ഞാൻ വെറും പോഴൻ

Tuesday, 30 June 2020

തെറിവിളി വാങ്ങിത്തന്ന അതിർത്തി തർക്കത്തിന്റെ കഥ....

മ്യാവോ മത്തായി എന്നയാൾ എന്റെ അയൽവാസി ആണ്. നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന ഒരു കട നടത്തുകയാണ് പുള്ളിക്കാരൻ; മറ്റു കടകളുമായി തട്ടിച്ച് നോക്കുമ്പോൾ ന്യായവിലക്കാണ് പുള്ളിക്കാരൻ സാധനങ്ങൾ വിൽക്കുന്നത്; അത്യാവശ്യം വേണ്ടുന്ന ഒരു മാതിരിപ്പെട്ട എല്ലാ സാധനങ്ങളും അങ്ങേരുടെ കടയിൽ കിട്ടുകയും ചെയ്യും. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ നല്ലൊരു പങ്കും വാങ്ങുന്നത് പുള്ളിയുടെ കടയിൽ നിന്നാണ്. കൂടാതെ നാടൻ പശുവിൻ പാലും കോഴി മുട്ടയും എല്ലാം പുള്ളിയുടെ വീട്ടിൽ നിന്നാണ് വാങ്ങുന്നത്. അങ്ങനെയിരിക്കെയാണ് ഇദ്ദേഹം ഞങ്ങളുടെ പറമ്പിന്റെ അകത്തേക്ക് കയറ്റി അദ്ദേഹത്തിന്റെ വേലി കെട്ടുന്നത്. പ്രശ്നം വഷളായി. അപ്പൻ മ്യാവോക്കെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു. ഏറ്റുമുട്ടലിൽ അപ്പന്റെ കുറച്ച് പണിക്കാർക്ക് കാര്യമായി പരിക്ക് പറ്റി. എന്നാൽ മ്യാവോയുടെ അതിലേറെ പണിക്കാർക്ക് പരിക്ക് പറ്റി എന്ന് പറഞ്ഞ് അപ്പൻ ആശ്വസിച്ചു. പല ബന്ധുക്കളും നാട്ടുപ്രമാണിമാരും മ്യാവോ മത്തായിക്കെതിരെ പൊരുതാൻ അപ്പന് പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷെ അപ്പന്റെ പ്രതീക്ഷകളെ തോൽപ്പിച്ചു കൊണ്ട്, അപ്പന്റെ അടുത്ത ആൾക്കാരിൽ പലരും അപ്പന് പ്രതീക്ഷിച്ചത്ര പിന്തുണ കൊടുത്തില്ല എന്നത് അപ്പന് ഒരു ഞെട്ടലായിരുന്നു. വേലി കയറ്റിക്കെട്ടിയെങ്കിലും എന്റെ പറമ്പ് എന്റെ കയ്യിൽ തന്നെയുണ്ടെന്ന് അപ്പൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത് ഞങ്ങൾക്ക് ആശ്വാസമായി. എന്നാലും, അരിശം തീരാതെ അപ്പൻ മ്യാവോ മത്തായിയുമായുള്ള കച്ചവടബന്ധം അവസാനിപ്പിക്കുമോ എന്നാണ് ഞങ്ങൾ ഉറ്റു നോക്കിയിരുന്നത്. എന്നാൽ അപ്പൻ അതൊന്നുമല്ല ചെയ്തത്. അപ്പന്റെ ഫേസ്‌ബുക്കിൽ നിന്ന് മ്യാവോ മത്തായിയെ അൺഫ്രണ്ട് ചെയ്ത് കളഞ്ഞു. എന്നിട്ടും അരിശം തീരാതെ മ്യാ, മ എന്നൊക്കെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന എല്ലാ ആപ്പുകളും അപ്പന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്തു; ആ ആപ്പുകളൊന്നും ഉപയോഗിക്കരുത് എന്ന് ഞങ്ങളോട് കർശനമായി പറയുകയും ചെയ്തു, അങ്ങനെ ഞങ്ങളുടെ അതിർത്തിത്തർക്കം വല്ലാത്തൊരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
കഴിഞ്ഞ ദിവസം കവലയിൽ നിന്ന് ഈ കഥ പറഞ്ഞതിന് എന്റെ ഒരു പ്രിയ മിത്രം എന്നെ രാജ്യദ്രോഹീ...ന്ന് വിളിച്ചു തെറി പറയേം തുണി പൊക്കി കാണിക്കേം ചെയ്തു....എന്താണാവോ കാര്യം !!???
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 27 June 2020

മുലകൾ മറനീക്കി പൊതുമദ്ധ്യത്തിലേക്ക് കടന്നു വരുമ്പോൾ...

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി യാതൊരു വിധ മടിയും ഇന്‍ഹിബിഷനും ഒന്നുമില്ലാതെ സോഷ്യൽ മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും മുല മുല മുല എന്നു ആൺ പെൺ വേർതിരിവില്ലാതെ പ്രായഭേദമേന്യേ പറയുന്നത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ശരീരവുമായി ബന്ധപ്പെട്ട് ഭാഷയിൽ നില നിന്നിരുന്ന ചില ഉച്ച നീചത്വങ്ങളും അസ്പൃശ്യതകളും ഇല്ലാതാകുന്നതിന്റെ സന്തോഷമാണത്. 

രഹ്ന ഫാത്തിമ എന്ന മോഡലും മുൻ ബിഎസ്എൻഎൽ ജീവനക്കാരിയുമായ സോഷ്യൽ ആക്ടിവിസ്റ്റ് തന്റെ കുട്ടികൾക്ക് ബോഡി പെയിന്റ് ചെയ്യാൻ തന്റെ അർദ്ധനഗ്ന ശരീരം പ്രതലമായി നൽകുകയും അതിന്റെ വീഡിയോ അവർ തന്നെ പബ്ലിക്ക് സ്പേസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടർന്നുള്ള വാദ പ്രതിവാദങ്ങളിലാണ് "മുല" എന്ന വാക്ക് ഏറെ പുരോഗമിച്ച മലയാളികളുടെ നാവിന്റെ കെട്ടിൽ നിന്ന് സ്വാതന്ത്ര്യം നേടി പുറത്ത് വന്നത്. 

മുല എന്ന വാക്ക് പരസ്യമായി ഉപയോഗിക്കാൻ മലയാളിക്ക് എന്തോ പ്രശ്നമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അശ്ലീലച്ചുവയോ നിലവാരക്കുറവോ ഉള്ള വാക്ക് പോലെ എന്തോ ഒരു പറഞ്ഞുകൂടായ്‌മ ഉള്ളത് പോലെ ഒരു തോന്നൽ.

മാധ്യമങ്ങളിലെ ചില സൗന്ദര്യ-ആരോഗ്യ പംക്തികളിൽ....,

ചാനലുകളിലെ ഡോക്ടറോട് ചോദിക്കുന്ന പരിപാടികളിൽ....,

ലൈംഗിക "വിദ്യാഭ്യാസ" ക്ളാസുകളിലും സെമിനാറുകളിലും.....,

എന്തിന് മലയാളത്തിലെ പല പ്രമുഖ കവികളുടെയും സാഹിത്യകാരന്മാരുടെയും കൃതികളിൽ പോലും "മുല" എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നതിൽ എന്തോ ഒരു വല്ലായ്‌മ ഉള്ളത് പോലെ തോന്നിയിട്ടുണ്ട്. സന്ദർഭോചിതമായി സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ "അന്തസ്സുള്ള' ഭാഷകൾ പ്രയോഗിച്ച് മുലയിൽ നിന്ന് രക്ഷപ്പെടും. സ്തനം, മാറിടം, Breast ഒക്കെയായിരുന്നു അവിടെ താരങ്ങൾ. "അമ്മിഞ്ഞ" എന്ന് പോലും ഗൗരവമായ ചർച്ചകളിൽ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. 

ഇപ്പോൾ രഹ്നയും മുൻപ് ഗൃഹലക്ഷ്മിയും എടുത്ത് പുറത്തിട്ട മുല കപട സദാചാര മലയാളിയെ എത്ര കണ്ട് വിറളി പിടിപ്പിക്കുന്നു എന്നറിയാൻ സോഷ്യൽ മീഡിയയും ചാനൽ ചർച്ചകളും ചുമ്മാ ഒന്ന് ശ്രദ്ധിച്ചാൽ മതി. 

മുല പൂർണ്ണമായും ഒരു ലൈംഗികാവയവം ആണോ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്കിടയിലും  ശാസ്ത്രകാരന്മാർക്കിടയിലും ഇപ്പോഴും ഏകാഭിപ്രായം ഇല്ല. എന്നാലും നമ്മുടെ നാട്ടിൽ പരക്കെ അതൊരു ലൈംഗികാവയവമായാണ് വീക്ഷിക്കപ്പെടുന്നത്. ഏറെ ചന്തവും ആകർഷണീയതയും അതിലേറെ തലമുറകൾ നിലനിർത്തുന്ന പ്രക്രിയയെ പരിപോഷിപ്പിക്കുന്നതിൽ വളരെ പ്രാധാന്യവുമുള്ളൊരു പെണ്ണവയവമാണ്; അതൊരു അശ്ലീലാവയവമോ അശ്ലീലപദമോ അല്ല. 

കേരളത്തിൽ ഇന്നത്തെ നിലയിൽ സ്ത്രീകൾ മാറ് മറച്ചു തുടങ്ങിയിട്ട് എത്ര കാലമായി !?? എൺപതുകളുടെ ആദ്യകാലത്താണ് എന്റെ സ്‌കൂൾ ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ബ്ലൗസോ റവുക്കയോ ഇല്ലാതെ ഒരു മേൽമുണ്ട് മാത്രം ധരിച്ച അമ്മൂമ്മമാരെ ധാരാളം കണ്ടിട്ടുണ്ട്. പൂർണ്ണമായി മാറ് തുറന്നിട്ട് നടന്നിരുന്ന  വൃദ്ധസ്ത്രീകളും തീരെ അപൂർവ്വമായിരുന്നില്ല. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗം സ്‌ത്രീകൾ കേരളത്തിന്റെ ചരിത്രത്തിലേക്ക് മാറിയിട്ട് അധികം കാലം ആയതുമില്ല. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയിൽപ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടത്തിയിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കിയിരുന്നു. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ  മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ മായാവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും കുറച്ചു കാലം മുൻപ് വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം രൂപീകരിക്കപ്പെട്ടു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കാൻ ശ്രമിച്ചതുംപറഞ്ഞു വന്നത് മുലകളുടെ (ശരീരത്തിന്റെ) രാഷ്ട്രീയം പൊതുസമൂഹത്തിന്റെ ചർച്ചക്ക് വരുന്നത് ആദ്യമായല്ല എന്നാണ്.  

ഗൃഹലക്ഷ്മിയുടെ, "മറയില്ലാതെ മുലയൂട്ടാം" ക്യാമ്പെയ്‌നെതിരെ അന്ന് ചില സദാചാരസംരക്ഷണക്കാരും ശിശുസ്നേഹികളും കോടതിയെ സമീപിച്ചിരുന്നു. അന്ന് ആ ക്യാമ്പെയ്‌നെ അനുകൂലിച്ച് ഏറെ തെറിവിളികൾ കേട്ട ഒരാളെന്ന നിലക്ക് കോടതിവിധി എന്താവുമെന്നറായിയാനുള്ള ഒരു ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. പിന്നീട് വന്ന വിധിന്യായമനുസരിച്ച് ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്നും സദാചാര ബോധത്തെ ഭഞ്ജിക്കുക എന്നത് ആപേക്ഷികമാണെന്നും ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും ആയിരുന്നു കേസിന്റെ തീർപ്പ്. ഇപ്പോൾ രഹ്‌നയുടെ നടപടിയും നിയമവഴിയേ ആണ്. അതിൽ എന്റെ നിലപാട് വ്യക്തമാക്കുന്ന മറ്റൊരു പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ഇതിന്റെ കാര്യത്തിലും കോടതിയുടെ  അന്തിമ തീർപ്പറിയാൻ ആകാംക്ഷ ഉണ്ട്. 

സമൂഹത്തിൽ കുറെ കോലാഹലം ഉണ്ടാക്കിയിട്ടാണെങ്കിൽക്കൂടി  ഇടക്കെങ്കിലും ശരീരത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില ഒറ്റപ്പെട്ട നിലപാടുകൾ കൊണ്ട്, പറഞ്ഞും കണ്ടും നോക്കിയും ഒക്കെ മുലകളോട് മാത്രമല്ല എതിർലിംഗ ശരീരത്തോടും സ്വാഭാവിക ശാരീരിക പ്രക്രിയകളോടുമുള്ള  അറപ്പും ഉച്ചനീചത്വങ്ങളും അസ്പൃശ്യതകളും  ആകാംക്ഷയും ജിജ്ഞാസയും കുറഞ്ഞ പക്ഷം പറഞ്ഞുകൂടായ്മയും ഇല്ലാതാകട്ടെ.







പരിണിതപ്രജ്ഞനായ കെ. പി. കേശവമേനോൻ പത്രാധിപരായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി വന്ന ചിത്രമാണിത്. ഫോട്ടോ​ഗ്രാഫർ നമ്പീശൻ പകർത്തിയ ഈ ചിത്രം അച്ചടിച്ച് വന്നത് 1957- ൽ ആണെന്ന് ഓർക്കണം; ഏതാണ്ട് 63 വർഷങ്ങൾക്ക് മുൻപ്. ഇന്നിങ്ങനെ ഒരു മുഖചിത്രം അച്ചടിച്ച് വന്നാൽ എന്തായിരിക്കും ഇവിടെ നടക്കാൻ സാധ്യതയുള്ള ഒരു പുകിൽ !!!!???? 












2018- ൽ വിവാദത്തിൽപ്പെട്ട് കോടതി കയറുകയും ഒടുവിൽ കുഴപ്പമൊന്നും കാണുന്നില്ലെന്ന് കോടതി തീർപ്പ് കൽപ്പിക്കുകയും ചെയ്ത ഗൃഹലക്ഷ്മിയുടെ കവർ ചിത്രം ഇതായിരുന്നു. 













36 വർഷങ്ങൾക്ക് മുൻപ് 1984-ൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഇറക്കിയ പോസ്റ്റൽ സ്റ്റാമ്പിന്റെ ചിത്രമാണിത്









(ബ്രസീലിയൻ പാർലമെന്റിലെ ഒരു ചർച്ചക്കിടയിൽ തന്റെ കുഞ്ഞിന് മുല കൊടുക്കുന്ന Manuela D’avila എന്ന ബ്രസീലിയൻ മന്ത്രിയാണ് ആദ്യചിത്രത്തിൽ വലത് ഭാഗത്തുള്ളത് )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 26 June 2020

ഉടൽ കൊണ്ടുള്ള രാഷ്ട്രീയപോരാട്ടത്തിന് പരിധി വേണ്ടേ ...!!???

പ്രായപൂർത്തിയാവാത്ത കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്‌ക്കെതിരെപൊലീസ് കേസെടുത്ത വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആയിരുന്നു. ഒ ബി സി മോർച്ച സംസ്ഥാന ജന സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശിന്റെ പരാതിയിയിൽ  തിരുവല്ല പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഐടി നിയമത്തിലെ സെക്ഷൻ 67 (ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യുക), ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 (കുട്ടികൾക്കെതിരെയുള്ള ക്രൂരത) എന്നിവ പ്രകാരമാണ് കേസ്.

'ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നതിന്റെയാണ് വീഡിയോ. ചിത്രം വരയ്ക്കാനുള്ള പ്രതലമായി സ്വന്തം നഗ്നശരീരമാണ് രഹന മക്കൾക്ക് മുന്നിൽ തുറന്ന് വച്ചത്. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തു വിട്ടത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടു തന്നെ സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്. ഇതൊക്കെയാണ് രഹന മുന്നോട്ട് വച്ച നിലപാടുകൾ. 

രഹ്‌നയുടെ വീഡിയോ പുറത്ത് വന്നത് മുതലുള്ള വിവിധ പ്രതികരണങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയ ചിലത്....

ശരീരം തന്റെ പൊളിറ്റിക്കൽ ടൂളാണെന്ന് വിശ്വസിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ വ്യക്തിയൊന്നുമല്ല രഹന. നഗ്നത ഇന്ത്യയിൽ ഒരു സമരായുധമായ പല സംഭവങ്ങളും ഉണ്ട്. എന്നാൽ തന്നെയും, ഇന്ത്യയില്‍ പരക്കെ പ്രചാരത്തില്‍ ഇല്ലാത്തതും വിദേശ രാജ്യങ്ങളില്‍ വളരെ പ്രചാരത്തില്‍ ഉള്ളതുമായ ഒന്നാണ് നഗ്നത ആയുധമാക്കിയുള്ള പ്രതിഷേധങ്ങളും രാഷ്ട്രീയ നിലപാട് പ്രഖ്യാപനങ്ങളും. 

ഇനി രഹ്‌നയിലേക്ക് വരാം; 

സ്ത്രീയോടുള്ള ആദരവ് വളര്‍ത്താനുള്ള പാഠങ്ങള്‍ വീട്ടില്‍ തുടങ്ങണമെന്ന രഹ്‌നയുടെ ആശയത്തോട് 101% യോജിപ്പ്. ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ബാലസാഹിത്യമാണ് "ടോട്ടോ ചാൻ". അതിലെ മുഖ്യകഥാപാത്രമായ കൊബായാഷി മാസ്റ്റർ എന്ന അദ്ധ്യാപകൻ തന്റെ സ്‌കൂളിലെ കുട്ടികളെ ആൺ പെൺ വേഷമില്ലാതെ നീന്തൽക്കുളത്തിലേക്ക് നീന്തിക്കളിക്കാൻ ഇറക്കി വിടുന്ന ഒരു വിവരണമുണ്ട്. പൂർണ്ണ നഗ്നരായി നീന്താൻ ആ ചെറിയ കുട്ടികളെ മാസ്റ്റർ അനുവദിച്ചതെന്തിനെന്ന് കഥാകൃത്ത് തന്നെ വിശദീകരണവും തരുന്നുണ്ട്. തങ്ങളുടെ ശരീരഘടനകളിലെ വ്യത്യാസങ്ങളെക്കുറിച്ച് ആൺകുട്ടികളും പെൺകുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ച് പുലർത്താൻ പാടില്ലെന്ന് അദ്ദേഹം കരുതി, ശരീരം പരസ്പരം മറച്ചു പിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. മനുഷ്യശരീരം എത്ര മനോഹരമാണെന്ന് കുട്ടികൾ മനസിലാക്കണമെന്ന കുറോയാനഗിയുടെ നിലപാട് പോലൊരു നിലപാടാവാം രഹ്ന എടുത്തിരിക്കുന്നത്. 

ന്യൂഡിറ്റിയും സെക്സും പോണും വൾഗാരിറ്റിയും എല്ലാം ഒന്നല്ല എന്ന ധാരണക്കുറവ് നമുക്ക് പലപ്പോഴും വലിയ പ്രശ്നമാവുന്നുണ്ട്. ഒരാള്‍ തുണിയുടുക്കാതെ നിന്നാല്‍ അത് നഗ്നത മാത്രമാണ്; അത് ലെെംഗികതയോ അശ്ലീലമോ ആവില്ല. സാഹചര്യങ്ങൾ, സാമൂഹ്യ സാംസ്‌കാരിക പരിസരം, സന്ദർഭം ഒക്കെയനുസരിച്ച് അതിന്റെ നിറവും ഭാവവും മാറാം. ഒരു ഡോക്റ്ററുടെ ടേബിളിലോ ഒരു ചിത്രത്തിന് മോഡലായോ നഗ്നനാ(യാ)യി ഇരിക്കുന്ന സമയം അത് നഗ്നത മാത്രമാണ്; പക്ഷെ ഇതേ ഉദാഹണത്തിലെ വ്യക്തി മറ്റൊരിടത്ത് മറ്റൊരു സന്ദർഭത്തിലും സാഹചര്യത്തിലും രണ്ടാമത്തെ വ്യക്തിയുടെ അടുത്ത് പോയി തുണിയഴിച്ചാൽ അത് ആഭാസവും അശ്ളീലവും നിയമലംഘനവും ഒക്കെയാകും. ആചാരപരമായി നഗ്നരായി ജീവിക്കുന്ന നാഗ സന്യാസിമാരിലും ദിഗംബരന്മാരിലും ആരെങ്കിലും ലൈംഗികത കാണാറുണ്ടോ !?. അവിടെ അത് നഗ്നത മാത്രമാണ്. അതേ സമയം നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സിനിമ, സീരിയൽ, ഹാസ്യ പരിപാടികൾ എന്നിവയിൽ പ്രത്യക്ഷത്തിൽ എല്ലാം ഭദ്രമെന്ന് തോന്നുമ്പോഴും അശ്‌ളീലച്ചുവയും ദ്വയാർത്ഥഗർഭവുമായ തരം താണ പ്രയോഗങ്ങൾ ഫലിതമെന്ന ലേബലിൽ നാം അംഗീകരിക്കുകയും ചെയ്യുന്നു.   

സ്വന്തം മക്കളുടെ മുന്നിൽ ലൈംഗികോദ്ദേശ്യത്തോടെല്ലാതെ അനാവരണം ചെയ്യപ്പെടുന്ന നഗ്നത അശ്ലീലമാണോ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരോ വ്യക്തിയുടെയും ചിന്താഗതികൾക്കും കാഴ്ചപ്പാടിനും അനുസരിച്ച് മാറാം. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന് വയസ് പരിധി വയ്ക്കൽ എളുപ്പമാവുമോ എന്നും ചിന്തിക്കേണ്ടതാണ്. ഇളയ കുട്ടികൾ മുല കുടിക്കുമ്പോൾ അതിനൊപ്പം മുല കുടിക്കണമെന്ന് വാശി പിടിക്കുകയും അങ്ങനെ കുടിക്കുകയും ചെയ്യുന്ന ശീലമുള്ള മൂത്ത കുട്ടികൾ അപൂർവ്വമായെങ്കിലും ഉണ്ട്. പതിനൊന്നു വയസുള്ളപ്പോൾ ഈ ശീലമുണ്ടായിരുന്ന ഒരു കുട്ടി എന്റെ കുടുംബസുഹൃത്തുകളിൽ ഒരാളുടെ മകനായിരുന്നു. ഇതിനെ അശ്ലീലമായി കാണാൻ സാധിക്കുമോ. പക്ഷെ അതിന്റെ പടമെടുത്ത് പരസ്യപ്പെടുത്തിയാൽ നിയമപരമായ നടപടികൾ എന്താവുമെന്ന് കണ്ടു തന്നെയേ അറിയാൻ പറ്റൂ.

വാദത്തിന് വേണ്ടി രഹനയുടെ ഈ നടപടിയെ ഒരു പരീക്ഷണം എന്ന നിലയിൽ എടുത്താലും അതിന്റെ ഫലമെന്താണ് എന്ന് ഏത് ഘട്ടത്തിലാണ് മനസിലാക്കാൻ പറ്റുക !?എതിർലിംഗത്തിൽപ്പെട്ടവരോട് ലൈംഗിക പരാക്രമം കാണിക്കാത്തവരായി ആ കുട്ടികൾ വളർന്ന് ജീവിച്ചു മരിച്ചാലും അതിന് കാരണം ഈ പരീക്ഷണത്തിന്റേയോ രഹ്‌നയുടെ ബോഡി പൊളിറ്റിക്സ് പോരാട്ടങ്ങളുടെയോ ഫലമായിരുന്നു എന്നുറപ്പിച്ചു പറയുകയും എളുപ്പമല്ല. മാത്രവുമല്ല, ഈ പരീക്ഷണത്തിന് അവർ ആഗ്രഹിക്കുന്നത് പോലുള്ള നേർ ഫലത്തിന് പുറമെ പാര്‍ശ്വ ഫലങ്ങൾക്കും വിപരീത ഫലങ്ങൾക്കും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അമ്മ നൽകുന്ന സ്വാതന്ത്ര്യവും എതിർലിംഗശരീരത്തോട് സ്വതന്ത്രമായി ഇടപഴകാമെന്ന ബോധ്യവും പുറത്തൊരു വ്യക്തിയോട് പ്രകടിപ്പിച്ചാൽ അതിന്റെ ഫലം എന്തായിരിക്കും. 

അത് കൊണ്ട് ഇത്തരം പരിപാടികളെ പരീക്ഷണമെന്നും ഗവേഷണമെന്നും വിളിക്കുന്നതൊക്കെ അത് ചെയ്യുന്നവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. പക്ഷെ, ഇതൊക്കെ അവനവന്റെ സ്വകാര്യ ഇടങ്ങളിൽ മാത്രം ഒതുക്കുന്നതാണ് ശരി എന്നാണെന്റെ പക്ഷം. ചിത്രീകരിക്കാൻ ഒരു കാമറയും പ്രസിദ്ധീകരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ഉണ്ടെന്ന് കരുതി, സമ്മതം (Consent) നൽകാൻ നിയമം അനുശാസിക്കുന്ന പ്രായമാവാത്ത മറ്റൊരു വ്യക്തി (അത് മകനോ മകളോ ആണെന്നത് സ്വകാര്യമാണ്; നിയമദൃഷ്ട്യാ വ്യക്തിയാണ്) കൂടി ഉൾപ്പെടുന്ന ഇത്തരം പരീക്ഷണ-ഗവേഷണ ചിത്രീകരണങ്ങൾ പൊതുദർശനത്തിനും പൊതു ചർച്ചക്കും വിടുന്നത് കുട്ടികളോട് ചെയ്യുന്ന ശരികേടും അനീതിയുമാണെന്ന് പറയാതെ വയ്യ. ഇത് എന്റെ അഭിപ്രായം മാത്രമാണ്. 

സംഭവം ഇപ്പോൾ പോലീസും കേസും കോടതിയുമൊക്കെയായ സ്ഥിതിക്ക് കോടതിയുടെ തീരുമാനം എന്താവും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് എല്ലാ പൗരന്മാരെയും പോലെ ഞാനും. 

നഗ്നത പ്രതിഷേധ മാർഗ്ഗമാക്കുന്നതിനെക്കുറിച്ച് മുൻപെഴുതിയ ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... ==>>  നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല...

പൊതുസ്ഥലത്ത് തുറിച്ചു നോട്ടമില്ലാതെ മുലയൂട്ടാൻ വേണ്ടിയുള്ള മാതൃഭൂമി-ഗൃഹലക്ഷ്മിയുടെ കാമ്പെയിൻ വന്ന സമയത്ത് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....==>> തുറിച്ചു നോക്കാത്ത മലയാളി എന്തിനാണ് ഇത്ര പ്രകോപിതനാവുന്നത് !!???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 25 June 2020

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനങ്ങൾക്കിന്ന് 45 വയസ്സ്

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 21 മാസങ്ങൾ ആയിരുന്നു ദേശീയ അടിയന്തരാവസ്ഥകാലം. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും ഡിക്രീകൾ പുറപ്പെടുവിച്ച് ഭരിക്കുവാനും ഉള്ള അധികാരം ഇതിലൂടെ ഇന്ദിരാഗാന്ധിക്ക് കരഗതമായി. 

ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാളുകളായി ആരോപിച്ചിരുന്ന കാലമാണത്.  സോഷ്യലിസ്റ്റ് നേതാ‍വായ ഗാന്ധിയൻ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭവും അക്കാലത്ത് തന്നെയായിരുന്നു. സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാനല്ല ജനകീയ പ്രക്ഷോഭം നടത്തുവാൻ അദ്ദേഹം ശ്രമവും തുടങ്ങി. ജെപിയും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഏകോപിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നു. 

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നരൈൻ ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1975 ജൂൺ 12-നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്നും കോടതി വിലക്കി. അതേ സമയം, വോട്ടർമാർക്ക് കൈക്കൂലികൊടുത്തു, ഇലക്ഷൻ തിരിമറി തുടങ്ങിയ ഗൗരവമേറിയ കുറ്റാരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞു. ഇലക്ഷൻ വേദികൾ നിർമ്മിക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിച്ചു, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയരത്തിൽ സ്ഥാപിച്ചു തുടങ്ങിയ ലഘുതരമായ കുറ്റങ്ങൾക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാൽ ഇവയിൽ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോൾ) ഭാഗമായിരുന്നു.  മാരകമായ കുറ്റങ്ങൾക്ക് വെറുതേ വിടുകയും താരതമ്യേന ലഘുവായ കുറ്റങ്ങൾക്ക് ശിക്ഷിക്കുകയും ചെയ്തതിനെ റ്റൈംസ് മാസിക രാജ്യത്തിന്റെ പ്രധാനമന്ത്രിയെ "ട്രാഫിക്ക് ടിക്കറ്റി" (ഗതാഗത നിയമലംഘനം) ന് പുറത്താക്കി എന്നാണ് വിശേഷിപ്പിച്ചത്. ഇതേ സമയം, മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ എന്നിവർ നയിച്ച പ്രക്ഷോഭങ്ങൾ തൊഴിൽ-ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ തുടങ്ങിയവയുടെ സമരങ്ങളുമായി ചേർന്നപ്പോൾ അതൊരു രാജ്യവ്യാപക പ്രക്ഷോഭമായി. ദില്ലിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി എന്നിവയോടു ചേർന്നുള്ള നിരത്തുകൾ എല്ലാം സമരക്കാരെക്കൊണ്ട്‌ നിറഞ്ഞു. 

വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെ പാർട്ടിയിൽ നിന്നുള്ള അനുയായികളുടെ കൊഴിഞ്ഞു പോക്കിനുമിടയിൽ വളരെ ചെറിയ എണ്ണം അടുത്ത പാർട്ടി അനുഭാവികളുടെയും ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വികരിച്ചാണ് ഇന്ദിര അടിയന്തരാവസ്ഥ തീരുമാനമെടുത്തത്. പല ഘട്ടങ്ങളിലായി ദീർഘിപ്പിച്ച് 21 മാസക്കാലം നീണ്ടു നിന്ന അടിയന്തിരാവസ്ഥക്കാലത്ത് സംസ്ഥാന അസംബ്ലികളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടി വെക്കപ്പെട്ടു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും ഒപ്പം പൗരാവകാശങ്ങളും വ്യാപകമായി അടിച്ചമർത്തപ്പെട്ടു. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല എന്ന സാഹചര്യം രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു എന്ന കാരണമാണ് ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി സർക്കാർ പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ ആരോപിച്ചു. 

രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്പേയി, മധു ലിമയേ, ലാൽ കൃഷ്ണ അഡ്വാനി, തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആർ.എസ്.എസ്, ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസ്, എ കെ ഗോപാലൻ തുടങ്ങി അനേകം സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നേതാക്കളും ഒട്ടേറെ അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകവും ക്രൂരവുമായി പീഡിപ്പിക്കപ്പെട്ടു.

നിയമ നിർമ്മാണ സഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങൾ തിരുത്തിയെഴുതുവാൻ ഇന്ദിര ആവത് ശ്രമിച്ചു. സഭയിൽ കോൺഗ്രസിന് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അധികാരം വേണ്ടത്ര വേഗതയിൽ തന്റെ വരുതിക്കെത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി മറികടക്കുന്ന വിധം രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകൾ കൊണ്ട് ഭരിക്കുവാൻ (Rule by Decree) ഇന്ദിര അടിയന്തിരാവസ്ഥയെ ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ വ്യാവസായിക-കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുവാനും സർക്കാർ പൊതുസേവനങ്ങൾ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിർമ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും അവർക്ക് സാധിച്ചു. വാർത്തകൾ പുറത്ത് വരാതിരിക്കാൻ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി; പൊതു, സ്വകാര്യ മാധ്യമങ്ങളെ സർക്കാർ നിലപാടുകളുടെ പ്രചരണത്തിനു വേണ്ടി അനിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടു. ദേശീയമാധ്യമമായ ഓൾ ഇന്ത്യ റേഡിയോ (All India Radio) ഇന്ദിരയുടെ അപദാനങ്ങൾ മാത്രം പാടുന്ന സംവിധാനമായി. അക്കാലത്ത് ആൾ ഇന്ത്യ റേഡിയോയെ "ആൾ ഇന്ദിര റേഡിയോ" എന്ന് വിശഷിപ്പിച്ചത് സാക്ഷാൽ എൽ കെ അദ്വാനിയാണ്. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റ് ചേരി ഒഴിപ്പിക്കലും വ്യാപകമായ നിർബന്ധിത വന്ധ്യംകരണവും അടക്കം എണ്ണമറ്റ മനുഷ്യാവകാശധ്വംസനങ്ങളും പൗരാവകാശനിഷേധങ്ങളും അടിയന്തിരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമാക്കി.

ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ട് ഇന്ദിര രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളും അണികളും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് വളരെ കുപ്രസിദ്ധി ഉണ്ടാക്കിയ രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു.

രാജ്യത്തെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസികൾ ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ചത് എന്ന് പറയപ്പെടുന്നു. 1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാർച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.


“ജനാധിപത്യവും സ്വേഛാധിപത്യവും തമ്മിൽ“ ആണ് തിരഞ്ഞെടുപ്പ് എന്നതായിരുന്നു ജനതാ പാർട്ടിയുടെ പ്രചരണം. രാജ്യത്തെ ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് അവരുടെ അവസാനത്തെ അവസരം ആയിരിക്കും ഇത് എന്ന് ആഹ്വാനം ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും അവരുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് അനുഭാവികളിൽ പലരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയെ കയ്യൊഴിഞ്ഞു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമേ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചുള്ളൂ. ഇതിൽ പകുതിയിൽ കൂടുതൽ സീറ്റുകളും നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. രാഷ്ട്രീയ കേരളം പൊതു ദേശീയ ചിന്താഗതിക്ക് വിരുദ്ധമായി മുഴുവൻ സീറ്റുകളിലും ഇന്ദിരയെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്. 295 സീറ്റുകൾ കിട്ടിയ ജനതാ പാർട്ടിയും കോൺഗ്രസ് ഇതര കക്ഷികളും ചേർന്നപ്പോൾ സഭയിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അങ്ങനെ മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. 

ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ അടിയന്തരാവസ്ഥയെ അനുകൂലിച്ച പല പ്രമുഖരുമുണ്ട്. പ്രശസ്ത വ്യവസാ‍യി ജെ.ആർ.ഡി. ടാറ്റ, ഭൂദാന പ്രസ്ഥാനത്തിന്റെ ആചാര്യൻ വിനോബ ഭാവെ, "കനിവിന്റെ മാലാഖ" മദർ തെരേസ, എഴുത്തുകാരനായ ഖുശ്‌വന്ത് സിങ് തുടങ്ങി ആ നിര ചെറിയതല്ല. ഇതിൽ ചിലർ പിന്നീടുള്ള ഘട്ടങ്ങളിൽ ഈ നിലപാട് മാറ്റി പറഞ്ഞിട്ടുമുണ്ട്.  


അടിയന്തരാവസ്ഥകാലഘട്ടത്തിലെ സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രിക്ക് പാർലമെന്റിലൂടെ ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്നതായിയിരുന്നു അത്.

വിവരങ്ങൾക്ക് കടപ്പാട് : world wide web, വിക്കിപീഡിയ  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Saturday, 20 June 2020

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ......


നകുലാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം... 


കോവിഡ് നിയന്ത്രണത്തിൽ സർക്കാർ നടപടികൾ പാളി എന്നാരോപിക്കുന്ന... 

ആരോഗ്യമന്ത്രി മീഡിയമാനിയ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന... 

പ്രവാസികളെ സർക്കാർ ചതിച്ചു എന്ന് കുറ്റപ്പെടുത്തുന്ന....

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ നമ്മുടെ ഉമ്മച്ചനാണ്...

എനിക്ക് ആദ്യമേ മനസിലായി; രമേശന് പ്രശ്നമൊന്നുമില്ല; രമേശനിൽ പ്രശ്നം  ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ പ്രശ്നക്കാരൻ ആരാണെന്ന് മാത്രം പിടികിട്ടിയില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, ഉമ്മച്ചനുമായുള്ള ജോണി ലൂക്കോസിന്റെ നേരെ ചൊവ്വേയുള്ള അഭിമുഖം ശ്രദ്ധിക്കാനിടയായത്; ആ അഭിമുഖത്തിലെ ഉത്തരങ്ങളിലൂടെ ഉമ്മച്ചനിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഞാൻ കേട്ട് കൊണ്ടിരിക്കുന്ന ഉമ്മച്ചനാണെന്ന് 

ഉമ്മച്ചനിൽ എന്ത് കൊണ്ട് എവിടെ നിന്ന് എങ്ങനെ ഈ പ്രശ്നം  ഉടലെടുത്തു....!?? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പനുസരിച്ച് ഒരു സീറ്റ് കുറവ് വന്നത് കൊണ്ട് കൈവിട്ടുപോയ പ്രതിപക്ഷനേതാവ് സ്ഥാനമാണ് ഉമ്മച്ചന്റെ പ്രശ്നത്തിന്റെ കാരണം...!? പ്രതിപക്ഷനേതൃസ്ഥാനത്തെ രമേശന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഉമ്മച്ചൻ നൽകിയ മറുപടിയിൽ നിന്ന് അതദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് ഉമ്മച്ചനെ പ്രകോപിപ്പിക്കാൻ ലൂക്കോസ് ശ്രമിച്ചു; ഉമ്മച്ചൻ പ്രതികരിച്ചു... അതിശക്തമായി....അസാധാരണമായി...അടുത്ത ഘട്ടത്തിൽ യു ഡി എഫിന് ഭൂരിപക്ഷം കിട്ടിയാൽ ആരാവും മുഖ്യമന്ത്രി എന്ന ആ ചോദ്യത്തിന് മുന്നിൽ, അത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് യു ഡി എഫ് ചേർന്ന് തീരുമാനിക്കുമെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു  അധികാരമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ ഉമ്മച്ചന്റെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള ഉമ്മച്ചൻ മുഖ്യമന്ത്രി സ്ഥാനത്തിനടുത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു. 

ഉമ്മച്ചന്റെ പ്രശ്നം അതാണ്; ചില നിമിഷങ്ങളിൽ ഉമ്മച്ചൻ മുഖ്യമന്ത്രി സ്ഥാനത്തെത്താറായി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു...സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ...പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനശാസ്ത്രപ്രശ്നങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ ഉമ്മച്ചനിലെ ഈ മറ്റൊരാൾ മുഖ്യമന്ത്രിയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ ഉമ്മച്ചന് അമാനുഷികമായ കഴിവുകളാണ്. അപ്പോൾ തന്റെ കൂട്ടത്തിലെ എം എൽ എ മാരെക്കൊണ്ട് നിയമസഭയിൽ കൂവിക്കാം, രമേശനെക്കൊണ്ട് പത്രസമ്മേളനങ്ങളിൽ മണ്ടത്തരങ്ങൾ പറയിപ്പിക്കാം, തൃക്കാക്കര തോമാച്ചനെക്കൊണ്ട് പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പറയിപ്പിക്കാം, എൽദോസിനെക്കൊണ്ട് ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിപ്പിക്കാം, രമേശന്റെ ഫോൺ വിളി കള്ളത്തരമെന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കുമ്പോൾ തന്നെ തന്റെ ഫോൺ വിളികൾ പ്രോജക്റ്റ് ചെയ്ത് മനോരമയെക്കൊണ്ട് വർത്തകളെഴുതിക്കാം, യുവ ജനപ്രതിനിധികളെ വാളയാറിലിറക്കി അലമ്പുണ്ടാക്കിക്കാം, സതീശന്റെ ഫേസ്‌ബുക്കിൽ തെറിയെഴുതിക്കാം, വേണുഗോപാലിനെ രാജസ്ഥാനിൽ നിന്ന് എം പി യാക്കാം, പിസിസി പ്രസിഡന്റിനെക്കൊണ്ട് ആരോഗ്യമന്ത്രിയെക്കുറിച്ച് തോന്ന്യാസം പറയിക്കാം, മനോരമയെക്കൊണ്ട് പിസിസി പ്രസിഡന്റിനെതിരെ മഞ്ഞോരമയിൽ മുഖപ്രസംഗം എഴുതിക്കാം..... അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കാൻ പോകുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്; ലക്ഷ്യമുണ്ട്. പക്ഷെ ഇവർ ഇതൊക്കെ തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടി ചെയ്യപ്പെടുന്നതെന്ന കാര്യം പാവം ഉമ്മച്ചൻ അറിയുമ്പോഴും അദ്ദേഹം ഇതൊന്നും അറിയാമെന്ന് ഭാവിക്കുന്നില്ല...

ചാരക്കേസിൽ തുടങ്ങി ലീഡറോട് പടവെട്ടി മുന്നേറി സോളാറിൽ ഇടറി വീണ് പ്രതിപക്ഷനേതൃസ്ഥാനവും വേണ്ടെന്ന് വച്ച് വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് ഉമ്മച്ചൻ.  ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉമ്മച്ചന്റെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയുടേതായി മാറും; വരുന്ന നിയമസഭാതിരഞ്ഞെടുപ്പോടെ കക്ഷി-ഗ്രൂപ്പ് വ്യത്യാസമില്ലാതെ യു ഡി എഫ് സ്നേഹികൾ തന്നെ പറയും ഉമ്മച്ചൻ മതി ഉമ്മച്ചൻ മതി എന്ന്....(തുടരും)   

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 18 June 2020

Care, Caution, Attention = ശ്രദ്ധ; മരിക്കാതിരിക്കട്ടെ

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ചു വീണ് കൂർത്ത ചില്ലു കഷണങ്ങൾ തുളച്ചു കയറി ദയനീയമരണം വരിച്ച ബീന എന്റെ നാട്ടുകാരിയാണ്; സ്‌കൂൾ ബാച്ച് മേറ്റായിരുന്നു; അകന്ന ഒരു ബന്ധു കൂടിയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഇപ്പോഴും ആ അപകടത്തിന്റെ വിഷ്വൽ മനസ്സിൽ നിന്ന് പോകുന്നില്ല.... അത് കൊണ്ടെഴുതുകയാണ്...

ബീനയുടെ ദാരുണമരണത്തിൽ രോഷാകുലരായ ചിലർ സംഭവം നടന്ന ബാങ്കിന് കല്ലെറിഞ്ഞതായി വാർത്ത കണ്ടിരുന്നു. ബാങ്കിനെതിരെ വിവിധ നിയമനടപടികളും തുടങ്ങിയതായി വാർത്ത കണ്ടു. എന്തോ തിടുക്കത്തിൽ ബീനയുടെ ഭാഗത്ത് നിന്ന് സംഭവിച്ച അശ്രദ്ധയോ അബദ്ധമോ ആണ് ഈ ദുരന്തത്തിന്റെ മുഖ്യകാരണം. മരണത്തിന്റെ കാരണം ഒരു പക്ഷെ സംഭവത്തിന്റെ ഗൗരവം അവിടെ കൂടിയവർ മനസിലാക്കിയതിൽ വന്ന പിഴവാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ആശുപത്രിയിലെത്തിക്കാൻ തെല്ല് വൈകിയതായി തോന്നുന്നു. ഒരു പക്ഷെ അൽപ്പം കൂടി വേഗതയിൽ അടിയന്തിര ചികിത്സ കൊടുത്തിരുന്നെങ്കിൽ അവർ രക്ഷപ്പെട്ടേക്കാമായിരുന്നു. പക്ഷെ ചർച്ചകളിൽ മികച്ചു നിൽക്കുന്ന കാര്യം കട്ടി കുറഞ്ഞ ഗ്ലാസ് വാതിലിനുപയോഗിച്ച ബാങ്കിനെതിരെ നടപടിയെടുക്കാനും ചില്ലുവാതിലിന്റെ ബലം പരിശോധിക്കുന്നതിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമൊക്കെ നടക്കുന്ന മുറവിളികളാണ്. 

വാതിലിനുപയോഗിക്കുന്ന ഗ്ലാസിന് മിനിമം ഇത്ര കട്ടി വേണം എന്ന് നിർദ്ദേശിക്കുന്ന ഒരു നിയമവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിയമം അനുശാസിക്കാത്ത കാര്യങ്ങളുടെ പേരിൽ ബാങ്കിനെതിരെയോ അത് പരിശോധിച്ചില്ലെന്ന പേരിൽ അധികാരികൾക്കെതിരെയോ എങ്ങനെ നടപടിയെടുക്കുമെന്നാണ് !??

2016 - ൽ പെരിന്തല്‍മണ്ണയിൽ വച്ച് ഗ്‌ളാസ് ഡോര്‍ പൊട്ടി വീണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലിനു പരിക്കേറ്റ സംഭവവും ഓർക്കുന്നത് നല്ലതാണ്. അല്‍ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ കന്നി വോട്ടര്‍മാരുമായി  മുഖാമുഖം കഴിഞ്ഞ് ഹാളിനു പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഹാളില്‍ നിന്നു പുറത്തേക്കു വന്ന സമയം തിക്കിനും തിരക്കിനുമിടയിൽ ചില്ലു വാതില്‍ പൊട്ടി വീഴുകയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കൺവെൻഷൻ സെന്ററിന്റെ ഗ്ലാസ് ഡോറിന്റെ കട്ടി കുറവാണ് പ്രശ്നമായതെന്ന് എനിക്ക് തോന്നുന്നില്ല. 

ഈ അവസരത്തിൽ ഞാനെന്റെ വ്യക്തിപരമായ ഒരു അനുഭവം ഇവിടെ ചേർക്കാം. എന്റെ ഓഫിസ് ഡോറിൽ ഉപയോഗിച്ചിരുന്ന 12 mm glass പ്രത്യേകിച്ചൊരു സമ്മർദ്ദവുമില്ലാതെ വട്ടം ഒടിഞ്ഞത് കഴിഞ്ഞ വർഷമാണ്. സ്റ്റിക്കർ ഒട്ടിച്ചിരുന്നത് കൊണ്ടും എന്റെ വിദ്യാർഥികൾ അവസരോചിതമായി കുറെയേറെ സമയം സാഹസികമായി ഭാരമേറിയ ആ ചില്ല് താങ്ങിപ്പിടിച്ചത് കൊണ്ടും വലിയ അപകടം അന്ന് ഒഴിവായി. 

ജർമനിയിൽ വച്ച് ഒരു കെട്ടിടത്തിൽ നിന്ന് ധൃതിയിൽ പുറത്തിറങ്ങുന്ന സമയത്ത് ഗ്ലാസ് ഡോറിൽ മുഖമിടിച്ച് മൂക്കിന്റെ പാലത്തിന് സാരമായ പരിക്ക് പറ്റി മാസങ്ങൾ വിശ്രമത്തിലായ ഒരു ബന്ധിവിന്റെ അനുഭവം കൂടി ഓർമ്മയിൽ തെളിയുന്നു. 

ഈ സംഭവങ്ങൾ ഇവിടെ പറയാൻ കാരണം ചില്ലോ ചില്ലിന്റെ കട്ടിയോ മാത്രമല്ല ഇത്തരം സംഭവങ്ങളിലെ പ്രതി. പലപ്പോഴും ശ്രദ്ധക്കുറവും അബദ്ധവും അവധാനതയും ഒക്കെകൂടിയാണെന്ന് സൂചിപ്പിക്കാനാണ്. 

ഇപ്പോൾ ബീനയുടെ കുടുംബത്തിന് സംഭവിച്ച നഷ്ടം വലുതും നികത്തനാവാത്തതുമാണ്. ഓരോ അപകട മരണവും നമുക്ക് പാഠമാവേണ്ടതുണ്ട്. അത്തരമൊന്ന് മേലിൽ ആവർത്തിക്കാതിരിക്കാൻ കരുതലെടുക്കേണ്ടതുണ്ട്. പലപ്പോഴും നമ്മൾ ഒന്നിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് തോന്നുന്നു.

കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ സുരക്ഷ ഉറപ്പ് വരുത്തുന്ന രീതിയിൽ നിർമ്മിച്ചാൽ എല്ലാവർക്കും നല്ലതാണ്. പരമാവധി സുരക്ഷ ഉറപ്പ് വരുത്തുന്ന രീതിയിൽ വേണം ഓരോ കെട്ടിടവും പ്ലാൻ ചെയ്യേണ്ടതും നിർമ്മിക്കേണ്ടതും. 

സാധിക്കുന്നിടത്തോളം സുരക്ഷാ മാനദണ്ഡങ്ങൾ നിയമം മൂലം നിർബന്ധമാക്കുകയും അവ വെള്ളം ചേർക്കാതെ നടപ്പിലാക്കുന്നു എന്നുറപ്പ് വരുത്തുകയും വേണം.

ഒരു അപകടം സംഭവിച്ചാൽ ഒരു നിമിഷം പോലും കളയാതെ അപകടത്തിൽ പെട്ടയാൾക്ക് അടിയന്തിര വൈദ്യ ശുശ്രൂഷ ഉറപ്പു വരുത്തുന്നതിൽ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.  

ഇനിയെങ്കിലും ഇപ്പോൾ കഴിഞ്ഞത് പോലുള്ള ദാരുണ സംഭവങ്ങൾ നമുക്ക് മുന്നിൽ ഉണ്ടാവാതിരിക്കട്ടെ 

Care, Caution, Attention ഇംഗ്ലീഷിൽ മൂന്ന് അർത്ഥത്തിൽ ഉപയോഗിക്കുന്ന വ്യത്യസ്തമായ വാക്കുകൾ ആണെങ്കിലും മലയാളത്തിൽ അതിന് മിക്കവാറും ഒരു വാക്ക് തന്നെയാണ് ഉപയോഗിക്കാറ്.... 

ശ്രദ്ധ 

ഓർക്കുക....ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴി വയ്ക്കാം...   

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 8 June 2020

ജീവന്റെ ആ പൊൻ നാണയം പുഴയിലെറിഞ്ഞതാരാണ്...!!???

ഓൺലൈൻ ക്ലാസ് സൗകര്യം ലഭിക്കാത്തതിൽ മനം നൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വേദനാജനകമായ സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി മരണത്തിന്റെ തീരത്തേക്ക് സ്വയം നടന്നു പോയിരിക്കുന്നു. പാലാ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ പരീക്ഷാഹാളിൽ നിന്ന് പരീക്ഷയ്ക്കിടെ ഇറങ്ങിപ്പോയ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കലിലെ BVM ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച്  പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ മാനസിക പീഡനത്തിൽ മനം നൊന്ത് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി പറയുന്നു. പരീക്ഷാഹാളിൽ അഞ്ജു ഷാജിയെ അധ്യാപകർ ശകാരിക്കുന്നത് കണ്ടതായി പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നുണ്ട്. അജ്ഞുവിൻ്റെ ഉത്തരക്കടലാസുകൾ പ്രിൻസിപ്പൽ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ കോളേജിലെ സിസിടിവി ക്യാമറയിലുണ്ടെന്ന് അഞ്ജുവിന്റെ പിതാവ് ആരോപിക്കുന്നു. 

എന്നാൽ അഞ്ജു ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്നു തന്നെയാണ് കോളജ് അധികൃതരുടെ വിശദീകരണം. ഹാൾ ടിക്കറ്റിന് പിന്നിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പലിനെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാർഥിനി ആകെ മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയർത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകൾ കൈമാറി. എന്നൊക്കെയാണ് കോളേജധികൃതർ നിരത്തുന്ന വാദങ്ങൾ. 

CCTV ദൃശ്യങ്ങൾ ശ്രദ്ധയോടെ നോക്കിയാൽ അഞ്ജു കോപ്പിയടിച്ച് പിടിക്കപ്പെട്ടതായി തന്നെയാണ് കാണാനാവുക. ഒരു വിദ്യാർത്ഥി(നി) കോപ്പിയടിച്ചാൽ പരീക്ഷ സെന്റർ അധികൃതർ പാലിക്കേണ്ട കൃത്യമായ നടപടിക്രമം യൂണിവേഴ്സിറ്റിക്കുണ്ടാകില്ലേ....!?? അത്തരം നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തേണ്ടത്. CCTV ദൃശ്യങ്ങൾ അനുസരിച്ച് ഏകദേശം ഒന്നേമുക്കാൽ മണിയോട് കൂടി അഞ്ജുവിന്റെ ഉത്തരക്കടലാസ് ഇൻവിജിലേറ്റർ പരിശോധിക്കുന്നു; കുറച്ച് സമയം കഴിയുമ്പോൾ കോളേജ് പ്രിൻസിപ്പൽ അച്ചൻ വന്ന് അഞ്ജുവിനോടെന്തോ സംസാരിക്കുന്നു. അതിന് ശേഷം അഞ്ജുവിന്റെ ഉത്തരക്കടലാസ് എടുത്തിട്ട് പോകുന്നു. പരീക്ഷാ നടത്തിപ്പ് ചട്ടങ്ങൾ അനുസരിച്ച് പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിയാതെ പരീക്ഷാർത്ഥിയെ പുറത്ത് വിടാൻ പാടില്ലത്രെ. അപ്പോൾ ഒന്നും ചെയ്യാനില്ലാതെ പരീക്ഷാഹാളിൽ ചിലവഴിക്കേണ്ടി വന്ന ഏകദേശം മുക്കാൽ മണിക്കൂറോളം സമയമാവണം ആ കുഞ്ഞിനെ സ്വയഹത്യാ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുക. കോപ്പിയടി പിടിക്കപ്പെട്ടതിന്റെ അപമാനവും കുറ്റബോധവും ആത്മാഭിമാനക്ഷതവും എല്ലാം കൂടി താങ്ങാൻ ആ കുഞ്ഞിന് സാധിച്ചു കാണില്ല. പരീക്ഷാകേന്ദ്രങ്ങളിൽ കോപ്പിയടി പിടിക്കപ്പെട്ടാൽ ഉടനെ ഉത്തരക്കടലാസ് പിടിച്ചു വാങ്ങുന്ന നടപടി സ്ഥിരമായി കാണുന്നതാണ്. അത് യൂണിവേഴ്സിറ്റി ചട്ടപ്രകാരമുള്ള നടപടിയാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. അഥവാ ആണെങ്കിൽ അതിന് ഭേദഗതി വരുത്താനുള്ള അടിയന്തിര പ്രവർത്തനങ്ങൾ യൂണിവേഴ്സിറ്റി സ്വീകരിക്കണം. ഇന്ന് പത്രസമ്മേളനം നടത്തിയ അധ്യാപകർ പറയുന്നതനുസരിച്ച് പരീക്ഷാക്രമക്കേട് കേസുകളിൽ നടപടികളുടെ അന്തിമ തീർപ്പ് യൂണിവേഴ്സിറ്റിക്കാണ്. നടപടി ശുപാർശ ചെയ്യാൻ പോലും പരീക്ഷാകേന്ദ്രത്തിന് അധികാരമില്ല; അപ്പോൾ കോപ്പിയടി കണ്ടെത്തുന്ന ഉടനെ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചു വാങ്ങി പരീക്ഷ നിർത്തിപ്പിക്കാൻ ചട്ടമുണ്ടാവുമോ...!!??? ഇത് അവധാനതയോടെ പരിശോധിക്കേണ്ട വിഷയമാണ്. പേപ്പർ പിടിച്ചു വാങ്ങാതെ, കോപ്പിയടിച്ചു എന്ന റിമാർക്ക് എഴുതി, അവസാനം വരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടി പോയി ഈ കടുംകൈ ചെയ്യില്ലായിരുന്നു.

ഇവിടെ അഞ്ജുവിന്റെ പിതാവിന്റെ പ്രതികരണങ്ങളും ആരോപണങ്ങളും മനസ്സാക്ഷിയുള്ളവരിൽ വേദന ഉളവാക്കുന്നുണ്ടെങ്കിലും അവ വികാരത്തിനധീനനായി പറയുന്നതാണെന്ന് മനസിലാക്കാം. മകളുടെ അപ്രതീക്ഷിത വേർപാടിലുള്ള നഷ്ടബോധവും ഒരു പിതാവെന്ന നിലയിൽ മകൾ ഒരിക്കലും ചെയ്യില്ല എന്ന്  വിശ്വസിച്ചിരുന്ന കോപ്പിയടി ആരോപണവും മകളുടെ സ്വയഹത്യക്ക് കാരണമായി എന്ന് കരുതുന്നവരോടുള്ള രോഷവുമൊക്കെ  കൂടി കലരുന്ന കടുത്ത വിഷാദവും നിരാശയുമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത്. ഹാൾ ടിക്കറ്റിന്റെ പിറകിൽ എഴുതിയത് തന്റെ മകളല്ലെന്നും അത് പിന്നീട് എഴുതിച്ചേർക്കപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ ആക്ഷേപവും പോലീസ് കൃത്യമായി അന്വേഷിച്ചു നിജസ്ഥിതി വെളിച്ചത്ത് കൊണ്ട് വരണം. 

പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് എയ്‌ഡഡ്‌ കോളേജുകളിൽ പരീക്ഷ എഴുതാൻ വരുന്ന പാരലൽ കോളേജ് വിദ്യാർത്ഥികൾ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാകും എന്നത് സ്വാഭാവികമാണ്. പരീക്ഷ സെന്റർ ആയ എയ്‌ഡഡ്‌ കോളേജിലെ കുട്ടികള്‍ ഭേദപ്പെട്ടവരും പാരലൽ കോളേജ് കുട്ടികൾ വേറൊരു നിലവാരത്തിലുള്ളവരും കോപ്പിയടിക്കാരും എന്നൊരു മുൻവിധിയാവാം ഇതിന് കാരണം. അവിടത്തെ അധ്യാപകർക്കോ ജീവനക്കാർക്കോ ആ കുട്ടികളോട് പ്രത്യേകിച്ച് ആത്മബന്ധമോ അനുഭാവമോ ഉണ്ടാവില്ല എന്നത് അസാധാരണമായ സംഗതിയും അല്ല. പ്രിൻസിപ്പാളച്ചനെ കാണാനുള്ള നിർദ്ദേശം പാലിക്കാതെ കുട്ടി പോയത് അന്വേഷിക്കാതിരുന്നത് എന്താണെന്ന ചോദ്യത്തിന്, പുറത്ത് നിന്നുള്ള വിദ്യാർത്ഥിനി ആയത് കൊണ്ട് അവരെ ബന്ധപ്പെടാൻ മാർഗ്ഗങ്ങളില്ലായിരുന്നു; അത് കൊണ്ട് പോലീസിനെയാണ് കാര്യങ്ങൾ അറിയിച്ചത്, എന്ന കോളേജ് അധികൃതരുടെ മറുപടിയിലും ഇത് നിഴലിക്കുന്നുണ്ട്. തങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാവണം പത്രസമ്മേളനത്തിൽ ഉടനീളം തങ്ങൾക്ക് മുന്നിൽ  നിന്ന് അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി നടന്നകന്ന് മരണക്കയത്തിലേക്ക് ആണ്ടു പോയ ആ കുട്ടിക്കെതിരെ വീണ്ടും വീണ്ടും ആരോപണങ്ങളുയർത്തി മരണാനന്തരഹത്യ നടത്തുന്നുണ്ട്. പക്ഷെ, അറിഞ്ഞിടത്തോളം കാര്യങ്ങൾ വച്ച് നോക്കുമ്പോൾ നിയമദൃഷ്ട്യാ കോളജിന്റെ ഭാഗത്ത് തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നേ പറയാനും പറ്റൂ. 

2018 ഡിസംബറിൽ കൊല്ലം ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തതിന്‌ ഏറെക്കുറെ സമാനമാണ് ഇപ്പോൾ നടന്ന സംഭവം. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതുടര്‍ന്നാണ് രാഖി ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. രാഖിയും പരീക്ഷാഹാളിൽ നിന്നും ഏകയായി ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. 2017-ൽ സ്വയഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിനും കോപ്പിയടി പിടിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അപമാനബോധമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നായാടിയുടെ കൺമുനയിലെ ജാഗ്രത കാത്ത് സൂക്ഷിക്കുകയും കോപ്പിയടി കണ്ടെത്താൻ പ്രത്യേകം ഉത്സാഹിക്കുകയും  ഒരു ഇരയെ കിട്ടിയാൽ നിർദാക്ഷിണ്യം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇന്‍വിജിലേറ്റര്‍മാരുണ്ട്. അവരുടെ  കൃത്യതയാർന്ന ഉത്തരവാദിത്തബോധത്തിന് മുന്നിൽ ഭരത്ചന്ദ്രൻ IPS-ഉം തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് IAS-ഉം മാറി നിൽക്കും. അതേ സമയം മറ്റ് ചിലരാവട്ടെ, തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പരീക്ഷാർത്ഥികൾ ചെയ്‌ത്‌ പോയ തെറ്റിനെ മനസിലാക്കി കൊടുക്കാനും തുടർന്ന് അതാവർത്തിക്കപ്പെടാതിരിക്കാനും എന്നാൽ നിയമം നടപ്പിലാക്കാനും സാധിക്കുന്ന ഒരു സംതുലിതമായ നിലപാടെടുക്കുന്നു. കുട്ടികൾക്ക് ചില്ലറ സഹായങ്ങള്‍ നല്‍കുന്നവർ പോലുമുണ്ട്. അതൊക്കെ ഓരോ വ്യക്തികളുടെയും മനോഗുണം; കുറഞ്ഞ പക്ഷം ഒരു കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. കോപ്പിയടി പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആത്മാഭിമാനം മുറിപ്പെടുത്താതിരിക്കുക. ആ ആത്മാഭിമാനനഷ്ടം ദുർബല മനസുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും സഹിക്കാനാവില്ല. അവരാണ് ജീവിതം വഴിയിലുപേക്ഷിക്കുന്നതെന്ന തിരിച്ചറിവ് പരീക്ഷാ നടത്തിപ്പുകാർക്ക് വേണം.

പരീക്ഷാ ഹാളില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നത് സാധാരണമാണ്. അതിന്റെ പേരില്‍ ഉടനടി വിചാരണ നടക്കുന്നതും സാധാരണമാണ്. അതിനെ തുടർന്നുണ്ടാകുന്ന അസാധാരണമായ പ്രശ്നങ്ങൾ ആരുടെ കുറ്റമാണ് ? കടുത്ത സമ്മര്‍ദ്ദത്തിലേയ്ക്ക് ഇന്‍വിജിലേറ്റര്‍മാരും പരീക്ഷ സെന്റർ അധികൃതരും വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നത് ആരുടെ കുറ്റമാണ്? വിദ്യാര്‍ത്ഥികളുടെയാണോ ? അദ്ധ്യാപകരുടെയാണോ ? വിദ്യാഭ്യാസ വ്യവസ്ഥയുടേയോ ? അതോ കാലാകാലങ്ങളായി അനുവർത്തിച്ചു പോരുന്ന ചില മുൻവിധികളുടെയും കീഴ്വഴക്കങ്ങളുടെയുമാണോ ?   

മുന്നനുഭവങ്ങളിൽ നിന്ന് പോലും ആരും ഒന്നും പഠിക്കുന്നില്ല എന്നാണ് ഈ ഘട്ടത്തിൽ മനസിലാകുന്നത്. നിയമവും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ചതുരവടിവിൽ നടപ്പാക്കിയപ്പോൾ മനുഷ്യത്വം എങ്ങോ പോയൊളിച്ചു. കുറച്ചു കൂടി മനുഷ്യത്വപരവും പക്വപൂർണ്ണവുമായ സമീപനം എടുത്തിരുന്നെങ്കിൽ ആ കുട്ടി അപഹാസ്യ ആകാതെ നോക്കാമായിരുന്നു. മനപൂർവ്വമല്ലെങ്കിൽ പോലും ആ കുട്ടിക്കുണ്ടായ അപമാനവും മനോപീഡയും ആത്മാഭിമാനക്ഷതവും ആ കുട്ടിയുടെ സ്വയഹത്യക്ക് കാരണമായെങ്കിൽ ഇത് വെറുമൊരു സ്വയഹത്യ മാത്രമല്ല; കുറഞ്ഞ പക്ഷം മനപൂർവ്വമല്ലാത്ത നരഹത്യ കൂടിയാണ്. സഹോദരനെ വിധിക്കുന്നതും മണ്ടനെന്ന് വിളിക്കുത് പോലും ഹിംസ തന്നെയാണെന്ന് പഠിപ്പിക്കുന്ന വലിയ ഗുരുവിന്റെ പിൻഗാമിയാണ് ഇതിൽ പ്രധാന ആരോപിതനെന്ന് വരുമ്പോൾ വല്ലാത്ത ഒരു അമർഷം ഉള്ളിൽ ഉരുണ്ടു കൂടുന്നു. 

ഉത്തരവാദിത്തപ്പെട്ടവർ, ഒരൽപ്പം കരുതൽ കാണിച്ചിരുന്നെങ്കിൽ, ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആ കുഞ്ഞും ഈ ഭൂമിയിൽ ജീവനോടിരുന്നേനെ...

വൽക്കക്ഷണം : ജീവിതത്തിൽ ചെറിയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ പോലും ആത്മഹത്യയുടെ വഴി സ്വീകരിക്കാനുള്ള മാതൃകകള്‍ ഈ കുട്ടികള്‍ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് തന്നെ കണ്ടെടുക്കുന്നതാണ്. ആത്മഹത്യകളെ ആദർശവൽക്കരിക്കുകയും സാധാരണവൽക്കരിക്കുകയും ചെയ്യുന്ന സാഹിത്യകൃതികൾ, സീരിയലുകൾ, സിനിമകൾ തുടങ്ങിയവ മുതൽ കളിക്കും കാര്യത്തിനുമെല്ലാം വൈകാരിക ബ്ലാക്ക് മെയിലിംഗ് ആയുധമായി ഞാൻ ചത്ത് കളയുമെന്ന ഡയലോഗിറക്കുന്ന മുതിർന്നവരുമെല്ലാം കുട്ടികളിൽ ആത്മഹത്യാഭിമുഖ്യം ഉണ്ടാക്കുന്നുണ്ട്. എളുപ്പത്തിൽ വാർത്താപ്രാധാന്യം നേടാനുതകുന്ന പ്രതിഷേധമാർഗ്ഗങ്ങൾ എന്ന നിലയിൽ പ്രതീകാത്മകമായി ആത്മഹത്യാ മാതൃകകളുടെ പ്രകടനം ഒന്ന് മനസ്സിലോർക്കുക; ടവർ ലൈനിലോ ഉയർന്ന കെട്ടിടങ്ങളിലോ കയറി താഴേക്ക് ചാടുമെന്ന് പറയുക, ദേഹത്ത് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് തീ കൊളുത്തുമെന്ന് പറയുക, മരത്തിലോ പോസ്റ്റിലോ കയറി കഴുത്തിൽ കുരുക്കിട്ട് ചാടുമെന്ന് പറയുക ഒക്കെ പോലെയല്ലേ ചിലപ്പോഴെങ്കിലും ചില കുഞ്ഞുങ്ങൾ കൈമുറിക്കുമെന്നും കിണറ്റിൽ ചാടുമെന്നും തൂങ്ങിച്ചാവുമെന്നും ഒക്കെ മാതാപിതാക്കളെ ഭീഷണിപ്പെടുത്താറുള്ളത്. 

ജീവിതവഴികളിലെ പ്രതിസന്ധികളെ നേരിടാന്‍ ചങ്കൂറ്റവും കരളുറപ്പും ഉണ്ടാകാനുള്ള പരിശീലനങ്ങൾ കൊടുക്കാൻ രക്ഷകർത്താക്കൾ പലപ്പോഴും പരാജയപ്പെടുന്നു. അക്കാദമിക്ക്  മികവിനേക്കാൾ പച്ചയായ ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ അറിയുന്ന കുട്ടികള്‍ക്ക് മാത്രമേ ഇവിടെ നിലനിൽക്കാൻ കഴിയൂ. പ്രതിസന്ധികൾക്ക്‌ പഞ്ഞമില്ലാത്ത ഈ ലോകത്ത്, ജീവിച്ച് വിജയിക്കാനുള്ള വാശി വെടിയാതെ പിടിച്ചു നില്‍ക്കാനുള്ള സദ് മാതൃകകൾ പകര്‍ത്തിയെടുക്കാൻ കുട്ടിക്കാലം മുതലേ അവരെ പ്രേരിപ്പിക്കണം. അതിവേഗം മാറുന്ന കാലത്ത് ആത്മഹത്യാ പ്രതിരോധത്തിന്റെ അടിസ്‌ഥാനപാഠങ്ങള്‍ കണ്ടെത്തി നല്‍കാൻ ശ്രമിക്കുക കൂടിയാണ് ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർതൃത്വം.

(ഫോട്ടോ കടപ്പാട് : മാതൃഭൂമി)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 4 June 2020

"പേഷ്യന്റ് 31" - ഒരു പള്ളി ആയിരങ്ങളെ സ്വർഗവാതിൽ കാണിച്ച കഥ

തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ മനോഹരമായി അവതരിപ്പിച്ച സായിശ്വേത ടീച്ചറുടെ ഓൺലൈൻ ക്‌ളാസ് വൈറൽ ആയി നിൽക്കുകയാണല്ലോ; അത് കൊണ്ട് ഒരു കഥ തന്നെ പറയാമെന്ന് കരുതി; എങ്ങാനും വൈറൽ ആയാലോ. ഇത് വെറും കഥയല്ല; ഒരു സംഭവ കഥയാണ്. പണ്ട് പണ്ട് വളരെ പണ്ടല്ല; ദാണ്ടെ ഇന്നാള് നടന്നതാണ്....


"പേഷ്യന്റ് 31" ന്റെ കഥ. 

ദക്ഷിണ കൊറിയൻ സിനിമ "പാരസൈറ്റി"ന്‌ ഓസ്‌കാർ അവാർഡ് കിട്ടി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ രാജ്യം സമൂഹഭ്രഷ്ട് എന്ന് വിളിക്കാവുന്ന തരത്തിൽ ലോക രാജ്യങ്ങൾക്ക് അസ്‌പൃശ്യരായി. നൂറിനടുത്ത് രാജ്യങ്ങൾ ദക്ഷിണ കൊറിയക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ചു. ലാൻഡിങ്ങിന് തയ്യാറെടുത്തു കൊണ്ടിരുന്ന ദക്ഷിണ കൊറിയൻ വിമാനത്തിന് വിയറ്റ്നാം ലാൻഡിങ് അനുമതി കൊടുക്കാതിരുന്ന വാർത്ത ചെറിയ ഞെട്ടലൊന്നുമല്ല ഉണ്ടാക്കിയത്. തോളെല്ലിന്റെ ശസ്ത്രക്രിയക്ക് വിധേയനായ റ്റോട്ടൻഹാം സ്‌ട്രൈക്കർ കൊറിയൻ ഫുട്ബോളർ സോൻ ഹ്യുങ് മിന്നിന് യു കെയിൽ സെൽഫ്  ക്വാറന്റൈനിൽ പോകേണ്ടി പോലും വന്നു. കാരണം ലോകമാകമാനം ഭീതി പരത്തി മുന്നേറുന്ന കൊറോണയും കോവിഡും തന്നെ.  

2020 ജനുവരി 20-നായിരുന്നു ദക്ഷിണ കൊറിയയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനിൽ നിന്ന്  എത്തിയ ചൈനക്കാരിക്കായിരുന്നു രോഗബാധയുണ്ടായത്. അവരെ അടിയന്തിരമായി ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിതാന്ത ജാഗ്രതയും കഠിനപ്രയത്നവുമായിരുന്നു വൈറസ് ബാധ തടഞ്ഞു നിർത്താൻ ദക്ഷിണ കൊറിയയെ സഹായിച്ചത്.ഫെബ്രുവരി 18 വരെ ഇവിടെ കോവിഡ് 19 കൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അത് വരെ ആകെ ഉണ്ടായത് 30 കേസുകളായിരുന്നു. എന്നാൽ, 31-ാമത്തെ രോഗി ("പേഷ്യന്റ് 31") യാണ് അവിടത്തെ കാര്യങ്ങൾ തകിടം മറിച്ചത്. 

ഫെബ്രുവരി അവസാന ദിവസത്തെ കണക്കനുസരിച്ച് 3150 പേർക്ക് രോഗബാധയുണ്ടായി. ആ ദിവസം മാത്രം 813 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ 17 ആയി. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് "പേഷ്യന്റ് 31" ആൾക്കൂട്ടമുള്ള ഒരു പ്രദേശം പോലും ഒഴിവാക്കാതെ സന്ദർശിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഫെബ്രുവരി 6 ന് ഇവർക്ക് ഒരു റോഡപകടത്തിൽ പരിക്കു പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പോയി. ഇവർക്ക് പനിയും തൊണ്ടവേദനയും ഉണ്ടെന്ന് നിരീക്ഷിച്ചിട്ട് വൈറസ് ബാധയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും അതൊന്നും വക വയ്ക്കാതെ അവർ പലയിടങ്ങൾ സന്ദർശിച്ചു; ഒരു പ്രാവശ്യം രോഗികൾക്കുള്ള ആശുപത്രി വസ്ത്രത്തോടെയാണ് ഇവർ ആശുപത്രിയിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയത്. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചു; ഒന്നിലേറെ തവണ അവർ ഷിൻ‌ ചിയോൻ ജി പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ ആയിരക്കണക്കിനു മനുഷ്യരിലേക്കു വൈറസ് പടർന്നു പിടിച്ചു. ആ പള്ളിയിൽ നിന്ന് തൊട്ടടുത്ത ആശുപത്രിയിൽ ഒരു ശവസംസ്കാരശുശ്രൂഷയുമായി ബന്ധപ്പെട്ട ചടങ്ങിൽ ചിലർ പങ്കെടുത്തതോടെ വലിയ ഒരു കൂട്ടം വൈറസ് വാഹകർ അവിടെയുമുണ്ടായി. ഏറെക്കുറെ രണ്ടായിരത്തിലധികം മനുഷ്യരുമായിട്ടാണ് അവർ സമ്പർക്കത്തിലായത്. ചുരുക്കത്തിൽ "പേഷ്യന്റ് 31" എന്ന ഈ 61-കാരിയുടെ പ്രാർത്ഥനഭ്രമം കാരണം ദക്ഷിണ കൊറിയ വ്യാപകമായി കോവിഡിന്റെ പിടിയിലമർന്നു.

വിചിത്രമായ അവകാശവാദങ്ങളുമായി ലീ മാൻ ഹീ എന്ന മതപ്രചാരകൻ സ്ഥാപിച്ചതാണ് ഷിൻ‌ ചിയോൻ ജി പള്ളി. ക്രിസ്തുവിന്റെ പിൻഗാമിയാണ് താനെന്ന് സ്വയം കരുതുന്ന ലീ മാൻ ഹീ അന്തിമവിധിദിവസം തന്നോടൊപ്പം 144000 പേർ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന വിശ്വാസക്കാരനായിരുന്നു. ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് രഹസ്യ കോഡുകളിൽ ആണെന്നും അത് വായിച്ചു വ്യാഖ്യാനിക്കാൻ തനിക്കു മാത്രമാണ് കഴിവുള്ളതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരുടെ എണ്ണത്തോട് തുലനപ്പെടുത്തി 12 കൂട്ടായ്മകളിലായി 212000 വിശ്വാസികളാണ് ഈ പള്ളിക്കുണ്ടായിരുന്നത്. എന്ത് രോഗമാണെങ്കിലും പള്ളിയിൽ വരുന്നത് നിർത്തരുത്; രോഗം വരുന്നത് പാപമാണ്; അത് ദൈവവേലയിൽ നിങ്ങളെ തടസപ്പെടുത്തും... ഇതൊക്കെയായിരുന്നു അവരുടെ വിശ്വാസങ്ങൾ. ദക്ഷിണകൊറിയക്ക് പുറമെ ലീ മാൻ ഹീ മറ്റൊരു ശാഖ ഉള്ളത് കൊറോണ വൈറസിന്റെ ആഗോള പ്രഭവകേന്ദ്രം എന്നറിയപ്പെടുന്ന വുഹാനിലായിരുന്നു എന്നത് അതിശയകരമായ യാദൃച്ഛികതയാണ്. 

2020 മാർച്ച് ആദ്യദിനങ്ങളിൽ തന്നെ സിയോൾ മേയർ പാർക്ക് വോൺ ലീക്കെതിരെ ക്രിമിനൽ പരാതി ബുക്ക് ചെയ്തതായി പ്രഖ്യാപിച്ചു. വിശ്വാസികൾക്കിടയിൽ രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിലെ അനാസ്‌ഥയും പ്രതിസന്ധിയിലുടനീളം സർക്കാരുമായി സഹകരിക്കാൻ വിസമ്മതിച്ചതും ചൂണ്ടിക്കാട്ടി കൊലപാതകം, രോഗ നിയന്ത്രണ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി, അദ്ദേഹത്തെയും ഈ മത വിഭാഗവുമായി ബന്ധമുള്ള മറ്റ് പന്ത്രണ്ടു പേരെയും പറ്റി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തനിക്കും ചർച്ചിനും എതിരെ ഉയർന്ന തീക്ഷ്ണവും വ്യാപകവുമായ ജനരോഷത്തിനൊടുവിൽ 88 വയസുകാരനായ പാസ്റ്റർ ലീ ഒരു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട് മുട്ടുകുത്തി തല തറയിൽ മുട്ടിച്ച് ജനങ്ങളോട് മാപ്പപേക്ഷിക്കേണ്ടി വന്നു. സംഭവിച്ചതൊന്നും മനഃപൂർവ്വമല്ലെന്നും ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഒരു തരത്തിലും കരുതിയില്ലെന്നു ഏറ്റു പറയാൻ നിർബന്ധിതനായി.


കഥ കഴിഞ്ഞു; ഇനി കാര്യത്തിലേക്ക്.... 

ആദ്യഘട്ടത്തിൽ കാര്യക്ഷമമായി കോവിഡിനെ പിടിച്ചു കെട്ടിയ സൗത്ത് കൊറിയയെ രോഗവ്യാപനത്തിന്റെ നാശത്തിലേക്ക് തള്ളിവിട്ടത് "Patient 31"ന്റെ തികച്ചും നിരുത്തരവാദപരമായ സമീപനമായിരുന്നു എന്നോർക്കണം. കിഴക്കൻ ഫ്രാൻസിലെ മൾഹൌസ് എന്ന ചെറുനഗരത്തിൽ നടന്ന ഒരു ക്രൈസ്തവ കൂട്ടായ്മയിൽ പങ്കെടുത്ത രണ്ടായിരത്തോളം ആളുകളിൽ ഒരാൾക്കാണ് കോവിഡ് ബാധ ഉണ്ടായിരുന്നത്. ഈ കൂട്ടായ്മയ്ക്ക് മുൻപ് വെറും 5 കേസുകൾ ഉണ്ടായിരുന്ന ഫ്രാൻസിനെ, ഇവിടെ നിന്ന് തുടക്കമിട്ട രോഗബാധ ഏത് നിലയിൽ എത്തിച്ചെന്ന് വാർത്തകൾ ശ്രദ്ധിക്കുന്നവരോട് പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇറ്റലിയിലും അമേരിക്കയിലുമൊക്കെ ലാഘവബുദ്ധിയോടെ ആൾക്കൂട്ടത്തെ അനുവദിച്ചതിൽ നിന്നുണ്ടായ കോവിഡ് ദുരന്തം ഇന്നെല്ലാവർക്കും അറിയാവുന്നതാണ്. അമേരിക്കയിൽ കൊളാറോഡയിലും ,മിസൗറിയിലുമൊക്കെ ടuper Spread ഉണ്ടായത് പള്ളികൾ വഴിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. തബ്ലീഗ് ജമാ അത്തിന്റെ കോലാലംപൂർ ഒത്തുചേരലും അവിടത്തെ രോഗവ്യാപനവും ഓർമ്മയിൽ വക്കുന്നതും നല്ലതാണ്. ഇതേ ഒത്തുചേരലിൽ പങ്കെടുത്തവരാണ് ദൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ രോഗവ്യാപനത്തിന് തുടക്കമിട്ടത്. 

ദക്ഷിണ കൊറിയ അവരുടെ തനതായ ക്രിയാത്മക സമീപനങ്ങളിലൂടെ ലോക്ക് ഡൗൺ പോലുമില്ലാതെ ഒരിക്കൽക്കൂടി ഫലപ്രദമായി കോവിഡ് രോഗത്തെ പിടിച്ചു കെട്ടി. അവിടെ അവർ ഇതിനിടയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പോലും നടത്തി. 

പക്ഷെ കൊറിയയുടെ സ്ഥിതിയല്ല ഇവിടെ. നമ്മളും ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും തുറക്കാനൊരുങ്ങുകയാണ്. ലോക്ക് ഡൌൺ സർക്കാർ അവസാനിപ്പിച്ചു എന്നതിനപ്പുറം ആശ്വസിക്കാവുന്ന ഒന്നും ഈ നാട്ടിൽ സംഭവിച്ചിട്ടില്ല. കൊറോണയും കോവിഡ് 19-ഉം അതിന്റെ പണിയും കളിയും തുടർന്ന് കൊണ്ടേയിരിക്കുന്നു. രോഗബാധിതരുടെ എണ്ണവും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്. കോവിഡ് 19-ന് കാരണമായ, കൊറോണ എന്ന് പരക്കെ വിളിക്കപ്പെടുന്ന SARS-CoV-2 പുതിയ ഇനം വൈറസാണ്. അതിന്റെ പ്രത്യേകതകൾ ഓരോ ദിവസവും പുതിയത് പുതിയത് എന്ന കണക്കിന് പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ഫലപ്രദമായ മരുന്നോ പ്രതിരോധവാക്‌സിനോ കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ തന്നെ ഈ വൈറസിന് 8 തവണ ജനിതകമാറ്റം (Mutation) സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ പൂർണ്ണതോതിൽ ഫലപ്രദമായ മരുന്ന് കണ്ടെത്താൻ മാസങ്ങളോ വർഷങ്ങൾ പോലുമോ എടുക്കാം. ഒരു രോഗലക്ഷണങ്ങളും കാണിക്കാത്തവർക്കു പോലും രോഗം സ്ഥിരീകരിക്കപ്പെടുന്ന കേസുകൾ ഉണ്ട്. ചികിത്സയ്ക്ക് വിധേയമായവരുടെയും രോഗം ഭേദമായവരുടെയും തുടർ അവസ്ഥകളിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്ന് വരുന്നതേ ഉള്ളൂ. രോഗം വന്നു മാറിയവർക്ക് വീണ്ടും വരുമോ എന്ന കാര്യത്തിലും ശാസ്ത്രം അന്തിമ തീർപ്പ് പറഞ്ഞിട്ടില്ല. പൊതുസമൂഹത്തിൽ രോഗാണു വാഹകർ ആരൊക്കെയാണെന്ന് തിരിച്ചറിയൽ എളുപ്പമല്ല. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക സ്ഥിതിയെ താറുമാറാക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ സർക്കാരുകൾ ലോക്ക് ഡൗണിലൂടെ ആദ്യഘട്ട രോഗവ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തുകയും ജനങ്ങളെയും സംവിധാനങ്ങളെയും ശക്തിപ്പെടുത്താനും ബോധവൽക്കരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇനിയുള്ളത് പൗരൻ എന്ന നിലക്ക് നമ്മളാണ് ചെയ്യേണ്ടത്. തൽക്കാലം സുരക്ഷിത ശാരീരിക അകലവും ചെയിൻ ബ്രേക്കിങ്ങും തന്നെയേ ആശ്രയമായുള്ളൂ. രോഗാണു വാഹകരുമായി സമ്പർക്കം ഒഴിവാക്കാനായി വളരെ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. ചെയിൻ ബ്രേക്കിങ്ങിനു നിഷ്‌കർഷിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുക. ശരിയായ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുക. കൈകൾ സോപ്പിട്ട് ശരിയായ രീതിയിൽ കഴുകുക. സുരക്ഷിതമായ ശാരീരിക അകലം കാത്തു സൂക്ഷിക്കുക. പരിസര ശുചിത്വം കാത്ത് സൂക്ഷിക്കുക. Co-Existance എന്ന സവിശേഷത ഉള്ള അണുവാണിതെന്നും നമ്മൾ കൊറോണയോടൊപ്പമാണ് ജീവിക്കുന്നതെന്നും ഇപ്പോഴും ഓർക്കുന്നത് നല്ലതാണ്. ചൈനയിലും സിങ്കപ്പൂരിലുമൊക്കെ യെവൻ ഒരു വരവ് കൂടി വന്ന കാര്യവും അറിഞ്ഞു കാണുമെന്നു കരുതുന്നു....

രാജമാണിക്യത്തിൽ മമ്മൂട്ടി പറഞ്ഞത് പോലെ, ഈ കൊറോണയുണ്ടല്ലോ, യെവൻ പുലിയാണ് കേട്ടാ...വെറും പുലിയല്ല ഒരു സിംഹം....യെവൻ ഒരു വരവ് കൂടി വന്നാൽ പിടിച്ചു കെട്ടാൻ നമ്മൾ വല്ലാണ്ട് പാട് പെടും...

പകർച്ചവ്യാധിക്കാലത്ത് വായിച്ചിരിക്കേണ്ട മറ്റൊരു കുറിപ്പ് വായിക്കാണിവിടെ ക്ലിക്ക് ചെയ്‌താൽ മതി....==>> മഹാവ്യാധിക്കാലത്ത് ഓർക്കാനൊരു "ടൈഫോയ്‌ഡ് മേരി"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക