ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Saturday, 19 April 2014

തള്ളെ....ദേശീയ സുരാജ്...സംസ്ഥാന സുരാജ്...എന്റെ സിവനേ.....

ഒന്‍പതു രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് പകര്‍ത്തി കൊടുക്കാന്‍ ഏറ്റവും വിഷമകരം. കരയിപ്പിക്കാനോ  പേടിപ്പിക്കാനോ അത്ഭുതപ്പെടുത്താനോ ശ്രമിച്ചിട്ട് പരാജയപ്പെടുന്നതിന്റെ ഒന്‍പതിരട്ടിയാണ് ചിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് അതിനു സാധിക്കാതെ വരുമ്പോളുണ്ടാവുക എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അഭിനയിച്ച് ചിരിപ്പിക്കാന്‍ അറിയാവുന്നവന് ഏതു ഭാവവും അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുമെന്ന് അടൂര്‍ ഭാസിയും ബഹദൂറും ജഗതിയും ഒടുവിലും ഇന്നസെന്റും മാമുക്കോയയും എല്ലാം പല വട്ടം തെളിയിച്ചതാണ്. പക്ഷെ അവര്‍ക്ക് പലപ്പോഴും അംഗീകാരങ്ങള്‍ വന്നത് ജനങ്ങളുടെ കയ്യടിയില്‍ നിന്നായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹാസ്യ വിഭാഗത്തിന് ഒരു പ്രത്യേക അവാര്‍ഡ്‌ പ്രഖ്യാപിച്ചു ഹാസ്യ നടന്മാരെ രണ്ടാം നിരയിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. ഈ നയത്തിന്റെ ചെകിട്ടത്തു തന്നെ ആദ്യ അടി കൊടുത്തത് രണ്ടു വര്‍ഷം മുന്‍പത്തെ ദേശീയ അവാര്‍ഡ്‌ ജൂറി ആയിരുന്നു. സലിം കുമാറിന് ദേശീയ അവാര്‍ഡ്‌ കൊടുത്തു കൊണ്ടായിരുന്നു അത്. ഇപ്പോഴിതാ ദേശീയ അവാര്‍ഡ്‌ കമ്മിറ്റി ഒന്നാം നിര താരചക്രവര്‍ത്തിമാരെയും രണ്ടാം നിര നാട്ടുരാജാക്കന്മാരെയും  വിളിപ്പാടകലെ മാറ്റി നിര്‍ത്തിക്കൊണ്ട് സുരാജ് വെഞ്ഞാറമൂട് എന്ന വിദൂഷകന് നല്‍കിയിരിക്കുന്നു, ദേശീയ അവാര്‍ഡ്‌. ശ്രദ്ധേയമായ കാര്യം ഇതിലുമപ്പുറം ഇരുവര്‍ക്കും അവാര്‍ഡ്‌ കിട്ടിയത് ഹാസ്യവേഷങ്ങള്‍ക്ക് അല്ലെന്നുള്ളതാണ്. വില കുറഞ്ഞ കവല തമാശകളും അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ധാരാളം പ്രയോഗിക്കുന്ന ഊള വളിപ്പ് നടന്‍ എന്ന പുറം തോട് പൊട്ടിച്ചു അഭിനയത്തിനുള്ള ഭാരതത്തിലെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയ ഈ നടന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അവാര്‍ഡ് ലഭിക്കുമ്പോഴും വാസ്തുഹാരയിലെ മോഹന്‍ ലാലിന്റെ അഭിനയത്തോടാണ് ജൂറി സുരാജിന്റെ അഭിനയമികവിനെ താരതമ്യം ചെയ്തത്. നടന്റെ സ്ഥിരം ലേബല്‍ നോക്കാതെ അവാര്‍ഡ്‌ നിശ്ചയിക്കാന്‍ പക്വതയും വളര്‍ച്ചയും ദേശീയ ജൂറിയ്ക്കും ഒരു ബിഗ്‌ റെസ്പെക്റ്റ്‌. 
ഈ പ്രഖ്യാപനം മുതല്‍ അക്ഷരാര്‍ഥത്തില്‍ ത്തില്‍ വെട്ടിലായിപ്പോയത് സംസ്ഥാന അവാര്‍ഡ്‌ ജൂറി ആയിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് കിട്ടിയതോടെ സംസ്ഥാന ജൂറിയുടെ തീരുമാനം എന്തായിരിക്കുമെന്ന് നോക്കിയിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്തായാലും ദേശീയ ജൂറി കാണിച്ച പക്വതയും വളര്‍ച്ചയും ഒന്നും സംസ്ഥാന ജൂറി കാണിച്ചില്ല. ഇവിടെ അവര്‍ സുരാജിന് പഴയ കുപ്പായത്തിനുള്ള അംഗീകാരം എന്ന നിലയില്‍ മികച്ച ഹാസ്യ നടനുള്ള  അവാര്‍ഡ്‌ കൊടുത്തു തല കഴുത്തിലാക്കി രക്ഷപെട്ടു. ഇതിനെച്ചൊല്ലി എന്തൊക്കെ വിവാദങ്ങള്‍ വരുമെന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. 

മുന്‍പ് ദേശീയ അവാര്‍ഡ്‌ കിട്ടിയ സലിം കുമാര്‍ പറഞ്ഞത് പോലെ  ഇനി സുരാജും സൂക്ഷിക്കണം. നിങ്ങളുടെ കാര്യം ഏതാണ്ട് പോക്കായ മട്ടാണ്. മലയാള സിനിമയുടെ ഒരു രീതി അതായത് കൊണ്ട് പറഞ്ഞതാ. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.

വാല്‍ക്കഷണം : ഇതെല്ലാം കാണുമ്പോള്‍ ഉള്ളാല്‍ ചിരിക്കുന്നവരും സന്തോഷിക്കുന്നവരും ഏറെ ഉണ്ടെങ്കിലും എന്റെ മനസ്സില്‍ ആദ്യം വരുന്ന ഒരു മുഖം ഇന്ദ്രന്‍സിന്റെതാണ്. പല പ്രമുഖ നടിമാരും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വൈമുഖ്യം കാണിച്ച സാഹചര്യത്തില്‍...അതിനാല്‍ തന്നെ ഈ അവാര്‍ഡ്‌ സുരാജിനോട് അനുവാദം ചോദിക്കാതെ തന്നെ ഞാന്‍ ഇന്ദ്രന്‍സിന് Dedicate ചെയ്യുന്നു.


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുകഅല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment