ഫോർട്ട് കൊച്ചി ബീച്ചിൽ അധികൃതരാൽ തീരെ അവഗണിക്കപ്പെട്ട്, പോസ്റ്ററുകളും ഗ്രാഫിറ്റികളും കൊണ്ട് വികൃതമാക്കപ്പെട്ട് നിൽക്കുന്ന ഈ കൽത്തൂണ് നിസാരക്കാരനല്ല; വലിയൊരു ചരിത്രത്തിന്റെ സാക്ഷിയാണ്....
കേരളത്തിൽ ആദ്യമായി എത്തിയ യൂറോപ്യന്മാരായിരുന്നു പോർച്ചുഗീസുകാർ (പറങ്കികൾ). ഇന്ത്യയൊട്ടുക്കു നോക്കിയാലും പ്രാദേശിക ഭരണം പിടിച്ചടക്കിയ ആദ്യ യൂറോപ്യൻ ശക്തിയും അവരായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ യൂറോപ്യന്മാർ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നതിനും പുതിയ അസംസ്കൃത വസ്തുക്കളും അവർക്ക് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളും സ്വന്തമാക്കുന്നതിനുമായി നടത്തിയ നിരവധി യാത്രകളുടെ ഫലമാണ് പോർച്ചുഗീസുകാരുടെ ഇന്ത്യ സന്ദർശനത്തിന് വഴി വച്ചത്. 1498 മെയ് 20 ന് കോഴിക്കോട് കാപ്പാട് കടൽത്തീരത്ത് വാസ്കോഡ ഗാമ കാലുകുത്തി എന്നാണ് ചരിത്രം. പോർച്ചുഗീസ് രാജാവായ മാനുവൽ ഒന്നാമന്റെ കാലത്തായിരുന്നു ഗാമയുടെ പര്യവേഷണം നടന്നത്.
കൊച്ചി രാജ്യത്തിലെ രാജാവായിരുന്ന ഉണ്ണി ഗോദ വർമ്മ തിരുമുൽപ്പാട് (ത്രിമമ്പറ രാജാവ്) പോർച്ചുഗീസ് പര്യവേഷകരെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഇത് കോഴിക്കോട് സാമൂതിരിയെ കുപിതനാക്കുകയും, അദ്ദേഹം കൊച്ചി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിൽ വരെ എത്തിച്ചേർന്നു. എന്നാൽ കൊച്ചിയിലെത്തിയ കമാൻഡർ ഡോം അഫോൺസോ ഡി അൽബുക്കർക്കിയുടെ കീഴിലുള്ള പോർച്ചുഗീസ് സൈന്യം, കൊച്ചി രാജാവിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി. ഇതിനു പകരമായി കൊച്ചിയിൽ ഒരു കോട്ട പണിയാൻ അദ്ദേഹം അവർക്ക് അനുമതി നൽകി.അത് വരെ ഇന്നത്തെ കേരളത്തിന്റെ വിദേശ വ്യാപാര പങ്കാളികലായിരുന്ന പേർഷ്യ(അറബി)ക്കാരുടെ സ്ഥാനത്തേക്ക് പോർട്ടുഗീസുകാർ പതിയെ പ്രതിഷ്ഠിക്കപ്പെട്ടു.
1505-ൽ കൊച്ചിയിലെത്തിയ പോർത്തുഗീസുകാർ മിഷനറിമാർ കൊച്ചി രൂപതയുടെ ആദ്യ കത്തീഡ്രൽ ദേവാലയം ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ചു. ഇന്നത്തെ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പഴയ സാൻ്റാക്രൂസ് ദേവാലയം (കോട്ട പള്ളി) എന്നാണ് പറയപ്പെടുന്നത്. കൊച്ചി തുറമുഖത്തെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി കൂടിയായിരുന്നു പഴയ സാൻ്റാ ക്രൂസ് ദേവാലയം.
പിന്നീട്, 1663-ൽ ഡച്ചുകാർ (ലന്തക്കാർ) കൊച്ചിയെ ആക്രമിക്കുകയും കൊച്ചി പിടിച്ചെടുക്കുകയും ചെയ്തു. പോർത്തുഗീസുകാർ ഇവിടെ ഉണ്ടാക്കിയ മനോഹരമായ നിർമ്മിതികൾ മിക്കവയും ഡച്ചുകാർ നശിപ്പിച്ചു കളഞ്ഞു. സാൻ്റാ ക്രൂസ് ദേവാലയം മാത്രം അവർ തകർത്തില്ല. കൊച്ചി തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന തരത്തിലുള്ള ഗംഭീര നിർമ്മാണമായിരുന്നത്രെ കോട്ട പള്ളിയുടേത്. പള്ളിക്കെട്ടിടത്തെ അവർ അവരുടെ ആയുധങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ സൂക്ഷിക്കുന്ന പാണ്ടികശാല (Warehouse) ആക്കി മാറ്റി. ഡച്ചുകാർക്ക് വേണ്ടി വേറെ ലന്തപ്പള്ളി ഉണ്ടായിരുന്നു. പള്ളിയുടെ മനോഹരമായ ഉയർന്ന ഗോപുരം (താഴികക്കുടം) രൂപമാറ്റം വരുത്തി ഡച്ചുകാർ അവരുടെ കൊടിമരമായി ഉപയോഗിച്ചു. ഡച്ചുകാർ ദേവാലയ കെട്ടിടത്തെ (Den Hemel) സ്വർഗ്ഗം എന്നാണ് വിളിച്ചിരുന്നതത്രെ.
പിന്നീട്, 1795-ൽ ഡച്ചുകാരുടെ ആധിപത്യത്തിന് അറുതി വരുത്തി ബ്രിട്ടീകാർ കൊച്ചിയിൽ ശക്തരായി. അവർ ഭാഗികമായി തകർക്കപ്പെട്ട സാൻ്റാ ക്രൂസ് ബസിലിക്കയുടെ താഴികക്കുടഗോപുരത്തിൽ നിന്നും ഡച്ച് പതാക മാറ്റി. പിന്നീടവർ പഴയ സാൻ്റാക്രൂസ് ദേവാലയ കെട്ടിടം തകർത്ത് കളഞ്ഞു. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തീരം ശക്തിപെടുത്താൻ ഉപയോഗിച്ച്. ദേവാലയത്തിൻ്റെ താഴിക കുട ഗോപുരം മാത്രം അവശേഷിച്ചു. ബ്രിട്ടീഷുകാരും ഈ ഗോപുരം അവരുടെ കൊടിമരമായി ഉപയോഗിച്ചു പൊന്നു. കാലക്രമത്തിൽ അതും ഓർമ്മയായി മാറി.
ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം, മിഷനറിയും കൊച്ചിൻ ബിഷപ്പുമായ ബിഷപ്പ് ജോവോ ഗോമസ് ഫെറേറ (1887-1897) കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ മുൻകൈയെടുക്കുകയും അതിന്റെ നിർമ്മാണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാത്തേവൂസ് ഡി ഒലിവേര സേവ്യറിന്റെ കാലത്തായിരുന്നു ഗോഥിക് വാസ്തുവിദ്യ അവലംബിച്ചുള്ള ഈ മനോഹര നിർമ്മിതി പൂർത്തിയായത്.
ഈ ദേവാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന കാലയളവിലാണ്, ചില നിയമ നൂലാമാലകളിൽ പെട്ട് "ചന്ദ്രഭാനു" എന്ന പേരുള്ളൊരു കൂറ്റൻ മരക്കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്. അക്കാലത്ത്, തദ്ദേശീയമായ കപ്പൽ നിർമ്മാണം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാവിക മേഖലയിൽ ബ്രിട്ടീഷുകാർ പല നിയമ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. അതിൻ പ്രകാരം, "ചന്ദ്രഭാനു" നീറ്റിലിറക്കിയപ്പോൾ തന്നെ, അത് കടലിൽ സഞ്ചരിക്കുന്നതിനു ബ്രിട്ടീഷുകാർ നിയന്ത്രണങ്ങൾ ചുമത്തി. ഒടുക്കം, നിയമ തടസങ്ങളിൽ പെട്ട് "ചന്ദ്രഭാനു", 'ക്വാറന്റൈൻ' ചെയ്യപ്പെട്ട്, തീരത്ത് നങ്കൂരമിട്ട് കിടക്കേണ്ടി വന്നു. ആ സമയം, കപ്പലിൽ ടൺ കണക്കിന് വെളിച്ചെണ്ണ, കൊപ്ര, പരവതാനി, കയറ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഓല, വയ്ക്കോൽ മുതലായവ കൊണ്ട് കപ്പലിന് താൽക്കാലിക മേൽക്കൂര പിടിപ്പിച്ചിരുന്നു. കോടതി നിയോഗിച്ച ഒരു കാവൽക്കാരനും കപ്പലിന് ഉണ്ടായിരുന്നു.
കൊച്ചി കൽവത്തി പ്രദേശത്ത് പ്രശസ്ത വാണിജ്യ കമ്പനിയായ Volkart Bros.-നു സമീപത്താണ് "ചന്ദ്രഭാനു" കോടതിയുടെ കനിവ് കാത്ത് കിടന്നിരുന്നത്. കൊച്ചിയിലെ പ്രധാന വാണിജ്യ കമ്പനികളെല്ലാം കടലിന് അഭിമുഖമായിട്ടാണ് കൊച്ചി തീരത്ത് സ്ഥാപിക്കപ്പെട്ടിരുന്നത്. Aspinwall, Pierce Leslie തുടങ്ങി എണ്ണമറ്റ വമ്പൻ കമ്പനികൾ അവിടെ ഉണ്ടായിരുന്നു. ഇന്നേക്ക് ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 1889 January 4-ന്, വോൾകാർട്ട് ബ്രദേഴ്സിലെ ചില ജോലിക്കാർ "ചന്ദ്രഭാനു"വിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. അപകടം മണത്ത വോൾകാർട്ട് ഉദ്യോഗസ്ഥർ, കപ്പൽ തീരത്തോട് ബന്ധിച്ചിരുന്ന വടം മുറിക്കാൻ പണിക്കാർക്ക് നിർദ്ദേശം നൽകി. വടം മുറിച്ചെങ്കിലും കപ്പൽ അകന്നു പോകുന്നതിന് പകരം തീരത്തേക്ക് അടുക്കുകയാണ് ചെയ്തത്. തേക്ക് കൊണ്ട് നിർമ്മിച്ച് എണ്ണയും കീലുമടിച്ച കപ്പൽ നിമിഷങ്ങൾ കൊണ്ടൊരു വലിയ തീ ഗോളം പോലെയായി. കത്തിക്കാളുന്ന സൂര്യന്റെ ചൂടും സ്ഥിതി കൂടുതൽ വഷളാക്കി. വോൾകാർട്ട് ബ്രദേഴ്സ് തുടങ്ങി ആ പ്രദേശത്തുണ്ടായിരുന്ന നൂറു കണക്കിന് വാണിജ്യ സ്ഥാപനങ്ങളെയും വീടുകളെയും അഗ്നി വിഴുങ്ങി. ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും, വോൾകാർട്ട് കെട്ടിടത്തിന്റെ ഏതാണ്ട് പുറകിൽ നിന്നിരുന്ന കൽവത്തി മസ്ജിദ് തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടു എന്നത് അതിശയകരമായ ഒരു കാര്യമായിരുന്നു. The Great Fire of Cochin (1889) എന്നാണ് ഈ തീപിടുത്തം ചരിത്രത്തിൽ അറിയപ്പെടുന്നത്.
ബ്രിട്ടീഷ് കൊച്ചിയെ ഗുരുതരമായി നശിപ്പിച്ച ആ തീപിടുത്തത്തിൻ്റെ ഓർമ്മക്കായി അന്നത്തെ പോർട്ട് ഓഫീസർ J E വിൻക്ലർ ആണ്, പഴയ സാന്റാ ക്രൂസ് (കോട്ടപ്പള്ളി) ദേവാലയത്തിൻ്റെ ഒരു തൂണ്, 1890-ൽ കടലിനഭിമുഖമായി സ്ഥാപിച്ചത്. യഥാർത്ഥത്തിൽ ഈ സ്മാരകം അന്നത്തെ വിക്ടോറിയ ജെട്ടിയുടെ ലാൻഡിംഗ് ഏരിയയിൽ ആയിരുന്നു സ്ഥാപിച്ചത്. ഒരിക്കൽ കഴ്‌സൺ പ്രഭു ബ്രിട്ടീഷ് കൊച്ചി സന്ദർശനം നടത്തിയപ്പോൾ അത് അവിടെ ഒരു തടസ്സമായി അനുഭവപ്പെട്ടു. അങ്ങനെ അത് പൈലറ്റ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിലേക്കും പിന്നീട് ബീച്ച് സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ഇപ്പോഴത്തെ സ്ഥലത്തേക്കും മാറ്റുകയും ചെയ്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും രാജ്യാതിർത്തി കടന്നുള്ള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും നീതി നിരാസങ്ങളുടെയും ചാരത്തിൽ നിന്ന് പോലും ഉയർത്തെഴുന്നേൽക്കാൻ നമുക്കുള്ള ശേഷിയുടെയും ഒക്കെ മൂക സാക്ഷിയായിട്ടുള്ള ഇത്തരമൊരു സ്മാരകത്തിന് നമ്മൾ കൊടുക്കുന്നത് അവഗണന മാത്രമാണെന്നത് ഒരു പൈതൃക സ്‌നേഹി എന്ന നിലയിൽ ചെറിയ സങ്കടമല്ല ഉണ്ടാക്കുന്നത്.
(ഇത് പോലെ മറ്റൊരു തൂണ്, നൂറ്റാണ്ടുകളുടെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട്, ഇപ്പോഴുള്ള സാന്റാ ക്രൂസ് ബസിലിക്കയുടെ പരിസരത്ത് ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്; അത് പള്ളി അധികൃതർ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്)