ഞാൻ വെറും പോഴൻ

Thursday, 1 July 2021

ലോകപ്രശസ്തമായ ഈ ടാപ്പിന്റെ ചരിത്രം കേരളത്തിന് അഭിമാനമാനവും അപമാനവും ആകുന്നതെങ്ങിനെയാണ് !?

 

കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെയും റെയിൽവെ സ്റ്റേഷനുകളിലെയും ട്രെയിൻ കംപാർട്ട്മെന്റുകളിലെയും ഒരു സാധാരണ കാഴ്ചയായിരുന്ന ചിത്രത്തിൽ കാണുന്ന തരം വാട്ടർ ടാപ്പുകൾ. നമ്മുടെ റോഡുവക്കുകളിൽ ഇപ്പോൾ ഇത്തരം ടാപ്പുകൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളു. എന്നിരുന്നാലും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽ‌വേ ഇപ്പോഴും ജെയ്‌സൺ വാട്ടർ ടാപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ‘ജെയ്‌സൺ’ വാട്ടർ ടാപ്പ് അല്ലെങ്കിൽ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്’ "നോ വാട്ടർ വേസ്റ്റ് ടാപ്പ്" എന്നൊക്കെയാണ് ഈ ടാപ്പ് അറിയപ്പെട്ടിരുന്നത്. ജലനഷ്ടം കുറയ്ക്കാനായി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വാട്ടർ ടാപ്പിന്റെ പേരിൽ കേരളത്തിന് അഭിമാനിക്കാനും അപമാനഭാരത്താൽ തല കുനിക്കാനും വകയുണ്ട്.

ചിത്രത്തിൽ കാണുന്ന ആളുടെ പേര് ജെ. പി. സുബ്രഹ്മണ്യ അയ്യർ എന്നാണ്. ഇത്തരം ടാപ്പ് വികസിപ്പിച്ചെടുത്തത് നമ്മുടെ നാട്ടുകാരനായ ഇദ്ദേഹമാണ്. ഇദ്ദേഹം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ഈ ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈനിന് പേറ്റന്റ് നേടുകയും ചെയ്തു. എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമല്ല. സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. തൊഴിൽത്തർക്കങ്ങൾ അടക്കമുള്ള പല വിധ പ്രശ്നങ്ങൾ മൂലം കേരളത്തിൽ ഫാക്ടറി പ്രവർത്തിപ്പിക്കൽ അദ്ദേഹത്തിന് ദുഷ്കരമായി. പിന്നീടദ്ദേഹം നിർമ്മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി. ‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്‌സൺ ടാപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായി. 

ജീവിത നിലവാരത്തിലെ ഉയർച്ചയും നഗരവൽക്കരണവും വീടുകളിലേക്കുള്ള ജലവിതരണത്തിന്റെ രീതികളെ മാറ്റി മറിച്ചു. കുപ്പിയിൽ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യത കൂടി വന്നു. ഇതോടെ പൊതുടാപ്പുകൾ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത്തരം മാറ്റങ്ങൾ റോഡുകളിലെ പൊതുടാപ്പുകളുടെ വംശനാശത്തിലേക്ക് നയിച്ചു; അപൂർവ്വമായുള്ള പൊതുടാപ്പ് പോയിന്റുകളിലും ജെയ്‌സൺ ടാപ്പുകൾ ഉപയോഗിക്കാതായി. 

ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന, വെള്ളം പാഴാക്കാത്ത ഈ ടാപ്പുകളുടെ ഉത്ഭവം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം അതുണ്ടാക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട നിർമ്മാണശാല നമ്മുടെ സാമൂഹ്യമനോഭാവങ്ങളിലെ ന്യൂനതകൾ കൊണ്ട് കേരളത്തിൽ നിന്ന് പുറംനാട്ടിലേക്ക് പോയി എന്നതിൽ കുറച്ച് അപമാനഭാരവും ഉണ്ടാകേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്  : Archives  of The Hindu Daily & Achuthsankar S Nair

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക