ഈ ചിത്രത്തിൽ കാണുന്നതാണ് ചരിത്രപ്രസിദ്ധമായ "അങ്കമാലിക്കല്ലറ".
അതെ; "അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല" എന്നും "അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരാണെങ്കിൽ ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും” എന്നുമൊക്കെയുള്ള ഉശിരൻ മുദ്രാവാക്യങ്ങൾക്ക് കാരണമായ അങ്കമാലിക്കല്ലറ. 1959-ൽ കേരള രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അങ്കമാലി വെടിവയ്പ്പ്. അതാകട്ടെ, ഒരു സമരമെന്ന രീതിയിൽ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന "വിമോചന സമര"മെന്നറിയപ്പെടുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗവും. അങ്കമാലി വെടിവയ്പ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ അടക്കം ചെയ്ത മണ്ണിൽ അവരുടെ സ്മാരകമെന്ന നിലയിൽ പണികഴിപ്പിച്ച വലിയ ഈ ഒറ്റക്കല്ലറയാണ് അങ്കമാലിക്കല്ലറ എന്നറിയപ്പെടുന്നത്.
ലോകചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ് സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകളും അവരെ പിന്തുണക്കുന്ന മത സാമുദായിക സംഘടനകളും ചേർന്ന് 1959 ജൂൺ 12-നായിരുന്നു വിമോചനസമരം ആരംഭിച്ചത്. വിമോചന ദിനം എന്ന പേരിൽ തുടങ്ങിയ പ്രതിഷേധപരിപാടികളോടനുബന്ധിച്ച് സമര സംഘാടകർ നാടൊട്ടുക്ക് പിക്കറ്റിങ്ങും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ട് പിറ്റേ ദിവസമാണ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ അടയാളപ്പെടുത്തിയ അങ്കമാലി പൊലീസ് വെടിവയ്‌പ്പ് നടന്നത് 1959 ജൂൺ 13-ന് ആയിരുന്നു. സമരത്തോടനുബന്ധിച്ച് നടന്ന ഒരു കള്ള് ഷാപ്പ് പിക്കറ്റിങ്ങിനിടയിൽ കുഞ്ഞപ്പൻ എന്ന തൊഴിലാളി അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കാലടി, കൊറ്റമം, മറ്റൂർ പ്രദേശങ്ങളിലുള്ളവർ അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് വെടിവയ്പ്പിൽ കലാശിച്ചത്. രാത്രിയിൽ നടന്ന ആ വെടിവെയ്പിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു.
അങ്ങനെ മൊത്തം ഏഴ് പേരായിരുന്നു അങ്കമാലി വെടിവയ്പ്പിൽ, നേരിട്ട് ജീവനഷ്ടം സംഭവിച്ചവർ. പരിക്ക് പാട്ടി ദീർഘകാലം ശാരീരിക ബുദ്ധിമുട്ടുകളുമായി ജീവിച്ച് മരിച്ചവർ വേറെയുമുണ്ട്. കാലടി സ്വദേശി മാടശ്ശേരി ദേവസ്സി, കൈപ്പട്ടൂര്‍ക്കാരന്‍ കോച്ചാപ്പിള്ളി പാപ്പച്ചന്‍, കൊറ്റമത്തു നിന്നുള്ള കോലഞ്ചേരി കുഞ്ഞവിര പൗലോസ്, മുക്കടപ്പള്ളന്‍ വറീത്, മറ്റൂര്‍ സ്വദേശികളായ ചെമ്പിശ്ശേരി വറീത്, കൊഴുക്കട്ട പുതുശ്ശേരി പൗലോ, കുര്യപ്പറമ്പന്‍ വറീത് എന്നിവരായിരുന്നു അങ്കമാലി വെടിവെപ്പിന്റെ രക്തസാക്ഷികൾ. ഇതിൽ കുഞ്ഞവിര പൗലോസ് വിദ്യാർത്ഥിയും മറ്റുള്ളവർ കൂലിപ്പണി, കാളവണ്ടി ഓടിക്കൽ, പനമ്പുനെയ്ത്ത്, മരം വെട്ട് മുതലായ എന്നിവ കൊണ്ട് കുടുംബം പുലർത്തിയിരുന്ന സാധാരണക്കാരുമായിരുന്നു. അവസാന മൂന്ന് പേരുകാർ ഞങ്ങളുടെ അയല്പക്കക്കാർ ആയിരുന്നു. ഇവരുടെ എല്ലാം പിൻതലമുറക്കാർ ഇപ്പോഴും ഞങ്ങളുടെ സ്വന്തം ഇടവകയിലും പഞ്ചായത്തിലും ഒക്കെ ജീവിക്കുന്നുണ്ട്.
രാഷ്ട്രീയക്കാരും മത സാമുദായിക സംഘടനകളും അന്നും പിൽക്കാലത്തും ഈ സംഭവം കൊണ്ട് നേട്ടമേറെ ഉണ്ടാക്കിയെങ്കിലും രക്തസാക്ഷികളുടെയോ അന്ന് പ്രക്ഷോഭത്തിൽ പരിക്കേറ്റവരുടെയോ കുടുംബങ്ങൾക്ക് ഇവരിൽ നിന്നൊന്നും കാര്യമായൊരു സഹായവും കരുതലും കിട്ടിയില്ല എന്നതാണ് ഈ രക്തസാക്ഷിത്വത്തിന്റെ മനുഷ്യത്വ വിരുദ്ധ വശം. രക്തസാക്ഷികളെ ആദ്യം ഏറ്റെടുത്തത് സഭയും കോൺഗ്രസുമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ അവരെ സഭയും കോൺഗ്രസും ഒരരികത്തേക്ക് മാറ്റി വച്ചു. പിന്നെ കുറേക്കാലം കേരള കോൺഗ്രസ് അവരെ ഏറ്റെടുത്തു. ശേഷം കാലത്തിന്റെ ഒഴുക്കിനിടയിൽ കോൺഗ്രസും കേരള കോൺഗ്രസുമൊക്കെ കമ്യൂണിസ്റ്റുകളുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെ ഭാഗമായി. അതോടെ രാഷ്ട്രീയക്കാർ അങ്കമാലിക്കലാറയെ മറന്നു. സഭയ്ക്കും രക്തസാക്ഷികളെക്കൊണ്ട് വലിയ ആവശ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട് അവരും കല്ലറയും തീർത്തും വിസ്മൃതിയിലായി. പിന്നെ എം എ ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് കൊണ്ട് വന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെ എതിർത്ത് തോൽപ്പിക്കാൻ രണ്ടാം വിമോചന സമര ആഹ്വാനമൊക്കെ ഉണ്ടായി. അപ്പോഴാണ് അങ്കമാലി കല്ലറക്ക് വീണ്ടുമൊരു ശാപമോക്ഷം കിട്ടിയത്. അതിന് ശേഷം അങ്കമാലി പള്ളി പുതുക്കി പണിതപ്പോൾ കല്ലറ ഗ്രാനൈറ്റ് ഒക്കെ ഇട്ട് മനോഹരമാക്കി. മിക്കവാറും വിസ്മൃതിയിൽ കാടു പിടിച്ചു കിടക്കുന്ന കല്ലറയെപ്പറ്റി രക്തസാക്ഷി അനുസ്മരണ ദിനത്തിൽ മാത്രമാണ് ചിലരെങ്കിലും ഓർക്കാറുള്ളത്. ചടങ്ങിന് പള്ളിയിൽ നിന്ന് ഒരു ഒപ്പീസും ഏതെങ്കിലും ചില സംഘടനകളുടെ നാമമാത്ര അനുസ്മരണയോഗവും നടന്നാലായി. ഇതൊന്നും നടക്കാതിരുന്ന വർഷങ്ങളും ഉണ്ടെന്നാണ് ഈ പ്രദേശത്തുള്ളവർ പലരും പറയുന്നത്. മത സാമുദായിക ശക്തികള്‍ കേരള രാഷ്ട്രീയത്തിൽ നേരിട്ടിടപെടുന്നതിന് അവസരം തുറന്നു നല്‍കിയ സംഭവപരമ്പരയായിരുന്നു വിമോചന സമരവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും. അതായിരുന്നു വിമോചനസമരം രാഷ്ട്രീയ കേരളത്തോട് ചെയ്ത ഏറ്റവും വലിയ പാതകവും. മതവും സമുദായവും പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരെ നിലകൊണ്ട അന്നത്തെ പുരോഗമന പക്ഷവും ഇപ്പോൾ മതസാമുദായിക ശക്തികളെ ഉൾക്കൊള്ളുകയും അവരോടു രാജിയാവുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതാണ് ഇതിലെ കറുത്ത ഫലിതം.
സ്വയവും മറ്റുള്ളവരെയും വഞ്ചിച്ചു ജീവിക്കുന്ന മത-സമുദായ-രാഷ്ട്രീയ പരാന്ന ജീവികൾക്ക് വേണ്ടി ജീവൻ ത്യജിച്ച പാവം രക്തസാക്ഷികൾക്ക് മുൻപിൽ ഒരു പിടി ചുവന്ന പൂക്കൾ സമർപ്പിക്കുന്നു...
(അങ്കമാലി പള്ളി പുതുക്കി പണിയുന്നതിന് മുൻപുണ്ടായിരുന്ന അങ്കമാലിക്കല്ലറയുടെ ചിത്രം 👇👇👇)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക