ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 22 April 2014

ങാ ഹാ.. ഉര്‍വ്വശി കിടക്കണ്ടേടത്ത് ഉറുമീസ്...ഉറുമീസ് കിടക്കണ്ടേടത്ത് ഉര്‍വ്വശി....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പൂരത്തിന്റെ വെടിക്കെട്ട്‌ തുടരുകയാണ്. ദേശീയ തലത്തില്‍ "സീരിയസ് അഭിനയത്തിന്" അവാര്‍ഡ്‌ നേടിയ സുരാജിനെ സംസ്ഥാന തലത്തില്‍ "സീരിയസ് അല്ലാത്ത അഭിനയത്തിന്" മികച്ച ഹാസ്യ നടനാക്കിയതിന്റെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ സംസ്ഥാന അവാര്‍ഡ്‌ ജൂറി അപ്രതീക്ഷമായി അടുത്ത വിവാദത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കാര്‍ത്തിക് അവാര്‍ഡിനര്‍ഹമായ ഗാനം ചിത്രത്തില്‍ പാടിയിട്ടില്ല. ഒറീസ എന്ന ചിത്രത്തിലെ ജന്മാന്തരങ്ങളില്‍ എന്ന ഗാനമാണ് ഗായകന് അവാര്‍ഡ് നേടിക്കൊടുത്തത്. ഗാനം പാടിയത് കാര്‍ത്തിക് ആണെന്നാണ് ജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ച സിഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം സിനിമയുടെ സി ഡി യ്ക്ക് വേണ്ടി മാത്രമാണ് പാടിയത്. യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ പാടിയത് പ്രദീപ് ചന്ദ്രകുമാര്‍ എന്ന യുവഗായകന്‍ ആയിരുന്നു. തികച്ചും സാങ്കേതികമായ പിഴവിന് സ്വന്തം അവാര്‍ഡ് വിലയായി നല്‍കേണ്ടി വന്നു പ്രദീപിന്. തന്റേതല്ലാത്ത കാരണത്താല്‍, ആദ്യമായി കിട്ടിയ സംസ്ഥാന അവാര്‍ഡ് ആളു മാറി പ്രഖ്യാപിക്കപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും തീരെ പ്രതീക്ഷിക്കാത്ത ഒന്നായതിനാല്‍ അത്ര വലിയ ദു:ഖമില്ലെന്നും പ്രദീപ് വ്യക്തമാക്കിയിരുന്നു.

ജന്മാന്തരങ്ങളില്‍ കാര്‍ത്തിക്കിനെ കൊണ്ടു തന്നെയാണ് ആദ്യം പാടിച്ചതെന്നും എന്നാല്‍ പിന്നീട് അത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ പ്രദീപിനെ കൊണ്ടു വീണ്ടും പാടിക്കുകയുമായിരുന്നെന്ന് ഇൗ ഗാനത്തിന് ഇൗണം നല്‍കിയ സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായാണ് രതീഷ് വേഗയുടെ വിശദീകരണം. അവാര്‍ഡ് മാറിപ്പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കുന്നതിനായി എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം നിര്‍മ്മാതാവ് ചലച്ചിത്ര അക്കാദമിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് അക്കാദമിയുടെ വിശദീകരണം. നിര്‍മ്മാതാവ് കൊടുത്ത രേഖകളില്‍ ഗായകനായി കാര്‍ത്തികിന്റെ പേരാണ് ഉണ്ടായിരുന്നതത്രേ. എന്തായാലും ഇതെല്ലാം കേള്‍ക്കുമ്പോള്‍ റാംജിറാവു സ്പീക്കിംഗ് സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗാണ്. "ങാഹാ..ഉര്‍വ്വശി കിടക്കണ്ടേടത്ത് ഉറുമീസ്...ഉറുമീസ് കിടക്കണ്ടേടത്ത് ഉര്‍വ്വശി...." അതാണ്‌ പോലും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

ഇതെല്ലാം സാങ്കേതികമായി കൈ കഴുകാനുള്ള വാദങ്ങള്‍ മാത്രമാണ്; വെറും താത്വിക അവലോകനങ്ങള്‍ മാത്രം. കൊട്ടിഘോഷിക്കപ്പെടുന്ന സിനിമ അവാര്‍ഡുകള്‍ ഇത്രയും അവധാനതയോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നാണു സാധാരണ പ്രേക്ഷകന്‍ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. അവാര്‍ഡ്‌ കൊടുക്കാനും അത് നിര്‍ണ്ണയിക്കുന്ന സമിതിയുടെ ചിലവിനും ഉപയോഗിക്കുന്നത് ജനത്തിന്റെ നികുതിപ്പണമാണെന്ന് മറക്കരുത്. ലോക്കല്‍ ആര്‍ട്സ്‌ ക്ലബിലെ നുണ പറച്ചില്‍ മത്സരത്തിന്റെ ഫല പ്രഖ്യാപനം ഒന്ന് അല്ലല്ലോ. സര്‍ക്കാരും അക്കാദമിയും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്‌ ഇത്തരം അവാര്‍ഡുകള്‍. ഇതൊരു ചെറിയ വീഴ്ച അല്ല. ആര്‍ക്കും ഇതില്‍ നിന്ന് കൈ കഴുകാന്‍ അവകാശവും ഇല്ല. ഇക്കണക്കിനു സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്നവനോ ലൈറ്റ് ബോയ്ക്കോ  മികച്ച നടനുള്ള അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടാലും പ്രേക്ഷകര്‍ ഞെട്ടേണ്ട ആവശ്യം ഇല്ല. 


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുകഅല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment