കൊച്ചു കുഞ്ഞുങ്ങളും വയോവൃദ്ധരും മൊബൈൽ ഫോൺ അനായാസം കൈകാര്യം ചെയ്യുന്ന ഈ നാട്ടിൽ അത്ര എളുപ്പത്തിലൊന്നുമല്ല മൊബൈൽ ഫോൺ (സെല്ലുലാർ ഫോൺ) സാങ്കേതിക വിദ്യ ചുവടുറപ്പിച്ചത്.
1996- ൽ എസ്കോട്ടെൽ (ഇപ്പോഴത്തെ ഐഡിയ മൊബൈൽ സർവീസ് നെറ്റ് വർക്കിന്റെ ആദ്യ ഉടമ) കേരളത്തിലുടനീളം വിതരണം ചെയ്ത ഒരു ബുക്ക്-ലെറ്റാണ് ചിത്രങ്ങളായി ചുവടെ ചേർത്തിരിക്കുന്നത്. അത് വായിച്ചാൽ മനസിലാകും ഈ ടെക്ക്നോളജി ജനങ്ങളെ പരിചയപ്പെടുത്താൻ അവർ എത്ര ശ്രമം നടത്തിയിട്ടുണ്ടെന്ന്. എന്താണ് സെൽഫോൺ ടെക്ക്നോളജി ? കോർഡ്‌ലെസ്സ് ഫോണിൽ നിന്ന് ഇതിനുള്ള വ്യത്യാസമെന്താണ് ? എന്തിനാണ് ഇൻകമിംഗ് കോളിന് പണം കൊടുക്കേണ്ടി വരുന്നത് ? തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ സംശയങ്ങൾ ചോദ്യത്തരരീതിയിൽ ദൂരീകരിക്കുന്ന ഒരു ബുക്‌ലെറ്റ് ആയിരുന്നു അത്.
മൊബൈൽ ഫോൺ ഇവിടെ വന്ന കാലത്ത് ഇൻകമിംഗ് കോളുകൾക്ക് ചാർജ്ജ് ഉണ്ടായിരുന്നു എന്ന കാര്യം, ഇന്ന് മൊബൈൽ ഫോൺ കൊണ്ട് അമ്മാനമാടുന്ന പലർക്കും അറിയുമോ ആവോ ? അന്നത്തെ കോൾ റേറ്റുകൾ മിനിട്ടിന് പീക്ക്, ഓഫ് പീക്ക് അടിസ്ഥാനത്തിൽ 4.20 രൂപ മുതൽ 18.80 രൂപ വരെ ആയിരുന്നു.
1996 സെപ്റ്റംബർ 17 നാണ് കേരളത്തിൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഉദ്‌ഘാടനകോൾ നടന്നത്. എസ്കോട്ടെൽ മൊബൈൽ കമ്പനിയുടെ പ്രതിനിധി എ ആർ ഠണ്ഡൻ പ്രശസ്ത സാഹിത്യകാരൻ തകഴിയുമായാണ് ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. സർവീസിന്റെ ഔദ്യോഗിക ഉദ്‌ഘാടക പ്രശസ്ത സാഹിത്യകാരി കമല സുരയ്യ ആയിരുന്നു. അന്നവരുടെ പേര് മാധവിക്കുട്ടി എന്നായിരുന്നു. ഇന്ത്യയിൽ ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടന്നത് അന്നത്തെ ടെലിക്കോം മന്ത്രി സുഖ്‌റാമും അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും തമ്മിലായിരുന്നു; 1995 ജൂലൈ 31 നായിരുന്നു ആ ചടങ്ങ്....
പിന്നീട് കാലക്രമത്തിൽ, ഇൻകമിങ് കോളുകൾ സൗജന്യമായി; സെക്കൻഡ് അടിസ്ഥാനത്തിൽ ബില്ലിംഗ് നിലവിൽ വന്നു; ഇന്റർനെറ്റ്, 3ജി, 4ജി തുടങ്ങിയവ നിലവിൽ വന്നു. വാർത്താവിനിമയ വിസ്ഫോടനത്തിനു തന്നെ ഈ നാട് സാക്ഷിയായി....
No comments:
Post a Comment