അങ്കമാലി എറണാകുളം അതിരൂപതയുടെ സ്വത്ത് സീറോ മലബാർ സഭയുടെ തലവൻ ആയ കര്‍ദ്ദിനാളിന് (ഒരു വ്യക്തിക്ക്) എങ്ങനെ വില്‍ക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വല്യ പിതാവിന്റെ അന്നത്തെ മറുപടിയായായിരുന്നു കിടിലൻ. സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും പിതാവ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന വിശദീകരിച്ചു. നാട്ടുഭാഷയിൽ പറഞ്ഞാൽ, പുത്തനുള്ളവന്റെ വീട്ടിൽ ചാത്തം നടത്തുന്നതിന് പിച്ചക്കാര് ചുമ്മാ തമ്മിൽ തല്ലേണ്ടെന്ന്.... ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. സഭയുടെ ഭൂമി ഇടപാട് കേസിൽ നടപടികളിൽ അമാന്തം വരുത്തിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസ് നീതിപീഠത്തിന്റെ പല പടികൾ കടന്ന് പരമോന്നതനീതിപീഠത്തിന് മുൻപിൽ എത്തിപ്പെടുകയും ചെയ്തിരുന്നു.
പിതാക്കന്മാരും സഭാധികാരികളും നാഴികയ്ക്ക് നാൽപ്പത് വട്ടം "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ ആവർത്തിക്കാറുണ്ടെങ്കിലും സീറോ മലബാർ സഭയുടെ സ്വത്തിൽ വിശ്വാസികൾക്ക് ഒരു തരിമ്പും അവകാശമില്ല എന്നറിയാവുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. ആ തിരിച്ചറിവിൽ നിൽക്കുമ്പോൾ പോലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്;
മെത്രാന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുവകകൾ സ്വകാര്യ സ്വത്ത് പോലെ വിൽപ്പന നടത്താൻ പറ്റുമോ ?
യഥാർത്ഥത്തിൽ ഭൂമി വിറ്റത് എത്ര രൂപയ്ക്കാണ്?
ആധാരത്തിൽ കാണിച്ച തുകയും യാഥാർത്ഥവിലയും ഒന്നാണോ ?
മേൽ ചോദ്യത്തിന്റെ ഉത്തരം "അല്ല" എന്നാണെങ്കിൽ, യഥാർത്ഥത്തിൽ ഭൂമി വിറ്റ വിലയും ആധാരത്തിൽ കാണിച്ച തുകയും തമ്മിലുള്ള വ്യത്യാസത്തുക ഇപ്പോൾ ആരുടെ കയ്യിലാണ് ?
ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നതിലൂടെ ആദായ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ തുടങ്ങിയവ വെട്ടിക്കുകയാണെന്നും അത് കൊണ്ട് തന്നെ ഇതൊരു കള്ളപ്പണ ഇടപാടാണെന്നും സത്യമായും അങ്ങേക്കറിയില്ലായിരുന്നോ ?
ഉപദേശകസമിതിയിലെ ആരും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലേ ?
വിശ്വാസികൾ അതിരൂപതയിലെ അംഗങ്ങളല്ലെന്ന് ബോധിപ്പിക്കുമ്പോൾ, സത്യത്തിൽ അല്മായർ സഭയിൽ ആരാണ് ?
രൂപതയുടെ സ്വത്ത് വകകൾ നിരുത്തരവാദപരമായി വിറ്റു തുളച്ചാൽ, ഈ സ്വത്തൊക്കെ ആർജ്ജിക്കാനായി പണം കൊടുത്ത അല്മായർക്ക് നിസഹായരായി നോക്കി നിൽക്കാനേ പറ്റുകയുള്ളൊ ?
രൂപതയുടെ പാൻ നമ്പർ ട്രസ്റ്റിന്റേതാണെങ്കിൽ പിന്നെ ഇത് ട്രസ്റ്റല്ല എന്ന് അവകാശപ്പെടുന്നതെങ്ങിനെയാണ് ?
പാൻ നമ്പർ പ്രകാരം ട്രസ്റ്റായത് കൊണ്ട്, രൂപത ട്രസ്റ്റല്ലേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായി "ടാക്സ് ഇളവുകൾക്ക് വേണ്ടിയായിരുന്നു" ട്രസ്റ്റായി രജിസ്റ്റർ ചെയ്തത് എന്ന് ബോധിപ്പിക്കുമ്പോൾ പൊതുജനം മനസിലാക്കേണ്ടത് എന്താണ് ?
നികുതി ഇളവിന് വേണ്ടി വസ്തുതാ വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ തെറ്റില്ല എന്നാണോ ?
പബ്ലിക് ട്രസ്റ്റ് എന്ന നിലയിൽ നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അല്മായരോട് മാത്രമല്ല പൊതുസമൂഹത്തി(General Public)നോട് പോലും രൂപതയ്ക്ക് നിയമപരമായ ബാധ്യത ഇല്ലേ ?
ഭൂമിയിടപാടിൽ വീഴ്ചകൾ പറ്റിയിട്ടുണ്ട്; നഷ്ടം നികത്തിക്കൊള്ളാം എന്നൊക്കെ പറയുമ്പോൾ എന്താണ് വിശ്വാസികൾ മനസിലാക്കേണ്ടത് ?
ഇനി ഭൂമിയിടപാടിൽ വലിയ പിതാവ് നിരപരാധി ആണെങ്കിൽ, ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല; ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് വ്യക്തമായ ഭാഷയിൽ പറയാൻ പിതാവെന്തിനാണ് മടിക്കുന്നത് !??
ഭൂമിയിടപാടിൽ പിതാവിന്റെ നിരപരാധിത്വത്തിൽ പിതാവിന് സംശയമില്ലാത്തിടത്തോളം, വിമതവൈദികരും ചില അല്മായരും ചേർന്ന് പ്രചരിപ്പിക്കുന്നതെല്ലാം സത്യവിരുദ്ധവും കടുത്ത അനീതിയും ആയിരിക്കണം. അപ്പോൾ അവർക്കെതിരെ ശിക്ഷണ നടപടികളോ ശിക്ഷാ നടപടികളോ കേവലം ഒരു താക്കീത് പോലുമോ കൊടുക്കാത്തതെന്താണ് !!???
കോടതിയിൽ പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാതെ പോകുന്നത്ര സങ്കീർണ്ണത നിറഞ്ഞ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൃത്രിമങ്ങൾ നടന്നിട്ടില്ല എന്ന് എന്ത് കൊണ്ടാണ് അല്മായർ വിശ്വസിക്കേണ്ടത് ?
ഭൂമിയിടപാടിൽ കൃത്രിമവും കള്ളപ്പണവിനിമയവും ഇല്ലായിരുന്നെങ്കിൽ ആദായനികുതിക്കാർ റെയ്‌ഡ് നടത്തിയതും രൂപത പിഴയടച്ചതും എന്തിനായിരുന്നു ?
തനിക്കുണ്ട് എന്നവകാശപ്പെടുന്ന "സ്വകാര്യ സ്വാതന്ത്ര്യ പ്രിവിലേജ്"-ന്റെ ബലത്തിൽ നടന്ന ഈ ഇടപാടുകളുടെ പുറത്ത് സ്റ്റാമ്പ് ഡ്യൂട്ടി, ആദായ നികുതി, റെവന്യൂ എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് നടപടിയും സാമ്പത്തികബാധ്യതയും വന്നാൽ അതും രൂപതയിൽ നിന്നായിരിക്കില്ലേ ചിലവാക്കുക ?
അപ്പോഴും തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിന് മാത്രമേ കഴിയൂ എന്ന കാനോനയിലൂന്നി പ്രതിരോധം തീർക്കാൻ പറ്റുമോ ?
കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത് എന്നിരിക്കെ, മാർപ്പാപ്പയ്ക്കല്ലാതെ മറ്റൊരാധികാര കേന്ദ്രത്തിനും തന്റെ മേൽ നിയന്ത്രണമില്ലെന്ന് അവകാശപ്പെടുന്ന പിതാവ് കൂടുതൽ നിയമനടപടികളും ദുരാരോപണങ്ങളും ക്ഷണിച്ച് വരുത്തുകയല്ലേ ?
ഭൂമികച്ചവടക്കേസിൽ കനോൻ നിയമത്തിന്റെ മൂട്ടിലൊളിക്കാൻ ശ്രമിച്ചവർ വ്യാജരേഖക്കേസിൽ രാജ്യനിയമങ്ങളുടെ അടുത്ത് അഭയം തേടിയതെന്തിനാണ് ?
വ്യാജരേഖയെപ്പറ്റി ഒരു ധാരണയുമില്ലാതെയാണോ അന്വേഷണസമിതി തലവൻ ആയ അഡ്മിനിസ്ട്രേറ്റർ പത്രസമ്മേളനം വിളിച്ച് പൊതുസമൂഹത്തോട് കാര്യങ്ങൾ പറയുന്നത് ?
അന്വേഷണറിപ്പോർട്ട് പരിശോധിച്ചതിന് ശേഷം കർദ്ദിനാളിന് സ്ഥാനമാനങ്ങൾ തിരികെ നൽകിയതിൽ നിന്നും അദ്ദേഹം നിരപരാധി ആണെന്നും സഥാനമാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട സഹായ മെത്രാന്മാർ അപരാധികൾ ആണെന്നുമാണോ പ്രത്യേക പക്ഷമൊന്നുമില്ലാത്ത അല്മായർ വിശ്വസിക്കേണ്ടത് ?
തെറ്റ് പറ്റിയ പക്ഷത്തിനെതിരെ അച്ചടക്ക നടപടികൾ ഒന്നുമെടുക്കാത്തത് എന്ത് കൊണ്ടാണ് ?
ലക്ഷങ്ങൾ ഫീസ് കൊടുത്ത് നടത്തിയ KPMG Investigative Audit - ന്റെ റിപ്പോർട്ട് ഉള്ളടക്കം പുറത്ത് വിടാത്തത് എന്ത് കൊണ്ടാണ് ?
വിശ്വാസികൾക്ക് സഭയിലും മെത്രാന്മാരിലും ഈ സംവിധാനങ്ങളിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ട്രസ്റ്റ് ആര് വീണ്ടെടുക്കും !!???
എന്തായാലും കാര്യങ്ങളുടെ പുരോഗതിയിൽ നിന്ന് ബോധമുള്ള അല്മായന് മനസിലാവുന്ന കാര്യം ഇതല്ലെ ?; "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ പറയുന്നതിലെ "നാം" എന്നത് നമ്മൾ എന്ന Collective Pronoun അല്ല എന്നും മറിച്ച് "എന്റെ" "ഞങ്ങളുടെ" എന്നതിന്റെയൊക്കെ പൂജക ബഹുവചനം ആണെന്നുമല്ലേ ? പണ്ടൊക്കെ ഫ്യൂഡൽ നാടുവാഴികളും പ്രഭുക്കളും ഉപയോഗിച്ചിരുന്ന "നോം", "നാം", "നമ്മൾ" "നമ്മുടെ" എന്നൊക്കെ അർത്ഥം വരുന്ന അതേ പ്രയോഗം തന്നെയല്ലേ ഇതും... ?
ഈ ചോദ്യങ്ങളിൽ ചിലതിന് ഒരു പക്ഷെ, കോടതിയും സർക്കാരും നിയമസംവിധാനങ്ങളും ഒരു തീർപ്പ് കൽപ്പിക്കുമായിരിക്കും. ചിലതിനൊക്കെ എന്തെങ്കിലും ലോജിക്കൽ ഉത്തരങ്ങൾ കണ്ടെത്തി അല്മായരും തൃപ്തിപ്പെടുമായിരിക്കും; എന്നാലും കുറെയേറെ ചോദ്യങ്ങൾ ഉത്തരമില്ലാതെ ബാക്കിയാകാനാണ് സാധ്യത.
അല്മായർക്ക്, "രൂപ-താ" എന്ന ആഹ്വാനം കേൾക്കുമ്പോൾ, ദൈവത്തിനെന്ന തെറ്റിദ്ധാരണയിലും വിശ്വാസത്തിലും രൂപ കൊടുക്കാനല്ലേ പറ്റൂ... സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതുംഅതിനോട് ബന്ധപ്പെട്ട മറ്റ് കളികളും അല്മായരുടെ കൈപ്പിടിയിൽ ഉള്ള കാര്യമല്ലല്ലോ.....!!!!
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ തക്ക മനോഗുണം ശ്ലൈഹീകസിംഹാസനത്തിനില്ലാത്തതിനാൽ വിശ്വാസികൾക്ക് സഭയിലുള്ള തങ്ങളുടെ അവകാശങ്ങളെപ്പറ്റിയും രൂപതയിൽ തങ്ങൾക്കുള്ള സ്ഥാനത്തെപ്പറ്റിയും ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ആ സ്ഥിതിക്ക് ഇനിയൊന്നും ചോദിക്കാതെ "Go To Your Classes"...
ജോർജുകുട്ടി കിളിയന്തറയിൽ എന്നയാൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു കഥ കൂടി... പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർട്ട് പറഞ്ഞ ഒരു അനുഭവകഥയുണ്ട്. യുവപ്രായത്തിൽ സ്വിറ്റ്സർലണ്ടിലെ ഒരു ഗ്രാമത്തിൽ പാസ്റ്ററായിരുന്ന അദ്ദേഹം, തന്റെ ഇടവകയിലെ ഒരു വൃദ്ധരോഗിയെ കാണാൻപോയി. അയാൾ ഏതു പള്ളിയിലാണ് പോകുന്നതെന്ന് അന്വേഷിച്ച ബാർട്ടിനു കിട്ടിയ മറുപടി ഇതായിരുന്നു:-
"പാസ്റ്റർ ഞാൻ എന്നും സത്യസന്ധനായ മനുഷ്യനായിരുന്നു. ഒരിക്കലും പള്ളിയിൽ പോവുകയോ പോലീസ് കേസുകളിൽ പെടുകയോ ചെയ്തിട്ടില്ല.” 😄
അച്ചന്മാരും മെത്രാന്മാരുമൊക്കെ ചേരിതിരിഞ്ഞ് അടിവക്കുന്ന കേരളത്തിലും, പള്ളിയും പട്ടക്കാരുമൊന്നും മാന്യന്മാർക്കു ചേർന്നതല്ലെന്നു കുഞ്ഞാടുകൾക്കു തോന്നുന്ന കാലം വരുമോ?
(ഭൂമി വിവാദം തുടങ്ങി അധികം വൈകാതെ എഴുതിയ കുറിപ്പാണ്; ഇപ്പോൾ ഒന്ന് update ചെയ്തു എന്ന് മാത്രം)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക