ഞാൻ വെറും പോഴൻ

Tuesday 6 December 2016

അത്രമേൽ സ്നേഹിക്കയാൽ ഒരു ജനത കരയുകയാണ്; അവരെ പുച്ഛിക്കരുത്.

കുറെ കാലമായി മാധ്യമങ്ങളും നികൃഷ്ടമനസുള്ള ചിലരും ആർത്തിയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ വാർത്ത ഇന്നലെ രാത്രിയോടെ സ്ഥിരീകരിക്കപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ ജയലളിത (തമിഴ്‍നാട്ടിലെ ഏഴകളുടെ അമ്മ) ചരിത്രത്തിന്റെ ഭാഗമായി. 

തമിഴ് വെള്ളിത്തിരയിലെ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന താരം; തമിഴ്ജനതയുടെ "മക്കൾ തിലകം" എംജിആറിന്റെ "ഇദയക്കനി"; "പുരട്ച്ചി തലൈവർ" എംജിആറിന്റെ പിൻഗാമി "പുരട്ച്ചി തലൈവി"; ക്രിമിനൽ ഗൂഢാലോചന കേസ്സിൽ ശങ്കരാചാര്യരെ ജയിലിലടക്കാനും റോഡ് കൈയേറിയും തടസ്സം സൃഷ്ടിച്ചും നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുമാറ്റാനും തക്ക ധീരത പ്രകടിപ്പിച്ചവൾ; ആരൊക്കെ അവർക്കെതിരെ നിലകൊള്ളുമ്പോഴും ജനമനസ്സുകളെ ജയിക്കാൻ സാധിച്ചവൾ; തമിഴക രാഷ്‌ടീയത്തിൽ അധികമാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത തരത്തിലുള്ള ജനപ്രീതി സ്വന്തമാക്കിയവൾ. കൈവെച്ച മേഖലയിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച ജയലളിത.......മാധ്യമങ്ങളുടെ വക വാഴ്ത്തുപാട്ടുകൾ നിരവധിയാണ്.

അധികം ആളുകൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. പത്താം ക്ലാസ്സിൽ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം നിർത്തിയ ജയലളിത ഒന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസ് ആയത്. അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പഴയ സിനിമാക്കാർക്കും ഇടയിൽ "അമ്മു" എന്ന് വിളിക്കപ്പെട്ടിരുന്ന ഇവർ നല്ലൊരു സംഗീതജ്ഞ ആയിരുന്നു. സംഗീതം കൂടാതെ ഭരത നാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കഥക് തുടങ്ങിയ വിവിധ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിരുന്നു. തമിഴ്, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അടക്കം പല ഭാഷകൾ അവർ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. നിരീശ്വരവാദത്തിലധിഷ്ഠിതമായ ദ്രാവിഢപാർട്ടിയുടെ നേതാവായിരുക്കുമ്പോഴും മതവിശ്വാസിയും ആത്മീയവാദിയുമായിരുന്നു അവർ. ഒരു ദ്രാവിഢ മുന്നേറ്റ പാർട്ടിയുടെ എതിരില്ലാ മേധാവിയായി ജീവിച്ചു മരിച്ച ബ്രാഹ്മണസ്ത്രീ (ജാതി പറഞ്ഞതല്ല; മുൻപോ ഇനിയൊ ആ സ്ഥാനത്ത് ഒരു ബ്രാഹ്മണ സ്‌ത്രീ വരാനുള്ള സാധ്യത വളരെ വിരളമാണ്; കാരണം എളുപ്പത്തിലൊന്നും, ബ്രാഹ്മണ്യത്തിന് കീഴ്വഴങ്ങാൻ തയ്യാറുള്ള മനസ്സല്ല ദ്രാവിഢഗോത്രങ്ങളിൽ പിറന്നവർക്ക്)

പെരിയോരും അണ്ണാദുരൈയും വിഭാവനം ചെയ്ത ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന്റെ മൂല്യങ്ങളോട് ഒരു തരത്തിലും നീതി പുലർത്താത്ത നേതാവ്, ഏകാധിപത്യത്തിലധിഷ്ഠിതമായ സംഘടനാശൈലിയുടെ പ്രയോക്താവ്, പൊതു മുതല്‍ കവർന്ന് കോടീശ്വരിയായ രാഷ്ട്രീയക്കാരി, മൃദുഹിന്ദുത്വത്തിന്റെ വക്താവ് അങ്ങനെ എതിർ വിശേഷണങ്ങൾക്കും ഒരു കുറവുമില്ല.

എന്നാൽ, കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ ഭൂരിപക്ഷം പൗരന്മാരും, തമിഴന്മാരുടെ (ആക്ഷേപ ഭാഷയിൽ പാണ്ടികളുടെ) വിവരക്കേടിനെയും "അമ്മ" മരിച്ചാൽ തമിഴന്മാർ ചെയ്തു കൂട്ടാൻ സാധ്യതയുള്ള അക്രമങ്ങൾ, അതിക്രമങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ വിവരമില്ലായ്മകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പോസ്റ്റുകളും ട്രോളുകളും അയക്കുന്നതിൽ മാത്രം വ്യാപൃതരായിരുന്നു. ഒരാളുടെ മരണം ട്രോൾ വിഷയമാക്കി ആസ്വദിക്കുന്ന മനോഭാവത്തോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കുന്നില്ല.

എനിക്കറിയാവുന്ന തമിഴ്‌നാട് സ്വദേശികളിൽ കുറെ പേർ ഉന്നതവിദ്യാഭ്യാസമുള്ള ആളുകളാണ്. അത്രയ്ക്ക് ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത കുറച്ച് പേരെയും എനിക്കറിയാം. ഒന്നാമത്തെ വിഭാഗത്തിൽ പെട്ട ഒന്നോ രണ്ടോ പേർക്കൊഴികെ, ഈ രണ്ടു കൂട്ടർക്കും ജയലളിതയോട് അതിയായ ബഹുമാനമുണ്ട്. അതവരുടെ ഭരണ നൈപുണ്യത്തോടും ആജ്ഞാശക്തിയോടും ഉള്ള ആദരവാണ്. ഭൂരിഭാഗം സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അവരോട് ആദരവും സ്നേഹവും ചേർന്ന ഒരു തരാം ഭയഭക്തിബഹുമാനമാണ്. 

അത് തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരായത് കൊണ്ടാണെന്നു തോന്നുന്നത് നമ്മെ സംബന്ധിച്ച് സ്വാഭാവികമാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗത്തിന്റെയും ഉപരിവർഗ്ഗത്തിന്റെയും ജീവിതശൈലിയും കണ്ടു ശീലിച്ച നമുക്ക് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവനെ മനസിലാക്കാൻ എളുപ്പമല്ല. പക്ഷെ, അവരുടെ നോട്ടത്തിൽ അമ്മ അവർക്ക് വേണ്ടി ചെയ്യുന്ന സൗജന്യങ്ങൾക്ക് പരിധിയോ പരിമിതിയോ ഇല്ല. 500 മദ്യവില്പനശാലകൾ അടച്ചും മദ്യവില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാംഭരണത്തിനു തുടക്കമിട്ടത്. മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കിക്കുറച്ചു. ഗാർഹിക ഉപയോക്‌താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി. ചെറുകിട– ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ– ദീർഘകാല വായ്പകളും എഴുതിത്തള്ളി. അമ്മ കാന്റീൻ, അമ്മ കുടിവെള്ളം, സൗജന്യ അരി, വിലകുറച്ച് പച്ചക്കറികൾ, അമ്മ ഉപ്പ്, കർഷകർക്ക് സൗജന്യ വൈദ്യുതി, കുട്ടികൾക്ക് സൗജന്യ ലാപ്‌ടോപ്, സൈക്കിളുകൾ, സ്കൂളുകളിൽ പ്രഭാതഭക്ഷണം.... വീടുകളിലേക്ക് ടി വി, മിക്സർ ഗ്രൈൻഡർ....അമ്മ സിമന്റ് മുതൽ അമ്മ തിയ്യേറ്റർ വരെ തന്റെ ജനതയ്ക്ക് സമ്മാനിക്കാൻ അവർ തയ്യാറായി. ആരോഗ്യ രംഗത്ത് അവർ ആവിഷ്ക്കരിച്ച പദ്ധതികൾ അമ്പരപ്പിക്കുന്നതാണ്. രോഗികൾക്ക് കൈത്താങ്ങായി അമ്മ മെഡിക്കൽ സ്റ്റോർ, ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക്‌ സോപ്പ്‌, പൗഡർ, കുട്ടിയുടുപ്പ്‌, ടവൽ, നാപ്കിൻ, ഓയിൽ, ഷാമ്പു മുതൽ ഒരു നവജാത ശിശുവിനു വേണ്ട സകലതും നൽകുന്ന അമ്മ ന്യൂ ബോൺ ബേബി കെയർ കിറ്റ്, ആശുപത്രികളിൽ സൗജന്യപ്രസവ ശുശ്രൂഷ, മികച്ച പ്രസവാവധി ആനുകൂല്യങ്ങൾ, ജനിക്കുന്ന പെൺ കുഞ്ഞുങ്ങൾക്ക് വേണ്ടി വിവാഹ ചിലവിനായുള്ള ധനസഹായപദ്ധതി, ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ എട്ടു ഗ്രാം സ്വർണം നൽകുന്ന പദ്ധതി....സഹായങ്ങളും സൗജന്യങ്ങളും എണ്ണിത്തീർക്കാനാവില്ല. പാവപ്പെട്ട ഒരു തമിഴന്റെ നിത്യ ജീവിതത്തെ സ്വാധീനിക്കാനിടയുള്ള എന്തിലും ഏതിലും അവരുടെ കരുണാസ്പർശം തുടർന്നു. 

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കുന്ന വിധത്തിൽ ജയലളിത നടപ്പിലാക്കിയ എണ്ണമില്ലാത്ത ജനപ്രിയ പദ്ധതികളാണ് അവരെ തമിഴകത്തിന്റെ ആരാധനാമൂർത്തിയാക്കിയത്. തൊണ്ണൂറുകളിൽ അഴിമതിക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയലളിത ജയിലിൽ കിടന്നപ്പോൾ പറയത്തക്ക ചലനങ്ങൾ ഒന്നുമില്ലാതെ പോയ തമിഴകമായിരുന്നില്ല 2014-ൽ അവർ ജയിലിൽ പോയപ്പോൾ നമ്മൾ കണ്ടത്. ഇരുനൂറോളം പേരാണ് അന്ന് ജീവനൊടുക്കിയത്. .  

ഈയൊരു കോണിൽ നിന്ന് വീക്ഷിച്ചാൽ, ഒരു പാവം സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത്‌ കേവലമൊരു മുഖ്യമന്ത്രിയോ ഭരണാധികാരിയോ  അല്ല. അവരുടെ ദൈനം ദിന ജീവിതത്തിലെ ഐശ്വര്യത്തിന്റെ നിറസാന്നിധ്യമാണ്. അവരുടെ ജീവിതസുരക്ഷയെ പൊതിഞ്ഞു പിടിച്ചിരുന്ന ഒരമ്മ തന്നെയാണ്. പൊതുവിൽ തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏത് കടുത്ത നിലപാടും സ്വീകരിക്കാൻ യാതൊരു മടിയുമില്ലാത്ത ധീരഭരണാധികാരിയെ ആണ്. ഈയൊരവസരത്തിൽ നാം ഒരു കാര്യം കൂടി ആലോചിക്കണം. ഇവിടെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാൽ ഒരു മനുഷ്യക്കുഞ്ഞെങ്കിലും ഇത് പോലെ കണ്ണീരൊഴുക്കാനോ വിതുമ്പാനോ ഉണ്ടാകുമോ എന്ന്. 

അത് കൊണ്ട് ഹൃദയം തകർന്നു നെഞ്ച് തല്ലുന്നവരെയും കണ്ണീരൊഴുക്കുന്നവരെയും പുച്ഛിക്കാതെയും പരിഹസിക്കാതെയും അധിക്ഷേപിക്കാതെയും ഇരിക്കുക. കാരണം, ആ ജനത അവരെ അത്രമേൽ സ്നേഹിച്ചിരുന്നു. 

ഒരു കുഞ്ഞിനെ പോലും പ്രസവിക്കാതെ ഒരു ജനതയുടെ മുഴുവൻ അമ്മയായ സ്ത്രീ... ഇന്ത്യമഹാരാജ്യം കണ്ട  കഴിവുറ്റ  ഭരണാധികാരി എന്ന് പറയിപ്പിച്ചവൾ... രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ചാൽ പരക്കെ അംഗീകരിക്കപ്പെട്ട  ഭരണനൈപുണ്യം... തമിഴ്നാട്ടിലെ ഏഴകളുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ....

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. Was she such a helping person? I do not think so. what was her asset before becoming CM of Thamilnadu? what is the asset now? was it came from legal actions? if so, I would support... otherwise...

    I guess, she is better than most of other politicians. that doesn't mean that she is a saint! every ruler had their own group of supporters. even modi/hitler got that crowd behind them :)

    due to her love failure, she had no family, so she had taken some decisions to support the underprivileged. she was after a big name and respect from the crowd. so she implemented some of charity work in her name using the govt money .... using govt money on your name publicity is not considered as a great ruler in my point of view.

    ReplyDelete
    Replies
    1. ജയലളിത എന്ന വ്യക്തിയോടോ അവരുടെ നയപരിപാടികളോടോ ആരാധനയോ യോജിപ്പോ എനിക്കുമില്ല. എന്റെ അഭിപ്രായത്തിൽ ഗതിയില്ലാത്ത പ്രജകൾക്ക് കുറെ സൗജന്യങ്ങൾ എറിഞ്ഞു കൊടുക്കുന്നതിനേക്കാൾ സൗജന്യങ്ങൾ ആവശ്യമില്ലാത്ത നിലവാരത്തിൽ പ്രജകളെ എത്തിക്കുന്നവനാണ് നല്ല ഭരണാധികാരി. ജയലളിത എനിക്ക് ആരാണെന്നോ അവർക്കുണ്ടെന്ന് മാധ്യമങ്ങൾ പാടുന്ന മഹിമകൾ അവർക്കുണ്ടെന്നോ വ്യക്തമാക്കുകയാരുന്നില്ല ഈ പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിച്ചത്. ആ ജനതയ്ക്ക് അവർ ആരായിരുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു. ഈ പറഞ്ഞ അമ്മ സ്റ്റാറ്റസിൽ അവർ എത്തിയത് വ്യക്തവും ആസൂത്രിതവുമായ പാക്കേജിങ് മികവിലൂടെ ആണെന്ന കാര്യത്തിനും സംശയം ഇല്ല. അതായത്, അമ്മ എന്ന് ജനങ്ങൾ സ്വയമേ വിളിക്കുകയായിരുന്നില്ല; പൊതു പണം ഉപയോഗിച്ച് 'അമ്മ എന്ന് വിളിപ്പിക്കുകയായിരുന്നു.

      Delete
  2. പൊതു പണം ഉപയോഗിച്ച് 'അമ്മ എന്ന് വിളിപ്പിക്കുകയായിരുന്നു.

    brilliant and made it so successful.

    ReplyDelete
    Replies
    1. അമ്മ സ്റ്റാറ്റസിൽ അവർ എത്തിയത് വ്യക്തവും ആസൂത്രിതവുമായ പാക്കേജിങ് മികവിലൂടെ ആണെന്ന കാര്യത്തിന് സംശയം ഇല്ല...

      Delete