ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 3 March 2015

തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും....!!!

അത്യന്തം ആസൂത്രിതവും ചടുലവും വ്യക്തി കേന്ദ്രീകൃതവും അസാധാരണവുമായ തന്ത്രങ്ങളിലൂടെ തെരഞ്ഞെടുപ്പ് യുദ്ധം സമാനതകളില്ലാതെ ജയിച്ച് ചെങ്കോട്ടയില്‍ എത്തിയ മോഡി, പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമാക്കി. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണ്ണയിക്കുന്നതില്‍ ഏത് മുന്‍ സര്‍ക്കാറിനെക്കാളും മികച്ചു നില്‍ക്കണമെന്ന ദൃഡനിശ്ചയം തോന്നിപ്പിക്കുന്ന നീക്കങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്ന് കണ്ടത്‌. വാ തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയെ ഭാരതം കണ്ടിട്ട് കുറച്ചധികം കാലമായിരുന്നു. പൊതുവേ, സംസാരിക്കുന്ന കാര്യത്തില്‍ മന്‍മോഹന്‍സിങ് വളരെ ലുബ്ധനായിരുന്നു. സഭയില്‍ പോലും പ്രസംഗിച്ചത് അപൂര്‍വ്വമായിട്ടായിരുന്നു. യു പി ഏ ഉന്നതനേതാക്കളായ സോണിയ, രാഹുല്‍ മുതലായ ഗാന്ധിമാരും ഇക്കാര്യത്തില്‍  ഒട്ടും മെച്ചമായിരുന്നില്ല. പക്ഷെ, നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വായ്ത്താരി കൊണ്ട് തുടക്കത്തിലേ ആവോളം കയ്യടി നേടി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രണ്ടു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തി നടന്ന ചര്‍ച്ചക്കുള്ള മറുപടി  പ്രധാനമന്ത്രി തന്നെയാണ് നടത്തിയത്.

അതി നൂതന ബ്രാന്‍ഡിംഗ് രീതികളിലൂടെയാണ് മോഡി തന്റെ ഇന്ദ്രപ്രസ്ഥയാത്ര ലക്ഷ്യത്തില്‍ എത്തിച്ചത്. ശരീരഭാഷയിലും വസ്ത്രധാരണത്തിലും പ്രസംഗത്തിലും തന്റേതു മാത്രമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനാണ് മോഡി ശ്രമിച്ചതും ശ്രമിക്കുന്നതും. എപ്പോഴും വിലയിരുത്തലുകള്‍ നടത്തുന്നത് താരതമ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. മിണ്ടാമുനിയായി ജീവിക്കുന്ന മന്‍മോഹന്‍സിങ്ങിനെ ഊര്‍ജ്ജസ്വലനായ നരേന്ദ്രമോഡിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ ജനം താരതമ്യം ചെയ്തു നോക്കി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ജനദ്രോഹപരമായ നയങ്ങളും മോഡിക്ക് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി എളുപ്പത്തില്‍ തുറന്നു കൊടുത്തു.  ഒന്നിനെ വലിച്ചെറിഞ്ഞ് മറ്റൊന്നിനെ പ്രതിഷ്ഠിക്കാന്‍ മാത്രം അവകാശമുള്ള ജനം ലഭ്യമായ പാലത്തില്‍ നിന്ന് തമ്മില്‍ ഭേദമെന്നു തോന്നിയ ഒന്നിനെ പ്രതിഷ്ഠിച്ചു. വിപണി സാധ്യത മുന്നില്‍ കണ്ട് പ്രചണ്ടമായ വന്‍തരംഗം ഉണ്ടാക്കി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. വികസനം വികസനം എന്ന മൂലമന്ത്രവും പ്രച്ഛന്നവേഷം ധരിച്ച വര്‍ഗീയതയും മോഡി എന്ന ബ്രാന്‍ഡും ചേര്‍ന്ന് ഗംഭീരമെന്നു പറയിപ്പിക്കാവുന്ന ജയം നേടി.

മോഡി വിജയം നേടിയ കാലയളവില്‍ തന്നെ ഇന്ത്യയുടെ ഉപഭോക്തൃ-വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള  പണപ്പെരുപ്പം സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഫാക്ടറി ഉത്പാദനം കൂടി. രൂപയുടെ മൂല്യം അല്‍പ്പമൊന്നു കൂടി. ഓഹരി വിപണി കുതിച്ചു. ആദ്യ ബജറ്റ് അവതരിപ്പിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ സംബന്ധിച്ച് ശുഭ സൂചന തന്നെ എന്ന് ഏവരും ധരിച്ചിരിക്കുമ്പോഴാണ് രാജ്യത്തെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പുനല്‍കിയത്. സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ രാജ്യത്ത് ആത്മവിശ്വാസം ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും കടുത്ത തീരുമാനങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും രുചിച്ചെന്നുവരില്ലെന്നും ജനങ്ങളിലൊരു വിഭാഗം തന്നെ വെറുക്കാന്‍ തുടങ്ങിയെക്കാമെങ്കിലും രാജ്യതാത്പര്യമാണ് എല്ലാറ്റിലും വലുതെന്നും അദ്ദേഹം പറഞ്ഞു വച്ചു. മോദിയെയും ബി.ജെ.പിയെയും വാഴ്ത്തിപ്പാടിയതുകൊണ്ട് രാജ്യത്തിന് ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ലെന്നും സ്തുതിഗീതങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല.

രാജ്യത്ത് പണം കായ്ക്കുന്ന മരങ്ങളില്ലെന്നും  കടുത്ത നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാകുമെന്നും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നും 2012 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞപ്പോള്‍ ബി.ജെ.പി അതിശക്തമായ ഭാഷയില്‍ ആയിരുന്നു അന്ന്  പ്രതികരിച്ചത് എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.

എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.  അതിന് കടുത്ത നടപടി തന്നെ വേണ്ടി വരും!!!!

അതിന്റെ ഭാഗമായി റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം ഇപ്പൊ തിരിച്ചുപിടിക്കുമെന്ന് ഗീർവാണം അടിച്ചു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടിലാണ് ഇപ്പോൾ മോഡി സർക്കാറും. 

തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതേ നയങ്ങളുടെ ഇരകളാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെ കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...


ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

"ഏക ഭാരതം...ശ്രേഷ്ഠ ഭാരതം" 

എന്താകുമോ എന്തോ ???


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment