ഞാൻ വെറും പോഴൻ

Monday 26 May 2014

കുട്ടിമാമാ... ഞാൻ ഞെട്ടി മാമാ....

ഞെട്ടല്‍ പ്രകടിപ്പിച്ചു...
ഞെട്ടല്‍ രേഖപ്പെടുത്തി....
നടുക്കം രേഖപ്പെടുത്തി...
മുതലായ നൂതന പ്രതികരണങ്ങള്‍ ആദ്യമായി ഈ ദുനിയാവില്‍ പ്രയോഗിച്ചത് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ ആയിരിക്കുമെന്ന് തോന്നുന്നു. എന്തായാലും ഈ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഈ നാട്ടിലെ വിവിധ വിഭാഗം ജനങ്ങള്‍ ഞെട്ടലോട് ഞെട്ടലായിരുന്നു...വിവിധ ഞെട്ടല്‍ കഥകളിലൂടെ ഓരോട്ടപ്രദക്ഷിണമായാലോ...

പ്രതിപക്ഷത്തിലെ പ്രതിപക്ഷമായിരുന്ന അച്ചുമ്മാവന്‍ 180 ഡിഗ്രീ വട്ടം കറങ്ങി നല്ല അനുസരണയുള്ള കുട്ടിയായി പി ബി യും സംസ്ഥാന സമിതിയും എഴുതി കൊടുത്ത പ്രസംഗങ്ങള്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വായിക്കുന്നത് കേട്ട് അച്ചു ആരാധകരും അച്ചു എതിരാളികളും ഒരു പോലെ ഞെട്ടി. പത്തു കൊല്ലം മുന്‍പ് ര്‍ എസ് പി യില്‍ നിന്ന് പിടിച്ചു വാങ്ങി സി പി എം മത്സരിച്ച സീറ്റിനെ ചൊല്ലി തൊട്ടു തലേ ദിവസം വരെ ചാനല്‍ ചര്‍ച്ചകളില്‍ എല്‍ ഡി എഫിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന പ്രേമചന്ദ്രന്‍ നിന്ന നില്‍പ്പില്‍ മറു കണ്ഠം ചാടിയത് ഇരുപക്ഷത്തെയും ഞെട്ടിച്ചു. വടക്ക് ഒരു പാര്‍ട്ടിയുടെ മുന്‍മന്ത്രിയായിരുന്ന ദേശീയ നേതാവ് ഒരു സീറ്റിനു വേണ്ടി സംസ്ഥാന നേതാവിന്റെ വീട്ടില്‍ പോയി എന്തിക്കരയുന്നത് കണ്ടു സംസ്ഥാനത്തെ കഠിന ഹൃദയന്മാര്‍ വരെ ഞെട്ടി.

രാഷ്ട്രീയ പ്രവാചകന്മാരുടെയും കടുത്ത ആരാധകരുടെയും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ബി ജെ പി നയിക്കുന്ന എന്‍ ഡി എ നേടിയ ചരിത്ര ജയം ഒരു മാതിരിപ്പെട്ട എല്ലാ മനുഷ്യ ജീവികളെയും ഞെട്ടിച്ചു. എന്‍ ഡി എ യിലെ തന്നെ കിംഗ്‌ മേക്കര്‍ സ്ഥാനമോഹികള്‍ ആയിരുന്ന ചെറിയ പാര്‍ട്ടികള്‍ ഞെട്ടിയ ഞെട്ടല്‍ ഇന്ന് മന്ത്രിസഭാ പ്രഖ്യാപനം കഴിഞ്ഞിട്ടും മാറിയിട്ടില്ല. 

അതിലൊക്കെ കഷ്ടമാണ് മോദിയുടെ ചിറകിലേറി ബി ജെ പി നേടിയ ചരിത്രവിജയത്തിന്റെ മറുവശമായി നമ്മുടെ നെഹ്‌റു കോണ്ഗ്രസ്സ് ഏറ്റുവാങ്ങിയ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട തോല്‍വി. അത് കണ്ടു കോണ്ഗ്രസ് സ്നേഹികളെക്കാളും ഞെട്ടിയത് കൊടിയ കോണ്ഗ്രസ് വിരോധികളാണ്. പത്തു മുപ്പതോളം മന്ത്രിമാര്‍ ഞെട്ടി...അനവധി നിരവധി എം പി മാര്‍ ഞെട്ടി...പി സി സി നേതാക്കള്‍ ഞെട്ടി...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തരംഗമായി മാറിയ, പിറന്നിട്ട് കഷ്ടി ഒരു വയസ്സ് മാത്രമായ, എ എ പി നാല് സീറ്റ് വാങ്ങിയത് കണ്ടു രാഷ്ട്രീയനിരീക്ഷകര്‍ ദേശീയ തലത്തില്‍ ചെറിയ തോതില്‍ ഞെട്ടി. പക്ഷെ തങ്ങള്‍ വിചാരിച്ച പോലെയുള്ള വിജയം കിട്ടാത്തതിന്റെ ഞെട്ടല്‍ ആപ് നേതാക്കളിലും കണ്ടു. നാണം കേട്ട പരാജയത്തിനിടയിലും എ എ പിയെ ചെറുതാക്കി കാണിക്കാന്‍ മറ്റു പാര്‍ട്ടിക്കാര്‍ നടത്തുന്ന ശ്രമം കണ്ടു എ എ പിയിലും അഴിമതി വിരുദ്ധ മുന്നേറ്റത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന സകല ജനങ്ങളും ഞെട്ടി.

പരിവേഷനഷ്ടം സംഭവിച്ച്‌ രക്തസാക്ഷികളില്‍ നിന്നും ലളിത ജീവിത ശൈലിയില്‍ നിന്നും സാധാരണ ജനങ്ങളില്‍ നിന്നും അകന്നു ധാര്‍ഷ്ട്യവും ധിക്കാരവും മാത്രം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിച്ചു വര്‍ഗീയ സാമുദായിക പ്രീണനത്തിന്റെ പുറകെ പോയ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയപദവി നഷ്ടപ്പെടുന്നത് കണ്ടു ഒത്തിരി പേര്‍ ഞെട്ടി.

ഒരു കുതിരക്കച്ചവട സ്ഥിതിവിശേഷം സംജാതമായാല്‍ പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്ച്ചു വച്ച് കാത്തിരുന്ന  ജയലളിത, മായാവതി, മമത ബാനര്‍ജി, മുലായം സിംഗ് യാദവ്‌ എന്നിവരും ഒടുക്കത്തെ ഞെട്ടു ഞെട്ടി. മായാവതിയെയും അജിത് സിങ്ങിനെയും വട്ടപ്പൂജ്യമാക്കിയ ജനം സമാജ് വാദി പാര്‍ട്ടിയെ മുലായം പരിവാര്‍ മാത്രമാക്കി മാറ്റി. 

ഇതിനെക്കാളും വലിയ ഞെട്ടലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞു കേരളത്തില്‍ സംഭവിച്ചത്. ചരിത്രത്തില്‍ എങ്ങും ഇല്ലാത്ത തോല്‍വി ഏറ്റു വാങ്ങുമെന്ന് ആരാധകര്‍ പോലും വിധിയെഴുതിയ യു ഡി എഫ് പന്ത്രണ്ട് സീറ്റ്‌ സംഘടിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയെപ്പോലും ഞെട്ടിച്ചു. ചാലക്കുടി, തൃശൂര്‍, ഇടുക്കി മുതലായ ഫിക്സഡ് ഡെപ്പോസിറ്റ്‌ സീറ്റുകള്‍ എതിര്‍ പക്ഷത്തിന് താലത്തില്‍ വച്ച് കൊടുത്തു യു ഡി എഫ് ഞെട്ടിച്ചപ്പോള്‍ വടകര, കൊല്ലം, കാസര്‍ഗോഡ്‌, തിരുവനന്തപുരം മുതലായ സീറ്റുകളിലെ പ്രകടനമാണ് എല്‍ ഡി എഫ് ഞെട്ടാന്‍ വേണ്ടി കാഴ്ച വച്ചത്.

കേരളത്തിലെങ്ങും തിരഞ്ഞെടുപ്പിലെ പുതുമുഖ താരമായ നോട്ടയും ഞെട്ടിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന അസാധുവിനെ വോട്ടറുടെ അജ്ഞതയുടെ സന്തതി എന്ന പേര് ദോഷത്തില്‍ നിന്ന് വോട്ടറുടെ അസംതൃപ്തിയുടെ സന്തതി എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ നോട്ടക്കു സാധിച്ചു.

ആപ് (ആം ആദ്മി), എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി മുതലായവര്‍ തങ്ങളുടെ ശക്തമായ സ്വാധീനം കൊണ്ട് ജനങ്ങളെയും അതിലുപരി രാഷ്രീയ തൊഴിലാളികളെയും ഞെട്ടിച്ചു. അടുത്ത പഞ്ചായത്ത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ സംഭവക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍ത്തു പരമ്പരാഗത നേതാക്കള്‍ ഊണിലും ഉറക്കത്തിലും ഒക്കെ ഞെട്ടുന്നതായാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍.

സാധാരണയായി മുന്നണികളുടെ  തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ തങ്ങളുടെ പങ്കിന്റെ അവകാശവാദം ഉന്നയിച്ച് മിടുക്കരാകുന്ന സമുദായനേതാക്കളും തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിത്തരിച്ചു പോയി. എട്ടുകാലി മമ്മൂഞ്ഞുമാരാകാന്‍ തയ്യാറായി നിന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ മനക്കോട്ടകള്‍ തകര്‍ന്നു വീണത്‌ ഒട്ടേറെ പേരെ ഞെട്ടിച്ചു. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിനാണ് എന്‍.എസ്.എസ് പിന്തുണ നല്‍കിയത്. രാജഗോപാല്‍ തോറ്റപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്നു പറഞ്ഞ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇളിഭ്യനായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നു തിരഞ്ഞെടുപ്പിനു മുമ്പ് വെല്ലുളിച്ച് നായര്‍ യു.ഡി.എഫ് 12 സീറ്റു നേടിയപ്പോള്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ ശക്തനായെന്നു പറഞ്ഞ് നെടുവീര്‍പ്പിടുകയായിരുന്നു.

ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിനെ തോല്‍പ്പിക്കാനായിരുന്നു എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി ചന്ദ്രബാബുവിനു പിന്തുണയും നല്‍കി. ഇടുക്കിയിലാകട്ടെ വെള്ളാപ്പള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെയാണ് പിന്തുണച്ചത്. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്തും പരാജയപ്പെട്ടു.

മലപ്പുറത്ത് ലീഗിനേല്‍ക്കുന്ന തിരിച്ചടിയും തിരഞ്ഞെടുപ്പു പരാജയവും കാന്തപുരം ഫാക്ടര്‍ കാരണമെന്നു പറയാറുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നീക്കങ്ങളും ഇത്തവണ വിജയം കണ്ടില്ല. പൊന്നാനിയില്‍ കാന്തപുരം വിഭാഗം ഇടതുസ്ഥാനാര്‍ത്ഥി അബ്ദുറഹിമാനുവേണ്ടി രംഗത്തിറങ്ങിയെങ്കിലും ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ തോല്‍പിക്കാനായില്ല. മലപ്പുറത്താവട്ടെ പ്രതികൂല സാഹചര്യത്തിലും ഇ. അഹമ്മദ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ മികച്ചവിജയം നേടുകയും ചെയ്തു. സമുദായവോട്ടുബാങ്കെന്ന ഭീഷണി മുഴക്കി കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരച്ചവരയില്‍ നിര്‍ത്തുന്ന സമുദായ നേതാക്കളുടെ ശക്തിയാണ് ഈ തിരഞ്ഞെടുപ്പില്‍ പുറത്തായത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഐക്യമുന്നണിയുമായി ഉടക്കി ഇടതുമുന്നണിയുടെ കൂടെ നിന്ന കത്തോലിക്കാ സഭക്ക് ഇടുക്കിയിലെ ഇടതിന്റെ ജയം ആശ്വാസമായി എങ്കിലും കസ്തൂരിരംഗനേക്കാള്‍ ശക്തമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് പറയുന്ന ബി ജെ പി കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുന്നത് കണ്ട് ഞെട്ടേണ്ടി വന്നു. കേരള കോണ്ഗ്രസ്സും സഭയും ആഞ്ഞു പിടിച്ചിട്ടും ഇടതു സ്ഥാനാര്‍ഥി വല്ല്യ മെച്ചപ്പെട്ട ഭൂരിപക്ഷതിനല്ല ജയിച്ചത്‌ എന്നാതാണ് അതിനേക്കാള്‍ വലിയ ഞെട്ടല്‍ സമ്മാനിച്ചത്.  കേരളം ജാലിയന്‍വാലാബാഗ് ആക്കുമെന്നും കത്തിക്കും എന്നൊക്കെ ആക്രോശിച്ച പിതാവിന്റെ മേഖലയിലും കുഞ്ഞാടുകള്‍ ഇടയന്‍ തെളിച്ച തൊഴുത്തിലേക്കല്ല നടന്നത് എന്ന് കണ്ടാല്‍ ഇതു ഇടയനാണ് ഞെട്ടാത്തത്.

സിപിഎമ്മിനെതിരെ ശവത്തില്‍ കുത്തുന്ന പ്രസ്താവനയുമായി ലീഗ് വിട്ട് ഇപ്പോള്‍ ഇടതു സഹയാത്രികനായ  കെടി ജലീല്‍ രംഗത്ത് വന്നത് ഇടത് നേതാക്കളെയും അണികളെയും ഒരു പോലെ ഞെട്ടിച്ചു. പ്രത്യയശാസ്ത്രരംഗത്ത് ഇഞ്ചോടിഞ്ച് പൊരുതിനിന്ന ഇടതുപക്ഷം മെലിഞ്ഞൊട്ടിയാണ് 16ാം ലോക്‌സഭയിലെത്തുന്നതെന്നും ഉറക്കെ കരയാന്‍പോലുമുള്ള ശക്തി പാര്‍ലമെന്റിനകത്ത് പാര്‍ട്ടിയ്ക്കില്ലെന്നും ജലീല്‍ പരിതപിച്ചത് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല..

പൊതുവേ കര്‍ക്കശക്കാരന്‍ എന്നും ലോഹപുരുഷന്‍ എന്നും പ്രതിച്ഛായ ഉള്ള മോദി പാര്‍ലിമെന്ററിന്റെ സെന്‍ട്രല്‍ ഹാളില്‍ പൊട്ടിക്കരഞ്ഞ് എല്ലാവരെയും ഞെട്ടിച്ചു. ഇത് കണ്ടു പഴയ ലോഹ പുരുഷന്‍ അദ്വാനിജി പൊട്ടി പൊട്ടി കരയുന്നത് കണ്ടു മോദി കരച്ചിലിനിടക്ക് ഞെട്ടി. 

പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ചു സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ്‌ ഷെരീഫും രാജപക്സെയും അടക്കമുള്ള അയല്‍രാജ്യത്തലവന്മാരെ ക്ഷണിച്ചത് കണ്ട് ആ നേതാക്കളും ഇവിടെയുള്ള ചില നേതാക്കളും ഞെട്ടി....

ആ ക്ഷണത്തോട് അത്രയും തന്നെ ക്രിയാത്മകമായി പ്രതികരിച്ചു കൊണ്ട് അവിടങ്ങളിലെ ജയിലില്‍ കഴിയുന്ന നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതും സത്യപ്രതിജ്ഞാ ചടങ്ങിനു എത്തിയതും കണ്ട് അവിടത്തെ ജനങ്ങളും ഇവിടത്തെ ജനങ്ങളും കൂട്ടത്തോടെ ഞെട്ടി....

അയ്യോ...പറയാന്‍ വിട്ടു പോയി. എക്സിറ്റ്‌ പോള്‍ എന്ന  കോപ്രായ സര്‍വ്വെക്കാരാണ്‌ പിന്നെ ഞെട്ടിയത്. അവര്‍ പുറത്തു വിട്ട സര്‍വ്വേ ഫലം കണ്ട കാണികള്‍ ആദ്യം ഞെട്ടി. പിറ്റേന്ന് വോട്ടെണ്ണി ഫലം പുറത്തു വന്നതോടെ ഫലം പ്രവചിച്ചവര്‍ ഞെട്ടി കണ്ണ് തള്ളിപ്പോയി.

അഭിപ്രായ സര്‍വ്വേ കുതിരകച്ചവടത്തിനും ചാക്കിട്ടു പിടുത്തത്തിനും വേണ്ടി നടത്തിയ ചെപ്പടി വിദ്യയാണെന്നു പരിഹസിച്ചും മോഡിക്ക് ഒരു തൂക്കു പ്രധാന മന്ത്രി സ്ഥാനം മാത്രം മുന്നില്‍ക്കണ്ടും ബ്ലോഗ്‌ എഴുതിയ ഞാനും റിസള്‍ട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടി. ഒരു തട്ടി മുട്ടി പാര്‍ലിമെന്റ് മാത്രം മുന്നില്‍ കണ്ടു കയ്യിലുണ്ടായിരുന്ന ഷെയര്‍ മുഴുവന്‍ കിട്ടിയ ലാഭത്തിനു വിറ്റു തുലച്ചിട്ട് പിറ്റേന്ന് മുതല്‍ ഓഹരി വിപണി മുന്നോട്ടു കുതിക്കുന്നത് കണ്ടു ഞാന്‍ ഞെട്ടിക്കൊണ്ടേയിരിക്കുന്നു; ഉറക്കത്തിലും ഞാന്‍ ഇടയ്ക്കിടെ ഞെട്ടുന്നുണ്ടെന്നും എന്റെ ഷെയര്‍ ഒക്കെ പോയി എന്ന് പുലമ്പുന്നുണ്ടെന്നും എന്റെ സഹധര്‍മ്മിണി പറയുന്നത് കേട്ട് ഞാന്‍ വീണ്ടും ഞെട്ടി. 

എന്തായാലും സാന്ദര്‍ഭികമായി ഉപയോഗിക്കാവുന്ന സിനിമാ ഡയലോഗ് യോദ്ധ എന്ന പടത്തില്‍ ജഗതിയുടെ അപ്പുക്കുട്ടന്‍ എം എസ് ത്രിപ്പൂണിത്തുറയുടെ അമ്മാവന്‍ കഥാപാത്രത്തോട് പറയുന്ന പ്രശസ്ത ഡയലോഗാണ്...

കുട്ടി മാമാ...ഞാന്‍ ഞെട്ടി മാമാ..

(
എന്റെ വക കുറച്ചു കൂടി ഇരിക്കട്ടെ .... ഞാന്‍ മാത്രമല്ല സര്‍വ്വരും ഞെട്ടിമാമാ...) 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

 


7 comments: