ഞാൻ വെറും പോഴൻ

Sunday, 15 June 2025

മാഗ്നാ കാർട്ടാ : ജനകീയ നിയമവാഴ്‌ചയുടെ ഉദ്‌ഘാടന വിളംബരം


എല്ലാ വർഷവും ജൂൺ 15 ന് "മാഗ്നാ കാർട്ടാ ദിനം" ആചരിക്കപ്പെടുന്നു. 1215 ജൂൺ 15-ന് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോൺ രണ്ടാമൻ വിൻഡ്‌സറിനടുത്തുള്ള 
തേംസ് നദിക്കരയിൽ റണ്ണിമീഡിൽ വച്ച് "മാഗ്നകാർട്ട"യിൽ മുദ്ര പതിപ്പിച്ചതിൻ്റെ സ്മരണയിലാണ് ഇത് ആചരിക്കപ്പെടുന്നത്.  മാഗ്നാകാർട്ടയുടെ ചരിത്രപരമായ പ്രാധാന്യവും ഭരണഘടയിലധിഷ്ഠിതമായ നിയമവ്യവസ്ഥയിലും വ്യക്തിഗത അവകാശങ്ങളിലും അത് ചെലുത്തിയ അനന്തമായ സ്വാധീനവും ഓർമ്മിപ്പിക്കാനാണ് മാഗ്നാകാർട്ടാ ദിന ആചരണം ലക്ഷ്യമിടുന്നത്. 

പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു നിയമസംഹിത ആണ് ഇംഗ്ലീഷിൽ ഗ്രേറ്റ് ചാർട്ടർ എന്നും മലയാളത്തിൽ മഹാ ഉടമ്പടി എന്നൊക്കെ അറിയപ്പെടുന്ന മാഗ്നകാർട്ട. ഭരണഘടനാധിഷ്ഠിതമായ നിയമങ്ങളുടെ ചരിത്രത്തിലെ ഒരു അടിസ്ഥാന രേഖയായി ഇത് കരുതപ്പെടുന്നു. ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഈ ഉടമ്പടിയുടെ മുഴുവൻ പേര് Magna Carta Libertatum എന്നാണ്. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി എന്നാണ് ഈ പേരിന്റെ ഏകദേശ മലയാള പരിഭാഷ. 


ബ്രിട്ടനിലെ രാജാക്കന്മാരുടെ ഏകാധിപത്യത്തിലും തന്നിഷ്ട്ടങ്ങളിലും ചൂഷണങ്ങളിലും അടിച്ചമർത്തലുകളിലും വീർപ്പു മുട്ടിയ ജനങ്ങൾ 1215-ൽ വിപ്ലവ സമാനമായ ഒരു നീക്കത്തിനൊടുവിൽ ജോൺ രാജാവിനെ തടഞ്ഞു വെച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പു വെപ്പിച്ചത്. ഒഴിഞ്ഞു മാറാൻ ഒരു മാർഗവുമില്ലാഞ്ഞിട്ടാണ് രാജാ
വിന് ഈ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നത്. കിംഗ് ജോണിൻ്റെ ഭരണകാലത്ത് (1199 to 1216) ഇംഗ്ലണ്ടിൽ കനത്ത ഭരണ വിരുദ്ധ വികാരം ഉയന്നു വന്നു. അക്കാലത്തെ ഭരണാധികാര ചുമതലയുള്ള sheriff കൾ നടത്തിപ്പോന്നിരുന്ന അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് ജനങ്ങളുടെ വ്യാപകമായ എതിർപ്പിന് കാരണമാക്കിയത്. സാധാരണ ജനങ്ങൾക്കെന്നു വേണ്ട ശക്തരായ പ്രഭുക്കന്മാർ (barons), പടയാളികൾ (knights) മുതലായ വിഭാഗങ്ങളെ പോലും അന്യായമായ നികുതി ചുമത്തി അവർ കഷ്ടപ്പെടുത്തി. പള്ളികളുടെ ഭൂമിയും സ്വത്തുമെല്ലാം പിടിച്ചടക്കി. പടയാളികളുടെ കുടുബത്തിലെ സ്ത്രീകളുടെ മേൽ കൈ വയ്ക്കുകയും അനന്തരാവകാശികളെ ഉപദ്രവിക്കുകയും ചെയ്തു. സൈനിക നീക്കങ്ങൾ പരാജയപ്പെട്ടു. നീതി നിർവ്വഹണം ഏക പക്ഷീയവും പക്ഷപാതപരവുമായിത്തീർന്നു. പ്രഭുക്കളുമായും ബിഷപ്പുമാരുമായും കലഹിച്ചു. എന്തിന് പറയുന്നു; മാർപ്പാപ്പയുമായി വരെ കലഹിച്ചു.  മാർപ്പാപ്പയുടെ പ്രതിനിധിയായ സ്റ്റീഫൻ ലാങ്‌ടണിനെ കാൻ്റർബറി ആർച്ച് ബിഷപ്പായി അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മാർപ്പാപ്പ ഇംഗ്ലണ്ടിനെ വിലക്കിന് (Excommunication) വിധേയമാക്കി. മാമോദീസ, വിവാഹം, കുമ്പസാരം എന്നിവ ഉൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നടത്തിക്കൊടുക്കുന്നത് നിർത്തിവച്ചു. സാധാരണ ജനങ്ങൾ, ഈ ആത്മീയ ശുശ്രൂഷാ വിലക്ക് മൂലം തങ്ങളുടെ മരണാനന്തര വിധി നരകമാക്കുമെന്ന് വിശ്വസിച്ചു. ഇങ്ങനെ എണ്ണമറ്റ കാരണങ്ങൾ കൊണ്ട് തങ്ങളുടെ തങ്ങളുടെ രാജാവിനെ അവർ വെറുത്തു.  ജോൺ രാജാവ് ശക്തമായ ജന രോഷത്തിന് പാത്രമായി. 1215-ൽ,  ബാരണുകൾ ലണ്ടൻ പിടിച്ചടക്കി. രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ച ചെയ്യാൻ ജോൺ രാജാവിനെ നിർബന്ധിച്ചു; ഇത് മാഗ്ന കാർട്ടയുടെ സൃഷ്ടിയിലേക്ക് നയിച്ചു.

ജോൺ രാജാവ് അംഗീകരിക്കാൻ വിസമ്മതിച്ച കാൻ്റർബറി ആർച്ച് ബിഷപ്പ്, കർദ്ദിനാൾ സ്റ്റീഫൻ ലാങ്ടൺ ആണ് ആദ്യ ചാർട്ടർ തയ്യാറാക്കിയത്. സഭയുടെ അവകാശങ്ങളുടെ സംരക്ഷണം, നിയമ വിരുദ്ധ തടവിൽ നിന്ന് ബാരൻമാർക്ക് സംരക്ഷണം, വേഗത്തിലുള്ളതും പക്ഷപാതപരവുമായ നീതിയുടെ പ്രയോഗം തുടങ്ങിയ വാഗ്ദാനങ്ങൾ ചാർട്ടറിൽ ഉണ്ടായിരുന്നു. ഇതിൻ പ്രകാരം 25 ബാരൻമാരുടെ ഒരു കൗൺസിൽ സ്ഥാപിക്കപ്പെട്ടു. എന്നാൽ ഇരുപക്ഷവും തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാത്തതിനാൽ, ഇന്നസെൻ്റ് മൂന്നാമൻ മാർപ്പാപ്പ ചാർട്ടർ അസാധുവാക്കി, ഇത് ഒന്നാം ബാരൺസ് യുദ്ധത്തിലേക്ക് നയിച്ചു. 1215-ലെ ഒറിജിനൽ മാഗ്നാകാർട്ട പിന്നീട് പല തവണ ഭേദഗതി ചെയ്യുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.. കാലം കടന്നു പോകുകയും ഇംഗ്ലണ്ടിലെ പുതിയ പാർലമെൻ്റ് പുതിയ നിയമങ്ങൾ പാസാക്കുകയും ചെയ്തപ്പോൾ, അതിൻ്റെ പ്രായോഗിക പ്രാധാന്യം നഷ്ടപ്പെട്ടു.

മാഗ്നാകാർട്ട മനുഷ്യാവകാശങ്ങളുടെ അതുല്യവും ആദ്യകാല ചാർട്ടറുമായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നിരുന്നാലും, ചരിത്രകാരനായ ജെ.സി. ഹോൾട്ടിനെപ്പോലുള്ളവർ അവകാശപ്പെടുന്നത് "ഉള്ളടക്കത്തിലും രൂപത്തിലോ മാഗ്നകാർട്ട അദ്വിതീയമായിരുന്നു" എന്നാണ്. എട്ട് നൂറ്റാണ്ടുകൾക്ക് മുൻപ്, ഇംഗ്ലണ്ടിലെ ഒരു കൂട്ടം വിമതർ അവരുടെ രാജാവിനെക്കൊണ്ട് നിർബന്ധിച്ച് ഒപ്പ് വയ്പ്പിച്ച സ്വാതന്ത്ര്യ ചാർട്ടർ സമൂഹത്തിലും അതിന്റെ അധികാര ശ്രേണിയിലും നീതി വിതരണത്തിലും വരുത്തിയ മാറ്റം വിപ്ലവകരമായിരുന്നു. അതിലൂടെ രാജാവ് സ്വയം നിയമവാഴ്ചയ്ക്ക് വിധേയനായി. ഒരർത്ഥത്തിൽ ജനാധിപത്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തുടക്കം കുറിക്കപ്പെട്ടു. സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന്, ഭരിക്കപ്പെടുന്നവരുടെ പ്രതിനിധികളുടെ അഭിപ്രായത്തിനും ഇടം കിട്ടുന്ന ഒരു ഭരണക്രമം ഉത്ഘാടനം ചെയ്യപ്പെട്ടു. രാജാവിൻ്റെ ഏകപക്ഷീയമായ അധികാരത്തെ ഇത് പരിമിതപ്പെടുത്തുകയും, ബാരൺസ് കൗൺസിലിൻ്റെ സമ്മതമില്ലാതെ രാജാവിന് നികുതി ചുമത്താനോ സ്വത്ത് കണ്ടുകെട്ടാനോ കഴിയില്ലെന്നും ഉറപ്പാക്കി. ഇപ്പോൾ പ്രാബല്യത്തിലുള്ള ഹേബിയസ് കോർപ്പസ് നിയമത്തിന്റെ വേര്, നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ ആരെയും തടവിലിടാൻ കഴിയില്ലെന്ന് പ്രസ്താവിക്കുന്ന മാഗ്ന കാർട്ടയിലാണ്. ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്കുള്ള അവകാശവും മാഗ്ന കാർട്ട വാഗ്ദാനം ചെയ്തു. കൂടുതൽ നിലവാരമുള്ളതും നീതിയുക്തവുമായ നിയമ നടപടികൾ ഉറപ്പാക്കിക്കൊണ്ട് നീതി വിൽക്കാനോ നിഷേധിക്കാനോ കാലതാമസം വരുത്താനോ കഴിയില്ലെന്ന് മാഗ്ന കാർട്ടയിലൂടെ സ്ഥാപിക്കപ്പെട്ടു.

നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും മാഗ്നാകാർട്ടയുടെ അടിസ്ഥാന തത്വങ്ങൾ കാലത്തെയും ദേശങ്ങളുടെ അതിരുകളെയും മറി കടന്ന് ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ജനാധിപത്യം, സ്വാഭാവിക നീതി, പൗര സ്വാതന്ത്ര്യം എന്നിവയുടെ നിലനിൽപ്പിനും വളർച്ചക്കും വേണ്ട ആശയങ്ങളുടെ അടിത്തറയായി ഇപ്പോഴും തുടരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള പല പ്രമുഖ രാജ്യങ്ങളുടെയും ഭരണ ഘടന മാഗ്ന കാർട്ടയിൽ നിന്ന് നേരിട്ട്  കടമെടുക്കുന്നില്ലെങ്കിലും ഗവൺമെൻ്റ് അധികാരം പരിമിതപ്പെടുത്തുക, നീതി ഉറപ്പാക്കുക, വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുക, നികുതി പിരിക്കൽ നിയമം മൂലമായിരിക്കുക തുടങ്ങിയ അടിസ്ഥാന ആശയങ്ങളിൽ മാഗ്ന കാർട്ടയുടെ സ്വാധീനം കാണാനാകും.

അമൂല്യ ചരിത്ര രേഖയായ 1215 ലെ മാഗ്ന കാർട്ടയുടെ 4 പതിപ്പുകൾ UK യിൽ ഇപ്പോഴും സംരക്ഷിച്ച് പോരുന്നുണ്ട്. നാല് കൈയെഴുത്തു പ്രതികളിൽ 2 എണ്ണം വിഖ്യാതമായ ബ്രിട്ടീഷ് ലൈബ്രറിയിലാണുള്ളത്. ഇതിന് പുറമെയുള്ള 2 പ്രതികളിൽ ഒന്ന് ലിങ്കൺ കത്തീഡ്രലിലും സാലിസ്ബറി കത്തീഡ്രലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇപ്പോഴും സന്ദർശകർക്ക് കാണാൻ സൗകര്യമുണ്ട്. 

No comments:

Post a Comment