ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 1 April 2014

കല്പനചേച്ചിയുടെ ഭ്രമ കല്പനകള്‍...."മാവേലി" നാട് വാണീടും കാലം....ലോക് സഭ തുരന്നെടുപ്പ്, സോറി തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ആദര്‍ശത്തിന്റെ മൊത്തക്കച്ചവടം നടത്തിയിരുന്ന ചിലരുടെ മലക്കം മറിയലും ട്രപ്പീസ് കളിയും ഒക്കെ കണ്ടു ഞെട്ടിയും ചിരിച്ചും മടുത്ത ജനത്തിന്റെ നടുവിലേക്കാണ് വെള്ളിത്തിരയിലെ തമാശക്കാരി ഏറ്റവും വലിയ മലക്കം മറിയലുമായി എത്തിയത്. അതിന്റെ ഞെട്ടല്‍ എത്ര ശ്രമിച്ചിട്ടും മാറുന്നില്ല. അമ്മയുടെ നേതാവ് മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തിന് എതിരെ മത്സരിക്കുന്ന ആപ് സ്ഥാനാര്‍ഥിക്ക് വേണ്ടി കല്പന പ്രചരണം നടത്തി എന്ന വാര്‍ത്തയായിരുന്നു ആദ്യം ഞെട്ടിച്ചത്. ഒരു നിമിഷം തിലകന്‍ ചേട്ടനെ ഓര്‍ത്തു പോയി. ആദ്യത്തെ ഞെട്ടല്‍ ഒരു കണക്കിന് മാറ്റി സമാധാനമായി ഇരിക്കുമ്പോള്‍, പിറ്റേ ദിവസം ദേ വരുന്നു ചേച്ചിയുടെ വക തിരുത്ത്. അപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഇപ്പൊഴും മാറുന്നില്ല. കാരണം ചേച്ചി വിശദീകരിച്ചത് കേട്ടാല്‍ ഏതു കഠിന ഹൃദയനും കരഞ്ഞു പോകും. അത് ഇപ്രകാരമാണ്.

"ആം ആദ്‌മി പാര്‍ട്ടിയെന്നാല്‍ കെജ്‌രിവാളും സാറാജോസഫും അനിതാ പ്രതാപുമല്ലാതെ അതിനപ്പുറത്തേക്ക്‌ യാതൊന്നും എനിക്കറിയില്ല. ഞാന്‍ ആം ആദ്‌മിയുമായി ഒരിക്കലും സഹകരിച്ചിട്ടില്ല. അതിന്റെ ഭാഗമാകുകയും ചെയ്‌തിട്ടില്ല. എന്തിനേറെ, അതിന്റെ ഫുള്‍ഫോം പോലും എനിക്കറിയില്ല. അവരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കൂടി ശ്രമിച്ചിട്ടുമില്ല. നേരു പറഞ്ഞാല്‍, ഞാന്‍ ചാലക്കുടിയില്‍ പങ്കെടുത്ത യോഗം ആം ആദ്‌മിയുടേതാണെന്ന്‌ ചെറിയൊരു സൂചന പോലുമില്ലായിരുന്നു. അവിടെ ഇന്നസെന്റിന്‌ എതിരായി നില്‍ക്കുന്ന ആം ആദ്‌മി സ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ്‌ യോഗമായിരുന്നു അതെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ പങ്കെടുക്കില്ലായിരുന്നു. ഞാന്‍ ശരിക്കും ചതിക്കപ്പെട്ടതാണ്‌. ജനസേവാ ശിശുഭവന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഞാന്‍ ആ വേദിയിലെത്തി പ്രസംഗിച്ചു. അതിനുശേഷം ഭാര്യാഭര്‍ത്താക്കന്‍മാരായ രണ്ടുപേര്‍ എന്റെ അടുത്തുവന്ന്‌ ഒരു തൊപ്പി തന്നിട്ട്‌ തലയില്‍ വയ്‌ക്കാന്‍ പറഞ്ഞു. തൊപ്പിയില്‍ ആം ആദ്‌മി എന്ന്‌ എഴുതിവച്ചതുകണ്ട്‌ ഞാന്‍ എന്താണെന്ന്‌ ചോദിച്ചപ്പോള്‍, ആം ആദ്‌മിയെന്നാല്‍ സാധാരണക്കാര്‍ എന്നു മാത്രമാണ്‌ അര്‍ഥമെന്നും നമ്മളെല്ലാം സാധാരണക്കാരായതിനാല്‍ അതില്‍ ഇങ്ങനെ എഴുതിവച്ചെന്നേയുള്ളൂവെന്നുമാണ്‌ അവര്‍ പറഞ്ഞ മറുപടി. ഇതില്‍ വിശ്വസിച്ചാണ്‌ ഞാന്‍ തൊപ്പി ധരിച്ച്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌. അല്ലാതെ അതൊരു പാര്‍ട്ടി പരിപാടിയാണെന്നും ആം ആദ്‌മി എന്ന പാര്‍ട്ടിയുടെ തൊപ്പിയാണതെന്നും അറിഞ്ഞിരുന്നെങ്കില്‍ ഞാനങ്ങനെ ചെയ്യില്ലായിരുന്നു. ഞാന്‍ ആ ദമ്പതികളെ എന്നെങ്കിലും കണ്ടെത്തും. എന്നിട്ട്‌ അവരെക്കൊണ്ട്‌ തന്നെ ഞാന്‍ ഇതെല്ലാം വെളിപ്പെടുത്താം. അപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമാകുമല്ലോ... "

ഇങ്ങനെ ഒന്നുമറിയാത്ത ഒരു പഞ്ചപാവത്തെ തെറ്റിദ്ധരിപ്പിച്ച് അവര്‍ മുഖ്യമന്ത്രി എന്ന് ധരിച്ചു വച്ചിരിക്കുന്ന ഇന്നസെന്റിനെതിരെ പ്രവര്‍ത്തിപ്പിച്ചത് ഇനി "മാവേലി"യല്ല  സാക്ഷാല്‍ മഹാവിഷ്ണു ആണെങ്കില്‍ പോലും ദൈവം പൊറുക്കില്ല. കശ്മലന്മാര്‍; നിങ്ങളോടൊക്കെ ദൈവം ചോദിച്ചോളും. റിയാലിറ്റി ഷോയില്‍ വിധി പറയുമ്പോള്‍ ചേച്ചി എല്ലാ അറിവുകളും ഉള്ള ഒരാള്‍ ആണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. സത്യത്തില്‍ ചേച്ചിയുടെ ഇപ്പോഴത്തെ വിശദീകരണം വായിച്ചപ്പോഴാണ് ചേച്ചി എത്രത്തോളം പാവം ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്. 

ഞാന്‍ ഇതൊക്കെ വിശ്വസിച്ചു വിങ്ങി വിങ്ങി കരഞ്ഞു തളര്‍ന്നിരുന്നപ്പോഴാണ് താഴെക്കാണുന്ന വീഡിയോ കാണുന്നത്. വീഡിയോ കണ്ടു ഞാന്‍ വീണ്ടും ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും; ഇതില്‍, ചേച്ചി നന്നായി ചിരിച്ചു വളരെ ഭവ്യതയോടെ ആപ് സ്ഥാനര്‍ത്ഥിക്ക് വേണ്ടി വോട്ടു ചോദിക്കുന്നു. ചിഹ്നം ചൂല്‍ ആണെന്ന് വരെ പറയുന്നുണ്ട്. പക്ഷെ ഞെട്ടല്‍ മാറി വച്ചിട്ട് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി; ജോസ് മാവേലി, നൂറുദീന്‍ തുടങ്ങിയ കൊടും ഭീകരന്മാര്‍ ചേച്ചിയുടെ ശരീരത്തില്‍ ഒരു കൂട് പൊട്ടാസ് കെട്ടി വച്ചിട്ട് ഒരു വിരോധവും കാണിക്കാതെ ആപ് സ്ഥാനര്‍ത്ഥിക്ക് വേണ്ടി നന്നായി ചിരിച്ചു വോട്ടു ചോദിക്കണമെന്നും ഇല്ലെങ്കില്‍ പൊട്ടാസ് പൊട്ടിച്ചു കൊല്ലുമെന്നും പറഞ്ഞപ്പോള്‍ പാവങ്ങളില്‍ പാവമായ ചേച്ചി ഭയന്ന് വിറച്ചിട്ട് പറഞ്ഞു പോയതല്ലേ. അതല്ലെങ്കില്‍ വീഡിയോ മോര്‍ഫിങ്ങ് തന്നെ...സംശ്യല്ല്യ....

ചേച്ചി പേടിക്കണ്ട...ചേച്ചിക്കൊപ്പം ഈ നാട്ടിലെ "അരിയാഹാരം കഴിക്കുന്ന" ജനങ്ങള്‍ എല്ലാം ഉണ്ട്. ഞങ്ങള്‍ക്കറിയാം ചേച്ചീ, ഞങ്ങളെപ്പോലെ തന്നെ ചേച്ചിയുടെ മനസ്സും ഇന്നസെന്റിനൊപ്പമാണെന്ന്. ചേച്ചിയുടെ അഭിനയം ഇപ്പോഴും എപ്പോഴും ഞങ്ങള്‍ക്കിഷ്ടമാണ്. ചേച്ചീ, ചേച്ചിയാണ് ചേച്ചീ, ചേച്ചി. വിപ്ലവം ജയിക്കട്ടെ...ജനാധിപത്യം ജയിക്കട്ടെ...ആപ്പന്മാര്‍ പോയി തുലയട്ടെ...അല്ല പിന്നെ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


No comments:

Post a Comment