Kick Off : ലോകത്ത് ഏറ്റവുമധികം ജനങ്ങൾ
കളിക്കുന്നതും ഇഷ്ടപ്പെടുന്നതും കാഴ്ചക്കാരുള്ളതുമായ കായിക വിനോദമേതാണ് എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകാന്‍
വഴിയുള്ളൂ. അത് ഫുട്ബോള്‍ ആണ്. അമിത മലയാള സ്നേഹത്താല്‍
നമുക്കതിനെ കാൽപന്തുകളി എന്ന് വിളിക്കാം. ഫുട്ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികള്‍ ഉള്ളതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാനായി അവര്‍ നമ്മുടെ കാല്‍പ്പന്തുകളിയെ സോക്കര്‍ എന്നാണ് പറയുന്നത്.
First Half : ഈ കളിയുടെ പ്രാകൃത രൂപങ്ങള്‍
ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരത്തില്‍ പ്രചാരത്തിലിരുന്നു. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയില്‍ 'സുചു' എന്നപേരില്‍ ഫുട്ബോളിനോട്
സാദൃശ്യമുള്ള ഒരു കളി ഉണ്ടായിരുന്നത്രേ. റോമന്‍ യുഗത്തില്‍ ഈ കളിയുടെ ആദിരൂപങ്ങള്‍
നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു. വലിയ ഒരു പന്ത് ഉപയോഗിച്ച് കളിച്ചിരുന്ന 'എപ്പിസ്ക്കുറോസ്' എന്ന കളിയെപ്പറ്റി ഗ്രീക്ക്
ചരിത്രവും പറയുന്നുണ്ട്. ഇറ്റലിയില്‍ നിലവിലിരുന്ന 'കാല്‍ചിയോ' എന്ന പന്തുകളിയെപ്പറ്റിയും
രേഖയുണ്ട്. അങ്ങനെ ചരിത്രത്തിന്റെ താളുകള്‍ പിന്നോട്ടുമറിക്കുമ്പോള്‍ ഫുട്ബോള്‍
എന്ന കളിയുടെ പിറവിയെപ്പറ്റി പലവിധ കഥകള്‍ പ്രചാരത്തിലുണ്ട്.
Half Time : ഭാവനാരഥത്തിലൂടെ ഒന്ന്
സഞ്ചരിച്ചു നോക്കാം. ഏതോ ഒരാള്‍ ഏതോ ഒരു വസ്തു കാലുകൊണ്ടു
തട്ടിത്തെറിപ്പിച്ചു കളിക്കുന്നു. അയാളെ തടഞ്ഞ് അത് കൈക്കലാക്കാന്‍ മറ്റൊരാളെത്തുന്നു. രണ്ടു
പേര്‍ക്കും പിന്തുണയുമായി കുറച്ചു കൂടി ആളുകള്‍. അത് ഒരു മത്സരമായി മാറുന്നു. പിന്നീട്
അത് ഒരു സ്ഥിരം വിനോദോപാധിയാകുന്നു. കാലക്രമത്തില്‍ ഏകീകൃത നിയമങ്ങളുമായി അത്
ഫുട്ബോള്‍ എന്ന കളിയാകുന്നു.
Second Half : എന്തായാലും ഗവേഷകര്‍ക്ക് ഈ കളിയെപ്പറ്റി സഹസ്രാബ്ദങ്ങളുടെ കഥ
പറയാനുണ്ടെങ്കിലും സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ഈ കളി കടന്നുവന്ന്
പ്രചുരപ്രചാരത്തിലായിട്ട് ഒന്നര നൂറ്റാണ്ട് ആവുന്നതേയുള്ളൂ. ഇക്കാലഘട്ടത്തിനിടക്ക്
ഈ ജനപ്രിയ വിനോദമായ ഫുട്ബോളിന്റെ വളര്‍ച്ച എത്രയോ
വേഗത്തിലും തീവ്രവും ആയിരുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. വ്യക്തികള്‍ക്കും
ഗോത്രങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വികാരമാണിപ്പോള്‍. അതിനു രൂപത്തിനെ
കവച്ചു വയ്ക്കുന്ന ഒരു മാസ്മര ജനകീയ ഭാവമാണുള്ളത്.
Injury Time : ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടി കാൽപന്തുകളിയുടെ വസന്തകാലം വന്നെത്തിക്കഴിഞ്ഞു. കാറ്റ് നിറച്ച ഈ തുകൽപ്പന്തിലേക്ക് ഒതുങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കി. ഭൂമിയെ ഒരു ഫുട്ബോളായും രാജ്യങ്ങളെ ആ പന്തിലെ തുകൽക്കഷണങ്ങളായും സങ്കൽപ്പിച്ചാൽ അതിലെ ഏറ്റവും വലിയ തുകൽക്കഷണമായ റഷ്യയിലാണ് ഇത്തവണ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഒരു കാലത്ത് ലോക രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന സോവിയറ്റ് യൂണിയൻ എന്ന "സോഷ്യലിസ്റ്റ് സ്വപ്ന സാമ്രാജ്യം" പല രാജ്യങ്ങലായി ചിതറിപ്പോയി റഷ്യ എന്ന രണ്ടക്ഷരത്തിലൊതുങ്ങിയ ശേഷം ഈ ലോകത്തിനു മുന്നിൽ അവർ അഭിമാനപൂർവ്വം തലയുയർത്തിപ്പിടിച്ചു നടത്തുന്ന ഒരു ബൃഹത്ത് പരിപാടിയാണ് ഈ ലോകകപ്പ്. റഷ്യയിൽ എന്ന് മാത്രമല്ല കിഴക്കേ യൂറോപ്പിൽ തന്നെ ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻ കരകളിലായി (യൂറോപ്പ്, ഏഷ്യ) നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ. ഇറ്റലിയും ഹോളണ്ടും ഇല്ലാത്ത ഒരു ലോകകപ്പ്. ഒരു പക്ഷെ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇതവസാന ലോക കപ്പ് മത്സരമായേക്കാം. ആരൊക്കെ വാഴും; ആരൊക്കെ വീഴും; ആരൊക്കെ കറുത്ത കുതിരകളാകും; ആരൊക്കെ അട്ടിമറിക്കപ്പെടും; പ്രവചനങ്ങൾ അസാധ്യം !!!
Extra Time : കേരളത്തിലെ യുവ മനസിന് ഫുട്ബോള്‍ എന്നും ഒരു ലഹരി തന്നെയാണ്. കേരളവും ലോകകപ്പ് ലഹരിയില്‍ മുഴുകിക്കഴിഞ്ഞു. (ലോക കപ്പ് മാത്രമല്ല... കോപ്പ അമേരിക്ക, യൂറോ കപ്പ്.... അങ്ങനെ ഏത് കാൽപ്പന്ത് ടൂർണമെന്റിനും ഇവിടെ ലഹരിക്ക് കുറവൊന്നുമില്ല.) കേരളത്തിന്റെ ഓരോ മുക്കും മൂലയും ലോകകപ്പിനെ ആഘോഷിക്കുകയാണ്. നാട്ടിൻ പുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ ഇഷ്ട ടീമുകളെ പ്രകീര്‍ത്തിച്ചു
കൊണ്ടും എതിര് ടീമിനെ വെല്ലു വിളിച്ചു കൊണ്ടും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ലോകകപ്പ് തരംഗം അലയടിക്കുന്നു. സിനിമാ പോസ്റ്ററുകളിലെ നായകന്മാരെ
അവതരിപ്പിക്കുന്ന വാചകങ്ങള്‍ ആണ് ഓരോ പോസ്റ്ററിലും ബാനറിലും. ബ്രസീലും
കേരളവും തൊട്ടടുത്താണെന്നു തോന്നും ആരാധകരുടെ ഈ യുദ്ധം കണ്ടാല്‍. ഓരോ താരങ്ങളും തങ്ങളുടെ കൂടെ ക്ലബ്ബില്‍ കളിക്കുന്നവരാണ്
എന്നാണു ഓരോ പോസ്റ്ററുകളും വായിച്ചാല്‍ തോന്നുക.
ഇഷ്ട താരങ്ങളുടെ ജേഴ്സി അണിഞ്ഞു നടക്കുന്നവരും വാഹനങ്ങളില്‍ ഇഷ്ട ടീമുകളുടെ പതാക
പ്രദര്‍ശിപ്പിക്കുന്നവരും കുറവല്ല. ബ്രസീലിനും അർജന്റീനക്കും ജർമ്മനിക്കുമാണ് പൊതുവേ ആരാധകര്‍ കൂടുതല്‍. ഇംഗ്ളണ്ടിനും ഫ്രാൻസിനും സ്പെയിനിനും പോർച്ചുഗലിനുമൊക്കെ ആരാധകര്‍ സജീവമാണ്.
Shoot Out : ഈ അവസരത്തില്‍ ഉയരുന്ന ചോദ്യങ്ങൾ പലതാണ്...
ഇവിടത്തെ ജനങ്ങള്‍
ഫുട്ബോളിനോട് കാണിക്കുന്ന ആവേശത്തിന്റെയും താല്പര്യത്തിന്റെയും നൂറിലൊരംശം
ഇവിടത്തെ ഭരണാധികാരികള്‍ ഈ കളിയെ പ്രോല്‍സാഹിപ്പിക്കാന്‍ കാണിക്കുന്നുണ്ടോ ?
ലോക തലത്തില്‍
ശ്രദ്ധിക്കപ്പെടാന്‍ ക്രിക്കറ്റിനേക്കാളും ഹോക്കിയെക്കാളും മറ്റേതൊരു കളിയെക്കാളും
സാധ്യത ഫുട്ബോളിന് ഉണ്ടെന്നിരിക്കെ, ഫുട്ബോള്‍ വളര്‍ത്താന്‍
ഇവിടത്തെ ഭരണകൂടങ്ങള്‍ എന്താണ് ചെയ്യുന്നത് ?
ഈ കളിയ്ക്ക് ഇവിടെ
ലഭ്യമായിട്ടുള്ള മത്സരവേദികളില്‍ ജയിക്കുകയോ നേട്ടങ്ങള്‍ കൊയ്യുകയോ ചെയ്ത
ടീമുകളെയോ വ്യക്തികളെയോ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കുകയോ ആദരിക്കുകയോ
ചെയ്യാന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കാറുണ്ടോ ?
നല്ല കളിസ്ഥലങ്ങളും പരിശീലന
സംവിധാനങ്ങളും ഒരുക്കുന്നതില്‍ ഗവണ്മെന്റ് വിജയിച്ചിട്ടുണ്ടോ ?
ഒരു ചെറിയ
ഗ്രൗണ്ടിനു ചുറ്റും നിന്ന് കാണുന്ന സെവൻസ്
ഫുട്ബോളും, ജില്ലാ ലീഗും സംസ്ഥാന ലീഗും ദേശീയ ലീഗുമൊക്കെ അങ്ങനെയൊക്കെ
നടന്നു പോയ്ക്കോളും എന്ന രീതിയിലുള്ള അധികാരികളുടെ വികല മനസ്ഥിതി അല്ലെ നമ്മുടെ
സാധ്യതകള്‍ ഇല്ലാതാക്കുന്നത് ?
ഇത്തരം അവഗണനകള്‍ക്കെതിരെ ഇപ്പോള്‍ ഉറക്കമിളച്ചു
കട്ടന്‍ ചായയും കുടിച്ചു കളി കാണുന്നവര്‍ എത്രത്തോളം പ്രതികരിച്ചിട്ടുണ്ട് ?
ഇപ്പോള്‍ വിദേശ ടീമുകളുടെ ഫ്ലക്സ് വയ്ക്കാനും കൊടി കെട്ടാനും നടക്കുന്നവര്‍ സംഘടിച്ചു വില പേശിയാല് തന്നെ
നമ്മുടെ രാഷ്ട്രീയക്കാര്‍ അനുകൂലമായ നിലപാടുകള്‍ എടുക്കില്ലെ ?
സെലിബ്രിറ്റി
ക്രിക്കറ്റിനു പോലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന നമ്മുടെ നാട്ടില്‍ ഫെഡറേഷന്
കപ്പിനും നമ്മുടെ ലോക്കല്‍ ലീഗുകള്‍ക്കും കാണികള്‍ കുറയുന്നതിന് ആരെയാണ് കുറ്റം
പറയേണ്ടത് ?
ഇത്തരം ചെറുകിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്ത് നടപടികളാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ?
ഇത്തരം ചെറുകിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്ത് നടപടികളാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ?
പ്രോത്സാഹനവും ജനക്കൂട്ടവും തന്നെയാണ് ഏതൊരു
കളിക്കാരനെയും കളിയേയും മികച്ച നിലവാരത്തിലെത്തിക്കുന്നത്. പ്രീമിയർ
ലീഗും സ്പാനീഷ് ലീഗും ഇംഗ്ലീഷ് ലീഗും മാത്രം നോക്കിയിരിക്കാതെ നമ്മുടെ നാട്ടില്‍
നടക്കുന്ന കളികളിലും പരമാവധി കാണികള്‍ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടത് ഓരോ ഫുട്ബോള്‍
പ്രേമിയുടെയും കടമയല്ലേ ?
Sudden Death (കാടനടി) : മനുഷ്യ വിഭവ ശേഷിയും സാമ്പത്തിക ഭദ്രതയും നമ്മുടെ അത്ര പോലുമില്ലാത്ത, നമ്മുടെ നാട്ടിലെ ഒരു നിയോജകമണ്ഡലത്തിന്റെയത്ര വലിപ്പമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ന് ലോക ഫുട്ബോളിൽ മികച്ച പ്രകടനം നടത്തുമ്പോള്‍, ലോകഫുട്ബാള്‍ നിലവാരത്തിന്റെ എഴയല്‍പക്കം ചെല്ലാന്‍ യോഗ്യത ഇല്ലാതെ, ഇവിടെ കുത്തിയിരുന്നു വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ "കല്യാണരാമന്" സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ കോമഡി ഡയലോഗാണ് ഓര്‍മ്മ വരുന്നത്
"എന്തിനോ
വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ !!!"
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
No comments:
Post a Comment