പക്ഷെ, നോട്ട് പിൻവലിക്കൽ വിഷയത്തിൽ മോദിയെ പിന്തുണക്കാൻ വേണ്ടി ലാലേട്ടൻ എഴുതിയ ബ്ലോഗിലെ ചില കാര്യങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ പാവങ്ങളുടെയും സാധാരണ പൗരന്മാരുടെയും സംരക്ഷകരും മധ്യസ്ഥരുമായി മേനി നടിക്കുന്ന വി ഡി സതീശനും വി ടി ബല്‍റാമും അത് പോലുള്ള രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും പ്രകടിപ്പിച്ച രീതിയിലുള്ള വിയോജിപ്പ് അല്ല അത്.
മോദിയുടെ ഈ സർജിക്കൽ സ്ട്രൈക്ക് കള്ളപ്പണത്തിനും വ്യാജനോട്ടുകൾക്കും അഴിമതിക്കും എതിരെയാണെന്നാണ് മോദി തന്നെ അതിന്റെ പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. പക്ഷെ, താങ്കളുടെ ബ്ലോഗ് ഈ സർജിക്കൽ സ്ട്രൈക്കിനെ വാഴ്ത്തുന്നത് അഴിമതിക്കെതിരായ ധീരനടപടി എന്ന നിലയ്ക്കാണ്. അഴിമതി, വ്യവസ്ഥിതിയുടെ ജീർണ്ണത ആണെന്ന് സ്ഥാപിക്കാൻ വില്ലേജ് ഓഫീസിലെയും പഞ്ചായത്ത് ഓഫീസിലെയും കൈക്കൂലിയെ എടുത്ത് ഉദാഹരിക്കുന്ന താങ്കൾ, മോദിയുടെ കള്ളപ്പണനിർമ്മാർജ്ജനം എന്ന ലക്ഷ്യത്തെ കാണാതെ പോയതാണോ മനഃപൂർവ്വം തമസ്കരിച്ചതാണോ ? വ്യാജനോട്ടിന്റെയും അഴിമതിയുടെയും ആത്യന്തിക ലക്ഷ്യം കള്ളപ്പണസമാഹരണമാണ് എന്ന വസ്തുതയുടെ വെളിച്ചത്തിൽ ഡീമോണിറ്റൈസേഷനിലൂടെ മോദിയുടെ യഥാർത്ഥ ലക്ഷ്യം കള്ളപ്പണനിർമ്മാർജ്ജനമാണെന്ന് വ്യക്തം.
കള്ളപ്പണത്തിന് ഓരോ വ്യക്തിയും കൊടുക്കുന്ന നിർവ്വചനങ്ങൾ കാണുമായിരിക്കും. രാജ്യത്തെ നിയമം അനുസരിച്ചുള്ള നിർവ്വചനം അതാവണമെന്നില്ല. സർക്കാർ ഖജനാവിലേക്ക് (കേന്ദ്രമായാലും സംസ്ഥാനമായാലും തദ്ദേശഭരണസ്ഥാപനങ്ങളായാലും) എത്തേണ്ട തുക വെട്ടിച്ചു നടത്തുന്ന ഏതൊരു ഇടപാടിൽ നിന്നുണ്ടാകുന്ന നേട്ടവും കള്ളപ്പണമാണ്. അത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വാങ്ങുന്ന കോഴയും കിമ്പളവും മാത്രമല്ല; ബില്ല് വാങ്ങാത്തത് മൂലം വിൽപ്പന നികുതി, സേവന നികുതി മുതലായവ അടക്കാതെ പോകുന്ന ചെറുതും വലുതുമായ സാധനങ്ങളും സേവനങ്ങളും, യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ വില ആധാരത്തിൽ കാണിച്ചുള്ള വസ്തു രജിസ്ട്രേഷൻ, വളരെ ലളിതമായി വെട്ടിക്കപ്പെടുന്ന പഞ്ചായത്ത് മുനിസിപ്പൽ ലെവികൾ, ആദായ നികുതി അടക്കാതെ നേടുന്ന വരുമാനങ്ങൾ, ധനനികുതി അടക്കാതെ സ്വരുക്കൂട്ടുന്ന സമ്പാദ്യങ്ങൾ, ബിനാമി ഇടപാടുകളിലൂടെയുള്ള വരുമാനങ്ങളും സ്വത്തുക്കളും, നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ചു കൂട്ടിയ സ്വത്തുവകകൾ, നിയമപരമായ മാർഗ്ഗത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് കൊണ്ടാണെങ്കിലും പണമോ സ്വാധീനമോ ഉപയോഗിച്ച് കൈവശമാക്കിയതോ സമ്പാദിച്ചതോ ആയ നിയമവിരുദ്ധമായ വസ്തുക്കളോ ആനുകൂല്യങ്ങളോ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇടവഴികളിലൂടെ നേടിയ എന്തും ഏതും കള്ളപ്പണത്തെ സഹായിക്കുന്നവയാണ്...... കള്ളപ്പണം സൃഷ്ട്ടിക്കുന്നവയാണ്..... കൃത്യമായി നോക്കിയാൽ കള്ളപ്പണം ഉണ്ടാക്കുകയോ അതിനു കൂട്ട് നിൽക്കുകയോ ചെയ്യാത്ത ആളുകൾ ഇവിടെ വിരളമായിരിക്കും. അതിന്റെ വലിപ്പച്ചെറുപ്പങ്ങളിലേ വ്യത്യാസമുള്ളൂ.
താങ്കൾ പ്രതിനിധാനം ചെയ്യുന്ന, താങ്കൾ ബ്ലോഗിൽ തന്നെ പറഞ്ഞിരിക്കുന്ന വളരെയധികം പണച്ചിലവുള്ള സിനിമാ മേഖലയിൽ കള്ളപ്പണം ഉപയോഗിക്കുന്നില്ലേ ? സിനിമാ മേഖല കള്ളപ്പണക്കാരെ സൃഷ്ടിക്കുന്നില്ലേ ? നിങ്ങൾ അടക്കം ചെറുതും വലുതുമായ താരങ്ങളും ടെക്നീഷ്യന്മാരും മറ്റു സിനിമാ പ്രവർത്തകരും മുഴുവൻ പ്രതിഫല (Remuneration) ത്തിൽ നിന്നും TDS പിടിക്കാൻ സമ്മതിക്കാറുണ്ടോ ? മുഴുവൻ പ്രതിഫലവും ബാങ്ക് വഴി (കറൻസി നോട്ടുകൾ ആയിട്ടല്ലാതെ) സ്വീകരിക്കാനും തയ്യാറാകാറുണ്ടോ ? ഏതാനും വർഷങ്ങൾക്ക് മുമ്പ് താങ്കളെയും മമ്മൂട്ടിയെയും ഇൻകം ടാക്സ് റെയ്ഡ് ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നടപടി എടുത്തിരുന്നില്ലേ ? പിടിച്ച കണക്കില്ലാപ്പണത്തിന്റെ ടാക്സും പിഴയും അടച്ച് തല കഴുത്തിലാക്കി എന്നാണ് അന്നത്തെ വാർത്തകളിൽ കണ്ട വിവരം. അനുമതിയില്ലാതെ ആനക്കൊമ്പ് കയ്യിൽ വച്ചിരുന്ന കേസ് ഉണ്ടായിരുന്നില്ലേ ? ഉമ്മൻ ചാണ്ടി സർക്കാർ അതൊക്കെ റെഗുലറൈസ് ചെയ്ത് നൽകിയെങ്കിലും അതിന്റെ പുറത്ത് ഒരു വിജിലൻസ് കേസും കോടതി വ്യവഹാരങ്ങളും ഇപ്പോഴും ലൈവ് ആണെന്നാണ് എന്റെ അറിവ്. അങ്ങയുടെ ഡ്രൈവർ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവും ഹൈടെക്ക് സിനിമാ കൊട്ടകകളുടെ ഉടമസ്ഥനും ആയത് ബിനാമി ഇടപാടുകളിലൂടെ അല്ലെന്ന് ഞാനും വിശ്വസിച്ചോട്ടെ ? മൂന്നു പതിറ്റാണ്ടോളം സംസ്ഥാന ദേശീയ ബഹുമതികൾ അടക്കം കരസ്ഥമാക്കി മലയാള സിനിമയിലെ അതുല്യനായി വിരാജിക്കുമ്പോഴും ഈ രാജ്യം പൗരന് നൽകുന്ന ഉന്നത ബഹുമതികൾ പലതും അണിഞ്ഞു നടക്കുമ്പോഴും ഇവിടത്തെ സർവ്വകലാശാലകൾ ഉന്നത ബിരുദങ്ങൾ നൽകി നിങ്ങളെ ആദരിക്കുമ്പോഴും നാട്ടുപട്ടാളത്തിന്റെ ഓഫിസർ പദവി അലങ്കരിക്കുമ്പോഴും തന്നെ ആണ് നിങ്ങൾ ഇത്തരം വീഴ്ചകൾ വരുത്തിയതെന്ന് ഓർക്കണം. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണെന്നും രാജ്യ നന്മക്ക് വേണ്ടി നിലകൊള്ളുന്ന പൗരന് എന്ന നിലയില്‍ ഞാന്‍ സഹിക്കും എന്നും അത് വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന് എന്ന നിലയില്‍ കൂടിയാണെന്ന് ബ്ലോഗിൽ പറയുന്ന താങ്കൾ, പഴയ കേസുകൾ ആളുകൾ മറന്നു പോയി എന്നാണോ കരുതുന്നത്.
വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി : പുലിമുരുകന്റെ റിലീസ് ആഘോഷിക്കാൻ നിങ്ങളുടെ ആരാധകക്കൂട്ടം വഴി തടഞ്ഞപ്പോൾ അതിൽ ഖേദിക്കുന്നു എന്ന് കുറിച്ച ഒരു വരി പോലും നിങ്ങളുടെ ബ്ലോഗിൽ കണ്ടില്ല. പുലിമുരുകനെ പറ്റി അനുകൂലമല്ലാത്ത അഭിപ്രായങ്ങൾ എഴുതിയ സ്ത്രീകളടക്കമുള്ളവരെയും അവരുടെ പൂർവ്വ മാതാപിതാക്കളെയും നിങ്ങളുടെ ആരാധകർ അശ്ലീലവും ആഭാസവും നിറഞ്ഞ കമന്റുകൾ കൊണ്ട് അഭിഷേകം ചെയ്തപ്പോഴും അരുതെന്നൊരു വെറും വാക്ക് പോലും നിങ്ങൾ ഉരിയാടിയതായി കേട്ടില്ല.
ആധുനിക മലയാള സാഹിത്യത്തിലെ, എം. ടി. എന്ന പ്രതിഭാസം, 'താഴ്വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് പറഞ്ഞത് ഇപ്രകാരമാണ്; "മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍". അങ്ങിനെയൊന്നും പറയാൻ എനിക്ക് തോന്നുന്നില്ലെങ്കിലും, നിങ്ങളുടെ അയത്നലളിതമായ അഭിനയം കണ്ടു നിങ്ങളോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. സിനിമ ആണെങ്കിലും നാടകം ആണെങ്കിലും അഭിനയമികവിൽ നിങ്ങൾ ഒരു മഹാസംഭവം ആണെന്നതിന് ഒരു തർക്കവും ഇല്ല. സിനിമയിൽ, ഉപരി കലയുടെ വിവിധ മേഖലകളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന് കൂടിയാണ് ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത്; പ്രത്യേകിച്ച് സംഗീതത്തെ. സിനിമാ ഗാനങ്ങളിൽ കുടുങ്ങിക്കിടന്ന സാധാരണ പ്രേക്ഷകന്റെ സഗീതാഭിരുചിയെ അർദ്ധ ശാസ്ത്രീയ - ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തിലേക്ക് നയിക്കാൻ താങ്കൾ നിർമ്മിച്ചതും തകർത്ത് അഭിനയിച്ചതുമായ പല ചിത്രങ്ങളും സഹായിച്ചിട്ടുണ്ട് എന്നതും സ്തുത്യർഹമാണ്. പക്ഷെ, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിൽ പൊരുത്തമില്ലാതെ വന്നാൽ പിന്നെ ആ വ്യക്തി, അത് സാർ ആയാലും ഞാൻ ആയാലും ചെയ്യുന്നത് താങ്കൾക്ക് നന്നായി ചെയ്യാൻ അറിയാവുന്ന കാര്യമാണ് - "അഭിനയം". താങ്കളുടെ തന്നെ ഭാഷയിൽ " ART OF MAKING BELIEF".
ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആയതു കൊണ്ടാണ് ഈ പോസ്റ്റ് എന്ന് കരുതുന്നവർക്ക് താഴെയുള്ള ലിങ്ക് വായിച്ച് നിർവൃതി അടയാം...
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
വേശ്യയുടെ ചാരിത്ര്യ പ്രസംഗം, ഹ ഹ
ReplyDeleteകണക്കുകളിൽ തിരിമറി നടത്തുന്നതിൽ ഗവേഷണം നടത്തുകയും, വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടി ഏറ്റവും മനോഹരമായി അത് ചെയ്തു കൊടുക്കുകയും ചെയ്യുന്നവർ ഇത്തരത്തിൽ ഗീർവാണംമുഴക്കുമ്പോൾ ചിരിക്കാതെ വയ്യ.. ഉയർന്ന ടിനോമിനേഷനുള്ള നോട്ടുകൾ പിൻവലിക്കുന്നത് കള്ളപ്പണം തടയുമെന്ന്. ഹ. ഹ സാറ് 2000 ന്റെ നോട്ട് കണ്ടില്ലെന്നു് തോന്നുന്നു........
എല്ലാം കയ്യോടെ കണ്ടു പിടിച്ചു കളഞ്ഞു; കൊച്ചു കള്ളൻ.
Deleteപിന്നെ 2000 ന്റെ നോട്ടിറങ്ങിയോ ? ഞാനറിഞ്ഞില്ല.
പുലിമുരുകന്റെ റിലീസ് ആഘോഷിക്കാൻ നിങ്ങളുടെ ആരാധകക്കൂട്ടം വഴി തടഞ്ഞപ്പോൾ അതിൽ ഖേദിക്കുന്നു എന്ന് കുറിച്ച ഒരു വരി പോലും നിങ്ങളുടെ ബ്ലോഗിൽ കണ്ടില്ല. പുലിമുരുകനെ പറ്റി അനുകൂലമല്ലാത്ത അഭിപ്രായങ്ങൾ എഴുതിയ സ്ത്രീകളടക്കമുള്ളവരെയും അവരുടെ പൂർവ്വ മാതാപിതാക്കളെയും നിങ്ങളുടെ ആരാധകർ അശ്ലീലവും ആഭാസവും നിറഞ്ഞ കമന്റുകൾ കൊണ്ട് അഭിഷേകം ചെയ്തപ്പോഴും അരുതെന്നൊരു വെറും വാക്ക് പോലും നിങ്ങൾ ഉരിയാടിയതായി കേട്ടില്ല. ..liked this part..(y)
ReplyDeleteലാലിലെ നടനവൈഭവത്തെ ആരാധിക്കുന്നത് മനസ്സിലാക്കാം. അതിന്റെ പേരിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. പാലഭിഷേകവും വഴി മുടക്കുന്ന റോഡ് ഷോയും സോഷ്യൽ മീഡിയ വെറുപ്പിക്കലുകളും; പടം 100 കോടി കളക്റ്റ് ചെയ്തത് കൊണ്ട് ഈ മണ്ടന്മാർക്കെന്തു കിട്ടാനാണ്. കുറഞ്ഞ പക്ഷം "പുലിമുരുകൻ" "100 കോടി" വെറുപ്പിക്കലിന് അന്ത്യം കുറിക്കാനെങ്കിലും മോഡിയുടെ ഈ പരിഷ്കാരത്തിന് സാധിച്ചു.
Delete