കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.