നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇഷ്ടമുള്ള പാട്ട് കേൾക്കുക, ശബ്ദം റെക്കോർഡ് ചെയ്യുക, അത് വീണ്ടും കേൾക്കുക എന്നത് വളരെ ചിലവ് കുറഞ്ഞതും ലളിതവുമായ ഒരു കാര്യമാണ്. ഇലക്ട്രോണിക്ക് - ഡിജിറ്റൽ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ മൊബൈൽ ഫോണുകളും മറ്റ് ആധുനിക ഉപകരണങ്ങളും ഇത്തരം കാര്യങ്ങൾ വളരെ ജനകീയവും എളുപ്പവും ആക്കി. എന്നാൽ കുറച്ച് കാലം മുൻപ് വരെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും ആവർത്തിച്ചു റീപ്ളേ ചെയ്തു കേൾക്കാനും ഉപയോഗിച്ചിരുന്നത് മാഗ്നറ്റിക്ക് ടേപ്പ് കാസറ്റുകൾ ആയിരുന്നു. പുതു തലമുറയിലെ കുട്ടികൾ പലരും ഇത് കണ്ടിട്ട് പോലുമുണ്ടാകില്ല; എന്നാൽ കുറെ പേർക്കെങ്കിലും അവ മനസിൽ നൊസ്റ്റാൾജിയ നിറക്കുന്ന ഓർമ്മച്ചെപ്പുകളാണ്.
മുകളിലെ ചിത്രത്തിൽ ഉള്ള ആളുടെ പേര് ലൂ ഓട്ടന്‍സ് എന്നാണ്. 1926 ജൂൺ 21-ന് നെതർലൻഡ്സിലെ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് മിടുക്കനായ ഒരു എൻജിനീയറായിരുന്നു. 1952-ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി തുടങ്ങുന്നത്. 1960-ൽ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേറ്റു. ഫിലിപ്സ് കമ്പനിക്ക് വേണ്ടിയാണ് ലോകത്തെ വിസ്മയിപ്പിച്ച കാസറ്റ് സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തത്. 1963 ഓഗസ്റ്റ് 30-നാണ് അദ്ദേഹം മുന്നോട്ട് വച്ച കാസറ്റ് ഉപകരണം പൊതുജനശ്രദ്ധയിലെത്തുന്നത്. സി.ഡി. എന്ന ചുരുക്കപ്പേരിൽ ജനപ്രിയമായ കോംപാക്ട് ഡിസ്കുകൾ രൂപകല്‍പന ചെയ്ത ടീമിലും ഓട്ടന്‍സ് അംഗമായിരുന്നു. 1979-ലാണ് സിഡി പുറത്തിറങ്ങിയത്. 1986-ൽ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു. 2021 മാർച്ച് 6-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
റീൽ റ്റു റീൽ ടേപ്പുകൾ എന്നറിയപ്പെട്ടിരുന്ന വലിയ റീലുകളിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന പാട്ടുകളും മറ്റ് ശബ്ദങ്ങളും കേൾക്കുക സാധാരണക്കാർക്ക് അപ്രാപ്യവും അസൗകര്യം നിറഞ്ഞതും ആയിരുന്നു. അത്തരം ഉപകരണങ്ങൾ വലുതും ഭാരം കൂടിയതും വിലയേറിയതും ആയിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്ന ഓട്ടൻസിന്റെ ആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്. ''സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ വേണം എന്ന ആഗ്രഹം ഓട്ടൻസിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോർമാറ്റ് മറ്റ നിർമാതാക്കൾക്ക് സൗജന്യമായി ലൈസൻസ് ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുട്ടിരുന്നു. കാസറ്റുകൾ ഒരു ലോകോത്തര സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.'' ഓട്ടൻസിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്‌ലർ പറയുന്നതാണിന്.
കാലത്തിനനുസരിച്ച് കാസറ്റുകൾക്ക് വിവിധ വകഭേദങ്ങള്‍ വന്നു. ആധുനിക സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ പല കണ്ടുപിടിത്തങ്ങള്‍ ഉണ്ടായെങ്കിലും കാസറ്റിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ഉറപ്പിച്ചു പറയാം. സാങ്കേതികവിദ്യയുടെ പുരോഗതിയോടെ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ നിന്നും ഏറെക്കുറെ പുറത്തായെങ്കിലും ഈ അടുത്ത കാലത്തും കാസറ്റിന് ആവശ്യക്കാര്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേഡി ഗാഗ, ദ കില്ലേര്‍സ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ തങ്ങളുടെ പുതിയ ആല്‍ബങ്ങള്‍ കാസറ്റിലും ഇറക്കിയിരുന്നു. വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ - കല്യാണി പ്രിയദർശൻ ചിത്രമായ "ഹൃദയം" സിനിമയിലെ പാട്ടുകൾ അതിന്റെ അണിയറക്കാർ കാസറ്റിൽ ലഭ്യമാക്കിയപ്പോൾ അതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.