1945 ഓഗസ്റ്റ് 6 - ന് രാവിലെ 8 മണിക്ക്, ബോൺസായ് മാസ്റ്റർ മസാരു യമാകി തന്റെ വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. ശക്തമായ എന്തോ ഒന്ന് ജനൽച്ചില്ലുകളിൽ വന്നിടിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി. അതേ സമയം കുറെ ചില്ലുകഷങ്ങൾ അദ്ദേഹത്തെ മുറിവേൽപ്പിച്ചു കൊണ്ട് മുറിക്കകത്ത് കൂടി പാഞ്ഞു പോയി. കാര്യമെന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല; "എനോല ഗേ" എന്ന് വിളിപ്പേരുള്ള യു.എസ്. ബി-29 ബോംബർ ലോകത്തെ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തിന് മുകളിൽ ഇട്ടതിന്റെ പ്രഭാവമായിരുന്നു, ആ ബോംബ് വീണതിന്റെ ഏകദേശം രണ്ട് മൈൽ അകലെയുള്ള യമാകി കുടുംബത്തിന്റെ ജനൽച്ചില്ലുകളെ ചിതറിത്തെറിപ്പിച്ചത്. "ലിറ്റിൽ ബോയ്" എന്ന വിളിപ്പേരുണ്ടായിരുന്ന ആ ന്യൂക്ലിയർ ഫിഷൻ ബോംബ് നഗരത്തിന്റെ 90 ശതമാനവും നശിപ്പിച്ചു, ഒരു ലക്ഷത്തിനടുത്ത് മനുഷ്യർ ആ മണിക്കൂറുകളിലും ദിവസങ്ങളിലുമായി കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് പേർ അണുവികിരണത്തിന്റെ ഫലമായി പിന്നീട് മരിക്കുകയും മൃത തുല്യരായി ജീവിക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച ചില്ലുകളിൽ നിന്നുള്ള പരിക്കുകൾ ഉണ്ടായെങ്കിലും, യമാക്കിയും കുടുംബവും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. അവരുടെ നഴ്‌സറിയുടെ ഉയരമുള്ള ചുറ്റുമതിലുകൾ അവരുടെ അമൂല്യങ്ങളായ ബോൺസായ് മരങ്ങളെയും വൻ സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷിച്ചു.
1976-ൽ യമാകി കുടുംബം അമേരിക്കയും ജപ്പാനും തമ്മിലുള്ള സൗഹാർദ്ദത്തിന്റെ പ്രതീകമായി യു എസ് നാഷണൽ അർബോറെറ്റത്തിന് സമ്മാനിച്ചതാണ് ഈ ബോൺസായ്. ഇന്ന് ഈ കുഞ്ഞൻ മരം നാഷണൽ അർബോറേറ്റത്തിലെ ബോൺസായ് ആൻഡ് പെൻജിംഗ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
1976-ൽ അർബൊറേറ്റത്തിൽ എത്തിയെങ്കിലും 25 വർഷങ്ങൾക്ക് ശേഷം മാത്രമാണ് ഹിരോഷിമയുമായുള്ള ഈ പൈൻ ബോൺസായിയുടെ ബന്ധം വെളിപ്പെട്ടത്. ഒരു ജാപ്പനീസ് വിവർത്തകനി(Translator)ൽ നിന്ന് യമാക്കിയുടെ പേരക്കുട്ടികൾ അവരുടെ മുത്തച്ഛന്റെയും ഈ ബോൺസായ് വൃക്ഷത്തിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെയും കഥ അറിഞ്ഞു. 2001-ൽ അവർ ഈ വൃക്ഷം കാണാനായി അർബൊറേറ്റത്തിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് ഈ വൃക്ഷത്തിന്റെ കഥ അധികൃതർ അറിയുന്നത്. പിന്നീട് , യമാക്കിയുടെ മകളായ തകാക്കോ യമാകി തത്സുസാക്കിയും തന്റെ പിതാവിന്റെ മരം കാണാനായി മ്യൂസിയം സന്ദർശിച്ചു.