ഞാൻ വെറും പോഴൻ

Thursday, 3 May 2018

നരേന്ദ്ര"മൗനി"യും "മൗൻ"മോഹൻസിങ്ങും : ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട.....!!!

2004 തുടങ്ങി പത്തു വർഷക്കാലം കോണ്‍ഗ്രസ്‌ നേതൃത്വം കൊടുത്ത് ഇന്ത്യ ഭരിച്ച യു പി എ സര്‍ക്കാരിന്റെ കടുത്ത ജനദ്രോഹങ്ങൾ സഹിക്കാതെ വന്നപ്പോള്‍ മുതല്‍ തലയ്ക്കു വെളിവുള്ള ഓരോ ഇന്ത്യക്കാരും ഉറ്റു നോക്കിയിരുന്ന കാര്യം ഒന്ന് മാത്രമായിരുന്നു. എന്നാണ് അടുത്ത തിരഞ്ഞെടുപ്പ് വരുന്നത്. മന്മോഹന്‍ ചക്രവര്‍ത്തിയും ചിദംബരം മന്ത്രിയും കൊട്ടാരം ഉപദേശകന്‍ അലുവാലിയ സാറും അമുല്‍ യുവരാജാവും മദാമ്മ റാണിയും മന്ത്രി സൈന്യവും ഒക്കെ കൂടി ഇവിടത്തെ  ജനത്തിനെ ക്ഷമയുടെ നെല്ലിപ്പലക എന്ന വസ്തു കാണിച്ചപ്പോഴാണ് ജനം നിലമറന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ജനദ്രോഹികള്‍ക്ക് ഒരു പണി കൊടുക്കാന്‍ ഇവരെ വലിച്ചു താഴെയിട്ടു "വേറെ ആരേയെന്കിലും" കയറ്റി ഇരുത്തണം എന്ന് മാത്രമേ അന്ന് സാമാന്യജനത്തിന്റെ ചിന്തയിലുണ്ടായിരുന്നുള്ളൂ. ജനദ്രോഹത്തിന് ഒരു ശിക്ഷ...അത്ര മാത്രം....അല്ലാതെ, പകരം വരുന്നവര്‍ നമ്മളെ അങ്ങ് സേവിച്ച് ആനന്ദ സാഗരത്തില്‍ ആറാടിക്കും എന്നൊന്നും ഇത് വരെ ഉള്ള അനുഭവം വച്ച്, വായിലൂടെ ഭക്ഷണം കഴിക്കുന്നവര്‍ ആരും ചിന്തിച്ചു കാണാൻ വഴിയില്ല. അങ്ങനെ പകരം വക്കാന്‍ ആര് എന്ന് നോക്കുമ്പോള്‍, കസേരയില്‍ കയറ്റി ഇരുത്താന്‍ യോഗ്യത ഉള്ള ആരെയും കാണാനില്ല എന്നതായിരുന്നു യാഥാർഥ്യം. പക്ഷെ ജനം ഒരു കാര്യം മനസിലാക്കി; യുപിഎ ഭരിച്ചനേക്കാള്‍ മോശമായിട്ടൊന്നും ആര് വിചാരിച്ചാലും ഭരിക്കാന്‍ പറ്റുകേല; അങ്ങേയറ്റം വഷളായിരുന്നു ഭരണരംഗം. മഷിയിട്ടു നോക്കിയിട്ടും ദേശീയ തലത്തില്‍ മെച്ചപ്പെട്ടൊരു ജനാധിപത്യബദല്‍ സാധ്യത ജനത്തിന് കണ്ടെത്താനായില്ല. 

അപ്പോഴാണ്‌ ‘ഗുജറാത്ത് മോഡൽ’ എന്ന കല്പിതകഥയുടെ മേമ്പൊടിയോടെ ഹൈടെക്‌ വികസനത്തിന്റെ മൊത്തകച്ചവടക്കാരൻ എന്ന നിലയിൽ മോദിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി മുന്നോട്ട് വച്ചത്. വികസനമിട്ടായി ദഹിക്കാത്തവർക്ക് വേണ്ടി 2002-ലെ ഗുജറാത്ത് നരഹത്യ വഴി ഉണ്ടാക്കിയെടുത്ത മുസ്ലിം വിരുദ്ധ സ്ട്രോങ്മാൻ ഇമേജ് കൂടി പ്രോജക്റ്റ് ചെയ്ത് നടത്തിയ പ്രൊഫഷണൽ പാക്കേജിങ് മികവിൽ മോഡി ഒരു തിരഞ്ഞെടുപ്പ് ഐക്കോൺ ആയി മാറി. കടുത്ത സംഘവിരോധികൾ പോലും, മോദി എങ്കില്‍ മോദി എന്ന് മാറിച്ചിന്തിച്ചു. സകല വിധ അതി നൂതന കമ്മ്യുണിക്കേഷന്‍ വിദ്യകളും ഉപയോഗിച്ച് നമോ എന്ന ബ്രാൻഡ് മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ടു. അത്യന്തം ആസൂത്രിതവും ചടുലവും അസാധാരണവുമായ തന്ത്രങ്ങളിലൂടെ തെരഞ്ഞെടുപ്പ് യുദ്ധത്തിൽ ബി ജെ പി യുടെ തന്നെ കണ്ണ് തള്ളിച്ച് മോഡി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേറി. സമാനതകളില്ലാതെ ജയിച്ച് ചെങ്കോട്ടയില്‍ എത്തിയ മോഡി, പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമാക്കി. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണ്ണയിക്കുന്നതില്‍ ഏത് മുന്‍ സര്‍ക്കാറിനെക്കാളും മികച്ചു നില്‍ക്കണമെന്ന ദൃഡനിശ്ചയം തോന്നിപ്പിക്കുന്ന നീക്കങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്ന് കണ്ടത്‌. വാ തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയെ ഭാരതം കണ്ടിട്ട് കുറച്ചധികം കാലമായിരുന്നു. പൊതുവേ, സംസാരിക്കുന്ന കാര്യത്തില്‍ മന്‍മോഹന്‍സിങ് വളരെ ലുബ്ധനായിരുന്നു. സഭയില്‍ പോലും പ്രസംഗിച്ചത് അപൂര്‍വ്വമായിട്ടായിരുന്നു. യു പി ഏ ഉന്നതനേതാക്കളായ സോണിയ, രാഹുല്‍ മുതലായ ഗാന്ധിമാരും ഇക്കാര്യത്തില്‍  ഒട്ടും മെച്ചമായിരുന്നില്ല. പക്ഷെ, നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വായ്ത്താരി കൊണ്ട് തുടക്കത്തിലേ ആവോളം കയ്യടി നേടി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രണ്ടു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തി നടന്ന ചര്‍ച്ചക്കുള്ള മറുപടി  പ്രധാനമന്ത്രി തന്നെയാണ് നടത്തിയത്.

സമാനതകളില്ലാത്ത ബ്രാന്‍ഡിംഗ് രീതികളിലൂടെയാണ് മോഡി തന്റെ ഇന്ദ്രപ്രസ്ഥയാത്ര ലക്ഷ്യത്തില്‍ എത്തിച്ചത്. ശരീരഭാഷയിലും വസ്ത്രധാരണത്തിലും പ്രസംഗത്തിലും തന്റേതു മാത്രമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനായിരുന്നു മോഡി ശ്രമിച്ചത്. എപ്പോഴും വിലയിരുത്തലുകള്‍ നടത്തുന്നത് താരതമ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണല്ലോ. മിണ്ടാമുനിയായി ജീവിക്കുന്ന മന്‍മോഹന്‍സിങ്ങിനെ ഊര്‍ജ്ജസ്വലനായ നരേന്ദ്രമോഡിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ ജനം താരതമ്യം ചെയ്തു നോക്കി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ജനദ്രോഹപരമായ നയങ്ങളും മോഡിക്ക് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി എളുപ്പത്തില്‍ തുറന്നു കൊടുത്തു.  ഒന്നിനെ വലിച്ചെറിഞ്ഞ് മറ്റൊന്നിനെ പ്രതിഷ്ഠിക്കാന്‍ മാത്രം അവകാശമുള്ള ജനാധിപത്യരാഷ്ട്രത്തിലെ  ജനം ലഭ്യമായ പാലത്തില്‍ നിന്ന് തമ്മില്‍ ഭേദമെന്നു തോന്നിയ ഒന്നിനെ പ്രതിഷ്ഠിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. 

രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നും പറഞ്ഞിരുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും ഇടതുപക്ഷ പുരോഗമന ചേരിയിൽ പെട്ട നേതാക്കൾ സ്ഥിരതയോടെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.

എന്തായാലും, 2014-ൽ പ്രസിഡന്‍റ് നടത്തിയ, എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. ഇത് കേട്ട്, തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍.ഡി.ഏ. അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും മോദിയോ ബി.ജെ.പി.യോ ഈ പരിഹാസത്തെ നിഷേധിച്ചില്ല. ഭരണത്തിൽ കയറിയ അന്ന് മുതൽ, സംഘപരിവാരത്തിലെ നേതാക്കളും സന്യാസിമാരും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന നിലയിൽ ശുദ്ധവിവരക്കേടുകളും അന്യമതവിദ്വേഷപ്രസ്താവനകളും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും മതേതര ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന, ഒറ്റപ്പെട്ടതെങ്കിലും സമാന സ്വഭാവമുള്ള അക്രമസംഭവങ്ങൾ ഇന്ത്യയിൽ മൊത്തം അരങ്ങേറിക്കൊണ്ടിരുന്നു. എണ്ണമറ്റ വിദേശയാത്രകളിലും വില കൂടിയ ആഡംബര വേഷവിതാനങ്ങളിലും അഭിരമിച്ചു ജീവിക്കുന്ന പ്രധാനമന്ത്രി രാജ്യത്തു നടക്കുന്ന അക്രമങ്ങളെപ്പറ്റിയോ പ്രധാനപ്പെട്ട സംഭവവികാസനകളെപ്പറ്റിയോ വാ തുറന്ന് ക മാ എന്ന് മിണ്ടാത്ത നയം തുടരുന്നു. 

യു പി എ കാലത്തെ അപേക്ഷിച്ച് ക്രൂഡ് ഓയിൽ വില നന്നേ താഴ്ന്നപ്പോൾ ഇന്ധനവില അന്നത്തേതിന്റെ ഇരട്ടിയാകാൻ തുടങ്ങുന്നു. ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിലും ടാക്സ് ഹെവനുകളിലും പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം ഇപ്പൊ തിരിച്ചുപിടിക്കുമെന്ന് ഗീർവാണം അടിച്ചു കൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പണം തിരികെ കൊണ്ട് വന്നില്ല എന്നത് പോട്ടെ; മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടിലാണ് ഇപ്പോൾ മോഡി സർക്കാറും. യുപിഎ കാലത്തേ അത്രയും ഭീമമല്ലെങ്കിലും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാത ആരോപണങ്ങളും മോഡി സർക്കാരും നേരിടുന്നു. ജനദ്രോഹപരമെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ട നോട്ട് നിരോധനവും നികുതി പരിഷ്കരണവും പാളിപ്പോയതായി NDA നേതാക്കൾ തന്നെ വിളിച്ചു പറയുന്നു. അവ വിജയമായിരുന്നു എന്ന് സ്ഥാപിക്കുന്നതിൽ മോദിയും സംഘവും ദയനീയമായി പരാജയപ്പെടുന്നു. പഴയ സർക്കാരുകളുടെ പദ്ധതികൾ തന്നെ ചില്ലറ ഭേദഗതികളോടെ ഹിന്ദി പേരിട്ട് തുടരുന്നു. സ്വച്ഛ്‌ ഭാരത് പദ്ധതി കൊണ്ട് കാര്യമായ സ്വച്ഛതയൊന്നും ഉണ്ടായതായി കാണാനില്ല.  കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യയും പച്ചപിടിച്ചില്ല .

ചുരുക്കത്തിൽ, പഴയ യു.പി.ഏ. യുടെ ബി ടീമായി ഭരണം തള്ളി നീക്കുന്നു. ഈ ഭരണം കൊണ്ട്, ആകെയുണ്ടായ മാറ്റം മൻമോഹൻ സിങ്ങിന് നാവുണ്ടെന്ന് ജനം തിരിച്ചറിഞ്ഞു എന്നതാണ്. മൈതാന പ്രസംഗത്തിൽ അതിവാചാലനായിരുന്ന മോഡിയുടെ വായിൽ നാക്കുണ്ടോ എന്ന് വായിൽ കയ്യിട്ട് നോക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. അടുത്തിടെ ഫേസ്‌ബുക്കിൽ ഒരു പ്രയോഗം കണ്ടിരുന്നു....നരേന്ദ്ര സിങ്ങും മന്‍മോഹന്‍ മോഡിയും... മന്‍മോഹന്‍സിങ്ങിന്റെ മൗനത്തെ നിശിതമായി വിമർശിച്ചതും ക്രൂരമായി പരിഹസിച്ചും പ്രധാനമന്ത്രിപദത്തിലെത്തിയ മോഡി മൗനസാഗരത്തിൽ ആറാടുമ്പോൾ മൻമോഹൻ സിങ് സഭയ്ക്കകത്തും പുറത്തും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉറച്ച ഭാഷയിൽ ഉയർന്ന ശബ്ദത്തിൽ വാചാലമായി വിമർശിക്കുന്നു. പഴയ പ്രധാനമന്ത്രിയെ ജനം "മൗൻ" മോഹൻസിംഗ് എന്ന് വിളിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ ജനം നരേന്ദ്ര "മൗനി"യെന്നു വിളിച്ചു തുടങ്ങിയിരിക്കുന്നു. 

തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ തുടരാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാറിനെ അവരോധിച്ചത് എന്ന ഇച്ഛഭംഗം ജനങ്ങളെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. ഇതേ നയങ്ങളുടെ ഇരകളാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത് എന്ന തിരിച്ചറിവില്ലാത്തവരാണോ മോദിയും സംഘവും കൂട്ടാളികളും ? കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകളും ആനുകൂല്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞ് പോകുന്ന ഈ ഭരണത്തിന് പഴയ ഭരണത്തെക്കാൾ എന്ത് മേന്മയാണ് അവകാശപ്പെടാനുള്ളത് ? അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ കോടിയുടെ നിറത്തിലും മുദ്രാവാക്യത്തിലും മാത്രമേ മാറ്റമുണ്ടായിരുന്നുള്ളൂ എന്ന് തെളിയുകയാണോ ? 

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽ കൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പത്തു ദിവസം കഴിഞ്ഞ്, പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...

ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ??? ഈ പരിതഃസ്ഥിതിയിലാണ് രാജ്യം ദേശീയ പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നത്. എന്താവും ഫലം....

ഫേസ്‌ബുക്കിൽ Georgekutty Kiliyantharayil എന്നയാൾ പോസ്റ്റ് ചെയ്ത ഒരു നിരീക്ഷണം പങ്കു വയ്ക്കാം... 

2002-ലെ ഗുജറാത്ത് നരഹത്യ വഴി ഉണ്ടാക്കിയെടുത്ത anti-Muslim സ്ട്രോങ്മാൻ ഇമേജിന്റെയും, ‘ഗുജറാത്ത് മോഡൽ’ എന്ന കല്പിതകഥയുടേയും ബലത്തിൽ അധികാരത്തിലെത്തിയ മനുഷ്യനിൽ നിന്ന് എന്താണു പ്രതീക്ഷിക്കാനുണ്ടായിരുന്നത്? അതിനാൽ മോദിഭരണം വെള്ളംചേരാത്ത ദുരന്തം (unmitigated disaster) ആയിത്തീർന്നതിൽ ഒട്ടും അത്ഭുതമില്ല.

പക്ഷേ ഇത്ര നെറികെട്ട ഒരു ഭരണം രാജ്യം കണ്ടിട്ടില്ലെങ്കിലും, “മോദിക്കു പകരം രാഹുൽ” എന്ന ഫോർമുലയിൽ എനിക്കു തീരെ ഉത്സാഹമില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യം ഭരിക്കാനുള്ള ബുദ്ധിശക്തിയോ രാഷ്ട്രീയ പാടവമോ രാഹുൽ ഗാന്ധിക്കുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ ദുരവസ്ഥയിൽ ഒരു hotch-potch മുന്നണി തട്ടിക്കൂട്ടി രാഹുലിനെ പ്രധാനമന്ത്രിയാക്കിയാൽ, ദീർഘകാലാടിസ്ഥാനത്തിൽ അത് ബിജെപിയെ സഹായിക്കുകയേയുള്ളു.

മോദിക്ക് 68 വയസ്സുപോലും ആയിട്ടില്ലെന്നോർക്കുക. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാന്തരം യുവത്വമാണത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയും മോദി പ്രതിപക്ഷനേതാവുമായിരിക്കുന്ന സ്ഥിതി ഒന്നു സങ്കല്പിച്ചു നോക്കിക്കേ. മോദിയുടെ ഏറ്റവും മികച്ച പെർഫോർമൻസാകും അപ്പോൾ. പരമാവധി രണ്ടുവർഷത്തിനുള്ളിൽ മോദി പഴയ കസേരയിൽ തിരിച്ചുവരുകയും ചെയ്യും.

അതുകൊണ്ട്, 2019-ൽ രാഹുൽ ഗാന്ധിയെ വച്ചു കളിക്കാനാണുദ്ദേശമെങ്കിൽ, ഏറെ ആപത്തില്ലാത്ത ഒരു Razor-Thin ഭൂരിപക്ഷത്തിൽ മോദി തന്നെ ജയിക്കണമെന്നേ ഞാൻ പ്രാർത്ഥിക്കൂ. അടുത്ത ഇന്നിങ്ങ്സിൽ പുള്ളി ഒന്നുകൂടി കുളംതോണ്ടി കഴിയുമ്പോൾ ചിലപ്പോൾ നമുക്ക് ‘സംഘിമുക്തഭാരതം’ കിട്ടും. അതിനിടെ ദൈവാധീനമുണ്ടെങ്കിൽ, രാഹുൽ ഗാന്ധി ഒരു Non-Starter നേതാവാണെന്ന തിരിച്ചറിവ് കോൺഗ്രസ്സുകാരുടെ തലയിൽ കയറാനും മതി.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Wednesday, 2 May 2018

ആഹ്വാന-പ്രോത്സാഹന വിദഗ്ദ്ധരുടെ അത്യുല്പാദന പദ്ധതികൾ

വൈവാഹികബന്ധത്തെക്കുറിച്ചും ഉത്തരവാദിത്വത്തോടെയുള്ള പിതൃത്വത്തെയും മാതൃത്വത്തെയും ജനനനിയന്ത്രണത്തെക്കുറിച്ചുമുള്ള സഭയുടെ നിലപാട് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച "ഹ്യൂമാനേ വീത്തേ" (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനം. കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളുടെ അസന്മാര്‍ഗ്ഗികതയെക്കുറിച്ചും അവ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികമായ അപകടങ്ങളെക്കുറിച്ചും അവ പാപമാണെന്നും പഠിപ്പിച്ചതിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലയളവില്‍ത്തന്നെ ഈ ലേഖനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. "ഹ്യൂമാനേ വീത്തേ" പ്രസിദ്ധീകരിച്ചതിന്‍റെ അൻപതാം വര്‍ഷമാണ് 2018. പാപ്പയുടെ ഈ പ്രബോധനം വിശ്വാസികള്‍ എത്ര മാത്രം അതിന്‍റെ ചൈതന്യത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രം തയ്യാറാക്കിയ ചോദ്യാവലി ഇപ്പോൾ കടുത്ത വിമർശനമേറ്റു വാങ്ങുകകയാണ്. ചോദ്യങ്ങൾ പലതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നടത്തുന്നതാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നൊക്കെയാണ് വിമർശകരുടെ പക്ഷം. വിമർശനങ്ങളിൽ കഴമ്പില്ല എന്ന് സമർത്ഥിക്കുന്ന ഔദ്യോഗിക വിശദീകരണക്കുറിപ്പും സഭയുടെ ഭാഗത്ത് നിന്ന് വന്നു കഴിഞ്ഞു. ചോദ്യാവലിയിലെ ഡി സെക്ഷനിലെ രണ്ടാം നമ്പർ ചോദ്യം രസകരമാണ്. “മനുഷ്യജീവൻ ദൈവദാനമാകയാൽ, ഗുണമോ, എണ്ണമോ മാനദണ്ഡമാകരുത് – ആശയം വ്യക്തമാക്കുക”. ഈ ചോദ്യത്തിന് നൽകിയിരിക്കുന്ന Answer Options ‘ശരി’, ‘തെറ്റ്’, ‘അറിയില്ല’, എന്നിവയാണ്. ഈ മൂന്നിലൊന്ന് ടിക്ക് ചെയ്‌താൽ ആശയം വ്യക്തമാവുമോ ? ചോദ്യാവലി തയ്യാറാക്കിയവർക്ക് പറ്റിയ Drafting Lapse ആണെന്ന് കരുതി വിട്ടു കളയുന്നു. ചോദ്യാവലി പൂരിപ്പിക്കുന്നവരുടെ പേരും തിരിച്ചറിയൽ വിവരങ്ങളും ഇല്ലാത്തതിനാൽ സ്വകാര്യത നഷ്ടപ്പെടുന്നില്ല എന്ന വാദം മുഖവിലക്കെടുക്കുന്നു. പക്ഷെ, ചിന്തിച്ചാൽ മനസിലാകുന്നത് ഇതൊരു വിവരശേഖരണത്തിൽ ഉപരി പിൻവാതിലിലൂടെയുള്ള സിദ്ധാന്തോപദേശ (Indoctrination) പദ്ധതിയാണെന്നാണ്. തികച്ചും കൗശലം നിറഞ്ഞ ഉദ്ദേശ്യാധിഷ്ഠിത (Objective Type) ചോദ്യങ്ങളാണ് ചോദ്യാവലിയിൽ. കൃത്യമായ ഉത്തരത്തിന് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ആശയങ്ങൾ മനസ്സിൽ നടുകയാണ് ഉദ്ദേശം. ജനന നിയന്ത്രണ ബോധവൽക്കരണവും അത്യുൽപ്പാദന പ്രചരണവും തന്നെയാണ് ലക്ഷ്യങ്ങൾ. എന്ത് സംഭവിക്കും !? അവശ്യം കൗശലം കയ്യിലുള്ള പ്രായോഗികവാദികളെ ഇതൊന്നും ബാധിക്കില്ല; കുറെ പേർ "തെറ്റ്" തിരിച്ചറിഞ്ഞ് ആവർത്തിക്കാതിരിക്കാനും ചെയ്ത് പോയ തെറ്റുകൾക്ക് പരിഹാരം ചെയ്യാനും ബദ്ധപ്പെടും; കുറെ പേർ പാപബോധത്തിനും കുറ്റബോധത്തിനും അടിമപ്പെട്ട് കൂടുതൽ ന്യൂറോട്ടിക്ക് ആവും; വിധേയരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും

മതഗ്രന്ഥത്തിന്റെ അനുശാസനങ്ങൾ അനുസരിച്ച് തന്നെ സന്താനപുഷ്ടിയുടെ പിൻബലത്തിൽ പെരുകി വലിയ ജനതയാകാൻ നിയോഗിക്കപ്പെട്ട മതാനുയായികൾ ആണ് ക്രൈസ്തവർ. ബൈബിളിലെ ഉല്പ്പത്തി പുസ്തകം ഒന്നാമദ്ധ്യായത്തിൽ തന്നെ ദൈവം മനുഷ്യന് ആദ്യമായി നല്കുന്ന നിർദ്ദേശവും അതിനു വേണ്ട അനുഗ്രഹവും ഇതുമായി ബന്ധപ്പെട്ടതാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ". ഉൽപ്പത്തി പുസ്തകം 9:1അനുസരിച്ച്‌ "ജലപ്രളയത്തില്‍ നിന്നു നോഹയേയും, കുടുംബത്തെയും ദൈവം സംരക്ഷിച്ചു. പ്രളയം കഴിഞ്ഞു പുറത്തുവന്ന നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: "സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍'' 

ബൈബിളിലെ ഈ നിർദ്ദേശം പോരാത്തതിന്, കാലാകാലങ്ങളിൽ മാറി വന്ന മാർപ്പാപ്പമാർ, ബിഷപ്പുമാർ, പട്ടക്കാർ, ധ്യാനഗുരുക്കൾ, പിന്നെ വാളെടുത്തവരും അല്ലാത്തവരും ആയ തീവ്ര വെളിച്ചപ്പാടുകൾ പലരും നാഴികയ്ക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും രഹസ്യത്തിലും പരസ്യത്തിലും സഭാമക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ഇടയലേഖനങ്ങൾ പലവട്ടം നമ്മുടെ പള്ളികളിൽ കേട്ടിരുന്നു. "കൂടുതൽ മക്കൾ, കൂടുതൽ ഭദ്രത" എന്ന ആശയ പ്രചാരണവും സഭ നടത്തിയിരുന്നു. ഈ ശ്രേണിയിൽ ഒടുവിലത്തേതായിരുന്നു ഇടുക്കി രൂപത മുൻ ബിഷപ്പ് മാർ ആനിക്കുഴിക്കാട്ടിൽ പിതാവ് ഇറക്കിയ ഇടയലേഖനം. "മക്കളിലൂടെ സമ്മാനിതരാകുന്ന മാതാപിതാക്കള്‍" എന്ന പേരിൽ ഒരു ലേഖനം അടുത്തിടെ കത്തോലിക്കാ സഭയുടെ വാരികയായ സത്യദീപത്തിൽ അച്ചടിച്ച്‌ വന്നിരുന്നു. സന്താനോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനങ്ങളും കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും പ്രലോഭനങ്ങളും ഒക്കെ ഒളിഞ്ഞും തെളിഞ്ഞും സഭ വിശ്വാസികൾക്ക് വെച്ച് നീട്ടാറുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. കത്തോലിക്കാ കുടുംബങ്ങളിൽ നാലിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടായാൽ, നാലാമത്തെ മുതൽ കുഞ്ഞുങ്ങളുടെ പഠനത്തിന് വരുന്ന ചിലവ് സഭ വഹിക്കുമെന്ന ഒരു വാഗ്ദാനം കേട്ടിരുന്നു; പ്രയോഗതലത്തിൽ അതിന്റെ വിശദാംശങ്ങൾ എങ്ങും കേട്ടതുമില്ല. നാലാമത്തെ കുഞ്ഞിന്റെ മാമോദീസ ബിഷപ്പ് നേരിട്ട് വന്ന് നടത്തിക്കൊടുക്കുമെന്ന വാഗ്ദാനവും കേട്ടിരുന്നു; ആ വാഗ്ദാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയാം.

പണിയെടുത്ത് കുടുംബം പോറ്റുന്ന സാധാരണ മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ ആഹ്വാനങ്ങൾ മനുഷ്യത്വപരമാണോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ആഹ്വാനവും ഉൽപ്പാദനവും വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാത്ത കാര്യങ്ങളാണ്; രണ്ടിനും ചില്ലറ സുഖങ്ങളും ഉണ്ട്. പക്ഷെ, അത്യുൽപ്പാദനപദ്ധതിയോട് സഹകരിക്കുന്നതിന് മുൻപ് പല വട്ടം മനസ്സിൽ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ട കുറെ ചോദ്യങ്ങളുണ്ട് ? ഇവരൊക്കെ ആഹ്വാനിക്കുന്നത് കേട്ട് പിള്ളേരെ ഉൽപ്പാദിപ്പിച്ചാൽ പിന്നെ നല്ല ഭക്ഷണവും വസ്ത്രവും രോഗം വരുമ്പോൾ ചികിത്സയും കൊടുത്ത് വളർത്താനുള്ള ചെലവ് ഈ ആഹ്വാന-പ്രോത്സാഹന ഫാക്റ്ററികൾ വഹിക്കുമോ ? ഈ കുട്ടികളുടെ വിദ്യാഭ്യാസം അവനവൻ തന്നെ നടത്തണ്ടേ ? അതൊക്കെ പോട്ടെ, പ്രസവം കഴിഞ്ഞു ആശുപത്രി വിടുന്നത് വരെ ഉള്ള ചിലവെങ്കിലും ഈ ആഹ്വാനക്കാർ വഹിക്കുമോ ? 

ആകെയുള്ള ഭാഗ്യം എന്താണെന്ന് വച്ചാൽ, ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക്, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം, അതിനെ വളർത്തൽ, ചികിത്സ, വിദ്യാഭ്യാസം നൽകൽ തുടങ്ങി അതിനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയിൽ എത്തിക്കുന്നത് വരെ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ ഭാരിച്ച ഉത്തരവാദിത്തത്തെയും ചിലവുകളെയും സംബന്ധിച്ചു നല്ല തിരിച്ചറിവുണ്ടെന്നതാണ്. അല്ലെങ്കിൽ ഇവരൊക്കെ ആഹ്വാനിച്ചു തുടങ്ങിയപ്പോൾ മുതൽ അവർ പരിശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ 200-250 കോടിയെങ്കിലും കവിഞ്ഞേനെ. 

സന്താനോൽപ്പാദനം ആയിക്കോട്ടെ സന്താന നിയന്ത്രണം ആയിക്കോട്ടെ, അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും പെട്ട വിഷയമാണ്; അതിലൊക്കെ കയറി ഇടപെടാൻ ഇവർക്കൊക്കെ ആരാണ് അനുവാദം കൊടുത്തത് ??? ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക്കിൽ ജീവിക്കുന്ന പൗരന്മാർ എന്ന നിലയിൽ ഒരു കാര്യം യാചിക്കുകയാണ്;  "കുറഞ്ഞ പക്ഷം ഞങ്ങളുടെ കിടപ്പറയിലും പ്രത്യുൽപ്പാദനത്തിലും എങ്കിലും ഞങ്ങൾ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചോട്ടെ....." 

വാൽക്കഷണം : 2011- ൽ സംസ്ഥാനത്ത്‌ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ സമിതി ജനസംഖ്യാ നിയന്ത്രണത്തിനു നിയമം നിര്‍മിക്കണമെന്നു സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്തിരുന്നു. കേരള ഫാമിലി പ്ലാനിംഗ്‌ ആന്‍ഡ്‌ ബര്‍ത്ത്‌ കണ്‍ട്രോള്‍ എന്ന പേരില്‍ നിയമം നടപ്പാക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. രണ്ടു കുട്ടികള്‍ മാത്രം മതിയെന്നും കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ പതിനായിരം രൂപ സര്‍ക്കാരിലേക്ക്‌ പിഴ അടയ്ക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിദ്യാഭ്യാസ സഹായങ്ങളോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍, ആദ്യ കുട്ടികള്‍ക്ക്‌ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില സമുദായങ്ങള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിര്‍ദേശം നല്‍കി അംഗസംഖ്യ വര്‍ധിപ്പിച്ചു പലതും കൂട്ടായി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുമെന്നതിനാലാണ്‌ ഇത്തരമൊരു നിയമ നിര്‍മാണത്തിന്‌ ശിപാര്‍ശ ചെയ്യുന്നതെന്നായിരുന്നു സമിതിയുടെ വിശദീകരണം. ജാതി, മതം, ഉപവിഭാഗങ്ങള്‍, വര്‍ഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍, വ്യക്തികളോ സംഘടനകളോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും കരട്‌ രേഖയില്‍ പറഞ്ഞിരുന്നു. ഈ നിർദ്ദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തരാണോ എന്തോ ??? 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക