ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 2 March 2018

കാര്യങ്ങൾക്കൊരു തീരുമാനമായില്ലേ; വിശ്വാസികൾ... Go To Your Classes !!!!

രൂപതയുടെ സ്വത്ത് കര്‍ദ്ദിനാളിന് (ഒരു വ്യക്തിക്ക്) എങ്ങനെ വില്‍ക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വല്യ പിതാവിന്റെ മറുപടിയാണ് കിടിലൻ. സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും പിതാവ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന വിശദീകരിച്ചു. നാട്ടുഭാഷയിൽ പറഞ്ഞാൽ, പുത്തനുള്ളവന്റെ വീട്ടിൽ ചാത്തം നടത്തുന്നതിന് പിച്ചക്കാര് ചുമ്മാ തമ്മിൽ തല്ലേണ്ടെന്ന്.... ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. സഭയുടെ ഭൂമി ഇടപാട് കേസിൽ നടപടികളിൽ അമാന്തം വരുത്തിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. 


പിതാക്കന്മാരും സഭാധികാരികളും നാഴികയ്ക്ക് നാൽപ്പത് വട്ടം "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ ആവർത്തിക്കാറുണ്ടെങ്കിലും സീറോ മലബാർ സഭയുടെ  സ്വത്തിൽ വിശ്വാസികൾക്ക് ഒരു തരിമ്പും അവകാശമില്ല എന്നറിയാവുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. ആ തിരിച്ചറിവിൽ നിൽക്കുമ്പോൾ പോലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്; 

മെത്രാന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുവകകൾ സ്വകാര്യ സ്വത്ത് പോലെ വിൽപ്പന നടത്താൻ പറ്റുമോ ? 

വിശ്വാസികൾ അതിരൂപതയിലെ അംഗങ്ങളല്ലെന്ന് ബോധിപ്പിക്കുമ്പോൾ സത്യത്തിൽ അല്മായർ സഭയിൽ ആരാണ് ?   

അങ്ങനെ ചെയ്‌താൽ ഈ സ്വത്തൊക്കെ ആർജ്ജിക്കാനായി പണം കൊടുത്ത അല്മായർക്ക് നിസഹായരായി നോക്കി നിൽക്കാനേ പറ്റുകയുള്ളൊ ?

രൂപതയുടെ പാൻ നമ്പർ ട്രസ്റ്റിന്റേതാണെങ്കിൽ പിന്നെ ഇത് ട്രസ്റ്റല്ല എന്ന് അവകാശപ്പെടുന്നതെങ്ങിനെയാണ് ?

പാൻ നമ്പർ പ്രകാരം ട്രസ്റ്റായത്‌ കൊണ്ട്, രൂപത ട്രസ്റ്റല്ലേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായി "ടാക്സ് ഇളവുകൾക്ക് വേണ്ടിയായിരുന്നു" ട്രസ്റ്റായി രജിസ്റ്റർ ചെയ്തത് എന്ന് ബോധിപ്പിക്കുമ്പോൾ പൊതുജനം മനസിലാക്കേണ്ടത് എന്താണ് ? 


നികുതി ഇളവിന് വേണ്ടി വസ്തുതാ വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ തെറ്റില്ല എന്നാണോ ?

പബ്ലിക് ട്രസ്റ്റ് എന്ന നിലയിൽ നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അല്മായരോട് മാത്രമല്ല പൊതുസമൂഹത്തി(General Public)നോട് പോലും രൂപതയ്ക്ക് നിയമപരമായ ബാധ്യത ഇല്ലേ ?

കോടതിയിൽ പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാതെ പോകുന്നത്ര സങ്കീർണ്ണത നിറഞ്ഞ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൃത്രിമങ്ങൾ നടന്നിട്ടില്ല എന്ന് എന്ത് കൊണ്ടാണ് അല്മായർ വിശ്വസിക്കേണ്ടത് ?

തനിക്കുണ്ട് എന്നവകാശപ്പെടുന്ന "സ്വകാര്യസ്വാതന്ത്ര്യ പ്രിവിലേജ്" ന്റെ ബലത്തിൽ നടന്ന ഈ ഇടപാടുകളുടെ പുറത്ത് സ്റ്റാമ്പ് ഡ്യൂട്ടി, ആദായ നികുതി, റെവന്യൂ എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് നടപടിയും സാമ്പത്തികബാധ്യതയും വന്നാൽ അതും രൂപതയിൽ നിന്നായിരിക്കില്ലേ ചിലവാക്കുക ? 

അപ്പോഴും തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിന് മാത്രമേ കഴിയൂ എന്ന കാനോനയിലൂന്നി പ്രതിരോധം തീർക്കാൻ പറ്റുമോ ?

കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത് എന്നിരിക്കെ, മാർപ്പാപ്പയ്ക്കല്ലാതെ മറ്റൊരാധികാര കേന്ദ്രത്തിനും തന്റെ മേൽ നിയന്ത്രണമില്ലെന്ന് അവകാശപ്പെടുന്ന പിതാവ് കൂടുതൽ നിയമനടപടികളും ദുരാരോപണങ്ങളും ക്ഷണിച്ച് വരുത്തുകയല്ലേ ?


ഈ ചോദ്യങ്ങളിൽ ചിലതിന് ഒരു പക്ഷെ, കോടതിയും സർക്കാരും നിയമസംവിധാനങ്ങളും ഒരു തീർപ്പ് കൽപ്പിക്കുമായിരിക്കും. എന്നാലും ഉത്തരമില്ലാതെ പോകാൻ സാധ്യതയുള്ള കുറെ ചോദ്യങ്ങൾ ബാക്കിയാകാനാണ് സാധ്യത. 

എന്തായാലും പിതാവിന്റെ ഈ വെളിപ്പെടുത്തലിലൂടെ മനസിലാവുന്ന കാര്യം ഇതല്ലെ ?; "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ പറയുന്നതിലെ "നാം" എന്നത് നമ്മൾ എന്ന Collective Pronoun അല്ല എന്നും മറിച്ച് "എന്റെ" എന്നതിന്റെ പൂജക ബഹുവചനം ആണെന്നുമല്ലേ ? പണ്ടൊക്കെ ഫ്യൂഡൽ നാടുവാഴികളും പ്രഭുക്കളും ഉപയോഗിച്ചിരുന്ന "നോം", "നാം", "നമ്മൾ" "നമ്മുടെ" എന്നൊക്കെ അർത്ഥം വരുന്ന അതേ പ്രയോഗം തന്നെയല്ലേ ഇതും.... 

അല്മായർക്ക്, "രൂപ-താ" എന്ന ആഹ്വാനം കേൾക്കുമ്പോൾ, ദൈവത്തിനെന്ന തെറ്റിദ്ധാരണയിലും വിശ്വാസത്തിലും രൂപ കൊടുക്കാനല്ലേ പറ്റൂ... സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതും അല്മായരുടെ കൈപ്പിടിയിൽ ഉള്ള കാര്യമല്ലല്ലോ.....!!!!

രൂപത ട്രസ്റ്റ് അല്ല എന്നും അതിന്റെ പരമാധികാരി മെത്രാനാണെന്നും ഒക്കെയുള്ള വാദം നിയമദൃഷ്ട്യാ ശരിയാണെങ്കിൽ തന്നെ, വിശ്വാസികൾക്ക് സഭയിലും മെത്രാന്മാരിലും ഈ സംവിധാനങ്ങളിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ട്രസ്റ്റ് ആര് വീണ്ടെടുക്കും !!???

എന്തായാലും വിശ്വാസികൾക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റിയും രൂപതയിലെ സ്ഥാനത്തെപ്പറ്റിയും ഒരു ഏകദേശ ധാരണ കിട്ടിയ സ്ഥിതിക്ക്  ഒന്നും ചോദിക്കാതെ "Go To Your Classes"


PS : ഒരു ക്രിസ്തൃാനിയെ സംബന്ധിച്ചിടത്തോളം ബൈബിൾ അനുസരിച്ച് രാജൃത്തിനുള്ള നികുതി കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്. യേശുവിനെ കുടുക്കാന്‍ വേണ്ടി കൗശലക്കാരനായ ഒരു ശ്രേഷ്ഠ പുരോഹിതന്‍ “സീസറിന് നികുതി കൊടുക്കണമോ”എന്ന ചോദൃവുമായി യേശുവിനെ സമീപിച്ചു. ഒട്ടും ആലോചിക്കാതെ തന്നെ പ്രതിവചിച്ചു. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും"...!!! ഈ ഉത്തരത്തിനു കൂടുതൽ വ്യാഖ്യാനത്തിന്റെ ഒന്നും ആവശ്യമില്ല. രാജ്യത്തിന്റെ നിയമം അനുസരിച്ചുള്ള നികുതി സത്യസന്ധമായി കൊടുക്കുക എന്ന് മാത്രമാണത്.

അത് ആദായ നികുതി ആയാലും സ്റ്റാമ്പ് ഡ്യൂട്ടി ആയാലും....

സന്മനസ്സുള്ളവർക്ക് സമാധാനം എന്നാണ് വചനം ...
സന്മനസ്സുള്ളവർക്ക് മാത്രം സമാധാനം എന്നും വായിക്കാം ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments: 1. നൈയ്യാമിക വ്യക്തികളുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ആ വ്യക്തിയുടെ നേരിട്ടുള്ള അധികരിക്കാണ്. ഉദാഹരണത്തിന് രൂപതയുടെ സ്വത്തു മെത്രാൻ കൈകാര്യം ചെയ്യുന്നു. (Canon 1023 - Unless the law provides otherwise, the administration of the ecclesiastical goods of a juridic person is the responsibility of the one who immediately governs it). ഈ അധികാരം എന്നാൽ പരമമല്ല. കാനോനിക സമിതികളുടെ ശുപാര്ശപ്രകാരം മെത്രാൻ സ്വത്തുക്കൾ കൈകാര്യം ചെയ്യേണ്ടതാണ്. നിയമ വിധേയമായി രൂപതയ്ക്ക് സ്വത്ത് വാങ്ങാനും സ്വത്ത് അന്യാധീനപ്പെടുത്താനും മെത്രാന് അവകാശാധികാരങ്ങളുണ്ട്. രൂപത എന്ന നൈയ്യാമിക വ്യക്തിയുടെ സ്വത്ത് വൈദികരിൽ നിന്നും വിശ്വാസികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കാനോനിക സമിതികളുടെ ശുപാര്ശപ്രകാരം കൈകാര്യം ചെയ്യുന്ന കാര്യസ്ഥനാണ് മെത്രാൻ. ഈ കാര്യത്തിൽ ആലഞ്ചേരി പിതാവ് കോടതിയെ അറിയിച്ചത് തികച്ചും സത്യമായ കാര്യങ്ങൾ ആണ്.

  3. സഭാസ്വത്ത് Public സ്വത്ത് ആയാൽ?

  സഭാസ്വത്ത് പബ്ലിക് പ്രോപ്പർട്ടി ആണെന്ന് വന്നാൽ തിരഞ്ഞെടുപ്പിലൂടെ അതിന്റെ അധികാരം നേടേണ്ടി വരും. സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും സ്വത്തുകളിലുള്ള അധികാരം രാഷ്ട്രീയമായ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയപ്പാർട്ടികൾ പിടിച്ചെടുക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ? ഇത്തരത്തിലുള്ള രാഷ്ട്രീയ തെരഞ്ഞെടുപ്പുകളും പാർട്ടിഭരണവും സഭാക്രമത്തിന്റെ ഭാഗമല്ല. സഭ ഒരു ട്രസ്റ്റ് അല്ല, മറിച്ചു ദൈവജനത്തിന്റെ കൂട്ടായ്മയാണ്.

  ഉപസംഹാരം

  സഭയെ കത്ത് പരിപാലിക്കാനും നയിക്കാനുമായി ദൈവം സഭാസമൂഹത്തിൽനിന്നും ഇടയന്മാരെ തിരഞ്ഞെടുത്തു നിയോഗിക്കുന്നു. ദൈവഹിതത്തിനു കീഴ്വഴങ്ങി നൈയ്യാമികമായ കാര്യങ്ങളിൽ മെത്രാന് വിധേയപ്പെട്ടു മുന്നോട്ടുപോകുന്നതാണ് സഭയുടെ ശൈലി. സഭാഭരണത്തിൽ വിശ്വാസികൾക്ക് ആക്ഷേപമുണ്ടെങ്കിൽ തീർച്ചയായും ഉന്നയിക്കാം,അഭിപ്രായങ്ങൾ പറയാം, പക്ഷെ പൊതു നിരത്തിലോ മാധ്യമങ്ങളുടെ മുന്പിലോ അല്ല, മറിച്ച് സഭാ വേദികളിൽ. നൈയ്യാമികമായ സമിതികളിലുള്ള അംഗത്വത്തിലൂടെ രൂപതഭരണത്തിൽ പങ്കുചേരാനുള്ള സാധ്യത എല്ലാ വിശ്വാസികള്ക്കുമുണ്ട്.

  ReplyDelete
  Replies
  1. ഞാൻ വാദിക്കാനില്ല; ഞാൻ ഇടപഴകുന്ന ആളുകൾ ഉന്നയിക്കുന്ന സംശയങ്ങളുടെ ഒരു ലിസ്റ്റ് ആണ് ഞാൻ അവതരിപ്പിച്ചത്. എനിക്ക് രൂപതയോടോ മെത്രാനോടോ അച്ചന്മാരോടോ ദൈവത്തിനപ്പുറമുള്ള ഒരു വിധേയയത്വവും ഇല്ല. മെത്രാനെന്നല്ല, മാർപ്പാപ്പയ്ക്ക് പോലും അപ്രമാദിത്തവരം വിശ്വാസ സംബന്ധിയായ കാര്യങ്ങളിൽ മാത്രമാണ്. പിന്നെ പൊതു നിരത്തിൽ ചർച്ച ചെയ്യരുതെന്നാണ് ആഗ്രഹവും. ഇത് ഏതെങ്കിലും പള്ളിക്കമ്മിറ്റി സ്വതന്ത്രമായി ചർച്ച ചെയ്തത് താങ്കൾ കേട്ടോ ? "നൈയാമികമായ" സമിതികളിൽ കയറിവരുടെ കൂടി ജാഗ്രതക്കുറവും "അങ്ങനെ തന്നെ പിതാവേ" "അങ്ങനെ തന്നെ പിതാവേ" നയവും കൊണ്ടാണല്ലോ ഇപ്പോൾ കാര്യങ്ങൾ ഈ നിലക്കെത്തിയത്.

   Delete
  2. ഇന്ത്യയിൽ ഭരണഘടനയ്ക്കും നിയമസംവിധാനത്തിനും കീഴ്‌പ്പെട്ട് പ്രവർത്തിക്കുമ്പോൾ "സഭ ഒരു ട്രസ്റ്റ് അല്ല, മറിച്ചു ദൈവജനത്തിന്റെ കൂട്ടായ്മയാണ്" എന്ന് പറയുന്നത് "എന്നെ ഞാൻ വിമൽ കുമാർ എന്നാണു വിളിക്കുന്നത്" എന്ന് പറയുന്നത് പോലുള്ള ന്യായമാണ്. ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത് ട്രസ്റ്റിന്റെ PAN നമ്പറിന് കീഴിൽ 12AA, 80G നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ പബ്ലിക് അക്കൗണ്ടബിലിറ്റിയിൽ നിന്നൊഴിവാകാൻ കഴിയില്ല സാർ.

   Delete
  3. എൻഫോഴ്സ്മെന്റിനെയും ആദായനികുതി വകുപ്പിനെയും മുദ്രവില അധികാരികളെയും കോടതികളെയും Canon 1023 ഉം Canon 1060 ഉം പറഞ്ഞു ബോധ്യപ്പെടുത്താനാവുമോ ? ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും അത് ധാരാളം മതിയാകും. കോടതിമുറികളിലെ നമ്മുടെ വാദങ്ങൾ കോമഡി ഉത്സവങ്ങൾ തീർക്കുമ്പോൾ അപഹാസ്യരാകുന്നത് നൈയ്യാമിക വ്യക്തികളുടെ സ്വത്തിന്റെ കാര്യസ്ഥൻ മാത്രമല്ല അല്മായനും സഭയും യേശുവും കൂടിയാണ്.

   Delete