ഞാൻ വെറും പോഴൻ

Friday 24 January 2020

ഈ കാക്ക വെറും ഒരു പക്ഷിയല്ല; അതുക്കും മേലെ....

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ്  ന്യൂ കാലിഡോണിയൻ ഇനത്തിൽ പെട്ട ഒരു കാക്ക പക്ഷിശാസ്ത്രജ്ഞരെ അമ്പരപ്പിച്ചത്. ബെറ്റി എന്ന വിളിപ്പേരുള്ള അവൾ ഇന്ന് ശാസ്ത്രലോകത്തെ സെലിബ്രിറ്റിയാണ്. മനുഷ്യൻ ചെയ്യുന്നത് പോലെ ഉപകരണങ്ങൾ നിർമ്മിക്കാനും വേണ്ടവിധം ഉപയോഗിക്കാനുമുള്ള അവളുടെ കഴിവാണ് ശാസ്ത്രലോകത്തെ അതിശയിപ്പിച്ചത്. കൂട്ടിൽ അടക്കപ്പെട്ടിരുന്ന ബെറ്റി കൂട്ടിനുള്ളിൽ കിടന്ന ഒരു കമ്പിയുടെ കഷ്ണം കൊക്കിലെടുത്തിട്ട് കിടന്ന മറ്റൊരു വസ്തുവിന്റെ സഹായത്തോടെ അതിന്റെ അറ്റം വളച്ച് ഒരു കൊളുത്തിന്റെ രൂപത്തിലാക്കി. എന്നിട്ട്, സ്വതവേ അതിനെടുത്ത് പൊക്കാൻ സാധിക്കാത്ത വലിപ്പത്തിലുള്ള ഒരു മാംസക്കക്ഷണം ഈ കൊളുത്തിന്മേൽ കോർത്ത് എടുത്തുകൊണ്ട് പറക്കാൻ ശ്രമിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു കാക്ക ഇത്ര സങ്കീർണ്ണമായ ഒരു പ്രവൃത്തി ചെയ്തതായിരുന്നു ശാസ്ത്രജ്ഞന്മാരുടെ അത്ഭുതത്തിന്റെ കാരണം.  ഈ കാക്കകൾക്ക് പുതിയ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നതിന്റെ തെളിവായി ഗവേഷകർ ഈ നിരീക്ഷണത്തെ അടയാളപ്പെടുത്തി. മനുഷ്യനല്ലാതെ ഒരു മൃഗത്തിലെ ഈ കഴിവിന്റെ ഏറ്റവും മികച്ച പ്രകടനമായി ഇത് കണക്കാക്കപ്പെടുകായും ചെയ്യുന്നു. അതിനു ശേഷമുള്ള വർഷങ്ങളിൽ കാക്കകളുടെ തലച്ചോറിനെപ്പറ്റി വിശദമായ പഠനങ്ങൾ നടന്നു. ഇവ, അപാരമായ സംവേദന ഗ്രഹണ ശേഷികൾ പ്രകടിപ്പിക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായി. എന്നാൽപ്പോലും കാക്കയ്ക്ക് ബുദ്ധിയുണ്ടോ ? ഉണ്ടെങ്കിൽ അതെത്ര മാത്രം ഉണ്ട് ? തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഉരുത്തിരിഞ്ഞു വന്നില്ല. 

തെക്കൻ പസഫിക് ദ്വീപിൽ മാത്രം കാണപ്പെടുന്ന ന്യൂ കാലിഡോണിയൻ കാക്കകൾ (കോർവസ് മോണെഡ്യൂലോയിഡുകൾ) നിപുണരായ ഉപകരണ നിർമ്മാതാക്കളാണെന്ന് ശാസ്ത്രജ്ഞന്മാർ പണ്ടേ സമ്മതിച്ചിട്ടുള്ളതാണ്. ബെറ്റിയുടെ നേട്ടത്തിന്റെ സമയത്ത്, ഈ തരം കാക്കകൾക്ക് കടുപ്പമേറിയതോ വഴക്കമുള്ളതോ ആയ ചില്ലകളെ ഉപകരണങ്ങളായി രൂപപ്പെടുത്താൻ കഴിയുമെന്ന് ഗവേഷകർക്ക് അറിയാമായിരുന്നു. സ്ക്രൂ പൈൻ (പാൻഡനസ്) മരത്തിന്റെ ഇലകളിൽ നിന്ന് റേക്ക് പോലുള്ള ഉപകരണങ്ങളായും അവർ ഉപയോഗിക്കാറുണ്ട്. പക്ഷെ ബെറ്റിയെ നിരീക്ഷിച്ചപ്പോൾ ഈ അറിവിനും അപ്പുറത്തേക്ക് ചിന്തിക്കാൻ ശാസ്ത്രലോകം നിർബന്ധിതമായി. തനിക്ക് മുന്പരിചയമില്ലാത്ത ഒരു വസ്തുവിൽ നിന്ന് അവൾ ഒരു ഹുക്ക് രൂപകൽപ്പന ചെയ്തു എന്നതിനപ്പുറം തന്റെ പ്രശ്നം പരിഹരിക്കാൻ അത്തരമൊരു ഉപകരണം ആവശ്യമാണെന്ന് അവൾ മനസിലാക്കി എന്ന തിരിച്ചറിവ് ജന്തുലോകത്തിൽ മുൻപ് അത്ര പരിചിതമായിരുന്നില്ല. 

ഇത്തരത്തിൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന കാക്കകൾ അങ്ങനെ ചെയ്യാത്ത കാക്കകളേക്കാൾ ശുഭാപ്തിവിശ്വാസവും ഉത്സാഹവും ഉള്ളവരാണ് എന്ന് സമർത്ഥിക്കുന്ന ചില പഠനങ്ങൾ നടന്നിരുന്നു. മനുഷ്യനെപ്പോലെ ചുമ്മാ ഒരു രസത്തിന് വേണ്ടി ചില കൗശലങ്ങൾ കാണിക്കുന്ന സ്വഭാവവും കാക്കയ്ക്കുണ്ട് എന്ന് സമർത്ഥിക്കുന്ന പഠനവും ഉണ്ട്. പരിണാമത്തിന്റെ വികാസദശയിൽ ജീവിവർഗ്ഗങ്ങൾക്ക് അതിജീവനത്തിന് വളരെ ആവശ്യകമായ കഴിവുകളാണ് പ്രകൃതി പ്രദാനം ചെയ്തിട്ടുണ്ട്. ജീവിവർഗ്ഗങ്ങളിൽ ഏറ്റവും വ്യത്യസ്തമായ കഴിവുകളുള്ള തലച്ചോർ കിട്ടിയിട്ടുള്ള വർഗം മനുഷ്യവർഗമാണ്. മനുഷ്യനോളം ഒന്നും വരില്ലെങ്കിലും, കാക്കകളും തീരെ മോശമല്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment