ഞാൻ വെറും പോഴൻ

Friday 20 July 2018

അതിക്രമം കാണിച്ചത് ജനപ്രതിനിധി ആണ് എന്നത് കൊണ്ട് അത് നന്മയാകില്ല സാർ...!!!

പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമവും ഗുണ്ടായിസവും കാണിച്ച പി. സി. ജോർജിന് അഭിവാദ്യമർപ്പിച്ചും പി. സി. ചങ്കാണെന്നും ഒക്കെ പറഞ്ഞുള്ള വാഴ്ത്തുപാട്ടുകൾ കണ്ടും കേട്ടും മടുത്തു. ഒരു ക്രിമിനൽ നടപടിയെ ഇത്ര കണ്ട് പിന്തുണയ്ക്കാനും വാഴ്ത്തിപ്പാടാനും അദ്ദേഹമെന്ത് ധീരകൃത്യമാണ് ചെയ്തത്...!!???

ബഹുമാനപ്പെട്ട പി.സി.യ്ക്കറിയാമോ ഓരോ ദിവസവും സാധാരണ ജനങ്ങൾ അവിടെ എത്ര മിനിറ്റുകൾ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് ? അഞ്ച് വണ്ടികളിൽ കൂടുതൽ ക്യൂവിൽ നിൽക്കാനിട വരരുതെന്ന നിർദ്ദേശം അവിടെ പാലിക്കപ്പെടുന്നില്ലെന്ന് ? അടിക്കടി ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാനമായ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ? കരാറിൽ പറഞ്ഞിരുന്ന അടിസ്ഥാനസൗകര്യങ്ങൾ പലതും ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് ? മെട്രോ പരിപാലിക്കുന്ന റോഡിന്റെ കൂടി ദൂരത്തിനാണ് ഇവർ ടോൾ പിരിക്കുന്നതെന്ന് ? ടോൾ പിരിക്കപ്പെടുന്ന റോഡിൽ ഉള്ള അസംഖ്യം കുഴികളടക്കാൻ പോലും ഇവർ നടപടി എടുക്കുന്നില്ലെന്ന് ?

ഇതൊന്നും പാലിയേക്കരയിലെ മാത്രം പ്രശ്നങ്ങളുമല്ല. പാലിയേക്കരയിലടക്കം കേരളത്തിലെ വിവിധ ടോൾ ബൂത്തുകളിൽ നടക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ നിങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? ഈ BOT പദ്ധതി ആശയമായത് മുതൽ പ്രാബല്യത്തിൽ വന്നപ്പോഴും അതുമായി ബന്ധപ്പെട്ട അനീതികൾ തുടരുമ്പോഴും നിങ്ങൾ ഇവിടുത്തെ നിയമനിർമ്മാണ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും ഭാഗമായിരുന്നില്ലേ... ? അന്നൊന്നും ടോൾ ബൂത്തുകളിലെ അതിക്രമങ്ങൾ ഒന്നും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ...?? ഒരിക്കൽ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ചു കൊണ്ടല്ല ഇത് ചോദിച്ചത്. കേവലം ഒരു വിഷയാവതരണം കൊണ്ട് തീരുന്ന പ്രശ്നമാണോ ഇത് ? ടോൾ ബൂത്തുകളിലെ തെറ്റായ നടപടികൾക്കെതിരെ കോടതിയെ സമീപിക്കുകയോ ഭരണതലത്തിൽ പരിഹാരം കാണുകയോ ചെയ്തിട്ടുണ്ടോ ? ഒന്നുമില്ല. ഇനിയെങ്കിലും ഒരു ബഹുജനമുന്നേറ്റം അവിടെ സംഘടിപ്പിക്കാൻ നിങ്ങൾ ഒരുക്കമാണോ ? കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിങ്ങളുടെ പിന്നിൽ വലിയൊരു ആൾക്കൂട്ടം അവിടെ ഉണ്ടാകും; തീർച്ച. നീതി നേടിയെടുക്കാൻ കോടതിയിൽ പോകാൻ നിങ്ങൾ തയ്യാറാണോ ? കക്ഷി ചേരാൻ ആളുണ്ടാകും. അല്ലാതെ ചാനൽ പബ്ലിസിറ്റി ലക്‌ഷ്യം വച്ചുള്ള പൊറാട്ട് നാടകങ്ങൾക്ക് കിട്ടുന്ന കയ്യടി നിമിഷസുഖം മാത്രമേ പ്രദാനം ചെയ്യൂ. 

എന്തായിരുന്നു കഴിഞ്ഞ ദിവസം പാലിയേക്കരയിലെ പ്രശ്നം...?? പി സി ജോർജ്ജ് തന്നെ വിശദീകരിച്ചതനുസരിച്ച് ടോൾ പിരിക്കുന്നതിനോടുള്ള വിരോധം കൊണ്ടൊന്നുമല്ല അങ്ങേര് അത് ചെയ്തത്; ടോൾ കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു.... ക്രോസ് ബാർ തുറന്ന് കിട്ടാൻ അയാൾക്ക് രണ്ടോ മൂന്നോ മിനിറ്റ് കാത്ത് നിൽക്കേണ്ടി വന്നു.... വണ്ടിയിൽ പതിപ്പിച്ചിരുന്ന എം.എൽ.എ എന്ന ബോർഡ് അവിടെ ജോലിക്കുണ്ടായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളി ശ്രദ്ധിച്ചില്ല.... എം എൽ എയാണ് വണ്ടിയിൽ എന്ന് അദ്ദേഹത്തിന്റെ അനുഗാമികൾ പറഞ്ഞിട്ടും തമിഴും ഹിന്ദിയും ചേർത്ത് സംസാരിക്കുന്ന ടോൾ പിരിവ് തൊഴിലാളി മൈൻഡ് ചെയ്തില്ല... എം എൽ എ എന്ന ബഹുമാനം കൊടുത്തില്ല.... ഒടുക്കം "ഷമിക്കണം ഷാർ" എന്ന് ചതുരവടിവില്ലാത്ത ഭാഷയിൽ ക്ഷമ പറഞ്ഞു...("അവന്റെ അമ്മേടെ ഷാർ" എന്ന് കൂടി അദ്ദേഹം പറയുന്നതായി കേട്ടു).... ടോൾ പ്ലാസ മുഴുവൻ തടിയന്മാരായ ഗൂണ്ടകളാണ്; അതും കറുമ്പന്മാർ.... തുടങ്ങിയവയാണ് പ്രകോപനത്തിന് കാരണങ്ങളായി അദ്ദേഹം തന്നെ പറയുന്നത്. 

ടോൾ പ്ലാസയിലെ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങളിൽ കാറിന്റെ മുന്നിൽ എം എൽ എ ബോർഡ് കാണുന്നില്ല എന്നതാണ് യാഥാർഥ്യം; പക്ഷെ, ബ്രിട്ടനിൽ പോയപ്പോൾ പോലും കാറിൽ പൂഞ്ഞാർ എം.എൽ.എ എന്നെഴുതി വച്ച് യാത്ര ചെയ്ത മഹാന്റെ വണ്ടിയിൽ ബോർഡില്ലാതെ വരാൻ വഴിയില്ല; അത് കൊണ്ട് ബോർഡ് ഉണ്ടായിരുന്നു എന്ന് തന്നെ കൂട്ടിക്കോ. വണ്ടിയിൽ എം.എൽ.എ എന്നെഴുതിയ ചുവപ്പ് ബോർഡ് വയ്ക്കുന്നതിന് നിയമസാധുത ഉണ്ടോ എന്ന് അറിയില്ല; ഇനി അതിന് നിയമസാധുത ഉണ്ടെന്നും ഇരിക്കട്ടെ; കാറിൽ MLA ബോർഡ് കണ്ടാലുടനെ ടോൾ ഗേറ്റ് ഓപ്പൺ ചെയ്ത് കൊടുക്കണമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ല; ടോൾ ഒഴിവ് അനുവദിക്കപ്പെട്ട കാറ്റഗറിയിലുള്ള ആൾ,ഔദ്യോഗിക ID കാർഡ് കാണിച്ചാൽ ടോൾ ഒഴിവാക്കി ഗേറ്റ് തുറന്നു കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ളതായാണ് പരിമിത അറിവ്.
ചുരുക്കത്തിൽ ടോൾ പ്ലാസ ജീവനക്കാർ അതിയാന്റെ മാടമ്പിത്തരത്തിന് മുന്നിൽ മേൽമുണ്ടഴിച്ച് നടുവളച്ച് ഓഛാനിച്ച് നിൽക്കാത്തതിന്റെ അമർഷം തറനിലവാരത്തിൽ പ്രകടിപ്പിച്ചു; അത് മാത്രമാണ് യാഥാർഥ്യം. ശേഷം, ടോൾ പിരിവിനോട് ശരാശരി മലയാളിക്കുള്ള അടിസ്ഥാന അമർഷം അതിയാൻ നൈസായി അങ്ങ് മുതലെടുക്കുകയാണ്. തീവ്രവാദി ബന്ധ ആരോപണവും ഈഴവരെ അടച്ചു പുലയാട്ട് പറഞ്ഞതും തുടങ്ങി പലവിധ സംഭവങ്ങളിൽ വന്ന ഇമേജ് നഷ്ടത്തിൽ നിന്ന് ഊരിപ്പോരാൻ കിട്ടിയ വൈക്കോൽ തുരുമ്പാണ് പി.സി.യ്ക്കിപ്പോൾ ഈ "ജനകീയ പ്രതിഷേധം"!!!. 

ആമാശയം കൊണ്ട് ചിന്തിക്കുന്ന കുറെ പോങ്ങന്മാരുടെ കയ്യടിയിലും ആർപ്പുവിളിയിലും അഭിരമിച്ച് ഓരോ മീഡിയ സ്റ്റണ്ട് ഊഡായിപ്പുകളും കൊണ്ടിറങ്ങിക്കോളും അങ്ങ് പൂഞ്ഞാറ്റിലെ എം.എൽ.എ; ഇടയ്ക്കിടയ്ക്ക്....  

അത് കൊണ്ട് പി സി ജോർജ്ജ് MLA സാറേ....

ഒരു ജനപ്രതിനിധി പ്രതിഷേധിക്കേണ്ടത് നിയമം കയ്യിലെടുത്തല്ല സാർ.... 

ജനപ്രതിനിധി ആണ് കാണിച്ചത് എന്നത് കൊണ്ട് അതിക്രമം നന്മയാകില്ല സാർ....

കുടുംബം പോറ്റാൻ പണിയെടുത്ത് ജീവിക്കാൻ നാട് വിട്ട് വന്ന ഗതികെട്ടവന്റെ അമ്മയ്ക്ക് വിളിക്കുന്നത് നല്ല രോഷപ്രകടന രീതിയല്ല സാർ....

സ്വകാര്യ ടോൾ കമ്പനി അവർക്കുണ്ടാകുന്ന നഷ്ടം കൂടി ഇവിടത്തെ സാധാരണക്കാരന്റെ കയ്യിൽ നിന്ന് ടോൾ പിരിച്ച് മുതലാക്കും എന്നത് കൊണ്ട് അങ്ങ് പിരിച്ചൊടിച്ച് കളഞ്ഞത് ഒരർത്ഥത്തിൽ പൊതുമുതലായിരുന്നു സാർ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment