ഞാൻ വെറും പോഴൻ

Tuesday 6 May 2014

"തികച്ചും യാദൃച്ഛികമോ ?" ആദ്യമായി അച്ചടി മഷി പുരണ്ട എന്റെ രചന......

എന്റെ ജീവിതത്തില്‍ ആദ്യമായി ഞാനെഴുതിയ ഒരു മാറ്റര്‍ അച്ചടി മഷി പുരണ്ടത് 1995 ലാണ്. ആ വര്‍ഷത്തെ കാലടി ശ്രീ ശങ്കര കോളേജിന്റെ വാര്‍ഷിക മാഗസിനില്‍ ആണ് അത് അച്ചടിച്ച്‌ വന്നത്. പിയാത്ത എന്നായിരുന്നു ആ മാഗസിന്റെ പേര്. എന്റെ രചനയില്‍  ആവിഷ്കാരമോ ക്രിയേറ്റിവിറ്റിയോ ഒന്നും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എഴുതാന്‍ വേണ്ടി ഒരെഴുത്ത്. ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന പ്രിയ സുഹൃത്ത്‌ ബിജു ആബേല്‍ ജേക്കബ്‌ ആയിരുന്നു ആ മാസികയുടെ എഡിറ്റര്‍. രാഷ്ട്രീയപരമായി ഞങ്ങള്‍ എതിര്‍ ചേരികളില്‍ ആയിരുന്നെങ്കിലും എന്റെ ആ രചന അദ്ദേഹം മാസികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


ആ വധമാണ് താഴെ....


തികച്ചും യാദൃച്ഛികമോ.. ?

സങ്കല്‍പ്പകഥകളേക്കാള്‍ അവിശ്വസനീയമായ പല യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. ഇതാ അവയില്‍ ചിലത്.

എബ്രഹാം ലിങ്കനെയും ജോണ്‍ എഫ് കെന്നഡിയെയും നമുക്കൊന്ന് സാധര്‍മ്യം ചെയ്തു നോക്കാം. ലിങ്കന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആയത് 1860 ല്‍. കെന്നഡി 1960 ലും. രണ്ടു പേരും വെടിയേറ്റാണ് മരിച്ചത്. അതും വെള്ളിയാഴ്ച ദിവസം. ലിങ്കന്റെയും കെന്നഡിയുടെയും പിന്‍ഗാമികള്‍ ജോണ്‍സന്‍ എന്ന് പേരുള്ളവര്‍ ആയിരുന്നു. രണ്ടു പേരും സെനറ്റര്‍മാര്‍ ആയിരുന്നു. ദക്ഷിണ പ്രവിശ്യയില്‍ നിന്നുള്ള ഡെമോക്രാറ്റുകളും ആയിരുന്നു. ലിങ്കന്റെ പിന്‍ഗാമി 1808 ല്‍ ജനിച്ചു. കെന്നഡിയുടെ പിന്‍ഗാമി 1908 ല്‍ ജനിച്ചു. ലിങ്കന്റെ സെക്രട്ടറിയുടെ പേര് കെന്നഡിയെന്നായിരുന്നു. കെന്നഡിയുടെ സെക്രട്ടറിയുടെ പേര് ലിങ്കനെന്നും. ലിങ്കന്റെ ഘാതകന്‍ 1839 ല്‍ ജനിച്ചു.  കെന്നഡിയുടെ ഘാതകന്‍ 1939 ല്‍ ജനിച്ചു. ഇവിടെയെല്ലാം വ്യത്യാസം നൂറു വര്‍ഷങ്ങളുടെതാണ്. രണ്ടു പേരുടെ ഘാതകരും കോടതിയില്‍ എത്തും മുന്‍പേ വധിക്കപ്പെട്ടു. ലിങ്കന്റെ ഘാതകന്‍ ഒരു തിയേറ്ററില്‍ വച്ച് നിറയൊഴിച്ച ശേഷം ഒരു സംഭരണശാലയില്‍ പോയി ഒളിച്ചു. കെന്നഡിയുടെ ഘാതകന്‍ ഒരു സംഭരണശാലയില്‍ നിന്ന് നിറയൊഴിച്ച ശേഷം ഒരു തിയേറ്ററില്‍ പോയി ഒളിച്ചു. തിയേറ്ററിലേക്ക് പോകരുത് എന്ന് മരണത്തിന് മുന്‍പ് സെക്രട്ടറി ലിങ്കനോട് പറഞ്ഞിരുന്നു. ഡള്ളാസിലേക്ക് പോകരുത് എന്ന് കെന്നഡിയോട് സെക്രട്ടറി മരണത്തിന് മുന്‍പ് അറിയിച്ചിരുന്നു.

LINCOLN, KENNEDY എന്നീ പേരുകള്‍ക്ക് 7 അക്ഷരങ്ങള്‍ വീതമാണുള്ളത്. അവരുടെ പിന്‍ഗാമികളായ ANDREW JOHNSON, LYNCON JOHNSON എന്നിവരുടെ പേരുകളില്‍ 13 അക്ഷരങ്ങള്‍ വീതമുണ്ട്. 15 അക്ഷരങ്ങള്‍ വീതമുള്ള JOHN WILKES BOOTH, LEE HARVEY OSWALD എന്നീ ഘാതകരുടെ പേരുകളും സമാനത പുലര്‍ത്തുന്നു.

അടുത്തതായി നെപ്പോളിയന്റെയും ഹിറ്റ്ലറുടെയും കാര്യമെടുക്കാം. നെപ്പോളിയന്‍ 1760 ല്‍ ജനിച്ചു. ഹിറ്റ്‌ലര്‍ 1889 ലും. അവരുടെ ജനന വര്‍ഷങ്ങള്‍ തമ്മിലുള്ള അന്തരം 129 വര്‍ഷമാണ്.

1804 ല്‍ നെപ്പോളിയന്‍ അധികാരത്തിലേറിയെങ്കില്‍ 1933 ല്‍ ഹിറ്റ്‌ലര്‍ അധിപതിയായി. അവിടെയും 129 വര്‍ഷങ്ങളുടെ വ്യത്യാസം. റഷ്യക്കെതിരെ 1812 ല്‍ നെപ്പോളിയന്‍ യുദ്ധം നയിച്ചെങ്കില്‍ 129 വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ്‌ലര്‍ 1941 ല്‍ റഷ്യക്കെതിരെ യുദ്ധം നയിച്ചു. തീര്‍ന്നില്ല, വാട്ടര്‍ ലൂ യുദ്ധത്തില്‍ പരാജിതനായ നെപ്പോളിയന്‍ 1816 ല്‍ മരണമടഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജിതനായ ഹിറ്റ്ലര്‍ 1945 ല്‍ ആത്മഹത്യ ചെയ്തു. മറ്റു സംഭവങ്ങളില്‍ എന്ന പോലെ മരണത്തിലും അവര്‍ തമ്മിലുള്ള കാലവ്യത്യാസം 129 വര്‍ഷങ്ങള്‍ തന്നെ.

ഈ അടുത്തിടെ ഏതോ പുസ്തകത്തില്‍ വായിച്ച ഇക്കാര്യങ്ങള്‍ എന്നില്‍ ആശ്ചര്യമുളവാക്കി. വ്യത്യസ്ത വ്യക്തികളെ സംബന്ധിച്ച അത്ഭുതകരമായ ഈ സാമ്യം തികച്ചും യാദൃച്ഛികമാണോ !!?? ഇതിനുത്തരം നല്‍കാന്‍ ഏതെന്കിലും ശാസ്ത്രത്തിന് കഴിയുമോ ? വിശ്വകല്പന നടത്തുകയും അതിലെ ഓരോ അണുവിനെയും സംരക്ഷിച്ചു പോരുന്നെന്നും വിശ്വസിക്കപ്പെടുന്ന സര്‍വ്വ ശക്തന്റെ വിസ്മയകരമായ ചെയ്തികളോ ? അതോ തികച്ചും യാദൃച്ഛികമോ.. ?

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


2 comments:

  1. നന്നായിരിക്കുന്നു .താങ്കള്‍ പറയും പോലെ വധം അല്ല .

    ReplyDelete
  2. നല്ല വാക്കുകള്‍ക്ക് നന്ദി സ്നേഹിതാ...

    ReplyDelete