ഞാൻ വെറും പോഴൻ

Friday, 24 December 2021

പേജർ - അകാലത്തിൽ വീണു പോയ പോരാളി

സൂപ്പർ ഹിറ്റ് സിനിമ "പുഷ്പ'യിൽ ചതുരാകൃതിയുള്ള ഒരു ഉപകരമുപയോഗിച്ച് ഒരു മെസ്സേജ് അയക്കുന്നത് കാണിക്കുന്നുണ്ട്. “പേജർ” എന്ന ഉപകരണത്തെക്കുറിച്ച് ഇപ്പോൾ അധികമാർക്കും ഓർമ്മയുണ്ടാകാൻ വഴിയില്ല; പുതിയ തലമുറയിലെ ആളുകൾ "പേജർ: കണ്ടിട്ട് പോലുമുണ്ടാകാൻ സാധ്യതയില്ല. പേറിനെക്കുറിച്ചാണ് ഈ കുറിപ്പ്....


ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ബീപ്പർ, പോക്കറ്റ് ബെൽ എന്നീ പേരുകളും ഇതിനുണ്ടായിരുന്നു. 1950-കളിൽ ഇത് വികസിപ്പിക്കപ്പെടുന്നത്. 1980-കളിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 


1990-കളുടെ പകുതിയിലാണ് ഇന്ത്യയിൽ പേജർ സർവീസ് ആരംഭിച്ചത്. ലാൻഡ് ഫോണിന്റെയും മൊബൈൽ ഫോണിന്റെയും ഇടക്കുള്ള കാലഘട്ടത്തിലെ ഏറെക്കുറെ ആഡംബരമെന്ന് തന്നെ വിശേഷിപ്പിക്കാമായിരുന്ന ഉപകരണമായിരുന്നു പേജർ. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പേജറിൽ വൺ-വേ സന്ദേശങ്ങൾ മാത്രമേ
സ്വീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അക്കങ്ങൾ മാത്രം അയക്കാൻ പറ്റുന്ന ന്യൂമെറിക് പേജറുകളും അക്ഷരങ്ങളും അക്കങ്ങളും അയക്കാൻ പറ്റിയ ആൽഫ ന്യൂമെറിക് പേജറുകളും ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. മോട്ടൊറോള, BPL, മൊബിലിങ്ക്, USHA ഒക്കെയായിരുന്നു ഇന്ത്യയിലെ പ്രധാന പേജർ ഓപ്പറേറ്റർമാർ.

അക്കാലത്ത് പേജർ വിലയും സർവീസ് ചാർജ്ജും കണക്കിലെടുത്താൽ അത് ഉപയോഗിക്കുന്നത് വളരെ പണച്ചിലവുള്ള കാര്യമായിരുന്നു. എന്നാൽപ്പോലും മൊബൈൽ സർവീസിന്റെ ആദ്യകാലത്തെ അതുപയോഗിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ പേജർ ലാഭകരമായിരുന്നതിനാൽ കുറച്ചു കാലം കൂടി പേജർ പിടിച്ചു നിന്നു. പിന്നീട് സെൽ‌ഫോണുകളും സ്മാർട്ട്‌ഫോണുകളും വ്യാപകവും ചിലവ് കുറഞ്ഞതുമായതോടെ സ്വാഭാവികമായും പേജർ‌ സർവീസുകൾ ഇല്ലാതായി. പല പേജർ ഓപ്പറേറ്റർമാരും സെല്ലുലാർ ഫോൺ സർവീസിലേക്ക് മാറുന്നതും കാണാനായി. ഹോബിയിസ്റ്റുകളുടെ വ്യക്തിതിഗത ശേഖരത്തിൽ ഇപ്പോൾ പേജറുകൾ കാണാം. 

1999-ൽ പുറത്തിറങ്ങിയ Haseena Maan Jaayegi എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനത്തിൽ പരാമർശിക്കുന്ന Sorry mobile nahi, Lele tu pager number എന്ന വരിയിലെ പേജർ പോസ്റ്റിൽ പ്രതിപാദിക്കുന്ന അതേ കഥാപാത്രമാണ്.

ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!  

(ചിത്രത്തിലെ പേജർ എന്റെ കളക്ഷനിൽ ഉള്ളതാണ്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക