ഞാൻ വെറും പോഴൻ

Thursday, 16 August 2018

കോഴിയെ കൊട്ടയിട്ട് മൂടിയാൽ നേരം വെളുക്കാതിരിക്കുമോ ???

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ  ഇത്തരത്തില്‍ വ്യാപകമായി വാര്‍ത്ത മുക്കിയത് വ്യവസായി ബോബി ചെമ്മണ്ണൂരിനെപ്പറ്റിയുള്ള അത്ര നന്നല്ലാത്ത വിവിധവാർത്തകൾ മാധ്യമങ്ങൾ പരക്കെ പുറത്ത് വന്നപ്പോഴായിരുന്നു. അത് പോലെ തന്നെ, മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ അമ്മയുടെ അടുത്ത അനുയായി ആയിരുന്ന ഗയില്‍ ട്രേഡ്വെൽ എന്ന വിദേശി, അക്കാലത്ത് ഒരു സഹ സംന്യാസിയില്‍ നിന്നും ആശ്രമാധികാരികളില്‍ നിന്നും നേരിട്ട തിക്താനുഭാവങ്ങളെ പറ്റി വിവരിക്കുന്ന ആത്മ കഥാപരമായ "വിശുദ്ധ നരകം" എന്നൊരു പുസ്തകവുമായി  പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ഒരു മാതിരിപ്പെട്ട പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തെപ്പറ്റിയോ അതിലുന്നയിച്ച ആരോപണങ്ങളെ പറ്റിയോ "ക മാ"ന്നു മിണ്ടിയില്ല. ചില മാധ്യമങ്ങള്‍ അറച്ചറച്ച് നിയന്ത്രിതമായ തോതില്‍ എങ്ങും തൊടാതെ വാര്‍ത്ത പുറത്തു വിട്ടു. അപൂര്‍വ്വം മാധ്യമങ്ങള്‍ വളരെ തുറന്ന സമീപനത്തോടെ ഈ വിഷയം പൊതു ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചക്ക് വച്ചു. അവര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ല എന്നല്ല. പക്ഷെ, ഈ വിഷയത്തില്‍, നവ ഹൈടെക്‌ മാധ്യമമെന്നു വിളിക്കാവുന്ന  ഫേസ്ബുക്ക്, ദൃശ്യ  - അച്ചടി മാധ്യമങ്ങളേക്കാള്‍ സജീവവും ഊര്‍ജ്ജിതവും  ആയ ഒരു ചര്‍ച്ചക്ക് കളമൊരുക്കി. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ചര്‍ച്ചകള്‍ സഭ്യതയുടെയും സഹിഷ്ണുതയുടെയും അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് അപക്വമായി പോയി എന്നതു സത്യമായി അവശേഷിക്കുന്നു. 

മുകളിൽ വിവരിച്ചത് വാർത്തകളുടെ തമസ്കരണവും വളച്ചൊടിക്കലും ആണെങ്കിൽ, കോഴ കൊടുത്ത് വാർത്തകൾ മാധ്യമങ്ങളിൽ വരുത്തുന്ന പെയ്ഡ് ന്യൂസ് എന്ന അതി നൂതന തന്ത്രം കൃത്രിമമായുള്ള വാർത്തകളുടെ നിർമ്മിതി ആണ്. 2012- ൽ TV -18 നു വേണ്ടി വിവിയൻ ഫെർണാണ്ടസ്, അന്ന് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുമായി നടത്തിയ ഒരു അഭിമുഖത്തെ പറ്റി ആ അഭിമുഖത്തിന്റെ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്ന ഒരു റ്റെക്നിഷ്യൻ പറഞ്ഞ ഒരു അനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരിക്കൽ വായിച്ചിരുന്നു. അഭിമുഖത്തിലെ ചോദ്യങ്ങൾ എല്ലാം തന്നെ മുൻകൂട്ടി കാണിച്ച് അംഗീകാരം വാങ്ങിയിരുന്നെങ്കിലും, അഭിമുഖത്തിനിടെ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിൽ നിന്ന് മാറി ഫെർണാണ്ടസ് ഗുജറാത്ത് സർക്കാരിന്റെ ജല സംരക്ഷണ നയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ ക്ഷോഭിച്ചു ക്യാമറയിൽ നിന്ന് മാറിയ മോഡി ഇങ്ങനെ ചോദിച്ചത്രേ " ഈ അഭിമുഖത്തിന് നമ്മൾ പണം നൽകുന്നതല്ലേ ?" പെയ്ഡ് ന്യൂസ്‌ എന്ന ആഭിചാരക്രിയയുടെ ഉത്തമ ഉദാഹരണമായി ഇതിനെ വേണമെങ്കിൽ കാണാം. പലപ്പോഴും വാർത്തയേതാണ് പരസ്യമേതാണ് എന്ന് തിരിച്ചറിയാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. 

സാമൂഹ്യ മാധ്യമങ്ങൾ സജീവമാവുന്നതിനും മുമ്പ് നമ്മുടെ ചര്‍ച്ചാ വേദികൾ പരിസരങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുന്നത് നന്നായിരിക്കും. സ്തോഭ ജനകമായ വെളിപ്പെടുത്തലുകളും അവയോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും അതിന്റെ തുടർ തരംഗങ്ങളും  അച്ചടി - ദൃശ്യ മാധ്യമങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പൌരന് ഭരണ ഘടന അനുവദിച്ചു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശങ്ങളുടെ വളരെ നിയന്ത്രിതമായ അനുവദിക്കലുകൾ മാത്രമായിരുന്നു അവ. എന്നാൽ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന നവ മാധ്യമത്തിന്റെ അവതാരവും വളർച്ചയും ഏറ്റവും അടിസ്ഥാനപരമായ വിവര സാങ്കേതിക വിവരം മാത്രമുള്ള ഇതൊരു സാധാരണക്കാരനും ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ (ആവിഷ്കാര സ്വാതന്ത്ര്യം) എന്ന ഭരണഘടനാവകാശത്തിന്റെ രാജവീഥി തന്നെ പൗരനു തുറന്നു കിട്ടി. ഒരു മാധ്യമ മുതലാളിയുടെയും ഔദാര്യത്തിനും കനിവിനും വേണ്ടി ഇരക്കേണ്ട ആവശ്യമില്ലാതായി. ഏതൊരു സാധാരണ പൗരനും ലോകത്തിന്റെ ഇതു കോണിൽ ഇരുന്നു കൊണ്ട് അവനവനു ബോധിച്ച രീതിയിൽ വരയും വാക്കും ചിത്രവും സാഹിത്യവും ആക്ഷേപഹാസ്യവും ഒക്കെ ഉപയോഗിച്ചു്  ആ അവകാശ പാതയിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിച്ചു തുടങ്ങി. സ്വന്തം പ്രദേശത്തെ ഏതെങ്കിലും ഒരു പഞ്ചായത്ത് വാർഡിൽ നടക്കുന്ന കാര്യങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാര്യങ്ങളെ വരെ ചർച്ച ചെയ്യാനും അനുകൂലിക്കാനും എതിർക്കാനും പറ്റുന്ന ലക്ഷണം തികഞ്ഞ PLATFORM ആയി ഇത് മാറി. ഇന്ന് അത്, ശക്തരായ ഭരണാധികാരികളെയും  ഭരണകൂടങ്ങളെയും സമൂഹത്തിലെ കള്ള നാണയങ്ങളെയും എല്ലാത്തരം അധികാര കേന്ദ്രങ്ങളെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. 


ഒരു വാര്‍ത്താ വിതരണ മാധ്യമം എന്ന നിലക്ക് ഫേസ്ബുക്കിന്റെ
(ട്വിറ്റെറിന്റെയും) സാധ്യത ഇന്ത്യയൊട്ടുക്കും പ്രത്യേകിച്ച് കേരളത്തിലും ആദ്യമായി വ്യാപക തോതില്‍ ഉപയോഗപ്പെടുത്തിയത് നഴ്സിംഗ് സമരത്തിനിടയില്‍ ആണ്. നഴ്സിംഗ് സമരത്തെ, മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ അവഗണിച്ചപ്പോള്‍ സമര പോരാളികള്‍ അതിനെ ബഹു ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചത് ഇത്തരം സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ ആയിരുന്നു. ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തൊഴില്‍ വിഭാഗം എന്ന നിലയിലും സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവര്‍ എന്ന നിലയിലും, നഴ്സിംഗ് മേഖലയിലെ സമരസന്ദേശം ആഗോളതലത്തില്‍ എത്തിക്കുന്നതിനു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ അവര്‍ വളരെയേറെ പ്രയോജനപ്പെടുത്തി. അത് വഴി നേടിയ ബഹു ജനശ്രദ്ധ മിക്കയിടങ്ങളിലെയും സമരങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയാക്കി മാറ്റാനും മിക്കവാറും സമരങ്ങളും വിജയിപ്പിക്കാനും അവര്‍ക്കായി.  ദൽഹി കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന്  ഭരണ സംവിധാനങ്ങളുടെ പാളിച്ചകൾ പൊളിച്ചു കാണിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിയത് നവ സാമൂഹ്യ മാധ്യമങ്ങൾ ആയിരുന്നു. അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ തഴഞ്ഞപ്പോള്‍ അവ ജനഹൃദയങ്ങളിലേക്ക് എത്തിയതിനു  പിന്നില്‍ ഇത്തരം മാധ്യമങ്ങളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ പോലീസും ഗവണ്‍മെന്റും കച്ചവട സ്ഥാപനങ്ങളും ജനശ്രദ്ധ കിട്ടേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ വളരെയധികം ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നവ സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടു വിസ്മരിക്കാവുന്നതല്ല. 

പണ്ട് പാര്‍ട്ടി, അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചത് എസ് എം എസുകളിലൂടെ ആയിരുന്നു. ലക്ഷക്കണക്കിനു എസ് എം എസ് സന്ദേശങ്ങളാണത്രേ അന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ചത്. എന്തായാലും സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ അച്യുതാനന്ദന്‍ സ്ഥാനാര്‍ഥി ആയിരുന്നു എന്നതും അദ്ദേഹം ജയിച്ചു എം എല്‍ എ ആയി എന്നതും എഴുതപ്പെട്ട ചരിത്രം ആണ്.  ശ്രീമതി ഇന്ദിരാ ഗാന്ധി, അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ കിംവദന്തികളും കരക്കമ്പികളും  കാട്ടുതീ പോലെ പടര്‍ന്നു എന്നും അത്തരം തെറ്റിദ്ധരിപ്പിക്കപ്പെ ട്ട വ്യാജ വാര്‍ത്തകളാണ് അവരെ, റായി ബറേലി പോലെയുള്ള അവരുടെ കുടുംബ മണ്ഡലത്തില്‍ തോല്പ്പിച്ചതെന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്.  

ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്ന സന്ദേശം ഒന്ന് മാത്രമാണ്. ഏതു മാധ്യമ സിംഹം വിചാരിച്ചാലും വാര്‍ത്തകള്‍ മൂടി വയ്ക്കല്‍ ഇനിയങ്ങോട്ട് അത്ര എളുപ്പമല്ല. ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ വാര്‍ത്ത മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന് പണ്ട് സൂര്യനുദിക്കാതിരിക്കാന്‍ പൂവന്‍ കോഴിയെ നാട് കടത്തിയ വല്യമ്മച്ചീടെ പിന്‍മുറക്കാരന്‍ എന്ന സ്ഥാനമേ ഈ സമൂഹത്തില്‍ ലഭിക്കാന്‍ വഴിയുള്ളൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക