണ്. കർമ്മഫലം എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ടീ വി യും പത്രവും ഒക്കെ നോക്കിയിട്ട് കുറച്ചു ദിവസമായി. എല്ലാം കാണുമ്പോൾ ഒരു വല്ലാത്ത മനപ്രയാസവും നഷ്ട ബോധവും. കണ്ണാടി നോക്കുമ്പോൾ എന്റെ പ്രതിബിംബം വരെ എന്നെ നോക്കി ചിരിക്കുന്നത് പോലെ  തോന്നുന്നു.

പിന്നെ, ഒരു സംശയം....സത്യ പ്രതിജ്ഞ ചടങ്ങ് നടത്താൻ കാശ് എവിടുന്ന് സംഘടിപ്പിച്ചു ? തന്നെ, സമ്മതിച്ചു.

നിങ്ങൾ പ്രചാരണത്തിന് പറഞ്ഞ പോലെ എല്ലാം ശരിയാക്കിയാൽ പിന്നെ ഒരു കാലത്തും ഞങ്ങൾക്ക് അവിടെ കാല് കുത്താൻ പറ്റില്ല എന്നെനിക്കറിയാം. ഇനി ഞങ്ങടെ മുന്നണി തിരികെ വന്നാലും എന്നെ എന്റെ കൂട്ടര് തന്നെ കാലു വാരി പുറത്തിരുത്തും എന്നത് എല്ലാവരെക്കാളും നന്നായി എനിക്ക് അറിയാം. 

പ്രതിപക്ഷ നേതാവ് സ്ഥാനവും ഞാൻ വേണ്ടെന്ന് വയ്ക്കുകയാണ്. സ്വതന്ത്രനായി ജയിച്ച ആ ജന്മവും മൂന്നാം കക്ഷിയുടെ ആസ്ഥാന സ്ഥാനാർഥിയായിരുന്ന ആ അമ്മാവനും ആയിരിക്കും മുഖ്യപ്രതിപക്ഷം എന്ന് കവടിയൊന്നും നിരത്തി കണ്ടു പിടിക്കേണ്ട കാര്യമില്ലല്ലോ. മാത്രവുമല്ല, എന്തെങ്കിലും ആരോപണം വരുമ്പോൾ മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് പറയാൻ എഴുന്നേറ്റാൽ എനിക്ക് തന്നെ ചിരി വരും. അത് കൊണ്ട് എല്ലാം മതിയാക്കുവാ. ആ അന്തോണിയോട് പറഞ്ഞ് കേന്ദ്രത്തിൽ വല്ല പണിയും കിട്ടുമോന്ന് നോക്കണം.

സ്നേഹത്തോടെ..

മുൻ മുഖ്യൻ 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

2 comments:

  1. ഹാ ഹാ ഹാാ.ആരോ ഷെയർ ചെയ്തിരുന്നത്‌ വായിച്ചിരുന്നു.

    ReplyDelete