നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഇരിക്കുന്ന തീപ്പെട്ടിയിലെയോ വഴിയിൽ എവിടെയെങ്കിലും വീണു കിടക്കുന്ന തീപ്പെട്ടിയിലെയോ പടങ്ങളിലേക്ക് നിങ്ങൾ എപ്പോഴെങ്കിലും രണ്ടാമതൊന്ന് നോക്കിയിട്ടുണ്ടോ ? ഒരു പക്ഷേ അങ്ങനെ നോക്കിയിട്ടുണ്ടാവില്ല. അങ്ങനെ ഒന്ന് ചെയ്ത് നോക്കൂ; വൈവിധ്യങ്ങളുടെ ഒരു ലോകം തന്നെ പോപ്പ് അപ്പ് ചെയ്ത് വരും. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള വ്യക്തികൾ, സംഭവങ്ങൾ, നിർമ്മിതികൾ, ഉപകരണങ്ങൾ, കളികൾ എന്ന് വേണ്ട, തീപ്പെട്ടിപ്പടങ്ങളിൽ നിന്ന് എന്താണ് കണ്ടെടുക്കാൻ പറ്റാത്തത് !!?? തീപ്പെട്ടികൾ അവ നിർമ്മിക്കപ്പെട്ട കാലം, ചരിത്രം, കല, സംസ്കാരം, പ്രത്യയശാസ്ത്രങ്ങൾ തുടങ്ങി എണ്ണമറ്റ കാര്യങ്ങളെ രേഖപ്പെടുത്തുന്നു.
സ്റ്റാമ്പ് കളക്ഷൻ, നോട്ട് - നാണയ കളക്ഷൻ ഒക്കെപ്പോലെ ലോകവ്യാപകമായി പ്രചാരത്തിലുള്ള ഒരു ഹോബിയാണ് തീപ്പെട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത്. ഫിലുമെനി (Phillumeny) എന്നാണ് ഈ ഹോബി അറിയപ്പെടുന്നത്. 'ഫിലോസ്' (സുഹൃത്ത്), 'ല്യൂമെൻ' (ലൈറ്റ്) എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഫിലുമെനി എന്ന വാക്ക് വന്നത്, യഥാർത്ഥത്തിൽ ഇത് തീപ്പെട്ടികൾ മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശേഖരിക്കുന്ന ഹോബിയാണ്.
Match Boxes with or with out Tray or Sicks (ട്രേയും കൊള്ളികളും അടക്കമോ അവ അല്ലാതെയോ ഉള്ള തീപ്പെട്ടികൾ), Match Box Labels (തീപ്പെട്ടി പടങ്ങൾ), Match Books (തീപ്പെട്ടികൾ സൂക്ഷിക്കുന്നതിനുള്ള പുസ്തക സമാനമായ ചെറിയ പേപ്പർ ബോർഡ് പാത്രങ്ങൾ), Matchbox Wrappers and Labels on Wrappers (തീപ്പെട്ടി പാക്കറ്റുകളുടെ പൊതിക്കടലാസും അതിന് മുകളിലെ ലേബലുകളും) ഒക്കെയാണ് സാധാരണയായി ഫിലുമെനിസ്റ്റുകൾ ശേഖരിക്കുന്ന ഇനങ്ങൾ. ചിത്രങ്ങൾ, എഴുത്തുകൾ, നമ്പറുകൾ, രാജ്യങ്ങൾ, ഷേപ്പുകൾ, ബ്രാൻഡുകൾ എന്നിങ്ങനെ പല തീമുകളിൽ കളക്ടർമാർ അവരുടെ ശേഖരങ്ങൾ തരം തിരിച്ചു സൂക്ഷിക്കുന്നു. ഫിലുമെനിയിലും മത്സരങ്ങളും പ്രദർശനങ്ങളും ഒക്കെ നടക്കാറുണ്ട്.
തീ ഉണ്ടാക്കാനുള്ള ഏറ്റവും ചിലവ് കുറവുള്ള മാർഗ്ഗമാണ് തീപ്പെട്ടി എന്നത് പോലെ തന്നെ കൊണ്ട് നടക്കാൻ ഏറ്റവും ചിലവ് കുറഞ്ഞ ഹോബിയാണ് ഫിലുമെനി. നിരന്തരമായ പരിശ്രമമുണ്ടെങ്കിൽ ഒരാൾക്ക് അയാളുടെ ശേഖരം എത്ര വേണമെങ്കിലും വലുതാക്കാം. ഒരു പക്ഷെ ഏറ്റവും കുറഞ്ഞ വേഗതയിൽ വില കൂടുന്ന ഉപഭോക്തൃവസ്തു തീപ്പെട്ടി ആയിരിക്കും. ഏറെ വർഷങ്ങളായി സാധാരണ തീപ്പെട്ടിയുടെ വില കേവലം ഒരു രൂപയാണ്. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് പണം കൊടുത്തു വാങ്ങുകയോ വഴിയരികിലും പൊതു സ്ഥലങ്ങളിലും വീണ് കിടക്കുന്നവ ശേഖരിച്ചോ മറ്റ് ഫിലുമിനിസ്റ്റുകളിൽ നിന്ന് കൈമാറ്റം ചെയ്തോ എല്ലാം സ്വന്തം ശേഖരം വലുതാക്കാവുന്നതാണ്. ഏവർക്കും ഫിലുമെനിയുടെ കൗതുകകരമായ ലോകത്തിലേക്ക് സ്വാഗതം.
മനുഷ്യൻ തീ കണ്ടെത്തിയത് ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് Mesolithic Age അല്ലെങ്കിൽ Middle Stone Age-ൽ ഒക്കെയാണെങ്കിലും, സ്വീഡനിൽ ജോഹാനും കാൾലൻഡ് സ്ട്രോമും ചേർന്ന് സുരക്ഷാ തീപ്പെട്ടി (safety match box) കളുടെ ആദ്യരൂപം കണ്ടുപിടിക്കാൻ 1852 വരെ കാത്തിരിക്കേണ്ടി വന്നു.
ഘർഷണം അടിസ്ഥാനമാക്കിയുള്ള തീപ്പെട്ടിക്ക് മുൻപേ തന്നെ പരിഷ്കാരിയായ സിഗരറ്റ് ലൈറ്റർ കണ്ടുപിടിക്കപ്പെട്ടു എന്നത് രസകരമായ ഒരു വസ്തുതയാണ്. 1823-ൽ ഹൈഡ്രജനും പ്ലാറ്റിനവും ഉപയോഗിച്ച് തീ ഉണ്ടാക്കുന്ന ലൈറ്റർ കണ്ടുപിടിച്ചിരുന്നു.
ഇന്ത്യയിൽ ആദ്യമായി തീപ്പെട്ടികൾ നിർമ്മിച്ചത്, 1875-ൽ അഹമ്മദാബാദിൽ സ്ഥാപിതമായ ഗുജറാത്ത് ഇസ്ലാം മാച്ച് ഫാക്ടറിയാണ്. പിന്നീട് 1912-ൽ ജാപ്പനീസ് ട്രേഡേഴ്സ് കൽക്കട്ടയിൽ നിന്ന് തീപ്പെട്ടികൾ നിർമ്മിച്ചിരുന്നു. എന്നാൽ 1920-കൾക്ക് മുമ്പ് ഇന്ത്യയിൽ വാണിജ്യപരമായി വിജയിച്ച ഒരു തീപ്പെട്ടി നിർമ്മാതാവും ഉണ്ടായിരുന്നില്ല. അക്കാലങ്ങളിൽ വിപുലമായ ഇന്ത്യൻ വിപണിക്കാവശ്യമായ തീപ്പെട്ടികൾ ജപ്പാനിൽ നിന്നും സ്വീഡനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായിരുന്നു വന്നിരുന്നത്. 1923-ൽ സ്വീഡിഷ് മാച്ച് എബിയുടെ അനുബന്ധ സംരംഭമായി വെസ്റ്റേൺ ഇന്ത്യ മാച്ച് കമ്പനി (വിംകോ ലിമിറ്റഡ്) സ്ഥാപിതമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും, ഇന്ത്യയുടെ തീപ്പെട്ടി വിപണിയുടെ 70% വിംകോ പിടിച്ചെടുത്തിരുന്നു. ഷിപ്പ്, ഹോംലൈറ്റ്, ടെക്ക തുടങ്ങിയ തീപ്പെട്ടികൾ ഇന്ത്യൻ അടുക്കളകൾ ഏറ്റെടുത്തതോടെ, WIMCO ഒരു ജനപ്രിയ ഗാർഹിക ബ്രാൻഡായി മാറി. ഇപ്പോൾ Wills സിഗരറ്റ് നിർമ്മാതാക്കളായ ITC യുടെ ഉപ കമ്പനിയാണ് Wimco.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീപ്പെട്ടി ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ്.
ടെയിൽ പീസ് : 80's kids ന്റെ പ്രധാന കളികളിൽ ഒന്നായിരുന്നു തീപ്പെട്ടി പടം കളി. ന്യൂ ജനറേഷൻ കുട്ടികൾക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാണ് തീപ്പെട്ടി പടത്തിൻ്റെ ശേഖരണവും അതു വച്ചുള്ള കളിയും. അക്കാലത്ത് കുട്ടികൾ വാശിയോടെയും മത്സരബുദ്ധിയോടെയുമാണ് തീപ്പെട്ടി പടങ്ങൾ ശേഖരിച്ചിരുന്നത്; അത് തീപ്പെട്ടി പടം കളിക്കാനായിരുന്നു എന്ന് മാത്രം. ക്ലാവർ, ഒട്ടകം, മീൻ, സ്കൈലാർക്ക്, വീ റ്റു, ദോ ദിൽ, ജൂഡോ, ഷിപ്പ് ഒക്കെയായിരുന്നു എന്റെ ചെറുപ്പത്തിൽ കൂടുതൽ കണ്ടിരുന്ന തീപ്പെട്ടി പടങ്ങൾ.