ഞാൻ വെറും പോഴൻ

Tuesday, 19 March 2024

വഴിവക്കിലെ ചില കല്ലുകൾ വെറും കല്ലുകളല്ല !!!


നമ്മുടെ നാട്ടിൽ പല വഴികളിലൂടെയും കടന്ന് പോകുമ്പോൾ അതിന്റെ അരികുകളിൽ പല തരത്തിലുള്ള കൽ നിർമ്മിതികൾ (Stone Installations) കാണാനാകും. അതിൽ ചിലതെങ്കിലും വെറും കല്ലുകൾ അല്ല; അവ ചരിത്രത്തിന്റെ ഭാഗമായ, ഒട്ടേറെ മനുഷ്യർക്കും മൃഗങ്ങൾക്കുമൊക്കെ ഉപകാരികൾ ആയിരുന്ന ചില നിർമ്മിതികളുടെ അമൂല്യമായ ചരിത്രശേഷിപ്പുകൾ ആണ് . 

അക്കൂട്ടത്തിൽ ഏവർക്കും പരിചിതമായ ഒന്ന് അതിർത്തിക്കല്ലുകൾ ആണ്. മൈൽക്കുറ്റികളെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. വിവിധ പ്രദേശങ്ങൾ തമ്മിലുള്ള അതിര് രേഖപ്പെടുത്തുന്നതിനും ചില ദേശങ്ങൾ തമ്മിലുള്ള ദൂരം രേഖപ്പെടുത്തുന്നതിനും ഒക്കെയാണ് ഇത്തരത്തിലുള്ള അതിർത്തിക്കല്ലുകളും മൈൽക്കുറ്റികളും സ്ഥാപിച്ചിരുന്നത്. കൊച്ചി രാജ്യവും തിരുവിതാംകൂർ രാജ്യവും തമ്മിലുള്ള അതിർത്തി രേഖപ്പെടുത്തിയിരുന്ന കൊ.തി. കല്ലുകളും ഈ ഗണത്തിൽ പെടുന്നവയാണ്. ഈ ഗണത്തിലൊക്കെ പെട്ട കല്ലുകൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ധാരാളമായി കാണാം. 
            

എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ അത്താണി എന്നും അത്താണി ചേർത്തുമുള്ള സ്ഥലപ്പേരുകൾ ഉണ്ടെങ്കിലും ഇന്നത്തെ പുതു തലമുറക്ക് അത്താണി എന്നാൽ എന്താണ് എന്നറിയാൻ സാധ്യത കുറവാണ്. വാഹനങ്ങൾ അധികമായി ഉപയോഗത്തിൽ ഇല്ലാതിരുന്ന കാലത്ത് ചരക്ക് നീക്കത്തിന് അവ തലയിൽ ചുമന്ന് കാൽ നടയായിട്ടാണ് കൊണ്ട് പോയിരുന്നത്. പലതും ദീർഘ ദൂര യാത്രകൾ ആയിരുന്നു. അത്തരം യാത്രകൾക്കിടക്ക് ഇടക്കൊന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോൾ ചുമട് താഴെയിറക്കി വച്ചാൽ പിന്നീട് അതെടുത്ത് തലയിൽ വയ്ക്കുക എന്നത് വളരെ ശ്രമകരമോ അല്ലെങ്കിൽ തീർത്തും അസാധ്യമോ ആയിരിക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി വഴിവക്കുകളിലും കവലകളിലും സ്ഥാപിച്ചിരുന്ന "ചുമട് താങ്ങി"കളെയാണ് അത്താണി എന്ന് പറഞ്ഞിരുന്നത്. സാധാരണയായി കരിങ്കല്ല് കൊണ്ടാണ് അത്താണികൾ നിർമ്മിച്ചിരുന്നത്. ചെങ്കല്ല് കൊണ്ടും ചുടുകട്ടകൾ കൊണ്ടും അത്താണികൾ നിർമ്മിച്ചിരുന്നു. ചിലയിടങ്ങളില്‍ തടി കൊണ്ട് ഇത് നിര്‍മ്മിച്ചിരുന്നു. തലയിലിരിക്കുന്ന ചുമട് നേരെ അത്താണിയിലേക്കും അത്താണിയിൽ നിന്ന് പരസഹായമില്ലാതെ അനായാസം തലയിലേക്കും വയ്ക്കാവുന്നത്ര ഉയരത്തിലാണ് ഇവ നിർമ്മിച്ചിട്ടുണ്ടാവുക. 


ഒരു ചതുരക്കല്ല് ഭൂമിയിൽ ഒരു തൂണ് പോലെ ലംബമായി നാട്ടി നിർത്തിയ ഒറ്റക്കല്ലത്താണികൾ ഉണ്ടായിരുന്നെങ്കിലും ലംബമായി നാട്ടി നിർത്തിയ രണ്ടു കല്ലുകൾക്ക് മീതെ തിരശ്ചീനമായി കിടത്തിയിട്ട ഒരു പരന്ന കല്ല് കൊണ്ടുള്ള അത്താണികൾ ആയിരുന്നു പൊതുവെ പ്രചാരത്തിൽ ഉണ്ടായിരുന്നത്. നിരയായോ ത്രികോണാകൃതിയിലോ നാട്ടിയ മൂന്ന് കല്ലുകൾക്ക് മേൽ രണ്ടോ മൂന്നോ പരന്ന കല്ലുകൾ കിടത്തി വച്ച രീതിയിലുള്ള അത്താണികളും ഉണ്ടായിരുന്നു. 5 - 6 അടി ഉയരമുള്ള തറയുടെയോ ചുമരിന്റെയോ ആകൃതിയിലും ചുമട് താങ്ങികൾ ഉണ്ടാക്കിയിരുന്നു. ഇന്ന് സ്പോൺസർമാരും ജനപ്രതിനിധികളുമൊക്കെ തങ്ങളുടെ സംഭവനയായോ പരിശ്രമഫലമായോ ഒക്കെ സ്ഥാപിക്കുന്ന നിർമ്മിതികളിൽ പേരെഴുതി വയ്ക്കുന്ന പോലെ അക്കാലത്തും അത്താണികളിൽ അത് സ്ഥാപിച്ചവരുടെ പേരെഴുതി വയ്ക്കുന്ന പതിവുണ്ടായിരുന്നു


















അക്കാലത്ത് വഴിയരികിൽ സ്ഥാപിക്കപ്പെട്ട തൂണ് പോലുള്ള മറ്റൊരു നിർമ്മിതി ആയിരുന്നു ഉരക്കല്ല്. പണ്ട് കാലത്ത് കാൽനട അല്ലെങ്കിൽ പിന്നെ, കാളയും പോത്തും ഒക്കെ വലിക്കുന്ന വണ്ടികളായിരുന്നു ദൂരയാത്രക്കായി ഉപയോഗിച്ചിരുന്നത്. ഇത്തരം വണ്ടികളിൽ വരുന്ന യാത്രികർക്ക് അക്കാലത്ത് വിശ്രമിക്കാനായി വഴിയമ്പലം, സത്രം മുതലായവയും ദാഹം അകറ്റാനായി പൊതു കിണറുകൾ, തണ്ണീർ പന്തൽ എന്നിവയും ഉണ്ടാകുമായിരുന്നു. ഇവയോടൊക്കെ അനുബന്ധിച്ച്, വണ്ടി വലിക്കുന്ന കാളകൾ, പോത്തുകൾ എന്നിവക്ക് വേണ്ടിയും അല്ലാതെയുള്ള കന്നുകാലികൾക്ക് വേണ്ടിയും വലിയ കൽത്തൊട്ടികളിൽ കുടി വെള്ളം വയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു. അത് കൂടാതെ സ്ഥാപിക്കുന്ന തൂണ് സമാനമായ ഒന്നായിരുന്നു ഉരക്കല്ലുകൾ. പൊതുവേ കന്നു കാലികൾക്ക് അവയുടെ ശരീരത്തിൽ അനുഭവപ്പെടുന്ന അരിപ്പ്, കടി, ചൊറിച്ചിൽ എന്നൊക്കെ പറയുന്ന അസ്വസ്ഥതക്കൊരു പരിഹാരമായിരുന്നു ഉരക്കല്ലുകൾ.
ഇത്തരം മൃഗങ്ങൾക്ക് ശരീരഭാഗങ്ങൾ ഉരച്ച് അവയുടെ ചൊറിച്ചിൽ മാറ്റാൻ ഉപയോഗിച്ചത് കൊണ്ടാണ് ഇവയെ ഉരക്കല്ലെന്നു വിളിച്ചത്. കന്ന് ഉരസി എന്നൊരു പേരും ഇതിന് ഉണ്ടായിരുന്നത്രെ. സംഘകാല കൃതികളിൽ വരെ ഇത്തരം കല്ലുകളെ കുറിച്ച് പ്രതിപാദ്യമുണ്ട്. ആതീണ്ട് കുറി എന്നാണ് ഇതിന് പറഞ്ഞിരുന്നത്. ആ എന്നതിന് തമിഴിൽ പശുക്കൾ/കന്നുകാലികൾ എന്നും തീണ്ട് എന്നതിന് തടവുക, ഉരസുക എന്നും കുറി/കുട്ട്രി എന്നതിന് കല്ല്  എന്നുമൊക്കെ അർത്ഥമുണ്ട്. അങ്ങനെയാണ് കന്നുകാലികൾക്ക് ശരീരം ഉരസാൻ/തടവാൻ ഉള്ള കല്ല് എന്നർത്ഥം വരുന്ന ആതീണ്ട് കുറി എന്ന പേര് ഇത്തരം കല്ലുകൾക്ക് വന്നത്. Cattle Rubbing Stones, Clawin Posts, Menhir എന്നൊക്കെയുള്ള പേരുകളിൽ വിദേശത്തും ഇത്തരം കല്ലുകൾ സ്ഥാപിക്കപ്പെട്ടതായി ചില വിദേശ സാഹിത്യങ്ങളിലും കാണാനാകും.

ഇന്ന് തീരെ കാണാതായ മറ്റൊരു ശിലാ നിർമ്മിത വഴിയോര നിർമ്മിതികളാണ് വീരക്കല്ലുകൾ (Hero Stone). ഏതാണ്ട് ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയാണ് വീരക്കല്ല് സ്ഥാപിക്കുന്ന രീതി നിലവിലിരുന്നതെന്ന് പറയപ്പെടുന്നു. നവീന ശിലായുഗത്തിന്‍റെ അവസാനഘട്ടത്തില്‍ ജീവിച്ചിരുന്ന വീരപുരുഷന്‍മാരുടെയോ ധീര സ്ത്രീകളുടെയോ ചരിത്രമാണ് വീരക്കല്ലുകളിൽ രേഖപ്പെടുത്തിയിരുന്നത്. അക്കാലത്ത് ജീവിച്ചിരുന്ന വംശത്തിലെ രാജാക്കൻമാർ, സൈനിക തലവൻമാർ, വീരന്മാരായ സൈനികർ, സമൂഹത്തിലെ ധീരന്മാർ എന്നിവരൊക്കെ മരണപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ ഒക്കെ ആയിരുന്നത്രേ  താരതമ്യേന ഉയർന്ന ഭൂപ്രദേശങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലെ ശ്രദ്ധേയമായ പൊതു ഇടങ്ങളിലോ ഒക്കെ വീരക്കല്ലുകൾ സ്ഥാപിച്ചിരുന്നത്. മറയൂര്‍ അഞ്ചുനാട് ഗ്രാമത്തിന്‍റെ കവാടമായ തലൈവാസലിലുള്ള വീരക്കല്ലിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. 

കൊ. തി. കല്ലിനെപ്പറ്റി വിശദമായി വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി ===>>> 'കൊ.തി.'കല്ല് അവഗണിക്കപ്പെടുന്ന അമൂല്യ ചരിത്രശേഷിപ്പ്

Sunday, 3 March 2024

"Mr. Watson, come here -- I want to see you" : ഈ ഡയലോഗിന്റെ പ്രസക്തി എന്താണെന്നറിയാമോ !??

1847 March 3-ൽ ജനിച്ച് 1922 August 2-ൽ മരിച്ച സ്കോട്ട്ലൻഡുകാരനായ അലക്‌സാണ്ടർ ഗ്രഹാംബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന് ചില എതിരഭിപ്രായങ്ങളും ഉണ്ടെങ്കിലും ആദ്യത്തെ ടെലിഫോൺ കണ്ടു പിടിച്ചതിന്റെ പേറ്റന്റ് ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുന്ന അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ പേരിലാണ്. 1955-ൽ നിലവിൽ വന്ന അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.

ശബ്ദത്തെ ഒരേ സമയം അയയ്ക്കുവാനും സ്വീകരിക്കുവാനും പാകത്തിൽ രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ. 2-വേ കമ്മ്യൂണിക്കേഷൻ സാധ്യമായത് കൊണ്ട് ഇത് സംഭാഷണപ്രധാനമായ ആശയ വിനിമയത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. മലയാള ഭാഷാ പ്രേമികൾക്ക് ഇവനെ വേണമെങ്കിൽ ദൂരഭാഷണി എന്ന് വിളിക്കാം. ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി കമ്പികളിലൂടെ അയക്കുകയും ഇതേ വൈദ്യുതി തരംഗങ്ങളെ തിരികെ ശബ്ദതരംഗങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ട് ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുകയാണ് ലളിതമായി പറഞ്ഞാൽ ടെലിഫോണിൽ പ്രവർത്തിക്കുന്ന തത്വം. വളരെ സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെ സഹായത്തോടെയാണ് ടെലിഫോൺ ടെക്‌നോളജി പ്രവർത്തിക്കുന്നത്.

ഗ്രഹാം
ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ പശ്ചാത്തലം ബെല്ലിന്റെ പ്രവർത്തനങ്ങളെ സ്വാധീനിച്ചിരുന്നു. കേൾവി-സംസാര ശക്തികളെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരീകഷണങ്ങളും പഠനങ്ങളുമാണ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചതെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങൾക്കിടയിൽ, മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഒക്കെ ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു. ബെൽ ആദ്യമായി വികസിപ്പിച്ച അത്തരം ഉപകരണത്തിനെന്തോ തകരാറ് സംഭവിച്ചത് മൂലം ആ ഉപകരണം വിചിത്രമായൊരു രീതിയിൽ പ്രവർത്തിച്ചു. ആ തകരാറ് നിരീക്ഷപ്പോൾ ശബ്ദ തരംഗങ്ങളെ ദൂരെ മറ്റൊരിടത്ത് പുനസൃഷ്ടിക്കാൻ കഴിയും എന്ന് അദ്ദേഹത്തിനു മനസ്സിലായി. ശബ്ദ തരംഗങ്ങൾ വഹിക്കുമോ എന്ന് പരീക്ഷിക്കാനായി ഒരു ജോഡി ചെമ്പ് കമ്പിയാൽ ബന്ധിപ്പിക്കപ്പെട്ട ഒരു ട്രാൻസ്‌മിറ്ററും റിസീവറും ഉണ്ടാക്കി അതിൽ പരീക്ഷണങ്ങൾ നടത്തി നോക്കി.

1876 മാർച്ച് പത്താം തീയതി ബെൽ അദ്ദേഹത്തിന്റെ സഹായി തോമസ് വാട്‌സനോടൊപ്പം പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആസിഡിൽ മുക്കി കോപ്പർ കമ്പിയുടെ റെസിസ്റ്റൻസ് മാറ്റുന്ന പരീക്ഷണത്തിലേർപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ആസിഡ് തുളുമ്പി വീണു. പരീക്ഷണാർത്ഥം നിർമ്മിച്ച ആ ഉപകരണത്തിന്റെ മറ്റേ അറ്റം കുറച്ച് ദൂരെ ഒരു മുറിയിൽ സ്ഥാപിച്ചു കൊണ്ടിരുന്ന വാട്സനെ അദ്ദേഹം സഹായതിനായി വിളിച്ചു, "Mr. Watson, come here -- I want to see you.". ബെല്ലിന്റെ ഈ സഹായാഭ്യർത്ഥന ആ യന്ത്രത്തിലൂടെയും വാട്സൺ കേട്ടു. കമ്പികളിലൂടെയുള്ള വിജയകരമായ ആദ്യ ശബ്‌ദ സം‌പ്രേക്ഷണം ബെല്ലിന്റെ ആ സഹായാഭ്യർത്ഥനയായിരുന്നു.
1878-ൽ അമേരിക്കയിലെ ന്യൂഹാവെനിൽ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നു. അന്ന് ടെലിഫോൺ ആർജ്ജിച്ച രൂപം കുറെയധികം കാലം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടർന്നു. 1947-ൽ ട്രാൻസിസ്റ്ററിന്റെയും പിന്നീട് IC-യുടെയും മറ്റ് നൂതന നിർമ്മാണസാമഗ്രികളുടെയും കടന്നുവരവ് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ടെലിഫോൺ ഉപകരണങ്ങൾ ഉണ്ടാകുന്നതിന് സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങൾ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോൾ വെയിറ്റിംഗ്, കോൾ ഫോർവേർഡിംഗ് എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾക്കും വഴി വച്ചു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നിറങ്ങളും രൂപഭാവങ്ങളും സ്വീകരിച്ച് ഇന്നും ഉപയോഗിക്കപ്പെടും സ്വീകരണ മുറികളെ അലങ്കരിക്കുകയും ചെയ്യുന്ന മറ്റൊരു ഇലക്ട്രോണിക് ഉപകരണം ഉണ്ടാകാൻ വഴിയില്ല.
(ചിത്രങ്ങൾ എല്ലാം എന്റെ സ്വകാര്യ ശേഖരത്തിൽ ഉള്ളവയുടേതാണ്)