ഞാൻ വെറും പോഴൻ

Tuesday 27 January 2015

കഷ്ടം തന്നെ മൊതലാളീ...കഷ്ടം തന്നെ....മാണി സാറിനീ ഗതി വന്നല്ലോ.......

കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കാണുമ്പോൾ സിബി മലയിൽ സംവിധാനം ചെയ്ത "സമ്മർ ഇൻ ബെത്‌ലഹേം" എന്ന ചിത്രമാണ് ഓർമ്മ വരുന്നത്. ഈ ചിത്രത്തിൽ ജയറാമും സുരേഷ് ഗോപിയും കലാഭവൻ മണിയും ഒക്കെ ആദ്യന്തം തകർത്ത് അഭിനയിച്ചെങ്കിലും, അവസാന പത്ത് മിനിറ്റ് പ്രകടനം കൊണ്ട് മോഹൻലാലും മഞ്ജു വാരിയരും ചേർന്ന് പടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഹൈജാക്ക് ചെയ്തു കൊണ്ട് പോയി. ഏതാണ്ട് ഈ മട്ടിലാണ് കേരളത്തിലെ മദ്യനയത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ഉമ്മൻ ചാണ്ടിയും കെ ബാബുവും സുധീരനും വെള്ളാപ്പള്ളിയും ഒക്കെക്കൂടി കൊഴുപ്പിച്ചു കൊണ്ട് വന്ന സംഭവം ഒടുവിൽ ബിജു രമേഷും കെ എം മാണി സാറും ചേർന്ന് റാഞ്ചിക്കൊണ്ട് പോയി. 

മദ്യം കലഹക്കാരനും മനസമാധാനം കളയുന്നതും ആയ സാധനമാണെന്ന് ക്രിസ്ത്യാനിയുടെ സത്യവേദ പുസ്തകത്തിൽ പല ആവർത്തി എഴുതി വച്ചിട്ടുണ്ട്. പള്ളി പ്രസംഗങ്ങളിലും ധ്യാന പ്രസംഗങ്ങളിലും ഒക്കെ അത് പല വട്ടം കേട്ടിട്ടുണ്ടെങ്കിലും, അത് സത്യമാണെന്ന് പാലായിലെ മാണിക്യമായ മാണി സാറിനു വ്യക്തമായത് ഇപ്പോഴായിരിക്കണം. 

ഏതാനും നാളുകൾ മുൻപ് ഈ മാണി സാർ ആരായിരുന്നു. മലയോര കർഷകരുടെ മിശിഹാ എന്ന നിലയിലാണ് മാണി സാർ ഉദ്ഘോഷിക്കപ്പെടാറുള്ളത്. കെ കരുണാകരൻ കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയ നേതാവ്. ഇടതു വലതു ബിജെപി ഭേദമില്ലാതെ ഏവർക്കും സുസ്സമ്മതൻ. അത് കൊണ്ടാണല്ലോ, കേരളത്തിലെ, സോറി ഭാരതത്തിലെ, ഏറ്റവും വലിയ വിപ്ലവ പാർട്ടി പാലക്കാട്ട് പാർട്ടിയുടെ പ്ളീനം നടത്തിയപ്പോൾ മാണി സാറിനെ ക്ഷണിച്ചു പ്രത്യേക ഇരിപ്പടം തന്നെ കൊടുത്തത്‌. ബി ജെ പി യുടെ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ കെ.എം.മാണിയെക്കുറിച്ച് "പാലേലെ ‘മാണി’ക്യം" എന്ന പേരിൽ ഒരു ലേഖനം അച്ചടിച്ചു വന്നിട്ടും അധികം കാലമായില്ല. 1965 ൽ പാലാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയതിനു ശേഷം ഇന്നേ വരെ പാലായ്ക്കു മാണി സാറല്ലാതെ മറ്റൊരു എം എൽ ഏ ഉണ്ടായിട്ടില്ല. നിയമസഭയിൽ ഒരാൾക്ക് പോലും മാണിയ്ക്കുള്ളത്ര സീനിയോരിറ്റി ഉണ്ടാവില്ല. എന്തിനു നിയമസഭ മന്ദിരത്തിനൊ അവിടെ ഉള്ള ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിനോ മാണിയുടെ സീനിയോരിറ്റിയോളം പഴക്കം വരില്ല. ഇത് വരെ 12 സംസ്ഥാന ബജറ്റാണ് അദ്ദേഹം പുല്ലു പോലെ അവതരിപ്പിച്ചത്. ഇതെല്ലാം റെക്കോഡ് ആണ്. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ കെ.എം. മാണിയുടെ പേരില്‍ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല "K. M. Mani Centre for Budget Studies" എന്ന പേരിൽ ഒരു പുതിയ വിഭാഗം തുടങ്ങിയിട്ട് ഒരു വർഷം പോലുമായിട്ടില്ല. അദ്ദേഹം രചിച്ച "അധ്വാന വർഗ സിദ്ധാന്തം" എന്ന മഹാഗ്രന്ഥം ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ബ്രിട്ടീഷ്‌ പാർലമെന്റിൽ വാടകയ്ക്കെടുത്ത ഹാളിൽ വരെ ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ സിദ്ധാന്തം അത്ര ബോധിച്ചില്ല എന്നെ ഉള്ളൂ. ഈയൊരു സിദ്ധാന്തം കൂടാതെ, പേരിടാത്ത ഒന്ന് രണ്ടു ചെറിയ സിദ്ധാന്തങ്ങളും കൂടി അദ്ദേഹത്തിൻറെ ക്രെഡിറ്റിൽ ഉണ്ട്. "വളരും തോറും പിളരും; പിളരും തോറും വളരും" "സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ചെറിയ ബുദ്ധിമുട്ട് മാത്രം" എന്നിവയാണവ. അദ്ദേഹം വല്ല റഷ്യയിലോ മറ്റോ ജനിച്ചിട്ടാണ് ഇതെഴുതിയതെങ്കിൽ സകല മാന പാർട്ടി ഓഫീസുകളിലും അദ്ദേഹത്തിൻറെ പടം തൂങ്ങിക്കിടക്കുമായിരുന്നു. മാത്രമോ, കുറഞ്ഞത് ഒരു ഡസൻ രാഷ്ട്രീയ പാർട്ടികളുടെ പേരിന്റെ വാലിൽ എങ്കിലും "മാണിസ്റ്റ്" എന്ന് എഴുതി ചേർക്കുമായിരുന്നു. എന്ത് പറഞ്ഞിട്ടെന്താ കാര്യം; ഇന്നാ, മാണി സാറിന്റെ അവസ്ഥ കണ്ടാൽ പെറ്റ തള്ള സഹിക്കുകേല. വർഷങ്ങൾക്ക് മുമ്പൊരിക്കൽ കേന്ദ്രമന്ത്രിയാകാനുള്ള സകല സാധ്യതയും ഒത്തു വന്നതാണ്. അന്ന് ലീഡർജിയാണ് അത് കപ്പിനും ചുണ്ടിനുമിടയിൽ വച്ചു തട്ടിത്തെറിപ്പിച്ചത് എന്നാണ് കേട്ട് കേൾവി. അത് പോട്ടെ, ഇപ്പൊ മുഖ്യമന്ത്രിയാവും...ഉപമുഖ്യമന്ത്രിയാവും എന്നൊക്കെ കേട്ടു. എല്ലാം കോഴി കോട്ടുവായ വിട്ട പോലെയായി. ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് കൊട്ടപ്പടി ദുഷ്‌പേര്. സരിത കഴിഞ്ഞാൽ whats app - ലും സോഷ്യൽ മീഡിയയിലും ഇപ്പോൾ മാണിയാണ് താരം. മാണിയുടെ കരിങ്ങോഴയ്ക്കൽ എന്ന തറവാട്ടു പേര് കരിം"കോഴ"യ്ക്കൽ എന്നാക്കി മാറ്റണം എന്ന് വരെ ന്യൂ ജനറേഷൻ രസികന്മാർ മെസേജ് വിട്ടു കളിക്കുന്നു. തേരാ പാരാ നടന്നു പോകുന്ന ആർക്കും കൊട്ടാവുന്ന വഴിച്ചെണ്ടയുടെ അവസ്ഥയിലാണ് ഇപ്പോൾ മാണി സാർ. 

ഇത്രയും നാൾ എന്തിനെയും ഏതിനെയും എതിർത്തുള്ള ഹർത്താലുകൾ ആണ് മലയാളി കണ്ടിട്ടുള്ളത്. ചരിത്രത്തില ആദ്യമായി മാണി സാറിനോടുള്ള സ്നേഹവും കൂറും പ്രഖ്യാപിക്കാൻ പാലായിൽ ഒരു ഹർത്താൽ നടന്നിരിക്കുന്നു. ചില ഇടയന്മാരും പെരുന്നയിലെ പോപ്പും പാണ്ടിക്കടവത്ത് കുഞാപ്പയും ഒക്കെ മാണിക്കുള്ള പിന്തുണ രേഖപ്പെടുത്തിക്കഴിഞ്ഞു. പക്ഷെ, ഇത്രയും നാൾ മാണിയുമായി ഒരു ചിന്ന സംബന്ധം മോഹിച്ചു പിന്നാലെ  നടന്നിരുന്ന ബി ജെ പ്പിയും വല്ല്യ ഇടതന്മാരും (ഇടയന്മാർ അല്ല, ഇടതന്മാർ) മാണിക്കെതിരെ കടുത്ത പ്രക്ഷോഭം തുടങ്ങും എന്ന് അറിയിച്ചിട്ടുണ്ട്. അത് പഴയ ഒരു ദിവസം നീണ്ട സെക്രട്ടറിയെറ്റ് ഉപരോധം പോലെ ആയിരിക്കുമോ ആവോ. മാണി രാജി വയ്ക്കണം എന്നും വേണ്ടെന്നും ഒക്കെ പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും, ആദർശ രാഷ്ട്രീയത്തിന്റെ തലമുടി ചീകാത്ത രൂപമായ സർവ്വശ്രീ ചാണ്ടിച്ചായൻ സർവ്വ പിന്തുണയും മാണിക്ക് നൽകിയിട്ടുണ്ട്. വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ഉണ്ടെങ്കിലും ശരി അടുത്ത ബജറ്റ് അവതരിപ്പിക്കുക ധനമന്ത്രി കെ.എം. മാണി തന്നെയായിരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 

അദ്ദേഹത്തിനറിയാം കാര്യങ്ങൾ. ഇതിനേക്കാള്‍ മുന്തിയ കേസുകൾ വന്നിട്ടും നമ്മുടെ നേതാക്കൾ കുലുങ്ങിയിട്ടില്ല. അല്ലെങ്കിൽ തന്നെ കേസ് അന്വേഷണത്തെ നേരിടാത്ത എത്ര മന്ത്രിയാരുണ്ട് ഈ നാട്ടിൽ...? കേസുള്ളവരൊക്കെ രാജിവെച്ചാല്‍ പിന്നെ ആര് മന്ത്രിയാകും? ആര് ബജറ്റ് അവതരിപ്പിക്കും ? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവർകളെ തന്നെ നോക്കൂ. സാദാ മജിസ്‌ട്രേട്ട് കോടതി മുതല്‍ പരമോന്നത കോടതി വരെയുള്ള സർവ്വത്ര കോടതികളും അദ്ദേഹത്തെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു.  "ALL ROADS LEAD TO ROME" എന്ന ഇംഗ്ലിഷ് പ്രയോഗം പോലെ കേരളത്തിലെ ഏത് അഴിമതിക്കേസ് എടുത്താലും ചാണ്ടിച്ചായന്റെ ഓഫീസിനെ പറ്റി അതിലൊരു പരാമർശം ഉണ്ടാകും. എന്ന് വച്ച് രാജി വയ്ക്കാൻ തുടങ്ങിയാൽ അതിനല്ലേ നേരം കാണൂ. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ചെയ്യുന്ന കൊള്ളരുതായ്കകൾക്ക് നമ്മൾ എന്ത് പിഴച്ചു ? ബിജു, സരിത, ശാലു, ഗണ്‍ മോൻ, സലിം രാജ്, ജോപ്പൻ, ടൈറ്റാനിയം, പാമോലിന്‍...അതൊക്കെ അങ്ങിനെ കിടക്കും...നമ്മൾ എന്ത് ചെയ്യാൻ...അല്ല പിന്നെ...നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് ഇടയ്ക്കിടെ ഉരുവിട്ട് കൊണ്ടിരിക്കുക...അത്ര തന്നെ.... മാത്രവും അല്ല, ധാർമിക പ്രതിസന്ധി ഏറ്റെടുത്ത് രാജി വയ്ക്കുന്നത് പഴയ ഫാഷൻ ആണ്.  നെടുങ്കൻ പ്രത്യയ ശാസ്ത്രങ്ങൾ ഉണ്ടാക്കാൻ ആറിയാം എന്നല്ലാതെ ഈ മാണി സാറിനു രാഷ്ട്രീയത്തിൽ പ്രായോഗികമായി എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ലെന്നെ...പാവം മാണി സാർ... 

വാൽക്കഷണം :  ബജറ്റുമായി ബന്ധപ്പെട്ട കോഴ വിവാദത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. കെ എം മാണി ബജറ്റ് കൊണ്ട് വെച്ചുവാണിഭം നടത്തുകയാണെന്ന് വി എസ് സുനില്‍കുമാറും വി ശിവന്‍കുട്ടിയും വ്യക്തമായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഒടുവിൽ, യുഡിഎഫിന്‍റെ സ്ഥാപകനേതാക്കളിലൊരാളും യു ഡി എഫ് സംവിധാനത്തിൽ ഒരു പ്രധാന ഔദ്യോഗിക പദവി വഹിച്ചിരുന്ന ആളുമായ ആര്‍ ബാലകൃഷ്ണപിളള തന്നെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സ്വര്‍ണവ്യാപാരികള്‍, ക്രഷറുടമകള്‍, ബേക്കറി കച്ചവടക്കാര്‍ എന്നിവരിൽ നിന്നെല്ലാം ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ആനുകൂല്യങ്ങൾ നല്കാം എന്ന വ്യവസ്ഥയിൽ പണം വാങ്ങി എന്നാണു അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. 

പ്രിയപ്പെട്ട മാണി സാർ നിങ്ങൾ ഒരു പക്ഷെ തെറ്റുകാരൻ അല്ലായിരിക്കാം...എന്നാൽ, സംസ്ഥാനത്തിന്‍റെ ധനകാര്യ വകുപ്പിനെക്കുറിച്ചും അതിന്റെ മന്ത്രിയെക്കുറിച്ചും ഇത്ര കടുത്ത ആരോപണങ്ങൾ വരുന്നത് ഒരു പക്ഷെ, ഇതാദ്യമായിട്ടായിരിക്കും. നിങ്ങൾ ബജറ്റ്‌ അവതരിപ്പിച്ചാൽ ഏതു നികുതി നിർദ്ദേശത്തേയും ജനം സംശയ ദൃഷ്ടിയോടെ മാത്രമല്ലേ വീക്ഷിക്കൂ. മന്ത്രിസഭാ രൂപീകരണ ഘട്ടങ്ങളിൽ ധനകാര്യ വകുപ്പിനു വേണ്ടി അങ്ങ് കടുംപിടുത്തം നടത്തിയിരുന്നതു പോലും ഈ ബജറ്റ്‌ കച്ചവടം മുന്നിൽ കണ്ടായിരുന്നുവെന്ന് പൊതുജനം ചിന്തിക്കില്ലേ. ബജറ്റവതരണം മുഖ്യമന്ത്രി നടത്തണമെന്ന്‌ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കെ പി സി സി വക്താവ്‌ അജയ്‌ തറയിൽ അഭിപ്രായപ്പെട്ടത്‌ കോണ്‍ഗ്രസ് നേതാക്കൾക്ക് കാര്യങ്ങളുടെ പോക്കിലുള്ള അതൃപ്തിയല്ലേ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, താങ്കൾക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നതിന് മുൻപ് സംസ്ഥാന ബജറ്റ് താങ്കൾ അവതരിപ്പിക്കാതിക്കുകയല്ലേ ഭംഗി....ഇനി അതല്ല, "ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് അപ്പൻ പള്ളീൽ പോയിട്ടില്ല; പിന്നല്ലേ ഈ ദുഖവെള്ളിയാഴ്ച" എന്ന നയപരിപാടിയാണ് അങ്ങേക്കുള്ളത് എങ്കിൽ അങ്ങയെയും അങ്ങിതു വരെ കെട്ടിപ്പടുത്ത പൊളിറ്റിക്കൽ ഇമേജിനേയും  ദൈവം തമ്പുരാൻ തന്നെ കാക്കട്ടെ...

(കരിക്കേച്ചറിനു കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്‌ സമകാലിക മലയാളം വാരിക)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. ഈ സാഹചര്യത്തിൽ, ശ്രീ മാണിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നതിനുള്ള ബാധ്യത ശ്രീ മണിക്കും മന്ത്രി സഭക്കുമാണ് .

    അതിനു വേണ്ടി അദ്ദേഹം മന്ത്രി സ്ഥാനം രാജി വച്ച് സ്വതന്ത്ര അന്വേഷണം നടത്താതെ ജന വിശ്വാസം വീണ്ടെടുക്കുക അസാധ്യമാകുന്നു .

    "ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് അപ്പൻ പള്ളീൽ പോയിട്ടില്ല; പിന്നല്ലേ ഈ ദുഖവെള്ളിയാഴ്ച" എന്ന സമീപനം UDF ന് ഗുണം ചെയ്യില്ല .

    ReplyDelete
    Replies
    1. ഒരു തർക്കവുമില്ലാത്ത വസ്തുതയാണത്. ഇവരെ ഒക്കെ വെള്ള പൂശുന്ന സമുദായ നേതാക്കന്മാർ ഇവരേക്കാൾ ചീഞ്ഞ വർഗ്ഗമാണ്.

      Delete
  2. .മാണിയ്ക്കൊന്നും സംഭവിക്കില്ലായിരുന്നു.പള്ളിയും പട്ടക്കാരും ഉള്ളിടത്തോളം കാലം മാണിയും മാണിക്കുഞ്ഞും നാലുകാലിൽ തന്നെ നിൽക്കും.

    ഇപ്പോ
    അഴിമതിക്കൂടാരം
    വിട്ട സ്ഥിതിയ്ക്ക്‌ എന്താകുമെന്ന് ആർക്കുമറിയില്ല .

    ReplyDelete
    Replies
    1. ബാലകൃഷ്‌ണപിള്ള, അഭിമതനായ ഈ നാട്ടിലെ ചീഞ്ഞ മുന്നണികൾ ഇതെല്ലാം മറന്ന് ഈ കൊള്ളസംഘത്തെ സ്വീകരിക്കാൻ തയ്യാറാണെന്നേ. ജനം, ഇതെല്ലാം മറക്കുന്ന ഒരു സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. അത്രേ, ഉള്ളൂ.

      Delete