ഞാൻ വെറും പോഴൻ

Saturday, 23 November 2019

തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനത...

വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും മനസിനെ വേട്ടയാടുകയാണ്....

വീഴ്ച പറ്റിയതാർക്കാണ്‌ എന്ന് എളുപ്പത്തിൽ ഒരു വിശകലനം ഈ കേസിൽ സാധ്യമല്ല; പ്രശ്നങ്ങൾ പല അടരുകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു കേസാണിത്. 

ഒരു സ്റ്റേറ്റിന്റെ സാമൂഹ്യപുരോഗതിയെ വിലയിരുത്തുമ്പോൾ പ്രഥമഗണനീയമായ രണ്ടു മേഖലകളാണ് വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും. ഈ രണ്ടു മേഖലകളിലും ഉന്നതസ്ഥാനത്താണ് നാം വിരാജിക്കുന്നതെന്ന മേനി നടിക്കലിനാണ് വയനാട് സംഭവം കൊണ്ട് ഇടിവ് സംഭവിച്ചത്.  

മറ്റേതൊരു തൊഴിലിനേക്കാളും വളരെയേറെ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു തൊഴിലാണ് അദ്ധ്യാപനം; അതിനനുസരിച്ചുള്ള ബഹുമാനവും ആദരവും എല്ലാം അധ്യാപകർക്ക് പൊതുസമൂഹം നൽകുന്നുമുണ്ട്. അവരിൽ ഭരമേല്പിക്കപ്പെട്ട ആ അധിക ഉത്തരവാദിത്തം കാട്ടാതിരുന്നതാണ് പൂമ്പാറ്റകളുടെ പിറകെ ഓടി നടക്കേണ്ട ഒരു കൊച്ചു മിടുക്കിയെ ഈ ലോകത്തിൽ നിന്നും അകാലത്തിൽ പറഞ്ഞയച്ചത്. ഷഹലയുടെ സ്ക്കൂളിലെ അധ്യാപകരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള കാരണങ്ങൾ പലതാണ്...
  • പാമ്പ് കടിച്ചു എന്നൊരു ചെറിയ സംശയം എങ്കിലും ഉള്ളപ്പോൾ സമയം ഒട്ടും കളയാതെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായ കാലതാമസം ന്യായീകരിക്കാവുന്നതാണോ ?
  • പരിക്ക് പറ്റിയ ഒരു വിദ്യാർത്ഥി(നി)യെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാൻ രക്ഷിതാവിന്റെ വരവും കാത്ത് നിൽക്കേണ്ടതിന്റെ ആവശ്യം എന്താണ് ?
  • ദിവസേന കയറി ഇറങ്ങുന്ന ക്ലാസ് മുറിയിൽ ബ്ലാക്ക് ബോർഡിന് താഴെ ഇങ്ങനെ ഒരു പൊത്തുണ്ടായിട്ട് അത് കാണാതെ പോവുകയോ കണ്ടിട്ട് അതൊന്നടയ്ക്കാൻ നടപടി എടുക്കാതിരിക്കുകയോ ചെയ്ത അദ്ധ്യാപഹയർ വെറും ഉദരംഭരശമ്പളം വാങ്ങികൾ മാത്രമാണ്...(ഇതിന് സർക്കാർ ഫണ്ടോ ഉന്നതങ്ങളിൽ നിന്നുള്ള അനുമതിയോ കാക്കേണ്ട കാര്യം പോലുമില്ല; ലക്ഷങ്ങളുടെ ചിലവൊന്നുമില്ലല്ലോ....പത്തു രൂപയുടെ സിമന്റും സ്ക്കൂൾ മുറ്റത്ത് കിടക്കുന്ന ചരലും ഉപയോഗിച്ച് അഞ്ച് മിനിറ്റ് കൊണ്ടടയ്ക്കാമായിരുന്ന പൊത്തായിരുന്നു അത്... !?? ഒന്നുമില്ലെങ്കിൽ കുറച്ച് ചരലോ കടലാസോ കുത്തി നിറച്ച് അടക്കാമായിരുന്നില്ലേ.... !!???)
  • ഇത്രയ്ക്ക് അപകടം പിടിച്ച ക്‌ളാസ് റൂമിൽ അധ്യാപകർക്ക് മാത്രം പാദരക്ഷകൾ ഉപയോഗിക്കാൻ അനുമതിയും കുട്ടികൾക്ക് പാദരക്ഷകൾ ഉപയോഗിക്കാൻ വിലക്കും (പാദരക്ഷകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടിക്ക് പാമ്പുകടിയേക്കാതിരിക്കാനും മതി)
അധ്യാപക രക്ഷാകർതൃ സംഘടനയുടെയും ജനപ്രതിനിധികളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചകളും പാളിച്ചകളും ലളിതവൽക്കരിക്കാനാവില്ലെങ്കിലും ഒരു സ്ക്കൂളിനകത്തുള്ള കുറവുകൾ ഇവർക്കെല്ലാം സമയാസമയത്ത് നേരിട്ട് കാണാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ക്‌ളാസ് മുറിയുടെ തറയിലെ ദ്വാരവും പൊത്തും മാളവും ഒന്നും മേൽപ്പറഞ്ഞ ആളുകൾക്ക് എളുപ്പത്തിൽ ശ്രദ്ധിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ലല്ലോ; ക്ലാസ്സ് മുറികളിലെ ഭൗതികസാഹചര്യത്തിന്റെ കുറവുകൾ മേല്പറഞ്ഞവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടത് അവ നിത്യം നേരിട്ട് കാണുന്ന അധ്യാപകർ തന്നെ ആണ്.

അപകടകരമായ നിലയിൽ ശോച്യാവസ്ഥയിലായ ഈ സ്ക്കൂൾ കെട്ടിടത്തിന്, മെയ് മാസത്തിൽ വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത നഗരസഭാധികാരികൾക്ക് ഈ ജീവനഷ്ടത്തിന്റെ ഉർത്തരവാദിത്തത്തിൽ നിന്നെങ്ങിനെയാണ് ഒഴിഞ്ഞു മാറാനാവുക...!!???

പണം എങ്ങിനെ അഡ്വാൻസ് ആയി സമാഹരിക്കാം എന്ന് കൂടി തീരുമാനിക്കണം. ആഘോഷം കഴിഞ്ഞ് ഓടിച്ചിട്ട് പണം പിരിക്കുന്ന സ്ഥിതി വരരുത്. 

അടുത്തത് കുട്ടിയെ ചികിത്സക്കെത്തിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നടപടികൾ ആണ്. പ്രഥമദൃഷ്ട്യാ ഈ ബാലമരണത്തിന് പ്രസ്തുത ഡോക്ടറും ഉത്തരവാദി ആണ്. താരതമ്യേന വർക്ക് എക്സ്പീരിയൻസ് കുറവുള്ള ജൂനിയർ ഡോക്റ്റർ വലിയൊരു റിസ്ക്കെടുക്കാൻ മടിച്ചു എന്നതാണ് ലോജിക്കൽ നിഗമനം. ആശുപത്രിയിൽ എത്തിക്കുന്നതിൽ താമസം നേരിട്ട കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പറയുമ്പോൾ യാത്രാസമയം രോഗിയുടെ ജീവൻ അപഹരിക്കുമോ എന്ന് കൂടി ഡോക്ടർ കണക്കാക്കക്കേണ്ടതുണ്ട്. ബത്തേരി ആശുപത്രിയിൽനിന്ന്‌ ഷഹ്‍ലയെ മെഡിക്കൽ കോളേജിലേക്ക് അയച്ചപ്പോൾ ഇതു പരിഗണിച്ചില്ല എന്നത് ഡോക്ടറുടെ ഭാഗത്തുള്ള വീഴ്ച തന്നെയാണ്. ആന്റി സ്നേക്ക് വെനം കുത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ അത് ചെയ്തില്ല എന്നതാണ് മറ്റൊരു ആരോപണം. (ASV) കുത്തിവെക്കുമ്പോഴുള്ള അപകടസാധ്യത മറ്റു മരുന്നുകളെക്കാൾ കൂടുതലാണ്. പഠന നിരീക്ഷണങ്ങൾ അനുസരിച്ച് 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ ഉയർന്ന Risk Possibility ഉള്ളതിനാൽ മരുന്നു പ്രയോഗിക്കാൻ ഡോക്ടർമാർ പൊതുവെ മടിയ്ക്കുന്നു. പല ഡോക്റ്റർമാരും പാമ്പു കടിയേറ്റെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് രക്ഷപ്പെടുന്നു എന്ന് പരക്കെ ഒരു ആരോപണവും നിലവിലുണ്ട്. പക്ഷെ, ഷഹലയുടെ കാര്യത്തിൽ വസ്തുതാപരമായി സ്ഥിതിഗതികൾ കുറെക്കൂടി സങ്കീർണ്ണമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചു ഷഹലയെ എത്തിച്ച താലൂക്ക് ആശുപത്രിയിൽ ആകെ 6 യൂണിറ്റ് ASV ആണ് സ്റ്റോക്ക് ഉണ്ടായിരുന്നത്; അത് ആവശ്യമുള്ളതിനേക്കാൾ ഏറെ കുറവാണത്രേ. മാത്രവുമല്ല നെഫ്രോളജിസ്റ്റിന്റെ സപ്പോർട്ടോ വെന്റിലേറ്റർ സൗകര്യമോ ഒന്നും ഈ ആശുപത്രിയിൽ ലഭ്യമല്ല. വനപ്രദേശങ്ങൾ കൂടുതലുള്ള വയനാട്ടിൽ സ്വാഭാവികമായും പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. അപ്പോൾ അവിടെയുള്ള കൂടുതൽ ആശുപത്രികളിൽ ആവശ്യത്തിന് ആന്റി സ്നേക്ക് വെനം (ASV) സ്റ്റോക്ക് ചെയ്യേണ്ടതായിട്ടുണ്ട്. വയനാട്ടിലെ വിരലിലെണ്ണാവുന്ന സർക്കാർ ആശുപത്രികളിൽ ആണ് ASV ലഭ്യമായിട്ടുള്ളതെന്ന് മീഡിയ റിപ്പോർട്ടുകൾ പറയുന്നു. പാമ്പുകടി കേസുകൾ കൂടുതൽ വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ചികില്സയ്ക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടത് ആരോഗ്യവകുപ്പാണ്. അപ്പോൾ കേവലം ഒരു ഡോക്ടറുടെ പിഴവിനേക്കാൾ ആരോഗ്യവകുപ്പ് നയങ്ങളുമായി ബന്ധപ്പെട്ട പാളിച്ചകളും പ്രതിക്കൂട്ടിലാവുന്നു.

ഈ അവസരത്തിൽ പൊതുജനങ്ങളുടെ മനോഭാവത്തെയും പ്രതിസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാവില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നും ചികിത്സ തെറ്റിപ്പോയെന്നും ഒക്കെ ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രി തല്ലിപ്പൊളിക്കുകയും ഡോക്ടർമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്; കൂടാതെ വ്യാപകമായ സോഷ്യൽ മീഡിയ ആക്രമണവും മുൻകൂട്ടി കാണുന്ന ഡോക്ടർമാർ ഡിഫൻസീവ് മെഡിസിനിലേക്ക് അഭയം തേടുമ്പോൾ പൊതുസമൂഹമല്ലേ പ്രതിക്കൂട്ടിലാകുന്നത്.

ഷഹലക്കുണ്ടായ ദുര്യോഗത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റിയും ഉത്തരവാദപ്പെട്ടവരുടെ ഉത്തരവാദിത്തരാഹിത്യത്തെപ്പറ്റിയും ഉയരുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും ന്യായീകരണങ്ങളും പ്രതിഷേധങ്ങളും എല്ലാം കാണുമ്പോൾ മനസ്സിൽ ഒരു സംശയം ഉയരുന്നു; തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനതയല്ലേ നമ്മൾ എന്ന്....

നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്ന ചില ഉത്തരവാദിത്തരഹിതസമീപനങ്ങൾ മൂലം ഒരു കുഞ്ഞു ജീവൻ അകാലത്തിൽ പൊലിഞ്ഞതിന്റെ ഞെട്ടലിലും കുറ്റബോധത്തിലും ഉഴലുമ്പോഴും മനസിനെ അൽപ്പമെങ്കിലും ആശ്വസിപ്പിക്കുന്നത് ഷഹ്‌ലയുടെ സ്ക്കൂളിലെ തന്നെ ചില സഹപാഠികളുടെ വാക്കുകളിലെ തെളിമയും നിശ്ചയദാർഢ്യവും നിലപാടുകളിലെ ഉറപ്പും ആർജ്ജവവും ഒക്കെയാണ്. സഹപാഠിക്കുവേണ്ടി,  മാധ്യമങ്ങളോടും പൊതുസമൂഹത്തോടും ഉറച്ച സ്വരത്തിൽ നിർഭയം നിലപാടുകൾ മുന്നോട്ട് വയ്ക്കുന്ന നിദ ഫാത്തിമയും കൂട്ടുകാരും തലച്ചോറിൽ മത-രാഷ്ട്രീയ-സാമുദായിക-വർഗ്ഗ വിഷം തീണ്ടിയ പൊതുസമൂഹത്തെ ലജ്ജിപ്പിച്ചു കൊണ്ടേയിരിക്കും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. കാര്യങ്ങളൊക്കെ വളച്ചുകെട്ടി വാർത്തകൾ വളച്ചൊടിച്ച് ഇങ്ങനെ എന്തിനു സമൂഹത്തിലേക്ക് തെറ്റായ ചിത്രം നൽകുന്നു

    ReplyDelete
    Replies
    1. വളച്ചു കെട്ടിയതെന്താണെന്നും വളച്ചൊടിച്ചതെന്താണെന്നും വ്യക്തമാക്കൂ

      Delete