ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 16 March 2015

"കേരളാസ് ഡോട്ടേഴ്സ്" അഥവാ "കേരള മുകേഷ് സിങ്ങുമാർ" ഓണ്‍ "ലഡ്ഡു ബജറ്റ് ഡേ"

"ലഡ്ഡു ബജറ്റ്" വിഷയത്തിൽ ഇനി പോസ്റ്റിടരുത് എന്ന് ഉറച്ചു തീരുമാനിച്ചിരുന്നതാണ്.  പക്ഷെ, നിയമസഭയിൽ വനിതാ എം എൽ എ മാർക്കെതിരെ നടന്ന പരാക്രമങ്ങളെ ന്യായീകരിച്ചു കൊണ്ട് യു ഡി എഫിന്റെ നേതാക്കന്മാർ പറയുന്ന വാദങ്ങൾ കേൾക്കുമ്പോൾ എഴുതാതിരിക്കാൻ തോന്നുന്നില്ല. ആദർശത്തിന്റെ മുടി വെട്ടാത്ത ആൾരൂപമായ മുഖ്യമന്ത്രി മുതൽ ചാനൽ ചർച്ചയിലെ ഒട്ടുമിക്ക സ്ഥിരം താരങ്ങളും സോഷ്യൽ മീഡിയയിലെ ഒരു മെജോറിറ്റി വിഭാഗവും സ്ത്രീ എം എൽ എ മാർ  സമരത്തിന്‌ മുന്നിൽ പോയി നിന്നതാണ് പീഡനത്തിന് ഇരയാകാൻ കാരണം എന്ന ലൈനിലാണ് ചിന്തിക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും. ഇടതു പക്ഷത്തെ വനിതാ എം എൽ എ മാരുടെ പെരുമാറ്റം  ലക്ഷം വീട്ടിലെ പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു, ചന്ത പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു എന്നൊക്കെയാണ്  ചില യു ഡി എഫ് അനുഭാവികൾ ഫേസ് ബുക്കിൽ കുറിച്ചിട്ടത്‌. വനിതാ എം എല്‍ എ മാരെ പരിചയാക്കി ബജറ്റവതരണം തടയാനൊരുങ്ങിയ പ്രതിപക്ഷത്തെ എതിർത്ത് തോല്പ്പിക്കുന്നതിനിടയിൽ സംഭവിച്ച സ്വാഭാവിക ചെയ്തികളാണത്രെ ശിവദാസൻ നായരുടെ പിടിയും വാഹിദിന്റെ തള്ളലും ഡോമിനിക് പ്രസൻടേഷന്റെ ഭരണിപ്പാട്ടും ഷിബു ബേബി ജോണിന്റെ തടയലും തടവലും ഒക്കെ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങാൻ വനിതാ എം എൽ എ മാർ ശ്രമിച്ചത് കൊണ്ടാണ് യു ഡി എഫ് എം എൽ എ മാർ തടഞ്ഞത് എന്ന വാദത്തെ എങ്ങനെ അംഗീകരിക്കാൻ കഴിയും ? അതിനവിടെ വനിതാ വാച്ച് ആൻഡ്‌ വാർഡ്‌ ഇല്ലേ ? സാധാരണ സന്ദർഭങ്ങളി l  പോലീസുകാർ പോലും വനിതകളെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമ്പോൾ വനിതാ  പോലീസുകാരെക്കൊണ്ടാണ് വനിതകളെ കൈകാര്യം ചെയ്യാറുള്ളത് എന്നിരിക്കെ, നിയമ സഭയിൽ അത്തരം കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്താൻ ഇവർക്കൊക്കെ എന്തധികാരമാനുള്ളത് ? മദയാനയെപ്പോലെ നിയമസഭയിൽ അഴിഞ്ഞാടിയ ശിവൻകുട്ടിയുടെയും അജിത്തിന്റെയും അടുത്തേക്ക്‌ ഇവരാരും പോകാതിരുന്നത് എന്താണ് ? സ്പീക്കറുടെ ചേംബർ ചന്തയാക്കിയ ആരോടും ഇവർ ഒന്നും ഒരു വാക്ക് പോലും മിണ്ടുന്നത് കേട്ടില്ലല്ലോ ? അതിനെല്ലാം വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിച്ചു....എന്ത് കൊണ്ടാണ് ജമീലാ പ്രകാശത്തെയും, ബിജിമോളെയും മറ്റു വനിതാ എം എൽ എ മാരെയും മാത്രം തടയാനും തടവാനും തെറി വിളിക്കാനും  തോന്നിത്...? 

വനിതാ വിരുദ്ധ മനോഭാവങ്ങളെ ഗ്രേഡ് ചെയ്‌താൽ "ലഡ്ഡു ബജറ്റ് നിയമ സഭാ വിഷയത്തിൽ" ആദ്യം മോശമായി പ്രതികരിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്നു. വനിതാ എം എല്‍ എ മാർ സ്വഭാവത്തിൽ നിയന്ത്രണം കാണിക്കണമെന്നും വനിതകളായാല്‍ എന്തും ആകാമെന്നാണ്​ കരുതുന്നത് എന്നും സ്ത്രീകളെ മുന്‍നിര്‍ത്തി ആക്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ശൈലിയാണ്​ പ്രതിപക്ഷം സ്വീകരിച്ചതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആരോപിച്ചിരുന്നു.  ഇപ്പോൾ വാഹിദ് എം എൽ എ യും കെ സി അബുവും അതുക്കും മേലെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജിമോൾ എം എൽ എ ഷിബുവിന്റെ കരവലയത്തിൽ പ്രണയപൂർവ്വം നില്ക്കുകയായിരുന്നു എന്നും ഒരു സ്ത്രീയെ പിടിച്ചു നിർത്താൻ എവിടെ തൊടണം എന്ന് ഷിബുവിന് അറിയാം എന്നുമുള്ള വാഹിദിന്റെ പ്രസ്താവനയെയും ജമീലയ്ക്ക് ശിവദാസൻ നായർക്ക് പകരം കരിമ്പ്‌ പോലുള്ള പി കെ ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്ന കെ സി അബുവിന്റെ പ്രസ്താവനയെയും കേൾക്കുമ്പോൾ നാറിയ അശ്ലീലം കേൾക്കുന്നത് പോയാണ് സംസ്കാരമുള്ള ആർക്കും തോന്നുക. അത് 101% സ്ത്രീ വിരുദ്ധമായ പരാമർശമാണ്. 

എന്നും എപ്പോഴും ശരാശരി മലയാളി പുരുഷബോധം വേട്ടക്കാരുടെ കൂടെ ആണ് അണി നിരന്നു കാണാറുള്ളത്‌. പത്രത്തോടൊപ്പം ഒരു സംസ്കാരം വളർത്തുന്ന ഒരു ചാനൽ " ജമീലയുടെ ലീലകൾ " എന്ന തലക്കെട്ടിൽ ആണ് നിയമസഭയിലെ കയ്യാങ്കളി വാർത്തകളെ വിശേഷിപ്പിച്ചത്‌. സ്ത്രീകളുടെ ലീലകൾക്ക്‌ കിട്ടുന്ന ഇക്കിളി എഫെക്ടും അവരെ അപരാധി സ്ഥാനത്ത് നിർത്തുമ്പോൾ കിട്ടുന്ന അളവറ്റ സ്വീകാര്യതയുമാണ്‌ ശിവദാസന്റെയും വാഹിദിന്റെയും ഷിബുവിന്റെയും ഡൊമിനിക്കിന്റെയും ഒക്കെ ലീലകൾ " ജമീലയുടെ ലീലകൾ " ആയി അവതരിപ്പിക്കപ്പെട്ടത്.  

ചാനലുകളിൽ കണ്ട വിഷ്വലുകളിൽ നിന്ന് മനസ്സിലായതനുസ്സരിച്ച്, ശിവദാസൻ നായരും ഷിബുവും വാഹിദും ഒന്നും ഇവരെ തൊട്ടതും തടഞ്ഞതും ഒന്നും ലൈംഗികച്ചുവയോടെയാണെന്ന് ഞാനും കരുതുന്നില്ല. പക്ഷെ അവരുടെയും അവരെ പ്രതിരോധിക്കാൻ വേണ്ടി വാ നിറയെ വഷളത്തരവുമായി വരുന്നവരുടെയും, നടപടികളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.........പെണ്ണിന്; ഞങ്ങൾ പുരുഷന്മാർ നിർവ്വചിച്ചു വച്ചിട്ടുള്ള ഒരു പെരുമാറ്റച്ചട്ടമുണ്ട്....കൃത്യവും വ്യക്തവുമായ ലക്ഷ്മണ രേഖ...എന്ത് സംഭവിച്ചാലും അവർ അത് മുറിച്ചു കടക്കരുത്....അത് മുറിച്ചു കടന്നാൽ ഞങ്ങൾ ശാരീരികമായോ മാനസികമായോ നേരിട്ട് അതിൽ നിന്ന് പിന്തിരിപ്പിക്കും.......അവൾ; എം എൽ എ, നേതാവ്, പൊതു പ്രവർത്തക, ഉദ്യോഗസ്ഥ, വിദ്യാർഥിനി, വീട്ടമ്മ അങ്ങനെ ഏത് അന്തസ്സിലുള്ള ആളായാലും...അത് എത്ര വഷളത്തരം പറഞ്ഞിട്ടാണെങ്കിലും......... 

അശ്ലീലം നിറഞ്ഞ ഒരു കേവല നോട്ടം പോലും സ്ത്രീ പീഡനമായി പരിഗണിക്കുന്ന "ശക്തമായ" സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉള്ള ഈ നാട്ടിൽ എം എൽ എ മാർക്കെതിരെപ്പോലും നീചമായ തരം താണ അശ്ലീല ആരോപണങ്ങൾ പറയുന്ന നേതാക്കളുടെ നേരെ കടുത്ത നടപടികൾ എടുക്കണം. കവല യോഗങ്ങളിലും ചന്ത യോഗങ്ങളിലും കുത്തിയിരുന്നു കയ്യടിക്കുന്ന കുറെ എരപ്പക്കൊടിച്ചികളുടെ മന സംതൃപ്തിയ്ക്ക് വേണ്ടി ഏതു തരവഴിയും പറയുന്നവനെ നിയന്ത്രിക്കാൻ ഇവിടത്തെ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. ജീൻസ് വിഷയത്തിൽ യേശുദാസിനെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ച വനിതാ സിംഹങ്ങൾ ഏതു കൂട്ടിലാണ് പോയോളിച്ചത്. നിങ്ങൾ പുറത്തു വരൂ...ചൂലും തിരണ്ടിവാലും ചാണക വെള്ളവുമായി... 

ഈ നേതാക്കളെ മാത്രം നമ്മൾ പഴിക്കേണ്ടതുമില്ല. ആവറേജ് മലയാളിയുടെ കെട്ടിക്കിടന്നു ദുഷിച്ച കപട സദാചാര ബോധത്തിന്റെ പൊട്ടിയൊഴുകലാണ് ഈ കാണുന്നതും കേൾക്കുന്നതും എല്ലാം.   

സ്ത്രീയുടെ പെരുമാറ്റങ്ങൾക്കും പ്രവർത്തന ശൈലികൾക്കും നിയന്ത്രണ രേഖ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ നേതാക്കളും 9 മണി കഴിഞ്ഞു പുറത്തിറങ്ങിയ പെണ്ണ് ബലാൽസംഗം ഇരന്നു വാങ്ങുകയായിരുന്നു എന്ന് മൊഴിഞ്ഞ ദൽഹി ബലാൽസംഗക്കേസ് പ്രതി മുകേഷ് സിങ്ങും കുലീനമായ ഞങ്ങളുടെ സംസ്കാരത്തിൽ പെണ്ണിന് സ്ഥാനമില്ലെന്ന് പറഞ്ഞ അയാളുടെ വക്കീലും താലിബാനും ഒക്കെ തമ്മിൽ കേവലം കയ്യകലം മാത്രമേ ഉള്ളൂ...

ബി ബി സിയ്ക്ക് വേണമെങ്കിൽ  "കേരളാസ് ഡോട്ടേഴ്സ്" എന്നൊരു ഡോകുമെന്ററി ചെയ്യാൻ സ്കോപ്പുണ്ട്......... നെറി കെട്ട കൂതറ ഡയലോഗുകൾ ഇറക്കാൻ "കേരള മുകേഷ് സിങ്ങുമാർ" ഇവിടെ റെഡിയാണ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

 1. has any one attacked VDSatheesan? why ? my understanding is that every MLAs got a seat in assembly. if they MLAs dont sit on their seat dog will come and sit in it... everyone knows that Mani took money from BAR association.. but the same time, every party has got money from bar association when they were ruling too... if not , why govt is still importing liquor from Karnataka( mallya)?

  malayalee cant make a liquour?

  ReplyDelete
  Replies
  1. ബാറുകാരുടെയും മദ്യ വ്യവസായികളുടെ കയ്യിൽ നിന്നും പണം കൈപ്പറ്റാത്ത ഒരു സംഘടനയും കേരളത്തിൽ ഉണ്ടാകാൻ വഴിയില്ല.

   കേരളത്തിന് കുറേക്കൂടി ഭേദപ്പെട്ട ഒരു മദ്യനയം ഉണ്ടാകേണ്ടത് ആവശ്യമാണ്‌. കള്ളിൽ നിന്നും നീരയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കേരളത്തിന്റെ തനതായ ഒരു മദ്യം വികസിപ്പിച്ചെടുക്കണം. ഗോവയ്ക്ക് ഫെനി പോലെ...റഷ്യക്ക് വോഡ്ക പോലെ...

   Delete
  2. hmmm.. basically its a show by both groups. now both groups are happy. ldf opposed. udf did not bend.. sivan and baby got a soft touch.. biji and jameela got a shake :) wow wow... who lost? the donkeys...

   Delete
  3. Yes...ജനങ്ങളെ കഴുതകളാക്കിയുള്ള അവരുടെ കളി തുടരുകയാണ്...

   Delete