ഈ പോസ്റ്റിനു കാരണമായ
പഴയ പോസ്റ്റ് വായിക്കാൻ
പഴയ പോസ്റ്റ് വായിക്കാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക =>> അഭിനവ CPI (M) - ഹാ കഷ്ടം....
പൊതുവെ എന്റെ ബ്ലോഗിലോ ഫേസ്ബുക്ക് പോസ്റ്റിലോ FB ഇൻ ബോക്സിലോ വരുന്ന മേസേജുകൾക്ക് പൊതുവെ ഞാൻ മറുപടി പറയാറില്ല. പ്രോത്സാഹന സ്വഭാവമുള്ളവയ്ക്ക് ഒറ്റ വാചകത്തിൽ ഒരു നന്ദി പറയാറുണ്ട്. വിമർശനങ്ങൾ മറുപടി അർഹിക്കുന്നവ ആണെങ്കിൽ മാത്രം മറുപടി പറയാറുണ്ട്. തെറിവിളി, അശ്ലീലം മുതലായവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം CPI M സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഞാനിട്ട ബ്ലോഗ് പോസ്റ്റിന്റെ കമന്റ്റ് ബോക്സിൽ ഒരു സന്ദേശം വന്നിരുന്നു. മലയാളം ടൈപ്പിംഗ് സോഫ്റ്റ്‌വെയർ ഇല്ലാത്തത് കൊണ്ടാണ് 'മംഗ്ലീഷ്' - ൽ ടൈപ്പ് ചെയ്യേണ്ടി വന്നത്....വായിയ്ക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി വായിക്കാതിരിയ്ക്കരുത്...എന്ന അഭ്യർത്ഥനയോടെ സുബൽ എം. എസ്. (Subal M. S.) എന്നൊരു സ്നേഹിതൻ എന്റെ ബ്ലോഗിന്റെ കമന്റ്റ് ബോക്സിൽ കുറച്ചു ചോദ്യങ്ങൾ/ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെല്ലാം ഉത്തരം പറയാമെന്നു കരുതുന്നു...
1. CPI (M ) മുതലാളിമാരുടെ കയ്യിൽ നിന്ന് വാങ്ങിയ പണം കൊണ്ടാണ് ഈ പരിപാടി മുഴുവൻ നടത്തിയത് എന്നതിന് എന്താണ് തെളിവ് ???? ഏതെങ്കിലും മുതലാളിമാർ അങ്ങനെ പരസ്യ പ്രസ്താവന നടത്തിയോ ?? അതോ Reciept വല്ലതും പുറത്തു വന്നോ ??
CPI (M ) നു മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന കൊടുക്കുന്നതിന്റെ കണക്ക് സാധാരണ ഗതിയിൽ ഒരു മുതലാളിമാരും പരസ്യമായി വിളിച്ചു പറയാറില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന അടിസ്ഥാന പാഠം നന്നായി മനസ്സിലാക്കുന്നവരാണ് മുതലാളിമാർ ആവുന്നത് തന്നെ. പിന്നെങ്ങനെയാണ് Receipt പുറത്തു വരുന്നത്. അല്ലെങ്കിൽ ഇപ്പോൾ ബിജു രമേശ് രമേഷും പണ്ട് മണിച്ചനും പുറത്തു വിട്ടത് പോലെ അള മുട്ടിക്കഴിയുമ്പോൾ, രണ്ടും കല്പ്പിച്ചു പുറത്തു വിടുന്ന കാര്യങ്ങളേ പുറത്തു വരൂ. മാത്രവുമല്ല, തൊഴില പരമായി ഒരു പറ്റം മുതലാളിമാരുടെ വരവ് ചിലവുകളെ പറ്റി വ്യക്തമായ ധാരണ ഉള്ള ഒരാൾ എന്ന നിലയിൽ പല മുതലാളിമാരും ആർക്കൊക്കെ എത്രയൊക്കെ കൊടുക്കുന്നുണ്ടെന്നു ചെറിയ ഒരു ധാരണ എനിക്കും ഉണ്ട്. അത് കൊണ്ട് തന്നെ മുതലാളിമാരുടെ കയ്യിൽ നിന്ന് സംഭാവന വാങ്ങിയ കഥ ഒരു വിഷയമാക്കേണ്ടതില്ല എന്നാണ് തോന്നുന്നത്....
2. പാർട്ടിയെ ഒറ്റപ്പെടുത്തി, ഞാൻ മാത്രം മഹാൻ എന്ന് വരുത്തി തീർക്കാനുള്ള VS ന്റെ ശ്രമത്തെ എതിർക്കുന്നതിൽ എന്താണ് തെറ്റ് ??? VS പാർട്ടിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു, അതിൽ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനം ഉണ്ട്, ആദരവും.... പക്ഷെ ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയത് ലക്ഷക്കണക്കിന് ആളുകളുടെ കഠിനാദ്ധ്വാനം ഉണ്ട്.... അനേകായിരം പേർ രക്തസാക്ഷികൾ ആയിട്ടുണ്ട്.... ഭാവിയിലേയ്ക്കായി കഷ്ടപ്പെടാൻ തയ്യാറായ ഒരു യുവ തലമുറ ഉണ്ട്.... അവരെ എല്ലാം മറന്നു കൊണ്ട്, ത്യാഗോജ്വലമായ അനേകം ജീവിതങ്ങളെ മറന്നു കൊണ്ട് VS നെ മാത്രം സ്നേഹിയ്ക്കാനും ബഹുമാനിയ്ക്കാനും ആവില്ല... VS ബഹുമാനം അർഹിയ്ക്കുന്നതോടൊപ്പം VS ഉം മറ്റുള്ളവരെ ബഹുമാനിയ്ക്കാൻ ബാധ്യത ഉള്ള ആളാണ്....
ഈ പ്രസ്ഥാനം എന്നാൽ വി എസോ പിണറായിയോ അത് പോലെ മറ്റൊരു വ്യക്തിയിലോ അധിഷ്ടിതം അല്ലെന്നു എനിക്ക് നന്നായി അറിയാം. ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയത് ലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്താലും ത്യാഗത്താലും രക്തസാക്ഷിത്വത്താലും ആണെന്നുള്ള നല്ല അവബോധം എനിക്കുമുണ്ട്. പക്ഷെ ഇന്ത്യയിൽ നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഒരു പാർട്ടിയുടെ നിലനില്പ്പിനു തിരഞ്ഞെടുപ്പ് പ്രാതിനിധ്യം അനിവാര്യമാണ്. ഈ പറഞ്ഞ തിരഞ്ഞെടുപ്പ് പ്രാതിനിധ്യത്തിന് പാർട്ടി അംഗസംഖ്യയിൽ വരുന്ന വർദ്ധനവും പുത്തൻ കൂറ്റ് നേതാക്കളുടെ വാചക കസർത്തുകളും ഒരു പരിധി വിട്ടു ഉപകരിക്കുകയില്ല. കാരണം, കേരളത്തിൽ രാഷ്ട്രീയ സാഹചര്യം നോക്കി പ്രശ്നാധിഷ്ഠിതമായി മാത്രം വോട്ടു ചെയ്യുന്നവർ ഈ പാർട്ടി അംഗങ്ങളുടെ പല മടങ്ങുകൾ വരും. നിലവിൽ പാർട്ടി അംഗങ്ങളുടെ എണ്ണം, 4,05,591 ആണെന്നോർക്കണം. ചുരുക്കത്തിൽ ഈ പറഞ്ഞ ഇടതു പക്ഷ മനസ് കാത്തു സൂക്ഷിക്കുന്ന ബഹു മടങ്ങ് ജനങ്ങൾ ആണ് പാർട്ടിയെ തിരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കുകയും തോല്പ്പിക്കുകയും ചെയ്യുന്നത്. ഇവർ പാർട്ടിയ്ക്ക് എതിരായി വോട്ടു ചെയ്യുക പോലും വേണ്ട; വോട്ടു ചെയ്യാതിരുന്നാൽ പോലും ലോക് സഭയും നിയമസഭയും പോയിട്ട് പഞ്ചായത്ത് കമ്മിറ്റികളിൽ പോലും നാമ മാത്രമായ പ്രാതിനിധ്യം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഒടുവിൽ ദൽഹിയിലെ പോലെ അതതു സമയത്ത് ജനങ്ങൾ നെഞ്ചിലേറ്റുന്ന പ്രസ്ഥാനങ്ങളെ അങ്ങോട്ട് ചെന്ന് പിന്തുണച്ചു നിർവൃതി അടയേണ്ടി വരും.
3. CPI(M) ന്റെ ഭാവി ഇല്ലാതാക്കാനുള്ള ഗൂഡശ്രമങ്ങളാണ് യുവ നേതാക്കളെക്കുറിച്ച് വരുന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ....സ്വരാജ് തനിയ്ക്കെതിരെ വന്ന വാർത്തയ്ക്ക് എതിരെ കേസ് കൊടുക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ സത്യസന്ധത തെളിയിക്കാനാണ്... താങ്കൾ ഒരു നിഷ്പക്ഷനാണെങ്കിൽ ഈ കാര്യം യുക്തിപൂർവ്വം ചിന്തിയ്ക്കുക...
ഞാൻ നിഷ്പക്ഷനാണെങ്കിലും അല്ലെങ്കിലും എന്റെ യുക്തി പറയുന്നത്, സ്വരാജ് തനിയ്ക്കെതിരെ വന്ന വാർത്തയ്ക്ക് എതിരെ കേസ് കൊടുക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ നില നില്പ്പിന്റെ ഭാഗമായിട്ടാണ്. വി എസിനെപ്പറ്റി വൃത്തികെട്ട ഹീനമായ ഭാഷ ഉപയോഗിച്ചയാൾ എന്ന നിലയിൽ ഉണ്ടാകാവുന്ന പൊതുരോഷം, തുടർന്ന് വരുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ ജയസാധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്ന് സ്വീകരിക്കുന്ന പ്രതിരോധം മാത്രം. കൊറിയൻ മോഡൽ പ്രയോഗത്തെ "വെട്ടി പട്ടിക്കിട്ടു കൊടുക്കണം" എന്നും ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗത്തെ "തൂക്കിലേറ്റൽ " എന്നും വ്യാഖ്യാനിച്ചതിനെയാണ് സ്വരാജ് നിഷേധിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. മാത്രവുമല്ല, സിപിഎംന്റെ സംസ്ഥാന സമ്മേളന പ്രതിനിധികൾ എല്ലാം വിഭാഗീയതക്കെതിരെയും പാർട്ടി ഐക്യത്തിന് വേണ്ടിയും ഒരേ ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്തത് എന്നദ്ദേഹം തന്നെ ചാനൽ ചർച്ചയിൽ സമ്മതിച്ചിട്ടുമുണ്ട്. അപ്പോൾ ചർച്ചയുടെ ഭാഷ എന്തായിരുന്നു എന്ന് ഊഹിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടേണ്ട കാര്യമില്ല. മറ്റെല്ലാവരെയും പോലെ പത്രങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാത്രമാണ് ഡെലിഗേറ്റുകളുടെ തീപ്പൊരി അഭിപ്രായങ്ങളെ പറ്റി ഞാനും അറിഞ്ഞത്. ഇതിനു സഖാക്കന്മാർ, ആശയെന്നും ആവേശമെന്നും വിപ്ലവത്തളിരെന്നും ഒക്കെ സ്വരാജിനെക്കാളും ചിന്തയേക്കാളും ഷംസീറിനെക്കാളും പല മടങ്ങ് പുകഴ്ത്തിയ സഖാക്കൾ ആയിരുന്നു സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയും ഒക്കെ. അവരൊക്കെ സഖാക്കൾ ആയിരുന്നു എന്ന് പറയാൻ സത്യത്തിൽ അറപ്പ് തോന്നുന്നു. അവർ പ്രസ്ഥാനത്തെ ഉപേക്ഷിച്ചത് കൊണ്ടല്ല; മറിച്ച് പുറത്തു വന്ന ശേഷം അവരുടെ വാക്കുകളും മനോഭാവവും എല്ലാം കണ്ടറിഞ്ഞപ്പോൾ ഇവരൊക്കെ ഇങ്ങനെയായിരുന്നല്ലോ എന്നോർത്തിട്ട്. കുലംകുത്തികൾ, ശെല്‍വരാജ്, മഞ്ഞളാംകുഴി അലി, ശിവരാമൻ, ഡോ. മനോജ് അങ്ങനെയങ്ങനെ പലരെയും മന:പൂർവ്വം വിട്ടു കളയുന്നു.
4. ഒരിക്കൽക്കൂടി ആവർത്തിക്കുന്നു, താങ്കൾ ഒരു ''നിഷ്പക്ഷവാദി" ആണെങ്കിൽ, പാർട്ടി കോണ്‍ഫറൻസ്നെയും പാർട്ടിയെയും, VS എന്ന 2 അക്ഷരങ്ങളിൽ ഒതുക്കാതെ, ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരവും വിശ്വാസവും ആയി കാണാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.....
വീണ്ടും ''നിഷ്പക്ഷവാദി" എന്ന ആരോപണം എന്നെ അലോസരപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിൽ, ഞാൻ വ്യക്തമായ ഇടതുപക്ഷക്കാരൻ ആയിരുന്നു. ഇപ്പോൾ ഒരു പക്ഷത്തോടും പ്രത്യേകമായ മമത ഇല്ല. എന്നിരുന്നാൽ തന്നെ, ഇപ്പോഴും ഒരു ചെറിയ ചായ്‌വ് മതേതര ഇടതുപക്ഷധാരയോടു പുലർത്തുന്നു എന്നതാണ് സത്യം. യഥാർത്ഥത്തിൽ V S വിഷയം ആയിരുന്നില്ല എന്റെ കുറിപ്പിനാധാരം. സിപിഎം നും അതിലൂടെ ഇടതു പക്ഷ മതേതര പ്രസ്ഥാനത്തിനും കേരളത്തിൽ സംഭവിക്കാൻ പോകുന്ന ശോഷണത്തെപ്പറ്റിയുള്ള ആത്മാർഥമായ ആശങ്ക പ്രകടിപ്പിച്ച കൂട്ടത്തിൽ വി എസ് വിഷയം വന്നു എന്നെ ഉള്ളൂ. ഞാൻ എന്റെ കുറിപ്പിൽ പറഞ്ഞിരുന്നത് പോലെ തന്നെ, സി.പി.എം. സംസ്ഥാനസമ്മേളനം പിണറായി - വി.എസ്. ചക്കളത്തിപ്പോരാട്ടത്തിനപ്പുറം രാഷ്ട്രീയ കേരളത്തിന് എന്ത് സംഭാവന നൽകിയെന്ന് അതിന്റെ നേതാക്കൾ എല്ലാവരും നെഞ്ചിൽ കൈവച്ച് ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിൽ നടന്ന പാർട്ടി സമ്മേളനങ്ങളും അതിലെ തെരഞ്ഞെടുപ്പുകളുമെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങൾ ആയിരുന്നു. വിമർശനവും സ്വയം വിമർശനവും നടത്തി സംഘടനാപരമായും രാഷ്‌ട്രീയപരമായും വന്നു പോയ വീഴ്‌ചകളും തെറ്റുകളും തിരുത്തി കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകാനുള്ള തീരുമാനങ്ങൾ എടുക്കാനാണ് പാർട്ടി സമ്മേളനങ്ങൾ എന്നും വേദിയാകാറുള്ളത്. പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ വിമർശനാത്മക വിലയിരുത്തലും വരും നാളുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ രൂപീകരണവും നടത്താനുള്ള അവസരവും ആണത്. അടിമുടി അഴിമതിയിലും ദുർഭരണത്തിലും മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തേണ്ട രാഷ്‌ട്രീയ വിഷയങ്ങൾ, സാധാരണ ജനങ്ങൾ നേരിടുന്ന നിരവധി ദൈനംദിന പ്രശ്‌നങ്ങളും പ്രതിസന്ധികളും, കേരളത്തിൽ വളർന്നു വരുന്ന വർഗീയ സംഘടനകളുടെ സ്വാധീനം, യുവജനങ്ങളും പാർട്ടിയെ തുണയ്‌ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുന്ന സ്ഥിതി തുടങ്ങി അതീവ ഗൗരവ വിഷയങ്ങൾ ഒന്നും തന്നെ ഈ സമ്മേളനത്തിന് ഗൌരവവിഷയമായതായി കേട്ടില്ല. എന്നാൽ, വി. എസ്....വി. എസ്....എന്ന മുറവിളിയല്ലാതെ എന്ത് രാഷ്ട്രീയമാണ് ഈ സമ്മേളനം ചർച്ച ചെയ്തത് ? സോളാർ കേസ്, ഘർ വാപസി, ബാർ കോഴ വിവാദം, രൂക്ഷമായ വിലക്കയറ്റം, വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ട ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്തോ എന്ന് സംശയമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. പാർട്ടി കോണ്‍ഫറൻസ്നെയും പാർട്ടിയെയും, V.S. എന്ന 2 അക്ഷരങ്ങളിൽ ഒതുക്കാതെ, ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരവും വിശ്വാസവും ആയി കാണാൻ തന്നെ ആണ് ഞാനും ശ്രമിച്ചു പരാജയപ്പെട്ടത്.
കുലംകുത്ത് : പാർട്ടി മെമ്പർമാർ അല്ലാത്ത, ഇടതുപക്ഷ സ്നേഹികളായ, വോട്ടു ബാങ്കുകളായ, ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരവും വിശ്വാസവും V.S. എന്ന MASS CROWD PULLAR-ൽ ആണെന്നാണ് എനിക്ക് തോന്നുന്നത്; അത് പാർട്ടി നേതൃത്വത്തിനും അറിയാം. ഈ മഹാ വിപ്ലവകാരികൾ എന്തിനാണ് തിരഞ്ഞെടുപ്പുകൾക്ക് ഫ്ലെക്സ് അടിക്കുമ്പോൾ മാത്രം പിന്തിരിപ്പനും പാർട്ടി വിരുദ്ധനും ജന്മനാ അടിമുടി വിഭാഗീയനും ആയ ഈ കാർന്നോരുടെ പടം അടിക്കുന്നത്...എന്റെ ഒടുക്കത്തെ സംശയം ഇതൊന്നുമല്ല; ഇത്രയും ഗൗരവമായ അച്ചടക്ക ലങ്ഘനവും വിഭാഗീയതയും ആരോപിക്കപ്പെടുന്ന, സംസ്ഥാന സമ്മേളന സമയത്ത് പാർട്ടിയെ ഇത്ര കണ്ടു പ്രതിരോധത്തിലാക്കിയ V.S. നെ എന്ത് കൊണ്ടാണ് പാർട്ടി പുറത്താക്കാത്തത്...!!!??? താത്വികമായ ഒരു അവലോകനം തന്നെ വേണ്ടി വരും...
പൊതുവെ വി എസ്സും ഔദ്യോഗിക നേതൃത്വവും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരിക്കുമെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളും വി എസ്സിന്റെ ജനകീയപ്രതിഛായയും തമ്മിലുള്ള അന്തർധാരയുടെ സജീവത്വം നേതൃത്വത്തിന്റെ കാഞ്ഞ ബുദ്ധിയിൽ 100000 കിലോവാട്ട് പവറിൽ തെളിഞ്ഞു കത്തും. അങ്ങനെയാണ് ഫ്ലെക്സുകളിൽ ഔദ്യോഗിക പക്ഷത്തിനു പകരം ഇങ്ങേരുടെ പടം അച്ചടിക്കേണ്ട ഗതികേട് വന്നു ഭവിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തക്കം പാർത്തിരിക്കുന്ന പ്രതിക്രിയാ വാദികളും സ്റ്റാലിനിസ്റ്റ് ചിന്ത സരണികളും പഴയ പോലെ പിന്നിൽ നിന്ന് കുത്തുന്നത് തുടരും. ഇതൊന്നും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. അച്ചടക്കം പാർട്ടിക്ക് വിലപ്പെട്ടതാണ്. അതില്ലാത്തവരെ ഞങ്ങൾ അത് പഠിപ്പിക്കും.
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക