ഞാൻ വെറും പോഴൻ

Thursday 8 March 2018

ആരും അനിവാര്യർ അല്ല; ആർക്കും ശേഷം പ്രളയവും ഇല്ല.

ഇ ശ്രീധരൻ എന്ന വ്യക്തിയോടോ പ്രൊഫഷനലിനോടോ പ്രോജക്റ്റ് മാനേജരോടോ എനിക്കൊരു ബഹുമാനക്കുറവുമില്ല. വ്യക്തിപരമായി അഴിമതി ആരോപണങ്ങൾ നേരിടാതെ ബൃഹത്ത് പദ്ധതികൾ പറഞ്ഞതിനേക്കാൾ നേരത്തെ തീർത്തു കാണിച്ചു തന്ന ഇന്ത്യ കണ്ട പ്രഗത്ഭനായ പ്രോജക്ട് മാനേജർ തന്നെയാണ് അദ്ദേഹം. പാമ്പൻ പാലം, കൽക്കട്ട മെട്രോ, നമ്മുടെ ഷിപ്‌യാർഡിന്റെ റാണി പദ്മിനി മിഷൻ, ഡൽഹി മെട്രോ, കൊങ്കൺ റെയിൽപ്പാത ഇതിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ തുലനം ചെയ്യാവുന്നതും അല്ല. തന്റെ മഹത്വത്തിനും ഖ്യാതിക്കും വലിയ കോട്ടമില്ലാതെ തന്നെ കൊച്ചി മെട്രോ പദ്ധതിയും അദ്ദേഹം പൂർത്തിയാക്കി.  

ഒരു ഷോ കേസ് പ്രോജക്ട് എന്ന നിലയിൽ മെട്രോ എന്നത് ഒരു അഭിമാനിക്കാവുന്ന ഒന്നായിരിക്കാം. അതിൽ ഊറ്റം കൊള്ളുന്നവർ ശ്രീധരൻ എന്ന പ്രോജക്റ്റ് മാനേജരെ ആരാധിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് മെട്രോ മാത്രമായിരുന്നു ഒരു പരിഹാരമെന്ന് പറയാൻ ഇവിടെ ഓരോരുത്തർക്കും അവകാശമുള്ളത് പോലെ മറിച്ച് പറയാൻ എനിക്കും അവകാശമുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാണ് KMRL ലൂടെ സർക്കാരും ആത്യന്തികമായി കേരളം ജനതയും നിലവിൽ എടുത്ത് തലയിൽ വച്ചിരിക്കുന്നത്. അതിന് ശ്രീധരൻ തെറ്റുകാരൻ അല്ല. പ്രോജക്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട അധികാരികളാണ്. നിശ്ചയിച്ച കോടികളിൽ നിന്നും 50 കോടിയോളം രൂപ കുറച്ച് ചെലവഴിച്ചാണ് E ശ്രീധരൻ കൊച്ചി മെട്രോ പൂർത്തിയാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ഒരു വാഴ്ത്തുപാട്ട്. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയ സ്ഥാപനത്തെ തന്നെ നിര്‍മാണ കരാര്‍ ഏല്‍പിക്കുന്നത് സാങ്കേതികമായി ക്രമവിരുദ്ധമായിരുന്നു എന്നിരിക്കെ ആഗോള ടെണ്ടർ വിളിക്കാതെ ശ്രീധർ ജി തന്നെ കണക്കാക്കിയ ബജറ്റിനേക്കാൾ 50 കോടി രൂപ കുറച്ചാണ് അദ്ദേഹം പണി പൂർത്തിയാക്കിയതെന്ന് അദ്ദേഹത്തിന്റെ വിമർശകരും പരിഹസിക്കുന്നു. മെട്രോയുടെ പ്രോജക്ട് കൺസൾട്ടൻസിയും മാനേജ്മെന്റും മാത്രമേ DMRC യ്ക്കും അതിലൂടെ ശ്രീധർജിക്കും ഉള്ളൂ. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചുമതല മുഴുവനായും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ്. മെട്രോയുടെ നടത്തിപ്പും കോടികളുടെ വായ്പ തിരിച്ചടക്കലുമൊക്കെ കൊച്ചി മെട്രോ ലിമിറ്റഡാണ് ചെയ്യേണ്ടത്. തീരുമാനങ്ങളിൽ പിഴവ് വന്നാൽ ഉത്തരം പറയേണ്ടത് DMRC യോ ശ്രീധർജിയോ അല്ല; മറിച്ച് കെ.എം.ആര്‍.എല്‍ ആണ്.  

പിന്നെ, ആരും കുറവുകൾക്ക് അതീതർ ഒന്നും അല്ല. ശ്രീധരൻ സാറിന്റെ DMRC, ദൽഹി മെട്രോ പണിത വകയിൽ ഒരു 3500 കോടിയുടെ ഫൈൻ അടിച്ചു വാങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ദൽഹി മെട്രോയിൽ റിലയൻസ്​ പണം മുടക്കി; ഡി.എം.ആർ.സി പ്രോജക്റ്റ് പൂർത്തിയാക്കി. തൊണ്ണൂറ് ദിവസത്തിനുള്ളിൽ സാങ്കേതികപ്പിഴവുകൾ കണ്ടു തുടങ്ങി. റെയിൽ പാളങ്ങളിൽ സ്​ഥാപിച്ചിരുന്ന ആയിരക്കണക്കിന് ഫാസ്​റ്റനിങ് ക്ലിപ്പുകൾ പൊട്ടി; മെട്രോ തൂണുകളിലും ബീമുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു; പാലങ്ങളിലും എലിവേറ്റഡ് നിർമ്മിതികളിലും പൊട്ടലുകൾ; ട്രയിൻ ഓടിക്കൽ സുരക്ഷിതമല്ലാതായി എന്ന് കാണിച്ച് റിലയൻസ്​ പല പ്രാവശ്യം നോട്ടീസയച്ചിട്ടും DMRC പ്രശ്നങ്ങൾ പരിഹരിച്ചില്ല; ട്രൈബ്യൂണലും ഹൈക്കോടതിയും കയറിയ കേസിന്റെ വിധി DMRC ക്കെതിരായി വന്നിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. കൊച്ചി മെട്രോ പദ്ധതി നടപടികളുടെ തുടക്കത്തിലേ ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത് കൂടി വേണമെങ്കിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.  

ഇതിനേക്കാൾ ശ്രദ്ധിക്കേണ്ടത് ഹൈസ്പീഡ് റെയിൽവേ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ കാര്യത്തിൽ ഇദ്ദേഹത്തിന്റെ നിലപാടുകൾ ആണ്. ഒന്നേകാൽ ലക്ഷംകോടി രൂപ ചിലവ് വരുന്ന HSRC പദ്ധതി കേരളത്തിന് ഒഴിവാക്കാൻ പറ്റാത്തതാണ് എന്ന് ആവർത്തിച്ച് വാദിച്ചു കൊണ്ടിരുന്ന അദ്ദേഹം ഇരുട്ടി വെളുക്കുന്നതിന് മുൻപേ ഇന്ത്യക്ക് തന്നെ ഉടനെയെങ്ങും പറ്റിയ പദ്ധതിയല്ല ബുള്ളറ്റ് ട്രെയിൻ എന്ന് പറഞ്ഞു കളഞ്ഞു.
ഇദ്ദേഹത്തിന്റെ ഉറപ്പിന്മേൽ HSRC യിൽ പണമിറക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി. അന്ന് സംസ്ഥാനമുടനീളം ഉണ്ടായ പൊതു ജന പ്രതിഷേധത്തെ തുടർന്നാണ് പദ്ധതി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ മനസില്ലാ മനസോടെ സമ്മതിച്ചത്. അതു കൊണ്ട് തന്നെ, കേരളത്തിന്റെ വികസന പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായി അദ്ദേഹത്തെ മാത്രം കണക്കാക്കാൻ പാകത്തിന് ആരാധനാ മനോഭാവം ഒന്നും എനിക്ക് അദ്ദേഹത്തോടില്ല. 

പ്രോജക്ട് നടത്തിപ്പ് തീരുമാനിക്കുന്നത് പണം മുടക്കുന്നവരാണ്; കരാറനുസരിച്ച് കാര്യക്ഷമതയോടെ അത് പൂർത്തിയാക്കുകയാണ് പ്രോജക്ട് മാനേജരുടെ ജോലി. സംസ്ഥാനത്തെ സംബന്ധിച്ച്, തുടങ്ങി വച്ച മെട്രോ പദ്ധതി നെഗറ്റിവ് കോൺട്രിബ്യൂഷനിൽ ഓടുമ്പോൾ താരതമ്യേന അതിനേക്കാൾ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന, കേന്ദ്രാനുമതി പോലും ലഭിക്കാത്ത, ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുൻപ് പണം മുടക്കുന്നവർ എന്ന നിലയിൽ ഒന്ന് കൂടി ചിന്തിക്കുന്നതും കാലതാമസം വരുന്നതും സ്വാഭാവികമാണ്. ശ്രീധരൻ സാർ പിൻവാങ്ങുന്നതിനെ, ഒരു കൺസൽട്ടൻറ് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ പദ്ധതി മുന്നോട്ട് പോകാത്തത് കൊണ്ട് അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന സ്ഥാപനവും ഓഫീസ് കാലിയാക്കുന്നു എന്ന് കണ്ടാൽ  മതി; അതാണ് അതാണ് സ്വീകരിക്കാവുന്നതിൽ വച്ച് ഏറ്റവും പ്രൊഫഷണൽ ആയ സമീപനവും.

ശ്രീധർജിക്ക് ശേഷവും ഈ സംസ്ഥാനവും രാജ്യവും തീർച്ചയായും നില നിൽക്കും. അന്നും പദ്ധതികൾ നടക്കണം; നടക്കും. ആരും അനിവാര്യർ അല്ല; ആർക്കും ശേഷവും പ്രളയവും ഇല്ല.

പക്ഷെ, തികച്ചും മാന്യമായ രീതിയിൽ വളരെ കുലീനമായി മറ്റുള്ളവരോട് ഇടപഴകുന്ന, മാന്യത വിട്ട് പ്രതികരിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത, ആ വന്ദ്യവയോധികനെ ഒരു മാതിരി കവലപ്രസംഗത്തിന്റെ ഭാഷയിൽ അധിക്ഷേപിക്കുന്നത് തികഞ്ഞ  വൃത്തികേടാണ്; മന്ത്രിയാണെങ്കിലും കവിയാണെങ്കിലും ജനപ്രതിനിധി ആണെങ്കിലും;  അത് അദ്ദേഹത്തിന്റെ പ്രായത്തോടും പ്രൊഫഷണൽ മികവിനോടും സത്യസന്ധതയോടും എല്ലാം കാണിക്കുന്ന മൂന്നാം കിട അവഹേളനമാണ്. അദ്ദേഹത്തിന് ഒരു കൂടിക്കാഴ്ചയ്ക്കുള്ള അവസരം പോലും നിഷേധിച്ചു എന്ന് പറയുന്നതും തികഞ്ഞ  അല്പത്തരമായിപ്പോയി. അതിലെല്ലാം സഖാക്കൾ അവരുടെ സ്വതസിദ്ധമായ നിലവാരം കാണിക്കുന്നുണ്ട് എന്നതിൽ ഒരു തർക്കവുമില്ല.   

പ്രിയ ശ്രീധർജി, ഇനിയും ഏറ്റെടുക്കുന്ന പദ്ധതികൾ നല്ല രീതിയിൽ അവസാനിപ്പിക്കാൻ നിങ്ങൾക്കാവട്ടെ; നിങ്ങളുടെ യശ്ശസ്സും ഖ്യാതിയും ഇനിയും വർദ്ധിക്കട്ടെ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment