ചാനൽ ചർച്ചകൾ ആണല്ലോ ഇന്ന് അധികം പേരുടെയും വൈകുന്നേരങ്ങളെ എന്റർടൈൻ ചെയ്യിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)-ൽ കേരളാ ബ്ലാസ്റ്റേർഴ്‌സിന്റെ മുംബൈ സിറ്റിയോടുള്ള 5 - 0 പരാജയം കേരളത്തിലെ ചാനലുകൾ ചർച്ച ചെയ്യുന്നു എന്ന് കരുതുക. നമ്മുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയാൻ സാധ്യതയുള്ള അഭിപ്രായങ്ങൾ നർമ്മ ഭാവനയിൽ. ഇത് ആരെയും മുറിപ്പെടുത്താനല്ല. നർമ്മത്തെ നർമ്മമായി കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മുൻകൂർ മാപ്പ്. മാന നഷ്ടക്കേസിനു പോകരുത്. പിഴ വിധിച്ചാൽ തരാൻ എന്റെ കയ്യിൽ കാശില്ല.
മുംബൈ സിറ്റി നേടിയ വിജയം തികച്ചും സാങ്കേതികം മാത്രമാണ്. ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോറ്റപ്പോഴും മത്സരത്തിലെ മേധാവിത്വവും ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയും കേരളാ ബ്ലാസ്റ്റേർഴ്‌സിനായിരുന്നു. ഈ ഒരു മത്സരത്തിലെ പരാജയം കൊണ്ട് ബ്ലാസ്റ്റേർഴ്‌സിന്റെ അടിത്തറ ദുർബലമായി എന്ന് പറയാൻ കഴിയില്ല. ഭൂരിഭാഗം സമയവും ബോൾ പൊസഷൻ ബ്ലാസ്റ്റേർഴ്‌സിനുണ്ടായിരുന്നു. എന്തായാലും പരാജയം അംഗീകരിക്കുന്നു. ഉത്തരവാദിത്വമുള്ള ടീമായി തുടരും. പിന്നെയും പരിഹസിച്ചാൽ ഞങ്ങക്ക് ഒന്ന് പറയാനുണ്ട്. നിങ്ങക്ക് ഈ ടീമിനെ പറ്റി ഒരു ചുക്കുമറിയില്ല. എഡോ ഫോർലാനേ; വേഷം കെട്ട് ഞങ്ങളോട് വേണ്ട. പോയി വേറെ പണി നോക്കടോ - (പിണറായി വിജയൻ)
ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. പത്രക്കാരന്മാര് കേക്ക്... മുംബൈ സിറ്റിക്കുണ്ടായ ജയം ബ്ലാസ്റ്റേർഴ്‌സിനേറ്റ കനത്ത തിരിച്ചടിയാണെന്നതിൽ തർക്കമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇങ്ങനെയേ പറ്റൂ. മാത്രമല്ല ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് റഫറിമാർ ഗോൾ വിധിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിൽ എന്തെങ്കിലും മാറ്റം ആവശ്യപ്പെടണോ എന്ന് നിയമോപദേശം തേടിയിട്ടുണ്ട്. പാർട്ടി തലത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് തെന്നലയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുമായി ആലോചിച്ച ശേഷം പാർട്ടിയിൽ ചര്‍ച്ച ചെയ്ത ശേഷം ഹൈക്കമാണ്ടിന്റെ അനുമതിയോടു കൂടി മനഃസാക്ഷിക്കനുസരിച്ച് നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഞങ്ങൾ ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് (ഉമ്മൻ ചാണ്ടി)
93 വയസ്സുള്ള സ്വന്തം അമ്മയേ.......ബാങ്കിൽ ക്യൂ നിർത്തി പാവപ്പെട്ട കളിക്കാരുഡേ....ആത്മവീര്യം നശിപ്പിച്ചവർ ഞാൻ അധികാരത്തിൽ വന്നാൽ എവിടേ...കൽത്തുറുങ്കിൽ...കൽത്തുറുങ്കിൽ...
ബ്ലാസ്റ്റേർഴ്‌സിലേ...പാവപ്പെട്ട കളിക്കാരെ കൊല്ലരുതേ...കൊല്ലരുതേ...കൊല്ലരുതേ... എന്റെ ഓഫീസ് സെക്രട്ടറിയേറ്റിൽ ആയിരുന്നെങ്കിൽ ഇത്ര വീഴ്ച പറ്റില്ലായിരുന്നു...ന്നു..(വീ എസ് അച്യുതാനന്ദൻ)
കോച്ചിന്റെ നയങ്ങൾ ജനം തിരസ്‌ക്കരിച്ചു, മുന്തിയ ക്ളബിൽ നിന്ന് വന്ന കളിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന നയങ്ങളാണ് കോച്ച് നടപ്പിലാക്കുന്നത്. മിസ്റ്റർ വിജയൻ, നിങ്ങൾ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നിങ്ങളാണ് ബ്ലാസ്റ്റേർഴ്‌സിന്റെ പ്രതിരോധത്തിൽ വന്ന പിഴവുകൾക്ക് ഉത്തരം പറയേണ്ടത്....ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ സുതാര്യമാണ്. ഞങ്ങളുടെ ഭാഗത്തു നിന്നുള്ള നടപടികൾ എന്തായാലും കുറ്റമറ്റതായിരിക്കും എന്നാർക്കും സംശയം വേണ്ട. - (രമേശ് ചെന്നിത്തല)
എന്റെ അഭിലാഷേ; ഇതിലും വലിയ മത്സരം ഞാൻ ഒറ്റയ്ക്ക് ജയിച്ചിട്ടുണ്ട്.....മുംബൈ സിറ്റി....അവന്റെ തന്തേടെ...ആ....*#*$&@ #$@%... എന്നെക്കൊണ്ട് കൂടൂതലൊന്നും പറയിക്കരുത് കേട്ടോ. ഇതൊക്കെ ആരോടാ പറയുന്നത്. ഞാൻ മീനച്ചിൽ താലൂക്ക് കാരനാ..അവനോടു പോവാൻ പറ....അല്ല പിന്നെ...(പി.സി ജോർജ്)
രണ്ടു ടീമിലെയും പല പ്രമുഖരും സാമ്പത്തികമായും ശാരീരികമായും എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ അത് കേരളം താങ്ങത്തില്ല. എന്റെ ഉറക്കം കെടുത്തിയവരുടെ ഉറക്കവും കുറെ കെടട്ടെ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ പറ്റി ഇതിൽ കൂടുതൽ പറയാൻ എനിക്ക് ചില പരിമിതികൾ ഉണ്ട്. അടുത്ത ആഴ്ച പത്രസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. (സരിതാ നായർ)
ഒട്ടും മുന്നൊരുക്കങ്ങൾ ഇല്ലാതെ എടുത്ത ടീം തീരുമാനങ്ങൾ കടുത്ത മണ്ടത്തരമായിപ്പോയി. ഇതിവിടത്തെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കളിയിലെ ജയിക്കാനാവശ്യമായ ഘടകങ്ങൾ കറൻസി നോട്ടുകളായാണോ സൂക്ഷിക്കുന്നത്. വിരുതന്മാർ അത് റിയൽ എസ്‌റ്റേറ്റിലും സ്വർണ്ണത്തിലുമാണ് സൂക്ഷിക്കുന്നത്. മുൻ സർക്കാരിന്റെ കടുത്ത കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാണിച്ച വിമുഖതയും എല്ലാം തിരിച്ചടിയായിട്ടുണ്ട്. മുംബൈ സിറ്റിയുടെ വിജയത്തോടെ എന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് തെളിഞ്ഞു. എങ്കിലും കിഫ്ബിയുമായി ചേർന്ന് വരുന്ന അഞ്ചു കൊല്ലം കൊണ്ട് നിങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത ഒരു ബ്ലാസ്റ്റേർഴ്‌സ് ടീം ഞാൻ ഫോം ചെയ്ത് കാണിച്ചു തരാം (തോമസ് ഐസക്ക്)
തോമസ് ഐസക്ക് പറഞ്ഞതിനേക്കാൾ അച്യുതാനന്ദൻ പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്. ഈ ഫോർലാനെ നമുക്ക് ചെറുപ്പം മുതലേ അറിഞ്ഞു കൂടേ. എന്റെ നാടിന്റെ പരിസരക്കാരനാണ് അയാൾ. അയാളുടെ അച്ഛനും കൊച്ചച്ഛനും അമ്മായിയുടെ മകനും എല്ലാവരും കാലങ്ങളായി ബ്ലാസ്റ്റേർഴ്‌സിന് എതിരായിരുന്നു. ഇപ്പോഴും എതിരാണ്; ഇനി തുടർന്ന് കളിക്കുന്നുണ്ടെങ്കിൽ അപ്പോഴും എതിരായിരിക്കും. ഇതിവിടത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. മുംബൈ സിറ്റി ബ്ലാസ്റ്റേർഴ്‌സിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടാണ് ജയിച്ചത് എന്ന വാദത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിൽ...സത്യത്തിൽ...(പുച്ഛച്ചിരി) മുംബൈ സിറ്റി ബ്ലാസ്റ്റേർഴ്‌സിനെക്കാൾ കൂടുതൽ ഗോളടിച്ചാൽ മുംബൈ സിറ്റിയേ ജയിക്കൂ എന്ന് ഞാൻ കളി തുടങ്ങുന്ന അന്ന് തന്നെ പറഞ്ഞിരുന്നതാണ്...പിണറായി വിജയനെപ്പോലുള്ളവർ അല്പത്തരം കാണിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കോടിയേരിയും എളമരം കരീമും മൂന്നു ജയരാജന്മാരുമാല്ലാതെ തലയ്ക്കു വെളിവുള്ള ഒരാള് പോലും ഇതിനെ എതിർക്കില്ല. സ്വരാജിനെയും ചിന്താ ജെറോമിനെയും പോലുള്ള ഡിങ്കിരിവാലന്മാർ ഫോർലാന് ജയ് വിളിക്കും. അത് അയാൾ പറഞ്ഞു ചെയ്യിക്കുന്നതാണ്. സീ പീ എമ്മും നടേശ ഗുരുവും പിണറായിയും ഇത് സമ്മതിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും ഇതൊക്കെ ഇന്നലെ കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി; ഇന്ന് ഈ കാണുന്നത് പുതിയ തൊലിയാണ്. ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന മനോരമയെ കാണുമ്പോൾ ലജ്ജ കൊണ്ട് എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു. (അഡ്വ. ജയശങ്കർ)
ബ്ലാസ്റ്റേർഴ്‌സിനു ജയിക്കാൻ വേണ്ട പിൻതുണ ലഭിക്കാത്തതിനാൽ ധാർമികമായി ഒരു ടീം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ടീം സ്പിരിറ്റിന്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് നോക്കുമ്പോൾ ഒരു ചാലകശക്തിയായി പ്രവർത്തിക്കേണ്ടവർ എതിരാളികളോട് ജനങ്ങൾക്ക് ആഭിമുഖ്യം ഉണ്ടാകുന്ന രീതിയിൽ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ തികച്ചും റാഡിക്കലായിട്ടുള്ള ഒരു മസ്‌തിഷ്‌ക്കപ്രക്ഷാളനം അനിവാര്യതയായി മാറുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകളോട് ക്രിയാത്മകമായി പ്രതികരിക്കാതിരുന്നാൽ അനിവാര്യമായ മാറ്റം നമ്മളെ മാറ്റി മറിക്കാനിടയുണ്ട്. (എം.എ.ബേബി)
നമസ്തേ....കാലങ്ങളായിട്ടു ഈ മുംബൈ സിറ്റി നമ്മളെ തോല്പ്പിച്ചു കൊണ്ടിരിക്കുകയാണ്. കാലം കുറെയായി നമ്മളിത് സഹിക്കുന്നു. എത്ര ക്ഷമിച്ചാലും വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് തോല്പ്പിക്കപ്പെടുന്നത്. ഇത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ബ്ലാസ്റ്റേർഴ്‌സ് ഉണരണം. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ നമ്മളുടെ കാരുണ്യത്തിൽ ഇവിടെ ചുവടുറപ്പിച്ച് നമ്മളെ തോൽപ്പിക്കുന്ന ഈ ജാതികൾക്കെതിരെ നമ്മളുണർന്നില്ല്യാച്ചാ ഉണർത്താൻ നിർബന്ധിതരാകും നമ്മള്...ഹിന്ദു എന്ന നിലയില്.... .(ശശികല ടീച്ചർ)
തോൽവിയും ജയവും ഇതിൽ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊന്നും ബല്യ ഇശ്യുവാക്കേണ്ടതില്ല (കുഞ്ഞാലിക്കുട്ടി)
തോറ്റു എന്നതല്ല പ്രധാനം; മറിച്ച് പതിനൊന്നു പേരെ സംഘടിപ്പിച്ച് കളിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പതിനൊന്ന് എതിരാളികളെ പിതൃശൂന്യവും തികച്ചും ന്രിശംശ്യവുമായ തരത്തിൽ കളിക്കളത്തിൽ നേരിട്ട രീതി അങ്ങേയറ്റം അപലപിക്കേണ്ടതാണ്. ജാജ്വല്യമാനമായ ഒരു നല്ല നാളെ ബ്ലാസ്റ്റേർഴ്‌സിന്റെ മുൻപിൽ ഉണ്ട്. അതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അതിനിടയിൽ ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വായിൽ തിരുകുന്നത് ആർക്കും ഭൂഷണമാവില്ല. (എം.സ്വരാജ്)
ഗ്രൂപ്പടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്താതിരുന്നത് വലിയ തിരിച്ചടിയായി. തെറ്റ് ചെയ്തവരെ മനഃപൂർവ്വം സംരക്ഷിക്കുന്ന പ്രശ്നമില്ല. (വി.എം.സുധീരൻ)
എന്റെ അടുത്ത പടത്തിന്റെ പേര് "എട്ടു നിലയിൽ പൊട്ടിയ മഞ്ഞ വീരന്മാർ" : (സന്തോഷ് പണ്ടിറ്റ്)
കളി തീരുന്നവരെ ആത്മ സംയമനം കൈവിടാതെ പിടിച്ചിരുന്ന എല്ലാ ബ്ലാസ്റ്റേർഴ്‌സ് ഫാൻസിനും എന്റെ വക അഞ്ചു ലക്ഷം രൂപ : (ചിറ്റിലപ്പള്ളി മുതലാളി )
ഏകപക്ഷീയമായ ഈ ആക്രമണം വളരേ പൈശാചികവും മൃഗീയവുമായിപ്പോയി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുന്നതോടൊപ്പം മുംബൈ സിറ്റിയോട് ശക്തമായ പ്രതിശേധം അറിയിക്കുന്നു. അതോടൊപ്പം ബ്ലാസ്റ്റേർഴ്‌സിന്റെ പ്രതിരോധത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ മുൻ പ്രതിരോധ മന്ത്രി എന്ന നിലയിൽ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ നടപടികളും എടുക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്. (എ. കെ. ആന്റണി)
ബ്ലാസ്റ്റേർഴ്‌സ് ടീമംഗങ്ങൾ കോഴ വാങ്ങിയിട്ടുണ്ട്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്. രേഖകൾ എല്ലാം എന്റെ കയ്യിൽ ഉണ്ട്. (കെ സുരേന്ദ്രൻ)
എനിക്ക് കാര്യങ്ങൾ പറയാൻ മൂന്നു മിനിട്ട് തരണം...എനിക്ക് മൂന്നു കാര്യങ്ങൾ പറയാനുണ്ട്....മൂന്ന് മിനിറ്റ് മൂന്ന് കാര്യങ്ങൾ....ഒന്ന്...ബ്ലാസ്റ്റേർഴ്‌സ് തോറ്റതു കൊണ്ടാണ് മുംബൈ സിറ്റിക്ക് ജയിക്കാനായത്. അത് നിഷേധിച്ചിട്ട് കാര്യമില്ല....പ്ളീസ്...ഞാൻ പറഞ്ഞോട്ടെ...രണ്ട്...മുമ്പൈ സിറ്റി ജയിച്ചത് കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേർഴ്‌സ് തോറ്റത്...പ്ളീസ്...പ്ളീസ്...പ്ളീസ്... എന്നെ പറയാൻ അനുവദിക്കൂ...നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടില്ലല്ലോ...എനിക്ക് പറയാനുള്ള മൂന്നാമത്തെ കാര്യം ബ്ലാസ്റ്റേർഴ്‌സ് ഗോൾ ഒന്നും അടിക്കാതിരുന്ന സാഹചര്യത്തിൽ മുംബൈ സിറ്റി ഗോൾ അടിച്ചത് കൊണ്ടാണ് മുംബൈ സിറ്റി ജയിച്ചത്.... അത് തന്നെ, വർഷങ്ങളുടെ പാരമ്പര്യമുള്ള കാല്പ്പന്തു കളിയെയും ആ കേളീധാരയുടെ നവീന ആചാര്യന്മാരെയും തകർക്കാൻ വേണ്ടി ചില മാധ്യമങ്ങളും സമുദായങ്ങളും ചേർന്ന് നടത്തുന്ന ഭീകരമായ ഗൂഡാലോചനയുടെ ഫലമാണീ തോൽവി...ഇത് എവിടെ വേണമെങ്കിലും വാദിച്ചു ജയിക്കാൻ എനിക്ക് കഴിയും. അത്തരം ഒരു സംവാദത്തിനു ഞാൻ തയ്യാറാണ്..(രാഹുൽ ഈശ്വർ)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://www.facebook.com/groups/224083751113646/