ഞാൻ വെറും പോഴൻ

Monday, 15 December 2014

നമ്മളെ ഭരിക്കുന്നവരുടെ തലയ്‌ക്കുള്ളില്‍ തെര്‍മോക്കോളാണോ !!??

A.D. 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം ആരംഭിക്കുന്നത്. ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. ഗണിതശാസ്ത്രം, തത്വശാസ്ത്രം, വാനശാസ്ത്രം, ഭാഷാപാണ്ഡിത്യം, ചിത്രകല എന്നിവയിൽ അഗാധ പ്രാവീണ്യം ഉണ്ടായിരുന്നു. അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്ന ഇദ്ദേഹത്തെ ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.  സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയപ്പോള്‍ ദില്ലിയിലെ ജനങ്ങളെയും അവരുടെ വസ്തുവകകളും കൂടി ദൗലത്താബാദിലേയ്ക്ക് മാറ്റിയതും കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും എല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്' എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചരിത്ര സ്നേഹം കൊണ്ടൊന്നുമല്ല; ഈ ദിവസങ്ങളിൽ കാണുന്ന ചില പത്ര വാർത്തകൾ വായിച്ചിട്ടാണ്. 

എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യത്തെ മുൻ നിർത്തി സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നായിരുന്നു ഒരു വാർത്ത.  പകരം പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാൻ പോകുന്നത്രേ. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പാക്കും. സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാള്‍ വളരെ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി അതല്ലാത്തത് കൊണ്ട് ഈ സമ്പ്രദായത്തിന് ഇപ്പോള്‍ പ്രസക്തിയുമില്ലത്രേ.  പ്ലസ് ടു കോഴ്‌സുകളും സീറ്റുകളും വാരിക്കോരി കൊടുത്തെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല. പ്ലസ് ടുവിന്റെ മാര്‍ക്ക് മാത്രം മാനദണ്ഡമാക്കുമ്പോള്‍, ഉദാരമായി മാര്‍ക്ക് കിട്ടുന്ന, കേരള സിലബസ് പഠിപ്പിക്കുന്ന പ്ലസ് ടു സ്‌കൂളുകളിൽ കുട്ടികള്‍ കൂടുതലായി എത്തുമെന്നാണ് കണ്ടെത്തൽ. കേരള സിലബസിനെ അപേക്ഷിച്ച് മൂല്യ നിർണ്ണയം കടുപ്പമായ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ മുതലായ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതോടെ കേരള എൻട്രൻസ് കിട്ടാനുള്ള സാധ്യത കുറയും. മുട്ടിനു മുട്ടിനു സ്വാശ്രയ കോളേജുകൾ അനുവദിച്ചതിന്റെ തിക്ത ഫലമാണ് വിദ്യാർഥി ക്ഷാമത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളു. 

സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്നാണ് അടുത്ത വാർത്ത. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണെന്നാണ്‌ സർക്കാർ ഭാഷ്യം. കടം കയറി പൂട്ടാൻ ഒരുങ്ങി നിൽക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ കുറേക്കൂടി  ബുദ്ധിമുട്ടിലാക്കാൻ മാത്രമേ ഇത് കൊണ്ട് കഴിയൂ. 

ഇത്തരം പരിഷ്കാരങ്ങളെ ഒക്കെ തുഗ്ലക്ക്‌ പരിഷ്കാരം എന്ന് വിളിച്ചാല്‍ തുഗ്ലക്ക്‌ പോലും ക്ഷമിക്കാന്‍ വഴിയില്ല. കാരണം തുഗ്ലക്ക്‌ പരിഷ്കാരങ്ങളെക്കാള്‍ വിഡ്ഢിത്തമാണ് ഇപ്പോൾ കൊണ്ട് വരുന്ന ചില പരിഷ്കാരങ്ങൾ. തലയിൽ തലച്ചോറിനു പകരം തെർമോക്കോൾ നിറച്ചു വച്ചിട്ട് അത് കൊണ്ട് ചിന്തിക്കുന്ന നമ്മുടെ അധികാരികളും ആസൂത്രണ വിദഗ്ദ്ധന്മാരുമാണ് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പ്രൊഫൈലിൽ നിന്നും ഒരു വാർത്ത പുറത്തു വന്നിരുന്നു. വിവാഹിതരാകാൻ പോകുന്ന സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങരുതെന്നും അക്കാര്യം തെളിയിക്കുന്ന സത്യവാങ്‌മൂലം പിന്നീട്‌ നൽകണമെന്നും സര്‍ക്കാര്‍ നിർദ്ദേശം ആയിരുന്നു അത്. സ്‌ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്‌  എന്ന വിവരം സ്വന്തം മേലധികാരികളെ രേഖാമൂലം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം, സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതിനായി, ഭാര്യയും ഭാര്യാപിതാവും സ്വന്തം പിതാവും കൂടി ഒപ്പു വെച്ച സത്യവാങ്‌മൂലം വകുപ്പ്‌ മേധാവിക്ക്‌ നൽകണമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇക്കാര്യം നിർബ്ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നും ഇത് സ്‌ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നും പോസ്‌റ്റിൽ പറഞ്ഞിരുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന അനേകം പ്രശ്‌നങ്ങൾ ഇതോടെ ഒഴിവാകും എന്നായിരിക്കണം ഈ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നിൽ എന്ന് കരുതാം. അന്ന് സോഷ്യൽ മീഡിയയിൽ അനേകം ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടിയ ഈ നിർദ്ദേശം ഇപ്പോൾ ചത്തോ ജീവിച്ചോ എന്ന് ആർക്കറിയാം.  ഇതെങ്ങാൻ പ്രാബല്യത്തിൽ വന്നാൽ, ഇത് കൊണ്ടുണ്ടാവാന്‍ പോകുന്ന ചില പ്രായോഗിക പ്രശ്നങ്ങള്‍ എന്തായിരിക്കും എന്ന് നോക്കാം.

സ്ത്രീ വീടിന്‍റെ വിളക്കാണ്, ഐശ്വര്യമാണ്, സ്ത്രീ തന്നെ ധനമായിരിക്കെ പിന്നെന്തു സ്ത്രീധനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വടം വിളിച്ചു പറഞ്ഞിട്ട്,  സ്ത്രീധനം കൊടുക്കുക വാങ്ങുക എന്നത് ഈ സമൂഹത്തില്‍ വളരെയേറെ വേര് പിടിച്ചു വളര്‍ന്നു നില്‍ക്കുന്ന സാമൂഹിക അനാചാരമാണ്. എന്തൊക്കെ നിയമം വന്നാലും, അധിക പക്ഷവും, ചെറുക്കന്‍ വീട്ടുകാരുടെയും പെണ്‍ വീട്ടുകാരുടെയും പരസ്പര സമ്മതത്തോടെ നടക്കുന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നിര്‍ബാധം തുടരുക തന്നെ ചെയ്യും. അതിനും മാത്രം പഴുതുകള്‍ ഇത് സംബന്ധിച്ച  നിയമത്തില്‍ ഉണ്ടെന്നത് കൊണ്ട്, തികച്ചും നിയമ വിരുദ്ധമായ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ ശേഷം നിര്‍ദ്ദിഷ്ട "അ"സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യും. പിന്നെ, ഒരച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ മകള്‍ക്ക് കൊടുക്കുന്ന വിവാഹ സമ്മാനം എങ്ങിനെയാണ് നിയമവിരുദ്ധ സ്ത്രീധനം ആവുക. വിവാഹം നടക്കണമെങ്കില്‍ ഇത്ര തുക കിട്ടിയാലേ പറ്റൂ എന്ന്  ശഠിക്കുമ്പോഴാണ് അത് നിയമ വിരുദ്ധമാവാന്‍ പാടുള്ളൂ.  പൂര്‍ണ്ണ മനസ്സോടെ അതി വാല്‍സല്യപൂര്‍വ്വം വിവാഹ സമ്മാനം നല്‍കുമ്പോള്‍ നിയമം വഴി അതിനെ എതിര്‍ക്കുന്നതോ തടയുന്നതോ ശരിയാണോ ?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യര്‍ ആണെന്നിരിക്കെ സ്വന്തം പിതൃസ്വത്തിലുള്ള പെണ്‍കുട്ടിയുടെ അവകാശം വിവാഹ സമയത്ത് നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തീരുമാനിക്കുകയും അത് കൊടുക്കുകയും ചെയ്യുമ്പോള്‍ അതിനെ സ്ത്രീധനം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലേ. അങ്ങിനെ വ്യാഖ്യാനിച്ചാല്‍, എഴുതി ഒപ്പിട്ടു നല്‍കുന്ന സത്യവാങ്ങ്മൂലം അസത്യമാവുകയില്ലേ...

പ്രണയ ബന്ധത്തോടനുബന്ധിച്ചോ അതല്ലാത്ത മറ്റേതെങ്കിലും സാഹചര്യത്തിലോ വീട്ടുകാരുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് ഈ നടപടി കൊണ്ട് ഉണ്ടാവാന്‍ പോകുന്ന പ്രായോഗിക ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല. തങ്ങളെ ധിക്കരിച്ചു വിവാഹിതരായ മക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രതികാര ബുദ്ധിയോടെ ഒരു അവസരം തേടിയിരിക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയൊരു സത്യവാങ്ങ്മൂലം  ഒപ്പിട്ട് കൊടുക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ നോക്കിയാല്‍, പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം  പുരോഗമന പരമായോ പ്രകോപന പരമായോ വിവാഹിതരായാല്‍ ഉള്ള തൊഴില്‍ നഷ്ടപ്പെടും എന്ന അവസ്ഥ വരാന്‍ ഇടയുണ്ട്. ഏതെന്കിലും കാരണത്താല്‍ ഒരു കോടതി വ്യവഹാരത്തില്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം വാങ്ങി എന്ന് തെളിയിക്കേണ്ടി വരുന്ന അവസരത്തില്‍, വിവാഹം നടക്കാനുള്ള നിയമ നിബന്ധനയുടെ പേരില്‍ ഒപ്പിട്ടു കൊടുത്ത സത്യവാങ്ങ്മൂലം തന്നെ എതിര്‍ സാക്ഷ്യമായി പോകാന്‍ വഴിയുണ്ട്. 

നമ്മുടെ ഭരണാധികാരികള്‍  ആദ്യമായിട്ടൊന്നുമല്ല ഇത്തരം നടപടികള്‍ മുന്നോട്ടു വക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള പോഴത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ അമിതമായി ഹോണ്‍ മുഴക്കുന്നതു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യംങ് ഇന്ത്യന്‍ കൊച്ചി ചാപ്റ്റര്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന ഗതാഗത മന്ത്രി, വാഹനങ്ങളില്‍ ബോഷ് ഹോണ്‍ ഉപയോഗിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച്  സര്‍ക്കാര്‍ ആലോചിക്കുമെന്നു  പ്രഖ്യാപിച്ചിട്ടു അധികം കാലമായില്ല. ജനമധ്യത്തില്‍ ചീറിപ്പായുന്ന മിക്കവാറും സര്‍ക്കാര്‍ വണ്ടികളിലും ഇത്തരം ഹോണുകള്‍ ആണ് ഉപയോഗിക്കുന്നത്. അത് മനസ്സിലായത്‌ കൊണ്ടായിരിക്കും,  ഇത് വരെ ഉത്തരവ് പുറത്തു വന്നില്ല.

അതുപോലെ, സിനിമയിൽ ഒരു കഥാപാത്രം ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ ആ സീനിൽ അഭിനയിച്ച നടനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം നടപടിയെടുക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഈ നീക്കവും നടപ്പാക്കിയതായി അറിവില്ല. യഥാർഥ സാഹചര്യങ്ങളിൽ മാത്രം പ്രവർത്തനക്ഷമമാവുന്ന ഒന്നാണ്‌ നിയമം എന്നിരിക്കെ, സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ചു ഹെൽമറ്റ്‌ ധരിക്കാതെ ടു വീലര്‍ ഓടിക്കുന്ന നടനെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയുമെന്നത്‌ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അങ്ങനെ നോക്കിയാല്‍ ബാലന്‍ കെ നായരും ജോസ് പ്രകാശും ഭീമന്‍ രഘുവും തുടങ്ങി ഒട്ടു മിക്ക സിനിമാ നടന്മാരും ഇപ്പോഴേ വധശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു.

മേല്‍ പറഞ്ഞതെല്ലാം, നടപ്പിലാവാത്ത നിര്‍ദ്ദേശങ്ങള്‍ ആണെങ്കില്‍ നടപ്പിലായ ഒരു ആന മണ്ടത്തരം ഉണ്ട്. വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റ് എന്ന പരിപാടിയാണത്. ഇന്നേ വരെ ഒരു വണ്ടിക്കും അനുവദനീയമായ അളവില്‍ കൂടുതല്‍ പുക ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കേട്ടിട്ടില്ല. എല്ലാവരും, പോലീസ് പിടിക്കുമ്പോള്‍ നൂറു രൂപ പോകാതിരിക്കാനായി ഈ സര്‍ട്ടിഫിക്കറ്റ് ഒരെണ്ണം സംഘടിപ്പിച്ചു വണ്ടിയില്‍ സൂക്ഷിക്കുന്നു. വാഹനമില്ലെങ്കിലും രേഖകളില്ലെങ്കിലും പണം കൊടുത്താല്‍ ഏത് വണ്ടിക്കും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമത്തിന്റെ ഉദ്ദേശവും പരിസ്ഥിതി സംരക്ഷണവും ഒക്കെ കട്ടപ്പുക.

ഇങ്ങനെ എന്തെല്ലാം പ്രഹസനങ്ങള്‍....സഹിക്കുക തന്നെ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 11 December 2014

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എഴുതിത്തള്ളാന്‍ ആര്‍ക്കാണിത്ര തിടുക്കം !!!! ?????

മലയാള സിനിമയിലെ രണ്ടു താരങ്ങളെ പറ്റി ഏതാനും മാസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ച് വൈറലായ രണ്ടു ഓണ്‍ലൈൻ വാര്‍ത്ത‍കളാണ് താഴെ. 

1. ദ ഇന്ത്യന്‍ റീഡറിന്റെ പ്രവചനം ശരി; മമ്മൂട്ടിയുടെ അഭിനയജീവിതം അവസാനിച്ചു; ഇനി മുന്‍ നടനും കൈരളി ചെയര്‍മാനും മാത്രം (19.03.2014)

നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതം അവസാനിച്ചുവെന്ന് കണക്കുകളുടെയും വസ്തുകളുടേയും അടിസ്ഥാനത്തില്‍ 'ദ ഇന്ത്യന്‍ റീഡര്‍'

ഈ വാര്‍ത്തയുടെ ലിങ്ക്  
2. ദൃശ്യത്തിന്റെ വിജയം രക്ഷിച്ചത് മോഹന്‍ലാലെന്ന നടനെ (21.03.2014)
തുടര്‍ച്ചയായ പരാജയങ്ങളില്‍നിന്നും പരാജയങ്ങളിലേക്ക് വീണ്ടുകൊണ്ടിരുന്ന മോഹന്‍ലാലിന് ജീവവായുവായിരുന്നു ദൃശ്യം 

ഈ വാര്‍ത്തയുടെ ലിങ്ക് 

മമ്മൂട്ടിയെപ്പറ്റിയുള്ള വാര്‍ത്തയുടെ കാതല്‍ ഇതാണ്. "ദ ഇന്ത്യന്‍ റീഡര്‍ നേരത്തെ കൊടുത്തിരുന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നുവെന്നാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ ഗതി ചൂണ്ടിക്കാട്ടുന്നത്. 2013ല്‍ അവസാനമിറങ്ങിയ ബാല്യകാലസഖിയുടെ വമ്പന്‍ പരാജയം മമ്മൂട്ടിയെന്ന സൂപ്പര്‍ താരത്തിന് നല്‍കിയ തിരിച്ചടി ചെറുതല്ല. ഇതിന്റെ പരാജയം സൂപ്പര്‍ താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ നിലനില്‍പ്പുതന്ന പ്രതിസന്ധിയിലാക്കി. ഈ വര്‍ഷം മൂന്നുമാസം പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇതുതന്നെ മമ്മൂട്ടിക്ക് തിരിച്ചടിയാണ്. ഈ വര്‍ഷം മമ്മൂട്ടിയുടേതെന്നു പറഞ്ഞ് ആദ്യം പുറത്തിറങ്ങാനിരിക്കുന്ന 'പ്രൈസ് ദ ലോര്‍ഡ്' ന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ ആരാധകര്‍ നിരാശയിലാണ്. പിന്നീടങ്ങോട്ട്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ കണക്കുകള്‍ പരിശോധിച്ചാലും നടനെന്ന നിലയില്‍ മമ്മൂട്ടി പരാജയമായിരുന്നു എന്നു സൂചിപ്പിക്കുന്ന കുറെ സിനിമകളുടെ വിവരങ്ങള്‍. അഭിനയിച്ച പടങ്ങള്‍ ഒട്ടു മിക്കതും പരാജയമായിരുന്നു എന്നാണു സൈറ്റ് പറയുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം നേടിയ അസൂയാവഹമായ വിജയം മമ്മൂട്ടി ആരാധകരെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബാല്യകാലസഖിയില്‍ ഒരു ചരിത്ര വിജയം സ്വപ്‌നംകണ്ട അവര്‍ക്ക് നിരാശയായിരുന്നു ഫലം. വിജയപരാജയങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ പതിറ്റാണ്ടിലേറെയായി മമ്മൂട്ടി പരാജയപ്പെടുകയാണെന്നുകാണാം. അഭിനയജീവിത്തിന്റെ അന്ത്യത്തിലേക്കെത്തിയ മമ്മൂട്ടിക്കു മുന്നിലുള്ളത് ഇനി മുന്‍ നടനായി തുടരുകയാണ്. മുന്‍ നടനും കൈരളി ചെയര്‍മാനുമായി ഈ സൂപ്പര്‍ താരത്തിന് വിരാജിക്കാം...അങ്ങനെ പോകുന്നു സൈറ്റിന്റെ കണ്ടെത്തലുകള്‍.....

മോഹന്‍ ലാലിനെപ്പറ്റിയുള്ള വാര്‍ത്തയുടെ ചുരുക്കം ഇതാണ്.  " മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായി മാറിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ മോഹന്‍ലാലെന്ന നടന് പുതുജീവനാണ് നല്‍കിയത്. തുര്‍ച്ചയായ പരാജയങ്ങള്‍ നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്തു വന്ന അവസരത്തിലായിരുന്നു ദൃശ്യത്തിന്റെ വിജയമെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇവിടെയും മോഹന്‍ലാലിന്റെ കാരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ചകള്‍, വിജയിച്ചതും പരാജയപ്പെട്ടതുമായ സിനിമകളുടെ കണക്കുകള്‍ വച്ച് സൈറ്റ്‌ വിശകലനം ചെയ്യുന്നു. മോഹന്‍ലാലെന്ന സൂപ്പര്‍താരം പിറക്കുന്നതുതന്നെ എണ്‍പതുകളിലായിരുന്നു എന്നും പിന്നീടദ്ദേഹം തൊടുന്നതെല്ലാം പൊന്നായി എന്നും എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാലെന്ന നടനിലൂടെ മലയാള സിനിമ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നുമൊക്കെ സൈറ്റ്‌ കണ്ടെത്തുന്നു. പരാജയങ്ങളുടെ തുടര്‍ച്ചയില്‍നിന്നു രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് മോഹന്‍ലാലിന്  ജീവവായുപോലെ 'ദൃശ്യംഎന്ന മികച്ച ചിത്രം വീണുകിട്ടിയത് എന്നും ഈ വിജയത്തിന്റെ ബലത്തില്‍ മോഹന്‍ലാലിന് കുറേനാള്‍കൂടി മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാം എന്നും കൂടി സ്ഥാപിക്കാന്‍ 
സൈറ്റ്‌ ശ്രമിക്കുന്നു....

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എഴുതിത്തള്ളാന്‍ ഒരുങ്ങി നില്‍ക്കുന്നവരോട് ഒന്ന് പറഞ്ഞോട്ടെ :

·   ഞാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനേ അല്ല; അതേ സമയം രണ്ടു പേരുടെയും നല്ല കഥാപാത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. 

·   അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ 1971ൽ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന മമ്മൂട്ടി, കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രം അഭിനയലോകത്തു തന്‍റേതായ ഒരു കസേര സ്വന്തമാക്കുകയായിരുന്നു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച ശേഷം ഉജ്ജ്വല കഥാപാത്രങ്ങളിലൂടെ ആധുനിക മലയാള ചലച്ചിത്ര അഭിനയ രംഗത്തെ നിത്യ സാന്നിദ്ധ്യമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, ഡോക്ടറേറ്റ്‌, ഡി ലിറ്റ്‌ മുതല്‍ ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത  പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കിടയില്‍ മുൻനിരക്കാരന്‍ ആകാനും ആ സ്ഥാനം നില നിര്‍ത്താനും അഭിനയശേഷി മാത്രം പോരെന്നും നല്ല അച്ചടക്കവും ആസൂത്രണവും കൂടി വേണമെന്നതിന് മമ്മൂട്ടിയുടെ കരിയർ തന്നെ സാക്ഷ്യം.  സൂപ്പർതാരപദവിയിൽ വെല്ലുവിളി നേരിടുമ്പോഴൊക്കെ അതിനെ അതിജീവിക്കാൻ കെല്പുണ്ടാവുക, ദീര്‍ഘ കാലം സൂപ്പർ താരപദവിയിൽ തുടരുക തുടങ്ങിയവ അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ഷഷ്ടിപൂര്‍ത്തിക്കടുത്ത് പ്രായമെത്തിയ മമ്മൂട്ടിയെ പ്രായം ചെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ശല്യം ചെയ്യുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ് മമ്മൂട്ടിയെ ഇപ്പോഴും പ്രായത്തെ അതിജീവിക്കാൻ സഹായിക്കുന്നത്. കടന്നുപോവുന്ന പ്രായവും ഇമേജ് പ്രതിസന്ധിയുമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമായൊരുക്കിയ ഡോ.അംബേദ്കർ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി താൻ ഒരു ദേശീയ നടനാണെന്നും തെളിയിച്ചിട്ടുണ്ട്. അംബേദ്കറെ അവതരിപ്പിക്കാനായി ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം തന്നെ നടത്തിയ മമ്മൂട്ടി ഒരു മലയാളി നടന്റെ പരിമിതികളെ ചവിട്ടി മെതിച്ചു കൊണ്ടാണ് അംബേദ്കർക്ക് ജീവൻ നൽകിയത്. തമിഴിലും അദ്ദേഹം നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

·   ഇത് പോലെ തന്നെ സ്വതസിദ്ധമായ വളരെയേറെ പ്രത്യേകതകള്‍ ഉള്ള നടന പ്രതിഭയാണ് മോഹന്‍ ലാലും. 1978 ല്‍ ലാലിന്റെ സുഹൃത്തുക്കള്‍ തന്നെ നിര്‍മ്മിച്ച തിരനോട്ടം എന്ന സിനിമയില്‍ ഒരു  ഹാസ്യകഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അദ്ദേഹം അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ 1980 ല്‍ പുറത്തിറങ്ങിയ "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍" ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. അയത്ന ലളിതവും അതീവ സ്വാഭാവികതയുള്ളതുമായ അഭിനയശൈലിയും നര്‍മ്മരസ പ്രധാനമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തന്മയത്വവും ആയിരുന്നു 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ  അല്ലെങ്കിൽ ലാലേട്ടൻ  എന്ന് ആരാധകര്‍ വിളിക്കുന്ന  മോഹൻലാലിന്റെ ആദ്യകാല കഥാപാത്രങ്ങളെ തങ്ങളുടെ അയല്‍പക്കത്തെ പയ്യന്‍ എന്ന  രീതിയിലാണ് ജനങ്ങള്‍ നെഞ്ചേറ്റിയത്. പിന്നീടങ്ങോട്ട് വളരെ ഗൌരവം നിറഞ്ഞ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ പ്രകടിപ്പിക്കേണ്ടുന്ന ഉജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ എണ്ണത്തിലെ വളർച്ചയും അദ്ദേഹത്തെ തമിഴിലും ഹിന്ദിയിലും പ്രശസ്തനാക്കി. മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. അഭിനയത്തിനും സിനിമാ നിര്‍മ്മാണത്തിനുമുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍, ചെറുതും വലുതുമായ മറ്റു പുരസ്കാരങ്ങള്‍, പദ്മശ്രീ, ഡോക്ടറേറ്റ്‌, ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) മുതലായ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്.


മേല്‍പ്പറഞ്ഞവയൊക്കെ ഈ പ്രതിഭകളുടെ വളരെ കുറച്ചു പ്രത്യേകതകള്‍ മാത്രമാണ്.


ഇവര്‍  അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി പരാജയമാകുന്നു എന്നത് കൊണ്ട് മാത്രം ഇവര്‍ മുന്‍ നടന്‍മാര്‍ മാത്രമായി പോകും എന്നു ചിന്തിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഏതെന്കിലും ഒരു സിനിമയുടെ വിജയമാണ് ഇവരെ ഈ രംഗത്ത് ജീവശ്വാസം നല്‍കി നില നിര്‍ത്തുന്നത് എന്നുള്ള കണ്ടു പിടുത്തവും അതി വിചിത്രമാണ്.

മധു, സോമന്‍, സുകുമാരന്‍, പ്രതാപ്‌ പോത്തന്‍, രതീഷ്‌, ശങ്കര്‍ തുടങ്ങിയവര്‍ ഒരു കാലത്ത് മലയാള സിനിമയിലെ നായകന്മാര്‍ ആയിരുന്നിട്ടു പിന്നെ മറ്റു ശ്രദ്ധേയമായ സഹ വേഷങ്ങള്‍ ചെയ്തു തിളങ്ങിയവരാണ്. അത് പോലെ തിലകന്‍, ജഗതി, നെടുമുടി വേണു, ഒടുവില്‍ മുതലായവര്‍ സിനിമയിലെ അനശ്വര വ്യക്തിത്വങ്ങള്‍ ആയതും നായകവേഷങ്ങള്‍ ചെയ്തത് കൊണ്ടല്ല. പിന്നെ ശ്രദ്ധിക്കപ്പെടാതെ നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍ എന്നതൊന്നും പ്രതിഭയുടെ മുന്‍പില്‍ വലിയ കാര്യങ്ങള്‍ അല്ല. ഭരത് ഗോപി, ടി ജി രവി, ജോസ് പ്രകാശ്‌, ഉമ്മര്‍, ബാലന്‍ കെ നായര്‍, രവീന്ദ്രന്‍ ഇവരൊക്കെ വര്‍ഷങ്ങളോളം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിട്ട് വീണ്ടും വന്നു അഭിനയ മികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. 

മമ്മൂട്ടിയായാലും മോഹന്‍ ലാല്‍ ആയാലും കുട്ടി കുസൃതികളും മരം ചുറ്റി പ്രേമവും ഉപേക്ഷിച്ചു  തങ്ങളുടെ പ്രായത്തെ അംഗീകരിച്ചു അതിനനുസ്സരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ ഏതൊക്കെ മാധ്യമങ്ങളും ലോബികളും അവിശുദ്ധമായി കൈ കോര്‍ത്താലും ഇവരെ മരിക്കുന്നത് വരെ കരക്കിരുത്താന്‍ ആര്‍ക്കുമാകില്ല. കഥാപാത്ര ശൈലീമാറ്റത്തിന്  ഇവര്‍ക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക ബോളിവുഡ് ബിഗ്‌ ബി സാക്ഷാല്‍ അമിതാബ് ബച്ചന്‍ തന്നെയാണ്. മലയാളത്തില്‍ നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍പുള്ള താരനായകന്‍ പ്രേം നസീര്‍ ഈ പ്രായത്തില്‍ സ്വയം അച്ഛന്‍ വേഷങ്ങളിലേക്ക് പിന്‍വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 

എങ്ങനെയൊക്കെ നോക്കിയാലും  കൊട്ടക എന്ന നാല് ചുവരുകള്‍ക്കിടയിലുള്ള യഥാര്‍ഥ സിനിമാ ലോകത്ത് ആളെക്കൂട്ടുന്നതില്‍ നമ്മുടെ പരമ്പരാഗത  സൂപ്പര്‍താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുക തന്നെയാണ്‌. ഒരു പ്രാഞ്ചിയേട്ടനും ദൃശ്യവും ഒക്കെ ഇടക്കാലാശ്വാസങ്ങള്‍ മാത്രമാണെന്നത് സത്യവുമാണ്. ഇവരെ വച്ച് സിനിമ ചെയ്യുന്നവര്‍ ഇത്‌ മനസിലാക്കിയില്ലെങ്കിലും ഇവരെങ്കിലും ഈ സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷെ , അടിമുടി ഒരു മാറ്റത്തിന്റെ പാതയിലേക്ക്‌ മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ഥമായി നീങ്ങിയാല്‍ മലയാള സിനിമയില്‍ നിലക്കാത്ത വിസ്മയക്കാഴ്ചകള്‍ ആയിരിക്കും അവര്‍ക്ക് ഇനിയും പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാന്‍ ആവുക. തങ്ങളുടെ പ്രായത്തിനും രൂപത്തിനും ഇണങ്ങുന്ന നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമാ രംഗത്ത് അവർ ചിരംജീവികൾ ആവട്ടെ എന്നാണ് ഒരു സാധാരണ സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക