വന്‍ ഇടത് തരംഗം...ബി ജെ പി അക്കൗണ്ട് തുറന്നു
ഇടത് തരംഗത്തില്‍ ഉമ്മൻ ചാണ്ടി പുറത്തേക്ക്
ഇടത് കാറ്റിൽ ആടിയുലഞ്ഞ് യു ഡി എഫ്
കേരളം ചുവന്നു...താമര വിരിഞ്ഞു....
എൽ ഡി എഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം...
സങ്കൽപ്പിച്ച് നോക്കിയാൽ നാളെ മാധ്യമങ്ങളില്‍ കാണാനിടയുള്ള ചില തലവാചകങ്ങള്‍ ആണ് മുകളില്‍. എന്തായാലും ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം എൽ ഡി എഫിന് അനുകൂലമായി വന്നിരിക്കുന്നു.
ജനങ്ങളുടെ ഈ വിധിയെഴുത്തിനെ ഇടത് തരംഗം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു ലളിതവൽക്കരണം ആയിപ്പോകും. അത് വഴി ഭരണത്തിലെ പാളിച്ചകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യം ജനത്തിന് നല്കുന്ന അവകാശത്തെ, വോട്ട് അധികാരത്തെ താഴ്ത്തി കാണിക്കുകയാവും ചെയ്യുക.
സത്യത്തില്‍ എന്തായിരുന്നു കഴിഞ്ഞ അഞ്ച് വർഷം ഇവിടത്തെ ഒരു രാഷ്ട്രീയ പരിതസ്ഥിതി!!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നിന്നിരുന്ന ഒരു സംവിധാനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ ഇവിടത്തെ ഭരണം. ഇവിടെ മന്ത്രിമാരും എം എൽ ഏ മാരും ജന്മികളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയദല്ലാളന്മാര്‍ മിച്ചവാരക്കാരും അവരുടെ ലോക്കല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആയിരുന്നു എന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.
2011-ൽ ഇടതുപക്ഷത്തെ പുറത്താക്കി ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട ഭരണകൂടത്തെ പറ്റി പരാതികൾ ഇല്ലാത്തവർ കുറവായിരുന്നു. അഴിമതിക്കഥകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. വ്യവസായ സംരഭക എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽ അതിരില്ലാത്ത സ്വാധീനം ചെലുത്തിയ ഒരു സ്ത്രീയുടെ ചീഞ്ഞു നാറുന്ന ആരോപണങ്ങൾ കേൾക്കാത്ത ഒരു ദിവസവും കേരള രാഷ്ട്രീയത്തിൽ ഉണ്ടായില്ലെന്ന് പറയാം. മന്ത്രിമാരെപ്പറ്റിയും എം എൽ ഏ മാരെപ്പറ്റിയും അവരുടെയെല്ലാം പേഴ്സണൽ സ്റ്റാഫിനെപ്പറ്റിയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. മദ്യനയവും ബജറ്റ് കച്ചവടവും ഭൂമിദാനവും എന്ന് വേണ്ട ചെയ്യാവുന്ന എല്ലാ രംഗങ്ങളിലും പരമാവധി അഴിമതികൾ ചെയ്ത് കൂട്ടി ജനത്തെ വെറുപ്പിച്ചു. നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജനപക്ഷപാതം, തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും പെണ്ണ് പിടി അടക്കമുള്ള ജീർണ്ണതകളിലും മുഴുകി ജീവിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പോലും ദിനം പ്രതി വിവാദ തീരുമാനങ്ങൾ എടുക്കുകയും പിന്നീട് അവ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.
ഇതിനെയെല്ലാം മൂടി വയ്ക്കാനായി ശതകോടി സഹസ്ര കോടി പദ്ധതികൾ വികസനമെന്ന പേരിൽ അവതരിപ്പിച്ചപ്പോൾ വിലക്കയറ്റമോ സാധാരണക്കാരെയും പാവപ്പെട്ടവരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിച്ചു നിന്നപ്പോൾ അടിസ്ഥാന വിഭാഗങ്ങളിൽ ഉണ്ടായ അസ്വസ്ഥത മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ അനുചരവൃന്ദവും കണ്ടില്ലെന്നു നടിച്ചു. ജനങ്ങളുടെ നെഞ്ചില്‍ കയറിയുള്ള പൊറാട്ട് നാടകം കളി കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം എങ്ങനെ ഇവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പൊതു തിരഞ്ഞെടുപ്പ് എന്ന ആയുധം അവരുടെ കയ്യില്‍ കിട്ടുന്നത്.
ഉമ്മൻ ചാണ്ടിയും കൂട്ടരും എതിരാളികള്‍ ഒട്ടും ശക്തരല്ലെന്ന് ധരിച്ചു വശായിപ്പോയി. ഇടതുപക്ഷത്തെ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങളും പാർട്ടികൾക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും തങ്ങൾക്കനുകൂലമാക്കാമെന്ന് വ്യാമോഹിച്ചു. അത്തരം പ്രശ്നങ്ങളെ ആളിക്കത്തിക്കാൻ ആവത് ശ്രമിച്ചു. ബി ജെ പി യുടെയും പുതിയ പാർട്ടിയായ ബി ഡി ജെ എസിന്റെയും സാന്നിധ്യം ഇടതുപക്ഷത്തെ ശോഷിപ്പിച്ചോളും എന്ന വ്യർത്ഥചിന്തയും ഉമ്മൻ ചാണ്ടിയെ നയിച്ചു. അത്തരം വർഗീയ ചേരിയെ വളരെ മൃദുവായി പിന്താങ്ങുന്ന നയം അരുവിക്കരയിൽ പരീക്ഷിച്ച് അദ്ദേഹം വിജയം കാണുകയും ചെയ്തു. മാത്രവുമല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനം നല്കിയ മുന്നറിയിപ്പിനെ അവഗണിക്കുകയും ചെയ്തു.ഒരു രക്ഷാ പ്രവർത്തനം എന്ന നിലയിൽ കുറ്റാരോപിതർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നില്ക്കാനുള്ള സുധീരന്റെ നിർദേശം ഉമ്മൻ ചാണ്ടി നിർദ്ദാഷിണ്യം അട്ടിമറിച്ചു. ജനസമ്പർക്കം എന്ന പേരിൽ, ഗതികെട്ടവനും ഊതിക്കുടിക്കാനില്ലാത്തവനും നക്കാപ്പിച്ച കൊടുത്ത് ആളുകളുടെ കയ്യിൽ പൊടിയിടാമെന്ന് ധരിച്ചു. അതും ചീറ്റി. ഭരണം അവസാനിക്കാൻ നേരം, നാട്ടുകാരെ പറ്റിക്കാൻ വേണ്ടി, പണി പോലും തുടങ്ങാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നടന്നു. അതും ജനം തിരിച്ചറിഞ്ഞു. ഒടുക്കം, ഇടതു പക്ഷത്തെ വികസന വിരുദ്ധരായി ചിത്രീകരിച്ചു കൊണ്ട് വർഗീയ ചേരിയെ തലോടി നിർത്തുന്ന കുതന്ത്രം വ്യാപകമായി പ്രയോഗിച്ചു. ഉമ്മൻചാണ്ടീ, നിങ്ങൾ ഒരു കാര്യം ഓർക്കണമായിരുന്നു. ബുദ്ധി നിങ്ങൾക്ക് മാത്രമല്ല ഉള്ളത്. ജനങ്ങളും വായിലൂടെ ആണ് ഭക്ഷിക്കുന്നത്. കുറച്ച് ബുദ്ധി ഞങ്ങൾക്കും ഉണ്ട്. ബുദ്ധിമാന്മാരായ ജനങ്ങള്‍ ഇത്തരം ചെപ്പടിവിദ്യകൾ കൃത്യതയോടെ തിരിച്ചറിഞ്ഞു. ഒരു പക്ഷെ, വികസന വിരുദ്ധതയെക്കാളും വര്‍ഗ്ഗീയതയെക്കാളും കൊടിയ വിഷവിപത്തായി അഴിമതിയെയും ജനവിരുദ്ധതയെയും കണ്ടു. ജനഹിതം മാനിക്കാതെ നെറി കെട്ട ഭരണം നടത്തിയതിലുള്ള ജനങ്ങളുടെ അമര്‍ഷം അണ പൊട്ടിയപ്പോള്‍ കോണ്‍ഗ്രസ് മുന്‍പെങ്ങുമില്ലാത്ത വിധം നിയമസഭയിലെ ഒരു ചെറിയ കക്ഷിയായിപ്പോയി. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു പോന്നാല്‍ പിന്നെ അഞ്ചു വർഷം അവരുടെ തലയിൽ കയറിയിരുന്നു കാഷ്ടിക്കാം എന്നും എന്ത് വൃത്തികേടിനെയും വികസനം എന്ന ഒറ്റമൂലി കൊണ്ട് മറി കടക്കാം എന്നും ധരിച്ച വങ്കത്തരത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തോൽവി.
ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ സ്ഥിതി വിശേഷത്തെ ഇടതുപക്ഷം അർഹിച്ചിരുന്ന ഒരു വിജയം എന്നതിനേക്കാള്‍ ഉമ്മൻചാണ്ടിയും സംഘവും ഇരന്നു വാങ്ങിയ കനത്ത തോല്‍വി എന്നാണു വിശേഷിപ്പിക്കപ്പെടേണ്ടത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇടതു പക്ഷത്തിന്റെ മേന്മ കണ്ടു ഭ്രമിച്ചു പോയ വോട്ടര്‍ സമ്മാനിച്ചത് എന്നതിനപ്പുറം ഉമ്മൻ ചാണ്ടി ഭരണത്തോടുള്ള ശക്തമായ വിയോജിപ്പാണ്. ഈ കൊള്ളക്കാർക്കിടയിലും, താരതമ്യേന നല്ല പ്രവർത്തനം കാഴ്ച്ച വച്ചവരെ ജനം അംഗീകരിച്ച കാഴ്ചയും നമുക്ക് കാണാം. ഷാഫി പറമ്പിൽ, ബൽറാം, എൽദോസ് കുന്നപ്പിള്ളി, ശബരിനാഥൻ ഒക്കെ അക്കൂട്ടത്തിൽ പെട്ടവരാണ്. കള്ളന് കഞ്ഞി വയ്ക്കുന്നവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും വക്താക്കൾ ആയി ചാനലുകൾ കയറിയിറങ്ങുന്ന മാന്യന്മാരെ എല്ലാം മുഖമടച്ച് അടി കൊടുത്ത് പുറത്തിരുത്തിയ കാഴ്ചയും കണ്ടു കഴിഞ്ഞു. ഇതിലെല്ലാം ഉപരി വലിയൊരു യുവ നിറയെ ആണ് കക്ഷി ഭേദമില്ലാതെ ജനങ്ങൾ പ്രതിനിധികളായി തിരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. പിന്നെ, സംസ്ഥാനത്തെ പൊതുവികാരം എന്ത് തന്നെയായാലും വേണ്ടില്ല ഞങ്ങൾക്ക് ഒരു രാഷ്ട്രീയമേ ഒള്ളൂ എന്ന് പ്രഖ്യാപിച്ചു ഒരേ ആള്ക്കാരെ സ്ഥിരമായി ജയിപ്പിക്കുന്ന പ്രദേശക്കാരെപ്പറ്റി നോ കമന്റ്സ്...ഒരു പരിധി വരെ അവർ തന്നെയാണ് ഇത്തരം കൊള്ളക്കാരെ ഉൽപ്പാദിപ്പിക്കുന്നത്.
സ്വന്തം ജയത്തില്‍ അഹങ്കാരം കൊള്ളാതെ പുറത്തായവരുടെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍കൊണ്ടു ജനപക്ഷത്തുനിന്ന് ഭരിക്കാന്‍ വിജയിച്ചവര്‍ക്ക് കഴിയട്ടെ....മതനിരപേക്ഷതയിലും ക്ഷേമസങ്കല്പ്പങ്ങളിലും അധിഷ്ടിതമായ ഉറച്ച ഒരു ഭരണം ഇവിടെ സംജാതമാവട്ടെ. ഇടതുപക്ഷത്തിനും അത് നയിക്കുന്ന സർക്കാരിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
താത്വികമായ ഒരു അവലോകനം : മദ്യപാനികളും ബാർ മുതലാളിമാരും തമ്മിൽ പ്രകൃത്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. സൊമാലിയക്കാരും തക്കം പാർത്തിരിക്കുകയായിരുന്നു. കോടതിയും സരിതയും ഉത്ഘാടന നാടകങ്ങളും മറ്റു പല ഘടകങ്ങളും....റാഡിക്കലായുള്ള ഒരു മാറ്റമല്ല...അങ്ങിനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്...
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക