ഞാൻ വെറും പോഴൻ

Wednesday, 4 July 2018

ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍.......

(മുൻപെഴുതിയ ഒരു കുറിപ്പാണിത്. ആനുകാലിക സംഭവങ്ങൾ ചേർത്തൊന്ന് അപ്പ് ഡേറ്റ് ചെയ്തിട്ടുണ്ട്...)


ക്രൈസ്തവ സമൂഹത്തിലെ പുരോഹിതന്മാരുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ലൈംഗിക അപവാദങ്ങൾ പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരുമായും പെന്റക്കൊസ്റ്റൽ സഭകളിലെ പാസ്റ്റർമാരുമായും ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ ഒടുവിൽ കേട്ടതിൽ ഒന്ന് ഓർത്തഡോക്സ് സഭയിലെ ഒരു കൂട്ടം അച്ചന്മാർ ഒരു സെക്സ് റാക്കറ്റ് കണക്കെ പ്രവർത്തിച്ചതിന്റെ വാർത്തകളായിരുന്നു. പിന്നത്തേത് കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ ഒരു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്നും പ്രകൃതിവിരുദ്ധലൈംഗികകേളികൾ നിർബന്ധിച്ചു ചെയ്യിച്ചു എന്ന വർത്തയുമാണ്. ആത്മാവും ശരീരവും തമ്മിലുള്ള സംഘര്‍ഷങ്ങൾക്കിടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ ശരീരത്തിന്റെ ബലഹീനതകളിൽ തട്ടി വീഴുമ്പോൾ സഭയും വിശ്വാസികളും നാണക്കേടിൽ മുഖം താഴ്ത്തേണ്ടി വരുന്നുണ്ട്. 

പുരോഹിതർ ഉൾപ്പെടുന്ന ഓരോ ലൈംഗികാരോപണക്കേസുകൾ വരുമ്പോഴും അതിവിടത്തെ സാമൂഹ്യ മണ്ഡലത്തില്‍ സാമാന്യം ചെറുതല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴെല്ലാം നവ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുവേ ഉയരാറുള്ള ഒരാവശ്യം ഈ പള്ളീലച്ചന്‍മാരെ പിടിച്ചു പെണ്ണ് കെട്ടിക്കുക എന്നതായിരുന്നു. ഇപ്പോൾ ആരോപിതരായിരിക്കുന്ന ഓർത്തോഡോക്സ് അച്ചന്മാർക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ളവർ ആണ്. പൊതുവെ പുരോഹിതർ ചെന്ന് പെടുന്ന കേസുകളിൽ, പെണ്ണ് കെട്ടല്‍ ഒരു മരുന്നാണോ എന്നെനിക്ക് സംശയമുണ്ട്‌. മിക്കവാറും കേസുകളിൽ കേവലം ലൈംഗിക ബന്ധമെന്നതിലുപരി Paedophelia (പീഡോഫീലിയ), Satyriasis (സറ്റൈറിയാസിസ്‌) തുടങ്ങിയ ഗണത്തിലൊക്കെപ്പെടുത്തേണ്ട ലൈംഗികവ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതെന്തായാലും ഒരു വിവാഹം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമാകാന്‍ വഴിയില്ല. എന്തായാലും സഭാധികാരികളോ നിയമപാലന സംവിധാനങ്ങളോ അക്കാര്യം ശ്രദ്ധിക്കട്ടെ.

2011-ല്‍ അന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് തന്റെ " സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്" എന്ന പുസ്തകത്തില്‍ വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തു ചര്‍ച്ചക്ക് വന്നു കൊണ്ടിരിക്കുന്നു. കുന്തിരിക്കം പുകയുന്ന ഇടനാഴികളിലെ ലൈംഗിക അസംതൃപ്തിയെക്കുറിച്ച് ആശ്രമം വിട്ട പല സംന്യാസി - സംന്യാസിനിമാരും തുറന്നെഴുതിയത് വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിരുന്നു. എന്റെ അറിവില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ ആയുഷ്പര്യന്തം നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിതരായവരാണ്  സഭയിലെ സംന്യാസികള്‍. ദൈവവിളിയും വരവും ലഭിച്ച വൈദികര്‍ സ്വയം സ്വീകരിക്കുന്ന ഒരു ജീവിത ക്രമമാണ് ഇത്. ആജീവനാന്തം ധ്യാനത്തിലും പഠനത്തിലും പ്രാര്‍ത്ഥനയിലും ജാഗരൂകരായിരുന്ന് ദൈവവുമായുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ യേശു ക്രിസ്തുവിലുള്ള ഭാവം ഉള്‍ക്കൊണ്ട് അത് പ്രശോഭിപ്പിക്കുവാന്‍ ശ്രമിക്കേണ്ട ധാര്‍മ്മിക ബാധ്യതയുള്ളവര്‍. സഭാചട്ടക്കൂടുകള്‍ക്കകത്ത് നിന്ന് കൊണ്ട് ദൈവജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവരെ സഹായിച്ചു സംരക്ഷിക്കുന്ന ആത്മീയ പിതാവ് എന്ന നിലയിലാണ് അവരെ "അച്ചന്‍" എന്ന് വിശ്വാസികള്‍ വിളിക്കുന്നത്‌. അച്ചന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റുമ്പോള്‍ വിശ്വാസികള്‍ ആത്മീയമായും ഒരു പരിധി വരെ ഭൌതികമായും അരക്ഷിതരായി മാറുന്നു എന്നുള്ളതാണ് വാസ്തവം. ഓരോ മോശപ്പെട്ട സംഭവം ഉണ്ടാകുമ്പോഴും ഈ സ്ഥാനത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുകയും വിശ്വാസികള്‍ ഇടയന്മാരില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സഭയും കുഞ്ഞാടുകളും പാലിക്കേണ്ട മിനിമം കാര്യങ്ങള്‍ എന്താണ് ?

1. അച്ചന്മാരുടെ നവീകരണ ധ്യാനങ്ങള്‍ വര്‍ഷാവര്‍ഷം കൃത്യമായി നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്‌. അത് കുറച്ചു കൂടി കാര്യക്ഷമമാക്കുക.

2. രൂപതാ തലത്തില്‍ തന്നെ കുറേക്കൂടി കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. രൂപത കോടതി, രൂപതാ തല കണക്ക് പരിശോധന ഒക്കെ പോലെ ഒരു വിജിലന്‍സ് വിഭാഗം ഉണ്ടാക്കിയാലും തെറ്റില്ല.

3. ഒരിക്കല്‍ ആരോപിതരായ അച്ചന്മാരെ പ്രത്യേകം നിരീക്ഷിക്കുക. പരമാവധി അവരെ ഇടവക ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക.

4. കയ്യോടെ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഒരു വിധത്തിലുമുള്ള ഇടപെടലുകള്‍ക്ക് പോകാതെ നിയമത്തിനു വിട്ടു കൊടുക്കുക.

5. ഫ്രാൻസീസ് മാർപാപ്പാ അല്മായരെ ഉൾപ്പെടുത്തി രൂപീകരിച്ച, വത്തിക്കാനിലെ Pontifical Commission for the Protection of Minors ന്റെ മാതൃകയിൽ നിഷ്പക്ഷവും നീതിനിഷ്ഠവും കാര്യക്ഷമവും ഫലപ്രദവുമായ ഒരു പരാതി പരിഹാര സംവിധാനം (Grievance Redress System) ഇവിടെ രൂപീകരിക്കുക. 

പട്ടിക ഒട്ടും തന്നെ പൂര്‍ണ്ണമല്ല. വായിക്കുമ്പോള്‍ ചിലപ്പോള്‍ നെറ്റി ചുളിയലോ ചിരിയോ ഒക്കെ പുറത്തു വരാന്‍ സാധ്യതയും  ഉണ്ട്. ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ കഴുത്തില്‍ വലിയ തിരികല്ല് കെട്ടി കടലില്‍ ചാടുക എന്നാണ് വചനം പറയുന്നത്. ഏതെങ്കിലുമൊരു "സാഹചര്യം ' എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! സമയാ സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാര്‍പാപ്പാമാര്‍ക്കും പിതാക്കന്മാര്‍ക്കും പരസ്യമായി കുരിശു പിടിച്ചു മാപ്പ് പറയാനേ സമയം കാണൂ...

ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടതും ചൂളി നില്‍ക്കേണ്ടതും ഇടയന്മാരെക്കാള്‍ ആടുകള്‍ ആണെന്നതാണ് ക്രൂരമായ സത്യം. ഇരകള്‍ വീണ്ടും ഇരകളാവുന്ന അനുഭവം. പിന്നെ ഇത് പോലുള്ള കുറച്ചു എണ്ണങ്ങളെക്കൊണ്ട് പിഴക്കാതെ ജീവിക്കുന്ന നല്ലിടയന്മാരുടെയും കാര്യം കഷ്ടമാണ്. അടിക്കടി ഉണ്ടാവുന്ന വിവിധ വിവാദങ്ങളിൽപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്നിപ്പോള്‍ ഒരു ദുരന്ത മുനമ്പിലാണ്. പ്രതിസന്ധികൾ ഒരേ സമയം വെല്ലുവിളിയും അവസരവുമാണെന്ന് സഭകളും വിശ്വാസികളും തിരിച്ചറിയണം. ഈ തിരിച്ചറിവിലേക്ക് അതത് സഭാ നേതൃത്വത്തെ ഉണര്‍ത്താനാണ് ഓരോ വിശ്വാസ സമൂഹവും  ശ്രമിക്കേണ്ടത്. കര്‍ത്താവിന്റെ സഭയെയും കുഞ്ഞാടുകളെയും കര്‍ത്താവ്‌ തന്നെ കാക്കട്ടെ....

വാട്ട്സ് ആപ്പിൽ കിട്ടിയത്.....

പ്രിയ ക്രൈസ്തവ സഹോദരങ്ങൾ അറിയാൻ.... സോഷ്യൽ മീഢിയയിൽ പൊങ്കാല തുടങ്ങീട്ട് കുറച്ച് ദിവസങ്ങളായി...... പക്ഷേ നിങ്ങൾ എന്തിനാ സങ്കടപ്പെടുന്നത്. തെറ്റ് ചെയ്യാത്തവർ ഒന്നും തല കുനിക്കേണ്ട കാര്യമില്ല. പിന്നെ തെറ്റ് ചെയ്തവനെപ്പറ്റി ഫേസ് ബുക്കിലും വാട്ട് സാപ്പിലും വരുന്നത് വായിച്ച് നിങ്ങൾ എന്തിനാ ദണ്ഡപ്പടുന്നേ. ചില കാര്യങ്ങൾ നിങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും;

ബഹുമാനപ്പെട്ട അച്ചന്മാരോട്:

*ലളിത ജീവിതവും വിശുദ്ധ ജീവിതവും നയിക്കുന്ന വൈദികർ പൊതുവെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ്...

*അച്ചന് സ്വാദിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങളുമായി പള്ളിമുറിയിലേക്ക് ഇടിച്ചു കയറി വരുന്ന സത്രീകൾ മിക്ക ഇടവകകളിലും കാണും. നിർത്തണ്ടടത്ത് നിർത്തണം ഇവറ്റകളെ.

*കഴിയുമെങ്കിൽ  മഠത്തിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.  വല്ലപ്പോഴും വീട്ടിലൊക്കെ പോയി അമ്മച്ചിയോട് കുറച്ച് ചോറും കറികളുമൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറ. 

*സന്ദർശകർക്ക് ഓഫീസ് റൂമിനപ്പുറത്തേക്ക് പ്രവേശനം നൽകാതിരിക്കുക. ബെഡ്റൂമും ബാത്ത്റൂമും സ്വയം ക്ളീൻ ചെയ്യുക.

*സന്ദർശക സമയം ക്രമപ്പെടുത്തി ഇടവകക്കാരെ അറിയിക്കുക. 

*യുവതികളും കുട്ടികളും ഒറ്റക്ക് മുറിയിൽ കാണാൻ വരുന്നത് നിരുൽസാഹപ്പെടുത്തുക.

*പള്ളിയിൽ നിന്നുള്ള ടൂർ പരിപാടികളിൽ ചില രംഭ മേനക തിലോത്തമമാർ അവരുടെ കൂടെ ഇരിക്കാനും ഡാൻസ് കളിക്കാനും ഒക്കെ വിളിക്കും... പോയേക്കരുത്.. പെഴ്സണൽ പ്രയറിനു ടൈമായി എന്നു പറഞ്ഞ് നൈനായി സ്കൂട്ട് ആവണം.

സ്ത്രീകളോടും കുട്ടികളോടും:

*ചുമ്മാ നിസാര കാര്യങ്ങൾ പറഞ്ഞ് അച്ചൻമാരുടെ അടുത്ത് ഇടിച്ച് കയറി  ചെന്നേക്കരുത്. 

*വസ്ത്രധാരണം പരമാവധി മാന്യമാക്കുക.

*വിവാഹജീവിതത്തിന്റെയും  ദാമ്പത്യജീവിതത്തിന്റെയും തിയറി മാത്രം പഠിച്ച, (കൗമാരം വിടുന്നതിന് മുൻപ് കുടുംബം വിട്ടവർ സ്വന്തം കുടുംബത്തെപ്പോലും പക്വതയോടെ നിരീക്ഷിച്ചിട്ടുണ്ടാവില്ല) അച്ചന്മാരോട്  കുടുംബാസൂത്രണത്തിനും ദാമ്പത്യസംതൃപ്തിക്കും ഉപദേശം തേടുന്ന ഊളകളാവരുത് വിശ്വാസികൾ. സെന്റിയടിക്കാനും ഉപദേശം സ്വീകരിക്കാനും നിങ്ങൾ വല്ല കൗൺസിലിങ് സെന്ററിലും പോയാൽ മതി. വെറുതേയിരിക്കുന്ന അച്ചൻമാരുടെ അടുത്തേക്ക് ചെല്ലരുത്.

*പള്ളിമുറികളിലെ സ്ഥിരം കുറ്റികളായ യൂത്ത് മൂവ്മെന്റ്, ഗായകസംഘം, കാറ്റിക്കിസം എന്നിവയിലെ യുവതികൾ... നിങ്ങൾ അയക്കുന്ന whatsapp, fb മെസേജുകൾ അച്ചൻമാരുടെ  ഉറക്കം കളയുന്ന തരത്തിലുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കുക... 

*ടൂർ, തീർത്ഥയാത്ര എന്നിവ നടത്തുമ്പോൾ അച്ചൻമാരുടെ കൂടെ നിന്ന് ഞെളിഞ്ഞും പുളഞ്ഞും സെൽഫി എടുത്ത് കളിക്കാതിരിക്കുക.

*റോമിൽ നിന്നും വാങ്ങിയ കൊന്ത തരാം വെന്തിങ്ങ തരാം, ഗത്സമെൻ തോട്ടത്തിൽ നിന്നും പറിച്ച ഏത്തപ്പഴം തരാം എന്നൊക്കെ പറഞ്ഞ് എതെങ്കിലും അച്ചൻ റൂമിലേക്ക് വിളിച്ചാൽ, അച്ചന്റെ കുഞ്ഞമ്മടെ മോൾക്ക് കൊണ്ടെ കൊടുത്താൽ മതി എന്ന് പറഞ്ഞേക്കണം.

മാതാപിതാക്കളോട്:

101% ജാഗ്രതൈ; എന്നല്ലാതെ വേറൊന്നും പറയാനില്ല.... അല്ലെങ്കിൽ നാറിയ കഥകളിലെ കഥാപാത്രങ്ങളായി മക്കളെ ചാനൽ ചർച്ചകളിൽ വലിച്ചു കീറുന്നത് കേൾക്കാൻ തയ്യാറായി ഇരുന്നേക്കണം... സ്വന്തം മകളുടെ കുഞ്ഞിന്റെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അപ്പനും പ്രായപൂർത്തിയാകാത്ത മകൾ പ്രസവിക്കുന്ന കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ പോവാൻ അമ്മയും ഒരുങ്ങി നിന്നേക്കണം... മുൻകാല അനുഭവങ്ങൾ അതാണ് പറയുന്നത്.  


Stop Press : ബൈബിള്‍ പഴയ നിയമം; എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം, മുപ്പത്തിനാലാം അദ്ധ്യായം - ഇസ്രായേലിന്റെ ഇടയന്‍മാര്‍

  • കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

ഈ വിഷയത്തിൽ ഇട്ട മറ്റൊരു പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം ==>> കത്തോലിക്കാ പുരോഹിതന്മാർ പീഡനം നടത്തിയാൽ ആർക്ക്, എന്താണ് കുഴപ്പം ???

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


10 comments:

  1. കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഒറ്റയ്ക്കും സ്വകാര്യമായും അച്ചന്മാരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക."

    അതായത്, വികാരിയച്ചനെ ഒന്നു കാണണമെന്നു തോന്നിയാൽ ഞാൻ ഉടനെ വഴിയിലിറങ്ങി, ഒപ്പം കൂട്ടാൻ ചുരുങ്ങിയത് ഒരാളെയെങ്കിലും അന്വേഷിച്ചു കണ്ടെത്തണമെന്ന്. വികാരിയച്ചൻ എന്ന വ്യക്തി ഇത്ര അപകടകാരിയാണെങ്കിൽ, നാം എന്തിന് അയാളെ ചെലവു കൊടുത്ത് നമ്മുടെ സമൂഹത്തിൽ പാർപ്പിക്കുന്നു?

    ഇതിലൊക്കെ രസകരമായ കാര്യം, മുതിർന്നവർ പോലും ഒറ്റയ്ക്കും രഹസ്യമായും കണ്ടാൽ അപകടകാരിയായേക്കാവുന്ന വ്യക്തിയുടെ മുൻപിൽ ഇടയ്ക്കിടെ ഭക്തിപൂർവം മുട്ടുകുത്തി ഹൃദയം മുഴുവൻ തുറന്നുകാട്ടാൻ കുട്ടികളും മുതിർന്നവരും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ, തിരിച്ചറിവായവർക്കൊക്കെ ബദ്ധ്യതയുണ്ടെന്നതാണ്. ആണ്ടിലൊരിക്കലെങ്കിലും പരമരഹസ്യസ്വഭാവമുള്ള ഈ തുറന്നു കാട്ടൽ നടത്തിയില്ലെങ്കിൽ ചാവുദോഷവും നിത്യനരകവുമാകും വിധി എന്നും നമ്മൾ വിശ്വസിക്കുന്നു.

    ഇല്ല ബിജോയ്, എവിടെയോ കാര്യമായ ഏതോ പിശകുണ്ട്. നമുക്കത് പിടികിട്ടിയിട്ടില്ല.

    ReplyDelete
    Replies
    1. Yes Uncle, എവിടെയോ കാര്യമായ ഏതോ പിശകുണ്ട്. നമുക്കത് പിടികിട്ടിയിട്ടില്ല

      Delete
  2. "Have fear of a Day when no self will be able to compensate for another in any way. No Intercession will be accepted from it, no ransom taken from it, and they will not be wronged." (Qur'an 2:48 as well as 2:123)

    ReplyDelete
  3. ദാരിദ്ര്യം,ബ്രഹ്മചര്യം,അനുസരണം എന്നീ വ്രതങ്ങൾ ആയുഷ്ക്കാലം മുഴുവൻ അനുവർത്തിക്കേണ്ടവരാണ് സഭയിലെ സന്യാസികൾ ....ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു വ്രതമെങ്കിലും ഇവർ പാലിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല...ഇപ്പറഞ്ഞ വ്രതങ്ങളൊക്കെ ഞായറാഴ്ച്ച പ്രസംഗങ്ങളിൽ മാത്രം ഒതുക്കി കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സൗകര്യങ്ങൾ ഏർപ്പാടാക്കി ജീവിതം ആസ്വദിക്കുന്നവരാണ് ഇന്നത്തെ വൈദികരിൽ ഭൂരിഭാഗവും..ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നു ..എന്ന വചനം പഠിപ്പിക്കുന്നവർ തന്നെ ഒൻപത് വയസ്സുകാരിയുടെ അടിവസ്‌ത്രം അഴിച്ചു പരിശോധിക്കുന്നത് വൈദികരിൽ സംഭവിച്ചിരിക്കുന്ന വൻ മൂല്യച്യുതിയെ തുറന്നുകാട്ടുന്നു...ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.ഒരിക്കലും പുറത്തു വരാതെ പള്ളിമേടകളിൽ ഒതുങ്ങിപ്പോകുന്ന ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് നൂറുശതമാനവും വിശ്വസിക്കുന്ന ആളാണ്‌ ഞാൻ ..പക്ഷേ പള്ളീലച്ചനെ വിമർശിക്കുന്നവന് തെമ്മാടിക്കുഴി എന്ന അലിഖിത സത്യം വിശ്വാസികളെ പിന്തിരിപ്പിക്കുന്നു ......

    ReplyDelete
  4. priests teach,poor men follow,that is the rule of all religions. Unless you ask Why? for what ? you will always be cheated by these crooked clergies.

    ReplyDelete
  5. സെക്സ് ആണ് ആദിപാപം എന്നാ തെറ്റിദ്ധാരണ ക്രിസ്ത്യാനികളുടെ ശാപം :-.................. മേല്‍ സൂചിപ്പിച്ച ഇത്തരം പരീക്ഷണങ്ങളെക്കാള്‍ എല്ലാം നല്ലത് കത്തോലിക്കാ സഭയിലെ പുരോഹിതരേയും മറ്റു ക്രിസ്ത്യന്‍ സഭകളിലേപ്പോലെ വൈവാഹിക/കുടുംബ ജീവിതങ്ങള്‍ക്ക് അനുവദിക്കുക എന്നതാണ്....വിദ്യാഭ്യാസത്തിനു ശേഷം പുരോഹിതപ്പട്ടം സ്വീകരിക്കുന്നതിനു മുന്‍പേ , ഒരു ഓപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ സൌകര്യമാകും...മറ്റു പല സഭകളിലും അങ്ങനെയാണ്.വിവാഹജീവിതം കൂടി ഓപ്ഷന്‍ ആയി സ്വീകരിച്ചവര്‍ക്ക് തുടര്‍പ്രൊമോഷനുകള്‍ ആയ മെത്രാന്‍/ബിഷപ്പ് തുടങ്ങിയവ ലഭ്യമാകില്ല.....അതല്ലാതെ , ശ്രഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവം , അനുവദിച്ചുനല്‍കിയ കാമം / പ്രണയം എന്ന മഹനീയ വികാരത്തെ നിഷേധിക്കുന്നതിലൂടെ സ്വയം ദൈവനിഷേധികളായി പുരോഹിതവര്‍ഗ്ഗത്തെ മാറ്റരുത്...സുഖലോലുപമായ ഒരന്തരീക്ഷത്തില്‍ ആ ആസക്തിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പോലും ഇല്ലാതാക്കാന്‍ സാധ്യമല്ല എന്ന സത്യം ഇവര്‍ മാത്രം എന്തേ തിരിച്ചറിയുന്നില്ല.....?

    ReplyDelete
  6. തെറ്റു ചെയ്യുന്ന പുരോഹിതരെ കാലാകാലങ്ങളായി സഭ സംരക്ഷിച്ചുപോരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പുരോഹിതരുടെ എത്രയോ തോന്ന്യാസങ്ങൾ പുറത്തു വരുന്നില്ല. പുറത്ത് വരുന്നതുതന്നെ വളരെ ചെറിയ ശതമാനം മാത്രം. അഭിഷിക്തനെ തൊട്ടുപോകരുതെന്നു ധ്യാനകേന്ദ്രങ്ങളിൽ അലറിവിളിച്ചു പറയുകയും അഭിഷിക്തൻ നിഷിദ്ധമായതെല്ലാം തൊടുകയും ചെയ്യുന്നതല്ലേ നമ്മൾ കാണുന്നത്.ഒരുപരിധിവരെ സഭയുടെ നിയമങ്ങളാണ് അതിനു കാരണക്കാർ. നല്ല. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുമ്പോൾ സെക്സ് സംബന്ധമായ urge കൂടുന്നതു സ്വാഭാവികം. അതിനെ കൺട്രോൾ ചെയ്യാൻ.പുരോഹിതന് ആവാതെ വരുന്നു. പിന്നെ വളരെ അനുകൂലമായ സാഹചര്യങ്ങളും. ഈ പുള്ളിക്കാരൻ ആത്മീയൻ ആയതുകൊണ്ട് എവിടെയും ഏതുനേരവും കയറിച്ചെല്ലാമല്ലോ. ഏതു പ്റായക്കാരോടും ഇടപഴകുകയും ചെയ്യാം. അങ്ങനെ സാഹചര്യം മുഴുവൻ മുതലാക്കുന്നു. കത്തനാമ്മാർ ബോംബെ പോലുള്ള വലിയ നഗരങ്ങളിൽ സിവിൽ ഡ്റസിൽ വേശ്യാ തെരുവിൽ പോയാൽ പോലും ആരും അറിയുകയില്ല.പിന്നെ ഇവരെ മുതലാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറേ സ്ത്രീകളും ഉണ്ട്. ഭർത്താവിനാൽ ലൈംഗിക സംതൃപ്തി ലഭിക്കാത്തവരോ ചെറുപ്പക്കാരികളോ ഒക്കെ ഇതിൽ പെടും. ഇങ്ങനെയുള്ള വീട്ടമ്മമാർ അച്ചനു ഭക്ഷണവുംമറ്റും നൽകാനോ ഇടവകയുടെ സംഘടനാ പ്രവർത്തനങ്ങൾക്കോ ഒക്കെ മുന്നിട്ടു നിൽക്കുന്നു. ശേഷിക്തികുറവുള്ള ഭർത്താക്കന്മാർ ചിലപ്പോൾ അതിനു ഒത്താശയും ചെയ്യുന്നില്ലെന്ന് ആരറിഞ്ഞു. ഇതിൽനിന്നും രക്ഷ നേടാനുള്ള ഒരേയൊരു മാർഗം പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കുക എന്നതാണ്. അച്ചനു കുടുംബം നോക്കാനുള്ള ശമ്പളവും മറ്റും നൽകേണ്ടത് ഇടവകയുടെ കടമ ആയിരിക്കണം.ഓർത്തഡോക്സു സഭയിൽ സംഭവിച്ചതുപോലെ സംഭവിച്ചാൽ അവരെ പുറത്താക്കുകയേ നിവൃത്തിയുള്ളളു.പുറത്താക്കിയാലും അച്ചന്റെ ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകേണ്ടത് സഭയുടെ ചുമതല ആയിരിക്കണം.

    ReplyDelete
    Replies
    1. ഈ 15 വയസിൽ സെമിനാരിയിൽ എടുക്കുന്ന ഏർപ്പാട് തന്നെ നിർത്തണം

      Delete