ഞാൻ വെറും പോഴൻ

Saturday, 19 December 2020

ദൈവേ... ഇതൊക്കെ കണ്ടിട്ട് എങ്ങനാ സഹിക്ക്യാ; ല്ലേ !!???

 


വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ആർഭാടങ്ങളുമെല്ലാം കാലത്തിനനുസരിച്ച് മാറി വരുന്നവയാണ്. ഇതിന് ചുവട് പിടിച്ച് വിവാഹത്തോടനുബന്ധമായുള്ള ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹ ദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. പ്രീ വെഡിങ്, സേവ് ദി ഡേറ്റ്, പോസ്റ്റ് വെഡിങ്  മുതലായ പേരുകളിൽ അറിയപ്പെടുന്ന ഫോട്ടോ വീഡിയോ ഷൂട്ടുകൾ ഇപ്പോൾ വ്യാപകപ്രചാരം നേടിക്കഴിഞ്ഞു. ന്യൂ ജനറേഷന്‍ ട്രെന്‍ഡിനനുസരിച്ച് ഇത്തരത്തിൽ എടുക്കപ്പെട്ട പല ഫോട്ടോകളും വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. 

എങ്ങനെയൊക്കെ സംഭവം കളറാക്കാം എന്ന് ചിന്തിക്കുന്ന യുവ തലമുറ അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുമാണ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള തീമുകളും പശ്ചാത്തലവും; ബീച്ച്, കാട്, വയൽ, മല, മഴ,മഞ്ഞ് എന്ന് വേണ്ട കള്ള് ഷാപ്പും ചന്തയും വരെ പല വൈറൽ ഫോട്ടോഷൂട്ടുകൾക്കും വേദിയായിട്ടുണ്ട്. ഛായാഗ്രഹണകലയുടെ ക്രിയാത്മകതയും പ്രൊഫഷണൽ വൈഭവവും സാങ്കേതികമികവും എല്ലാം ചേർന്ന് വരുമ്പോൾ പുറത്തു വരുന്ന ദൃശ്യങ്ങൾ മിക്കവയും അഴകും മിഴിവും ചാരുതയും നിറഞ്ഞാടുന്ന കലയുടെ സമ്പൂർണ്ണകൃതികൾ തന്നെയാണ്. വിവാഹത്തോടനുബന്ധമായി നടക്കുന്ന ഏർപ്പാടെന്ന നിലയിൽ സ്വാഭാവികമായും വധൂ വരന്‍മാരുടെ പ്രണയരംഗങ്ങളുടെയോ ശാരീരികമായ അടുത്തിടപഴകലുകളുടെയോ ചിത്രീകരണമായിരിക്കും ഇത്തരം ഷൂട്ടുകളിൽ നടക്കുക. ഗ്രാമീണനാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും എത്നിക് രൂപഭാവങ്ങളിലുമൊക്കെ ഇവ ചിത്രീകരിക്കപ്പെടാറുണ്ട്. അമ്മയെ തല്ലിയാലും നൂറ് പക്ഷമുള്ള നാട്ടിൽ ഇത്തരം ഫോട്ടോ ഷൂട്ടുകൾ അംഗീകരിക്കുന്നവരുടെ പോലെ തന്നെ അവയെ വിമർശിക്കുന്നവരുടെ എണ്ണത്തിനും കുറവില്ല എന്നത് സ്വാഭാവികമാണ്. ഗ്ലാമർ ജോണറിൽ എടുക്കുന്ന ചില ചിത്രങ്ങളിലെ നേരിയ വസ്ത്രങ്ങളും അല്പ വസ്ത്രങ്ങളും അതിനിടയിലൂടെ കാണുന്ന ശരീരഭാഗങ്ങളും തീവ്രമായ "കപട"സദാചാരബോധവും കടുത്ത ലൈംഗിക ദാരിദ്ര്യവും അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിൽ ചിലർക്കെങ്കിലും ദഹിക്കാതെ കുരു പൊട്ടുന്നതിൽ അസ്വാഭാവികത ഇല്ലെന്നാണ് എന്റെ പക്ഷം. 'സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുനന സമൂഹം കാണുന്നുണ്ട്' എന്ന ടൈറ്റിലിൽ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കുമെതിരെ ഉപദേശവുമായി കേരളാ പൊലീസ് വരെ എത്തി എന്ന് പറയുമ്പോൾ അസഹിഷ്ണുതയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാൻ വലിയ കഷ്ടപ്പാട് വേണ്ട. 

സോഷ്യൽ മീഡിയ മൊത്തതിൽ കുരുക്കൾ ഇങ്ങനെ പൊട്ടിയൊലിക്കുമ്പോൾ കുറച്ച് പേര് ചോദിക്കുന്നു എന്താ അച്ചായൻ ഒന്നും പറയാത്തതെന്ന്....

ഇതിനൊക്കെ എന്ത് പറയാനാ....കൊതിക്കെറുവോ കൊതിവിടലോ അവസര നഷ്ട ബോധമോ ഒന്നും ഒരു കുറ്റമല്ല... പക്ഷെ അത് മൂത്ത് വിമർശനവും സദാചാര ധാർമിക രോഷവും തെറിവിളിയും പുലയാട്ടുമായി പുറത്ത് വിടുമ്പോൾ ഒരു കാര്യം ഓർമ്മയിൽ വേണം. നോർമൽ ആയിട്ടുള്ള എല്ലാ മനുഷ്യരും 2020 ലെ കലണ്ടർ ആണ് തിയതി നോക്കാൻ ഉപയോഗിക്കുന്നത്. 2020 ലെ കലണ്ടർ തൂക്കിയിട്ടിട്ട് തിയതി നോക്കാൻ അറുപതുകളിലെയും എഴുപതുകളിലെയും കലണ്ടർ ഉപയോഗിക്കുന്നവരുടെ ചില കളികൾ വലിയ കോമഡി ആവുന്നുണ്ട്.

ഏതോ രണ്ട് പിള്ളേര്, അവരുടെ കല്യാണം, അവരുടെ ശരീരം, അവരുടെ പണം ചിലവാക്കി എടുക്കുന്ന അവരുടെ പടങ്ങൾ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവർ പോസ്റ്റ്‌ ചെയ്യുന്നത് കാണുമ്പോൾ വിമ്മിഷ്ടം അനുഭവപ്പെടുന്നത് ഒരു തരം അസുഖമാണ്; ആ അസ്ക്യത സഹിക്കാനാവാതെ വരുമ്പോൾ  ഉപയോഗിക്കാനുള്ളതാണ് സ്ക്രോൾ ബട്ടൺ...

ഇനി ഇത്തരം ഷൂട്ട് നടത്താൻ ഒബ്ജെക്റ്റ് ആയവരോ പടമെടുത്ത പ്രൊഫഷണൽ ടീമോ പേർസണൽ ആയി വന്ന് നിങ്ങൾ ഇത് കണ്ടേ തീരൂ എന്നോ നിങ്ങൾ ഇത്തരത്തിൽ പടമെടുത്തേ പറ്റൂ എന്നോ നിർബന്ധിക്കാത്ത കാലത്തോളം നമുക്കൊന്നും ചെയ്യാനില്ല. ഇനി ഇവരൊക്കെ നിയമം ലംഘിച്ച് എന്തെങ്കിലും ചെയ്യാത്തിടത്തോളം ഇതൊക്കെ കണ്ട് കുരു പൊട്ടി ജീവിക്കുകയല്ലാതെ വേറൊരു വഴിയുമില്ലന്നെ 😅😂🤣

സാമൂഹ്യ ജീവിയായി തുടരുമ്പോൾ അപരന്റെ സ്വാതന്ത്ര്യത്തിന് കുറച്ചൊക്കെ വില കൊടുക്കാം; അങ്ങനെ കൊടുത്ത് പഠിക്കണം. തനിക്കിഷ്ടമില്ലാത്തതെല്ലാം ചീത്തയാണെന്ന് പറയരുത്.... അങ്ങനെ പറഞ്ഞു പഠിക്കരുത് 😅😂🤣

ഒരു കാര്യം എനിക്കുറപ്പാണ്; നാട് കേരളമായത് കൊണ്ടും നമ്മൾ ഭേദപ്പെട്ട ഉണ്ണികൾ ആയത് കൊണ്ടും ഈ പോസ്റ്റ് അടുത്ത പത്ത് വർഷത്തിനിടക്ക് കുറഞ്ഞത് നൂറ് പ്രാവശ്യമെങ്കിലും റീപോസ്റ്റ് ചെയ്യാൻ നമ്മുടെ നാട്ടുകാർ എനിക്ക് അവസരം തരും...

അവസാനമായി ഒരു കാര്യം; എന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും ഇത് പോലെ വേഷം കെട്ടിച്ച് പടമെടുത്ത് സോഷ്യൽ മീഡിയയിൽ ഇടെടാ എന്ന് പറയാനുദ്ദേശിക്കുന്നവരോട്.... നിങ്ങളോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല !!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/