ഞാൻ വെറും പോഴൻ

Saturday 10 January 2015

യേശുദാസിനെ വലിച്ചു കീറിയ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാർ ഇപ്പോൾ എവിടെപ്പോയി ???

തിരുവനന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയിരുന്നു. അന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ വിരാജിക്കുന്ന രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്മാരും വനിതാ വിമോചകരും സ്ത്രീ ശാക്തീകരണ പ്രവർത്തകരും യേശുദാസിനെ പരക്കെ വലിച്ചു കീറിയത് ആരും തന്നെ മറന്നു കാണാൻ വഴിയില്ല. 

എന്നാൽ ജീൻസ് വിരുദ്ധ പ്രസ്ഥാവനയേക്കാൾ അതീവ നിന്ദ്യവും നീചവുമായ സ്ത്രീ വിരുദ്ധ പ്രവൃത്തികൾ ഈയിടെ പത്ര തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു. ഏറണാകുളം പ്രത്യേക സാമ്പത്തിക മേഖലയിലെ ആർത്തവം കണ്ടെത്താൻ വേണ്ടിയുള്ള തുണിയഴിക്കൽ കലാപരിപാടി, നട്ടപ്പാതിരായ്ക്ക് ഋതു സംബന്ധിയായ അശുദ്ധി പേടിച്ച് പമ്പാ ബസിൽ നിന്ന് സ്ത്രീകളെ ഇറക്കിവിടൽ, പിന്നെ കുത്തക ജൌളിക്കടകളിലെ സെയിൽസ്‌ ഗേൾസിന്റെ പുറത്തു അടിച്ചേല്പ്പിക്കുന്ന ഇരിപ്പ്-മൂത്രമൊഴിക്കൽ നിരോധനം അങ്ങനെയങ്ങനെ... എന്നാൽ ഈ പ്രശ്നങ്ങൾക്കെതിരെ തീർത്തും ഒറ്റപ്പെട്ട കുറച്ചു അവ്യക്ത ശബ്ദങ്ങൾ അല്ലാതെ വ്യക്തവും സ്ഫുടവുമായ അഭിപ്രായം പുറപ്പെടുവിച്ച അഭിപ്രായ-പ്രസ്ഥാവനാ തൊഴിലാളികളെ  ഒന്നും തന്നെ കണ്ടില്ല. മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ തുറന്ന ചർച്ചയും സംവാദവും എക്സ്ക്ലൂസീവുകളും പടച്ചു വിടുന്നതും കണ്ടില്ല. മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും പരക്കെ മൌനത്തിൽ തന്നെയാണ്. 

മനസ്സിലാകുന്നത്‌ ഒന്ന് മാത്രം. ഉണ്ണുന്ന ചോറിനോടാണ് ഏവർക്കും താൽപ്പര്യം എന്നാണത്. യേശുദാസിനെ യഥേഷ്ടം വലിച്ചു കീറാം.."അടിക്കമ്പ് പോലെ വെട്ടിപ്പോവാറായ (ക്ഷമിക്കണം; എന്റെ പ്രയോഗമല്ല...അന്ന് യേശുദാസിനെതിരെ ഒരു ഫേസ്ബുക്ക്‌ പോസ്റ്റിൽ കണ്ടതാണ്) വൃദ്ധവിഡ്ഢിത്തത്തെ" എന്ത് പറഞ്ഞാലും ആർക്കും ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, സെസ്സിലെ വ്യവസായികളും പമ്പ ബസ്സും കുത്തക തുണിക്കടക്കാരും ഒന്നും അങ്ങിനെയല്ല. സംഭാവനയായിട്ടും വോട്ടായിട്ടും വളരെയേറെ ആവശ്യമുള്ളതാണ് അവരെ...ഇരിക്കുന്ന കൊമ്പ് മുറിക്കാൻ പാകത്തിന് വിഡ്ഢികളല്ല നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒന്നും തന്നെ.....

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍  മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്മാരും വനിതാ വിമോചകരും സ്ത്രീ ശാക്തീകരണ പ്രവർത്തകരും ഒക്കെ പലപ്പോഴും ആശയപരമായ നിലപാടുകൾ വിട്ടു പ്രായോഗികവും "ആമാശയപരവും" ആയ നിലപാടുകൾ കൈക്കൊള്ളുന്നതും ഒരു പുതുമയല്ല. സെയിൽസ് ഗേൾസിന്റെ ഇരിക്കാനുള്ള അവകാശ സമരത്തിൽ ആം ആദ്മി പാർട്ടി മാത്രമാണ് എന്തെങ്കിലും ഒരു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഏക രാഷ്ട്രീയ കക്ഷി. ആം ആദ്മി പാർട്ടിയും മറ്റു മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മാധ്യമ സിംഹങ്ങളും ചേർന്ന് പാർശ്വവൽക്കരിച്ചെടുത്ത പാർട്ടി ആണല്ലോ. 

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങളെ തമസ്കരിക്കുന്നവർക്കെതിരെ അനുകരണീയമായ മുന്നേറ്റം നടത്താൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കെങ്കിലും കഴിയട്ടെ... 




ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


2 comments: