ഞാൻ വെറും പോഴൻ

Wednesday, 9 January 2019

റേഡിയോ ഉപയോഗിക്കണമെങ്കിൽ ഇന്ത്യയിൽ ലൈസൻസ് വേണ്ടിയിരുന്നു എന്ന് അറിയാമോ !??

റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് എടുക്കേണ്ട ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. 1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് പ്രകാരമായിരുന്നു ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് റേഡിയോ ലൈസൻസ് എടുക്കേണ്ടിയിരുന്നത്. പോസ്റ്റ് ഓഫീസുകൾ വഴിയായിരുന്നു റേഡിയോ ലൈസൻസിങ് നടപടികൾ നടപ്പിലാക്കിയിരുന്നത്. ഇപ്പോൾ കൗതുകം തോന്നുന്ന കാര്യമാണെങ്കിലും റേഡിയോ ലൈസൻസ് ചട്ടങ്ങൾ വളരെ കർശനമായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. 
ഇടയ്ക്കിടെ സ്വാഭാവികമായും പരാതികൾ ഉണ്ടെങ്കിൽ അതിനനുസരിച്ചും പോസ്‌റ്റോഫീസ് അധികൃതർ, പൊലീസുകാർ എന്നിവരടങ്ങിയ സ്‌ക്വാഡ് പരിശോധന നടത്തുകയും ലൈസൻസ് ഇല്ലാത്തതോ പുതുക്കാത്തതോ ആയ റേഡിയോകൾ പിടിച്ചെടുക്കുമായിരുന്നത്രെ.

ഓരോ വർഷവും പുതുക്കിയെടുക്കേണ്ട ഈ ലൈസൻസ് ഏകദേശം ഒരു ബാങ്ക് പാസ്സ്‌ബുക്കിന്റെ രൂപത്തിലായിരുന്നു. ലൈസൻസ് ബുക്കിന്റെ ആദ്യ ഉൾപ്പേജുകളിൽ റേഡിയോ ഉടമയുടെയും റേഡിയോ സെറ്റിന്റെയും വിവരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ബുക്കിന്റെ ബാക്ക് കവറിൽ പരസ്യം ആയിരുന്നു. സർക്കാരിന്റെ പരസ്യങ്ങളും സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളും വരാറുണ്ടായിരുന്നത്രേ. ഒരു റേഡിയോയ്ക്ക് വേണ്ടി ലൈസൻസ് എടുത്താൽ ലൈസൻസിയ്ക്കും അയാളുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആ റേഡിയോ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ലൈസൻസിൽ എൻഡോഴ്സ് ചെയ്ത അഡ്രസ്സിൽ മാത്രമേ ആ റേഡിയോ ഉപയോഗിക്കാമായിരുന്നുള്ളൂ. ഡൊമസ്റ്റിക്ക് ലൈസൻസ് വച്ച് പൊതുസ്ഥലത്ത് റേഡിയോ ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നു. അഡ്രസ് മാറ്റങ്ങൾ പോസ്റ്റ് ഓഫീസിൽ അറിയിച്ച് ലൈസൻസിൽ എൻഡോഴ്സ് ചെയ്യിക്കണമായിരുന്നു. ഒരാൾ ലൈസൻസ് ഉള്ള റേഡിയോ വിൽക്കുമ്പോൾ വിവരം പോസ്റ്റ് ഓഫീസിൽ അറിയിക്കുകയും പുതിയ ഉടമയുടെ പേരിലേക്ക് ലൈസൻസ് മാറ്റുകയും വേണമായിരുന്നു.  

തുടക്കത്തിൽ ഒരു രൂപയായിരുന്നത്രേ ലൈസൻസ് ഫീസ്. 1980 വരെ താരതമ്യേന കുറഞ്ഞ നിരക്കിൽ ഉണ്ടായിരുന്ന ലൈസൻസ് ഫീസ് 1981 ൽ കുത്തനെ ഉയർത്തിയിരുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞത്. അവസാന കാലഘട്ടങ്ങളിൽ വീടുകളിൽ റേഡിയോ ഉപയോഗത്തിന് (Domestic Licence) 15 രൂപയും വ്യാപാര സ്ഥാപനങ്ങളിലോ പൊതുസ്ഥലങ്ങളിലോ റേഡിയോ ഉപയോഗിക്കാന്‍ (Commercial Licence) 30 രൂപയും ആയിരുന്നു ഫീസായി  നല്‍കേണ്ടിയിരുന്നത്. റേഡിയോ സെറ്റുകൾ വിൽക്കുന്ന കടകൾക്കും പ്രത്യേക ലൈസൻസ് വേണ്ടിയിരുന്നത്രേ. പോസ്റ്റ് ഓഫീസിൽ ഫീസ് തുകയടയ്ക്കുമ്പോൾ ഫീസ് തുകയ്ക്ക് തുല്യമായ BROADCAST RECEIVER LICENCE FEE (BRL FEE) സ്റ്റാംപ് ഒട്ടിച്ച് അതാത് പോസ്റ്റ്ഓഫീസ് മുദ്ര പതിപ്പിച്ച കൊടുക്കുകയായിരുന്നു പുതുക്കൽ രീതി. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന രാജീവ്ഗാന്ധി സർക്കാറിന്റെ കാലത്ത് അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന വി എൻ ഗാഡ്ഗിലാണ് റേഡിയോ ടിവി ലൈസൻസിങ് സമ്പ്രദായം അവസാനിപ്പിച്ചത്. അങ്ങനെ 1985-ന് ശേഷം റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ലാതായി. 

താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ എന്റെ അമ്മാവൻ ഉപയോഗിച്ചിരുന്ന റേഡിയോയുടെ ലൈസൻസിന്റെ ആണ്. ഈ ലൈസൻസ് ഇഷ്യൂ ചെയ്ത് ഒപ്പിട്ടിരിക്കുന്നത് അന്നവിടെ പോസ്റ്റ്‌ മാസ്റ്ററായിരുന്ന എന്റെ പിതാവാണ്...

(നാല് പതിറ്റാണ്ടുകൾക്ക് മേൽ പോസ്റ്റ്മാസ്റ്ററായി സേവനമനുഷ്ഠിച്ച എന്റെ പിതാവിന്റെ ഓർമ്മയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പെഴുതിയത്; വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക.)















































ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

HTTPS://WWW.FACEBOOK.COM/ACHAYATHARANGAL.BLOGSPOT.IN

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

HTTPS://WWW.FACEBOOK.COM/GROUPS/224083751113646/