ഞാൻ വെറും പോഴൻ

Saturday, 19 July 2014

കോരൻ ഒരു വികസന നായകൻ ആയ കഥ................

(ഈ കഥയ്ക്ക്‌ സംഭവിച്ചതോ സംഭവിക്കുന്നതോ സംഭവിക്കാന്‍ പോകുന്നതോ ആയ ഒന്നുമായും ബന്ധമില്ല. നിത്യച്ചിലവിനു വകയില്ലാത്ത ഒരു സംസ്ഥാനം ലക്ഷം കോടി രൂപയുടെ പദ്ധതികളുമായി മുന്നോട്ടു പോകുന്നതുമായോ, ദരിദ്രവാസി കര്ഷകന്റെ ചാളപ്പുരയായ ഒരു രാജ്യം ശത സഹസ്ര കോടി പദ്ധതികൾ നടപ്പാക്കാൻ പോകുന്നതുമായോ ഒട്ടും ബന്ധമില്ല. അങ്ങനെ എന്തെങ്കിലും ബന്ധം തോന്നുന്നെങ്കില്‍ അത് തികച്ചും നിങ്ങളുടെ ഭാവനയുടെ ഭ്രമകല്പന മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാമ്യം കാണുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്)

കോരന്‍ വളരെ സാധാരണ നിലയിൽ കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ആയിരുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് തട്ടി മുട്ടി ജീവിച്ചു വരുന്ന സാധാരണയിൽ സാധാരണക്കാരന്‍. ഒരു ടൂ വീലര്‍ ഉള്ളത് പോലും പെട്രോള്‍ വില കൂടിയതിനു ശേഷം ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ. അങ്ങിനെയിരിക്കെ കോരന് കുറെ പുതിയ സുഹൃത്തുക്കളെ കിട്ടി. അവര്‍ പറഞ്ഞു ഒരു കാര്‍ ഉണ്ടെങ്കില്‍ അത് കോരന് ഒരു അന്തസ്സായിരിക്കും. ഭാര്യക്ക് അമ്പലത്തില്‍ പോകാനും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും ഒക്കെ ഉപകാരപ്പെടുകയും ചെയ്യും. സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വല്ലപ്പോഴും ലിഫ്റ്റ്‌ കൊടുത്തു നല്ല ഇമേജും ഉണ്ടാക്കാം. കേള്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്ന ഒരു അനുഭവം. നമ്മളെ ഭരിക്കുന്നവരും ഹൈടെക് വികസനങ്ങളെ പറ്റി ഇത് പോലെയാണെന്ന് കോരൻ ഓർത്തു.

വിശദമായ പദ്ധതി കോരനും കൂട്ടുകാരും കൂടെ ഉണ്ടാക്കി. ഉള്ള ടൂ വീലര്‍ പോരെ; അല്ലെങ്കില്‍ ഒരു മാരുതി 800 പോരെ എന്നൊക്കെ കോരന്‍ പറഞ്ഞു നോക്കി.  മാക്സിമം ഇമേജ് ഉണ്ടാക്കാന്‍ നല്ലത് ഒരു ബെന്‍സ്‌ തന്നെയായിരിക്കും എന്ന് കൂട്ടുകാര്‍ കോരനെ ബോധ്യപ്പെടുത്തി. നല്ലവരായ ഭൂരിപക്ഷം നാട്ട്കാരുടെയും അഭിപ്രായം ഏറെക്കുറെ അത് തന്നെയായിരുന്നു. കാരണം അവര്‍ക്കൊന്നും നഷ്ട്ടപ്പെടാനില്ലായിരുന്നു. വിദേശത്തു താമസമാക്കിയ സുഹൃത്തുക്കളും പറഞ്ഞു ഇവിടെ പിച്ചക്കാര്‍ക്ക്‌ പോലും ബെന്‍സ്‌ ഉണ്ട്. ഈ നാറിയ ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറേണ്ടല്ലോ. എങ്ങനെയെങ്കിലും ബെന്‍സ്‌ വാങ്ങൂ. ലോണ്‍ അടക്കാനും പെട്രോള്‍ അടിക്കാനുമുള്ള പണമൊക്കെ ബെന്‍സ്‌ വന്നു കഴിഞ്ഞാല്‍ തന്നെ വന്നു കൊള്ളും. അല്ലാതെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നിട്ട് ബെന്‍സ്‌ വാങ്ങാന്‍ പറ്റുമോ!!!?? ഇതെല്ലാം സത്യമല്ലേ എന്ന് വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ കോരനും തോന്നി. നവ വികസന പദ്ധതികളെ എതിർത്തത് പോലും ഒരു വൻ അപരാധമായി കോരന് തോന്നി.

അങ്ങനെ ബെന്‍സ്‌ വാങ്ങാന്‍ കോരന്‍ മനസ്സില്‍ തീരുമാനം എടുത്തു കഴിഞ്ഞു. ലോണ്‍ അടക്കാനും  ബെന്‍സ്‌ വാങ്ങാനുള്ള ലോണും ബെന്‍സ്‌ അനുകൂലി കൂട്ടുകാര്‍ തന്നെ ഏര്‍പ്പാടാക്കി കൊടുത്തു. അവരുടെ പരിചയത്തിലുള്ള ഡീലര്‍ ഷിപ്പില്‍ നിന്ന് ബെന്‍സ്‌ വാങ്ങാന്‍ തീരുമാനമായി. തുടര്‍ന്നുള്ള സെര്‍വിസ്, പെട്രോള്‍, സ്പെയര്‍ പാര്‍ട്സ് എല്ലാം അവരുടെ കൂട്ടുകാരുടെ കടകളില്‍ നിന്നും ഏര്‍പ്പാടാക്കിക്കൊടുക്കാം എന്ന് അവര്‍ ഏറ്റു. ഭാര്യയുടെ കെട്ടുതാലിയും മറ്റു ആഭരണങ്ങളും  മക്കളുടെ തൊടലും മാലയും കമ്മലും എല്ലാം വിറ്റ് കിട്ടുന്നത് കൊണ്ട് ബെന്‍സ്‌ വാങ്ങാനുള്ള അഡ്വാന്‍സ്‌ കൊടുത്തു.

കോരന്റെ ഭാര്യയും മക്കളും ചില സുഹൃത്തുക്കളും
മാത്രം ഇതിനെ എതിര്‍ത്തു. കാരണം ഭാര്യക്കും മക്കള്‍ക്കും ആകെ ഉള്ള സ്വര്‍ണ്ണം നഷ്ട്ടപ്പെടുന്നതിന്റെ വേദന ആയിരുന്നു. നല്ലവരായ സുഹൃത്തുക്കള്‍ കോരനോട്‌ ചോദിച്ചു ഇതിനു വേണ്ടി വാങ്ങുന്ന കടം എങ്ങിനെ വീട്ടും. നിന്റെ വരുമാനം കൊണ്ട് അത് പറ്റുമോ. ഈയവസരത്തിൽ പുതിയ വികസന പദ്ധതികൾക്ക് വഴി മുടക്കികളായി നില്ക്കുന്ന പിന്തിരിപ്പൻ മൂരാചികൾക്കും തന്റെ കാർ വാങ്ങൽ പദ്ധതികളെ എതിർക്കുന്നവർക്കും ഒരേ മുഖമാണെന്ന് കോരൻ തിരിച്ചറിഞ്ഞു.

കോരന്‍ ബെന്‍സ്‌ അനുകൂലി കൂട്ടുകാരുമായി ആലോചിച്ചു. അവര്‍ പറഞ്ഞു, ബെന്‍സ്‌ വാങ്ങിയാല്‍ നിന്റെ നിലയും വിലയും മാറിപ്പോകും. നിന്റെ മകളെ നിനക്ക് വലിയ പണക്കാരനെ കൊണ്ട് കെട്ടിക്കാം. ആണ്‍ മക്കള്‍ക്കും നല്ല പണക്കാരുടെ വീട്ടില്‍ നിന്ന് കല്യാണം കഴിക്കാം. പിന്നെ ഇപ്പോള്‍ ഉള്ള കൂതറ ജോലി കളഞ്ഞു നമുക്ക് നല്ല ബിസ്സിനെസ്സ് തുടങ്ങുകയും ചെയ്യാം. പിന്നെ ലോണ്‍ തിരിച്ചടവിനു വല്ല പ്രയാസവും വരുമോ

ഭാര്യയും മക്കളും കുറച്ചു നല്ല സുഹൃത്തുക്കളും വീണ്ടും എതിര്‍ത്തപ്പോള്‍ കോരന്‍ ചോദിച്ചു ഞാന്‍ നല്ല പത്രാസ്സില്‍ നടക്കുന്നതിനു നിങ്ങള്ക്ക് വല്ല വിരോധവും ഉണ്ടോ. നിങ്ങളൊക്കെ എന്റെ വഴിമുടക്കികള്‍ ആവരുത്. ഞാന്‍ ബെന്‍സില്‍ നടക്കുമ്പോള്‍ അതിന്റെ അന്തസ് നിങ്ങള്ക്ക് കൂടി അല്ലെ. ഇത്രക്കൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത അട്ടപ്പാടി ഭാര്യയേയും മക്കളെയും വഴിമുടക്കി കൂട്ടുകാരെയും കോരനും ബെന്‍സ്‌ അനുകൂല കൂട്ടുകാരും കണക്കിന് പരിഹസിച്ചു. ഒടുവില്‍ ഭീഷണിയുടെയും നയത്തിന്റെയും ഭാഷയില്‍ കൈകാര്യം ചെയ്തു വഴിമുടക്കികളെ ഒതുക്കി.  വീടും കിടപ്പാടവും പണയം വച്ചു. പറമ്പിൽ ഉണ്ടായിരുന്ന പ്ലാവ്, മാവ് മുതലായ എല്ലാ മരങ്ങളും വെട്ടി വിറ്റു. ഒടുവിൽ കോരൻ ഒരു ബെൻസ്‌ ഉടമയായി.

മുഴുക്കടത്തിലാണെങ്കിലും ബെന്‍സ്‌ കിട്ടിയ ആവേശം കൊണ്ട് കോരനും അതിലുപരി കാര്‍ ഡീലര്‍, സര്‍വിസ് സെന്‍റര്‍, പെട്രോള്‍ പമ്പ്‌, സ്പയെര്‍ പാര്‍ട്സ് ഡീലര്‍, ലോണ്‍ ഏജന്‍സി എന്നിവരുടെ കയ്യില്‍ നിന്ന് കിട്ടിയ കമ്മീഷന്‍, കുപ്പി, ട്രീറ്റ് മുതലായവ കൊണ്ട് ബെന്‍സ് അനുകൂല കൂട്ടുകാരും ആനന്ദഭരിതരായി. വല്ലപ്പോഴും ഓസ്സിനു കിട്ടുന്ന ലിഫ്റ്റ്‌ ഓര്‍ത്തു നാട്ടുകാരും സന്തോഷത്തില്‍ ആറാടി.

ഉള്ള സ്വര്‍ണ്ണവും നഷ്ട്ടപ്പെട്ടു; കിട്ടുന്ന വരുമാനം ലോണ്‍ അടക്കാനും പെട്രോള്‍ അടിക്കാനും തികയുന്നില്ല. ഭാര്യയെയും മക്കളെയും പലപ്പോഴും പട്ടിണി സന്ദര്‍ശിച്ചു തുടങ്ങി. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ബെന്‍സ്‌ അനുകൂല കൂട്ടുകാര്‍ മറ്റൊരു കോരനെ അന്വേഷിച്ചു പോയിക്കഴിഞ്ഞു. കോരനും പതുക്കെ പട്ടിണിയുടെ രുചിയറിഞ്ഞു തുടങ്ങി. കുഞ്ഞുങ്ങൾക്കും ഭാര്യക്കും മരുന്നും തുണിയും വാങ്ങാൻ പോലും പത്തു ചക്രം കയ്യിൽ ഇല്ലാതായി. പണ്ട് നേര്‍വഴി ഉപദേശിച്ച നല്ല കൂട്ടുകാര്‍ കോരന്റെ അവസ്ഥയില്‍ പരിതപിച്ചു. അന്ന് ബെന്‍സ്‌ വാങ്ങാന്‍ സപ്പോര്‍ട്ട് ചെയ്ത കൂട്ടുകാരും നാട്ടുകാരും കോരന്റെ ആലോചനയില്ലായ്മയെ നിശിതമായി   കുറ്റപ്പെടുത്തി. മാത്രവുമല്ല അവര്‍ മറ്റൊരു പുതിയ കോരന്റെ നയപരിപാടികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന തിരക്കിലായിരുന്നു.....!!!!!!!!!!!

കോരന്റെയും മക്കളുടെയും വയറിന്റെ മൂളല്‍ അപ്പോള്‍ കൂടുതല്‍ ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു....!!!!!


ആകെ ഒരാശ്വാസം പെട്രോള്‍ അടിച്ചില്ലെങ്കിലും പുരപ്പുറത്തു തൂക്കി ഇട്ടിരുന്ന; ക്ഷമിക്കണം മുറ്റത്തു മൂടി ഇട്ടിരിക്കുന്ന ബെന്‍സ്‌ ആണ്....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 9 July 2014

ബ്രസീലിന്റെ പരാജയം - ഒരു ഹാസ്യ അവലോകനം (കേരള മോഡൽ)

ബ്രസീലിന്റെ പരാജയം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒന്ന് വിലയിരുത്തിയാൽ എങ്ങനെയിരിക്കും. നമ്മുടെ സാമൂഹ്യരംഗത്തെ പ്രമുഖർ പറയാൻ സാധ്യതയുള്ള അഭിപ്രായങ്ങൾ ഭാവനയിൽ. ഇത് ആരെയും മുറിപ്പെടുത്താനല്ല. നർമ്മത്തെ നർമ്മമായി കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മുൻ‌കൂർ മാപ്പ്. മാന നഷ്ടക്കേസിനു പോകരുത്. പിഴ വിധിച്ചാൽ തരാൻ എന്റെ കയ്യിൽ കാശില്ല. (ഇത് പൂർണ്ണമായി എന്റെ സൃഷ്ടിയല്ല. നെറ്റിൽ പല സ്ഥലങ്ങളിൽ കണ്ടതിൽ നിന്ന് ചൂണ്ടിയതും ചൂണ്ടിയതിൽ തന്നെ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയതും കുറെ എന്റെ സ്വന്തം നിർമ്മിതിയും ചേർത്ത ഒരു അവിയൽ കൃതി ആണ്. ഇതിന്റെ മൂല രൂപത്തിന്റെ സൃഷ്ടാക്കളോട് കടപ്പാട്)

ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. പത്രക്കാരന്മാര് കേക്ക്... ജെർമനിക്കുണ്ടായ ജയം ബ്രസീലിനേറ്റ  കനത്ത തിരിച്ചടിയാണെന്നതിൽ തർക്കമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇങ്ങനെയേ പറ്റൂ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിൽ എന്തെങ്കിലും മാറ്റം വേണോ എന്ന് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം ഐ ജി യെ ഏല്‍പ്പിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുടെ ഉപദേശം കിട്ടിയ ശേഷം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഗവണ്‍മെന്റ് ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് (ഉമ്മൻ ചാണ്ടി)

ജെർമനി നേടിയ വിജയം തികച്ചും സാങ്കേതികം മാത്രമാണ്. 7-1 നു തോറ്റപ്പോഴും മത്സരത്തിലെ മേധാവിത്വവും ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയും ബ്രസീലിനായിരുന്നു. ഈ ഒരു മത്സരത്തിലെ പരാജയം കൊണ്ട് ബ്രസീലിന്റെ അടിത്തറ ദുർബലമായി എന്ന് പറയാൻ കഴിയില്ല. ഭൂരിഭാഗം സമയവും ബോൾ പൊസഷൻ ബ്രസീലിനുണ്ടായിരുന്നു. എന്തായാലും പരാജയം അംഗീകരിക്കുന്നു. ഉത്തരവാദിത്വമുള്ള ടീമായി തുടരും. - (പിണറായി വിജയൻ)

ബ്രസീലിലേ...പാവപ്പെട്ട കളിക്കാരുഡേ....ജീവിതത്തെ നശിപ്പിച്ച ജർമനിയുടെ കളിക്കാർ ഞാൻ അധികാരത്തിൽ വന്നാൽ എവിടേ...കൽത്തുറുങ്കിൽ...കൽത്തുറുങ്കിൽ...
ബ്രസീലിലേ...പാവപ്പെട്ട കളിക്കാരെ 
കൊല്ലരുതേ...കൊല്ലരുതേ...കൊല്ലരുതേ...(വീ എസ് അച്യുതാനന്ദൻ)

കോച്ചിന്റെ നയങ്ങൾ ജനം തിരസ്‌ക്കരിച്ചു, മുന്തിയ ക്ളബിൽ കളിക്കുന്ന കളിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന നയങ്ങളാണ് കോച്ച് നടപ്പിലാക്കുന്നത്. ബ്രസീലിന്റെ പ്രതിരോധത്തിൽ വന്ന പിഴവുകൾക്ക് ഉത്തരം പറയേണ്ടത് അഭ്യന്തര വകുപ്പല്ല. പ്രതിരോധ വകുപ്പാണ്. ഇപ്പോൾ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന നടപടികൾ എന്തായാലും കുറ്റമറ്റതായിരിക്കും എന്നാർക്കും സംശയം വേണ്ട.   - (രമേശ് ചെന്നിത്തല)

എന്റെ നികേഷേ;....ബ്രസീൽ.... ആ....*#*$&@... എന്നെക്കൊണ്ട് കൂടൂതലൊന്നും പറയിക്കരുത് കേട്ടോ. ഇതൊക്കെ ആരോടാ പറയുന്നത്‌. ഞാൻ മീനച്ചിൽ താലൂക്ക്‌ കാരനാ..അവനോടു പോവാൻ പറ....അല്ല പിന്നെ...(പി.സി ജോർജ്)

രണ്ടു ടീമിലെയും പല പ്രമുഖരും സാമ്പത്തികമായും ശാരീരികമായും എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ അത് കേരളം താങ്ങത്തില്ല. എന്റെ ഉറക്കം കെടുത്തിയവരുടെ ഉറക്കവും കുറെ കെടട്ടെ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ പറ്റി ഇതിൽ കൂടുതൽ പറയാൻ എനിക്ക് ചില പരിമിതികൾ ഉണ്ട്. അടുത്ത ആഴ്ച പത്രസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. (സരിതാ നായർ) 

കടുത്ത പ്രതിഭാ പ്രതിസന്ധിയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാണിച്ച വിമുഖതയും തിരിച്ചടിയായി. ജർമനിയുടെ വിജയത്തോടെ എന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് തെളിഞ്ഞു. (തോമസ് ഐസക്ക്)

പഴയ ആര്യൻ സുപ്രീമസി സിദ്ധാന്തക്കാരായ നാസികളുടെ പിന്മുറക്കാർ ആണ് ജർമനിയെ നയിച്ചത്. അത് തന്നെ ജർമനിക്ക്  ഒരു വലിയ നേട്ടമായിരിക്കും... ആയിരിക്കും എന്നല്ല ആണ് എന്നാണ് എനിക്ക് തോന്നുന്നത്....ജർമനി ബ്രസീലിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടാണ് ജയിച്ചത്‌ എന്ന വാദത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിൽ ...സത്യത്തിൽ...(പുച്ഛച്ചിരി)  ജർമനി ബ്രസീലിനെക്കാൾ കൂടുതൽ ഗോളടിച്ചാൽ ജർമനിയേ ജയിക്കൂ എന്ന് ഞാൻ കളി തുടങ്ങുന്ന അന്ന് തന്നെ പറഞ്ഞിരുന്നതാണ്...കോടിയേരിയും എളമരം കരീമും മൂന്നു ജയരാജന്മാരുമാല്ലാതെ തലയ്ക്കു വെളിവുള്ള ഒരാള് പോലും ഇതിനെ എതിർക്കില്ല. സീ പീ എമ്മും നടേശ ഗുരുവും പിണറായിയും ഇത് സമ്മതിക്കുമോ എന്നെനിക്കറിയില്ല.  (അഡ്വ. ജയശങ്കർ)

നായന്മാരുടെ പരിക്ക് നിർണ്ണായകമായി.  താക്കോൽ സ്ഥാനത്ത് കളിക്കാൻ നായന്മാരില്ലാത്തത്തിന്റെ കുറവ് ബ്രസീൽ അനുഭവിച്ചു. ഈ സാഹചര്യത്തിൽ അത്ര മാത്രമേ പറയാനുള്ളൂ (സുകുമാരൻ നായർ)

ഹ ഹ... പരിക്ക് പറ്റി  പുറത്തിരിക്കുന്നത് ഏതോ നായന്മാരാണെന്നാണ് നായര് ചേട്ടൻ ധരിച്ചു വച്ചിരിക്കുന്നത്. അത് നെയ്മർ ആയിരുന്നു എന്ന് അദ്ദേഹത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമോ ? നാണക്കേടിൽ ആശ്വാസഗോളടിച്ച മിടുക്കനെ  ടീമിലെടുക്കാൻ ഞാൻ കോച്ചിനു കത്തെഴുതിയിരുന്നു. (വെള്ളാപ്പള്ളി)

ബ്രസീലിനു ജയിക്കാൻ വേണ്ട പിൻതുണ ലഭിക്കാത്തതിനാൽ ധാർമികമായി ഒരു ടീം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ടീം ഒരു രാജി ആവശ്യം ഉന്നയിച്ചാൽ അത് അംഗീകരിക്കപ്പെടേണ്ടതാണ്. (എം.എ.ബേബി)

കാലങ്ങളായിട്ടു ഈ ജർമ്മനി നമ്മളെ തോല്പ്പിച്ചു കൊണ്ടിരിക്കുകയാണ്. കാലം കുറെയായി നമ്മളിത് സഹിക്കുന്നു. എത്ര ക്ഷമിച്ചാലും  വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് തോല്പ്പിക്കപ്പെടുന്നത്. ഇത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ബ്രസീൽ ഉണരണം. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..(ശശികല ടീച്ചർ)

തോൽവിയും ജയവും ഇതിൽ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊന്നും ബല്യ ഇശ്യുവാക്കേണ്ടതില്ല. (കുഞ്ഞാലിക്കുട്ടി)

തോറ്റു എന്നതല്ല പ്രധാനം; മറിച്ച് പതിനൊന്നു പേരെ സംഘടിപ്പിച്ച് കളിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. എതിരാളികളെ പിതൃശൂന്യവും തികച്ചും ന്രിശംശ്യവുമായ രീതിയിൽ കളിക്കളത്തിൽ നേരിട്ട രീതി അങ്ങേയറ്റം അപലപിക്കെണ്ടാതാണ്. ജാജ്വല്യമാനമായ ഒരു നല്ല നാളെ ബ്രസീലിന്റെ മുൻപിൽ ഉണ്ട്. അതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും (എം.സ്വരാജ്)


ഗ്രൂപ്പടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്തുന്നത് തിരിച്ചടിയായി. (വി.എം.സുധീരൻ)


എന്റെ അടുത്ത പടത്തിന്റെ പേര് "എട്ടു നിലയിൽ പൊട്ടിയ മഞ്ഞ പൊട്ടന്മാർ" : (സന്തോഷ്‌ പണ്ടിറ്റ്)


കളി തീരുന്നവരെ ആത്മ സംയമനം കൈവിടാതെ പിടിച്ചിരുന്ന എല്ലാ ബ്രസീൽ ഫാൻസിനും എന്റെ വക അഞ്ചു ലക്ഷം രൂപ : (ചിറ്റിലപ്പള്ളി മുതലാളി )


ഏകപക്ഷീയമായ ഈ ആക്രമണം വളരേ പൈശാചികവും മൃഗീയവുമായിപ്പോയി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുന്നതോടൊപ്പം ജർമ്മനിയോട് ശക്തമായ പ്രതിശേധം അറിയിക്കുന്നു. അതോടൊപ്പം ബ്രസീലിന്റെ പ്രതിരോധത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പ്രതിരോധ മന്ത്രി എന്ന നിലയിൽ സുതാര്യമായ ഒരു അന്വേഷണം നടത്തുന്ന കാര്യം മന്ത്രാലയം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്: (എ. കെ. ആന്റണി)



ബ്രസീൽ ടീമംഗങ്ങൾ കോഴ വാങ്ങിയിട്ടുണ്ട്. അതിന്റെ വ്യക്തമായ രേഖ എന്റെ കയ്യിൽ ഉണ്ട്. (കെ സുരേന്ദ്രൻ)


എനിക്ക് കാര്യങ്ങൾ പറയാൻ മൂന്നു മിനിട്ട് തരണം...എനിക്ക് മൂന്നു കാര്യങ്ങൾ പറയാനുണ്ട്....ഒന്ന്...ബ്രസീൽ തോറ്റതു കൊണ്ടാണ് ജർമ്മനിക്ക് ജയിക്കാനായത്. അത് നിഷേധിച്ചിട്ട് കാര്യമില്ല....പ്ളീസ്...ഞാൻ പറഞ്ഞോട്ടെ...രണ്ട്...ജർമ്മനി ജയിച്ചത്‌ കൊണ്ട് മാത്രമാണ് ബ്രസീൽ തോറ്റത്...പ്ളീസ്...പ്ളീസ്...പ്ളീസ്... എന്നെ പറയാൻ അനുവദിക്കൂ...നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടില്ലല്ലോ...എനിക്ക് പറയാനുള്ള മൂന്നാമത്തെ കാര്യം ബ്രസീലിനേക്കാൾ കൂടുതൽ ഗോൾ അടിച്ചത് കൊണ്ടാണ് ജർമ്മനി ജയിച്ചത്‌.... അത് തന്നെ, വർഷങ്ങളുടെ പാരമ്പര്യമുള്ള കാല്പ്പന്തു കളിയെയും ആ കേളീധാരയുടെ നവീന ആചാര്യന്മാരെയും തകർക്കാൻ വേണ്ടി ചില മാധ്യമങ്ങളും സമുദായങ്ങളും ചേർന്ന് നടത്തുന്ന ഭീകരമായ ഗൂഡാലോചനയുടെ ഫലമാണീ തോൽവി...ഇത് എവിടെ വേണമെങ്കിലും വാദിച്ചു ജയിക്കാൻ എനിക്ക് കഴിയും. അത്തരം ഒരു വാദത്തിനു ഞാൻ തയ്യാറാണ്..(രാഹുൽ ഈശ്വർ)





അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Wednesday, 2 July 2014

ധോണി പിടിച്ച പുലിവാലും ബ്ലേഡ്‌ കൊണ്ട് മുറിഞ്ഞ പാവം കുബേരനും.....

 വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ. ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവ് ഫിബ്രവരിയില്‍ കൊടുത്ത കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.  വ്രണപ്പെടുത്തിയെന്ന കേസില്‍ മൂന്നു തവണ ഹാജരാകാത്തതിനെത്തുടര്‍ന്ന് ആ ധോണിയെ അറസ്റ്റ് ചെയ്ത് ജൂലായ് 16 ന് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. 

കുബേരനെ പറ്റിയുള്ള സംശയം 

ഹൈന്ദവ വിശ്വാസപ്രകാരം ധനത്തിന്റെ അധിപതിയായ ദേവനാണ് കുബേരൻ. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥത്തിൽ ഇദ്ദേഹം വൈശ്രവണൻ എന്നറിയപ്പെടുന്നു. വടക്ക് ദിക്കിന്റെ അധിപതിയായും അഷ്ടദിക്ക് പാലകന്‍മാരില്‍ ഒരാളായുംകുബേരനെ കണക്കാക്കുന്നു. കുബേരന്‍ പ്രസാദിച്ചാല്‍ സര്‍വ്വസമ്പത്തും കൈവരും എന്ന് വിശ്വസിക്കപ്പെടുന്നു. യക്ഷന്‍മാരുടെ രാജാവാണ് അളകാപുരിയില് വസിക്കുന്ന കുബേരന്‍. വൈശ്രവ മഹര്‍ഷിയുടെ മകനായ കുബേരന്‍ ലങ്കാധിപതി രാവണന്‍റെ ജ്യേഷ്ഠസഹോദരനുമായിരുന്നു. രാവണൻ ഉപയോഗിച്ചിരുന്ന പുഷ്പക വിമാനം സത്യത്തിൽ ഇദ്ദേഹത്തിന്റെ ആയിരുന്നു. 

ബഹുമാന്യനായ ആഭ്യന്തര മന്ത്രി ശ്രീ രമേശ്‌ ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം, കുറെ ദിവസങ്ങളായി കേരളത്തിൽ അങ്ങോളം ഇങ്ങോളം, പോലീസ് “ബ്ലേഡ് മാഫിയ”ക്കു എതിരായി നടത്തുന്ന റെയ്ഡിനും തുടർ നടപടികൾക്കും  ‘ഓപ്പറേഷൻ കുബേര‘ എന്ന് പേരിട്ടത് തികഞ്ഞ വൃത്തികേടായിപ്പോയി. കുബേരൻ ഈ ധനമെല്ലാം നേടിയത് വട്ടി, മീറ്റർ, കൊള്ള മുതലായ പലിശക്ക് പണം കൊടുത്തിട്ടോ പ്രോമിസറി നോട്ടോ ചെക്കോ ആധാരമോ വാങ്ങി പെട്ടിയിൽ വച്ച് പൂട്ടിയിട്ടോ ഒന്നുമല്ല. മാത്രമല്ല, ധർമ്മിഷ്ഠനും സഹോദര സ്നേഹിയുമായിരുന്ന  അദ്ദേഹത്തിന്റെ ധനവും വസ്തു വകകളും യഥാർഥത്തിൽ സഹോദരനായ രാവണൻ അടിച്ചു മാറ്റുകയായിരുന്നു. കേവലം ഇര മാത്രമായിരുന്ന കുബേരന്റെ പേര് കൊള്ളപ്പലിശക്കാരെയും ബ്ലേഡ്മാഫിയയെയും ഉന്മൂലനം ചെയ്യാനായി നടത്തുന്ന ഓപ്പറേഷനു പേരിടാൻ ഉപയോഗിച്ചത് ഉചിതമാണോ ? 

ധോനിക്കെതിരെ കേസ് എടുത്ത മാനദണ്ഡം വച്ച് നോക്കിയാൽ ഇത് ധനത്തിന്റെ ദേവനായ കുബേരനെ അവഹേളിക്കുന്ന നടപടിയല്ലേ ?

മറ്റു ദൈവങ്ങളുടെ അത്രയും പൊതു സ്വീകാര്യത ഇല്ലാത്തത് കൊണ്ട് മാത്രം കുബേരനോട് ഇങ്ങനെ ചെയ്യാമോ ?

കുബേരനെ വഞ്ചിച്ചു അദ്ദേഹത്തിന്റെ ധനം അപഹരിച്ച രാവണന്റെ പേര് ആയിരുന്നില്ലേ ഈ ഓപ്പറേഷന് ഇടാൻ ഉചിതം ? 

ഹിന്ദു ഉണരണം, ഹിന്ദു ഉണരണം എന്ന് നാഴികയിൽ നാല്പ്പത് വട്ടം ഉരുവിടുന്ന ആ ടീച്ചർ കുബേരനെതിരായ ഈ അവഹേളനം കാണാതെ ഉറങ്ങുകയാണോ ?

ഇക്കണക്കിനു, യേശുക്രിസ്തു ഒരിക്കൽ വെള്ളം വീഞ്ഞാക്കി എന്നത് കൊണ്ട്, വ്യാജവാറ്റുകാർക്കെതിരായ ഓപ്പറേഷന് "ഓപ്പറേഷൻ ജീസസ്" എന്ന് പേരിടാൻ ഗവണ്‍മെന്റ്  ധൈര്യപ്പെടുമോ ?

ബ്ലേഡ് പോലെ മുറിപ്പെടുത്തുന്ന ചില യാഥാർത്ഥ്യങ്ങൾ  

ബ്ലേഡ്‌ മാഫിയയെ ഒതുക്കാന്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് അരയും തലയും മുറുക്കി ഇറങ്ങി നാട്ടിലെ വട്ടിപ്പലിശക്കാരന്റെ ഓഫീസും വീടും റെയ്ഡ്‌ ചെയ്തു തകര്‍ക്കുമ്പോള്‍ ഈ നടപടികളെ "അപമാനകരം" എന്ന് മാത്രമേ പറയാനുള്ളൂ... തിരുവനന്തപുരത്ത്‌ ഒരു അഞ്ചംഗ കുടുംബം ബ്ലേഡ്‌ മാഫിയയെ പേടിച്ച്‌ ആത്മഹത്യ ചെയ്‌തതോടെയാണ്‌ മാഫിയ സംഘത്തെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.  ഇപ്പോഴത്തെ നടപടികളുടെ വേഗതയും ശുഷ്കാന്തിയും കണ്ടാൽ തോന്നും ആ കുടുംബം ആത്മഹത്യ ചെയ്ത അന്ന് രാവിലെ ആണ് ഈ ബ്ലേഡ് മാഫിയ എന്ന ഭീകര ജീവി കേരളത്തിൽ ജനിച്ചതെന്ന്. കുറ്റവാളികളെ പിടികൂടാന്‍ അളവറ്റ സംവിധാനങ്ങളുള്ള ഈ രാജ്യത്ത്, വളരെ പരസ്യമായും നിയമത്തെ വെല്ലുവിളിച്ചും നടക്കുന്ന ഈ കൊള്ള  എന്ത് കൊണ്ടാണ് അധികൃതർ അറിയാതെ പോകുന്നത്. ഒരു പൊതു ത്തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ രഹസ്യ ബാലറ്റ് വഴി രേഖപ്പെടുത്തിയ വോട്ട് നിലവാരം പോലും പ്രവചിക്കാൻ കഴിവുള്ള ഇന്റലിജൻസ് സ്പെഷ്യൽ സ്ക്വാഡ് വരെ നമ്മുടെ പോലീസിനുണ്ട്‌. എന്നിട്ടും ഇത്രയും ഭീകരന്മാരായ ബ്ലേഡ് മാഫിയ സംസ്ഥാനത്തെ പിടി മുറുക്കിയെന്നു തിരിച്ചറിയാൻ നമ്മുടെ സർക്കാരിന് 5 വ്യക്തികളുടെ കൂട്ടജീവത്യാഗം വേണ്ടി വന്നു.

ബ്ലേഡ്‌ മാഫിയക്കെതിരെ കര്‍ശ നിയമങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അവ കാര്യക്ഷമമായി പാലിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ബ്ലേഡുകാര്‍ സജീവമാണെന്നതാണ് ഈയിടെ പുറത്തിറങ്ങിയ പല റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്. മാഫിയ പ്രതിനിധികള്‍ പലരും പോലീസിലുളളതാണ്‌ കാരണം. തിരുവനന്തപുരം നഗരത്തില്‍ ബ്ലേഡ്‌ പലിശയ്‌ക്ക്‌ പണം കടം നല്‍കുന്ന പോലീസുകാര്‍ നൂറുകണക്കിനുണ്ട്‌. കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യന്തര മന്ത്രിയായിരുന്ന കാലം മുതല്‍ ഇവരെ പിടികൂടാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇന്‍ക്രിമെന്റ്‌ ബാര്‍ ചെയ്യുക പോലുളള നിസാര നിയമ നടപടികള്‍ക്കു പോലും ഇവരെ വിധേയമാക്കിയതായി കേട്ടിട്ടില്ല.ബ്ലേഡ്‌ മാഫിയയുടെ ഏജന്റുമായി പ്രവര്‍ത്തിക്കുന്ന 200 പോലീസുദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തന്നെ ഡി.ജി.പി കെ.എസ്‌ ബാലസുബ്രഹ്‌മണ്യത്തിന്‌ നിര്‍ദേശം നല്‍കിയിരുന്നു. തലസ്ഥാനത്തെ പല പ്രധാന സ്റ്റേഷനുകളിലും ബ്ലേഡ്‌ മാഫിയക്ക്‌ ഏജന്റുമാരുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. അട്ടപ്പാടി കുലുക്കൂരിലെ ആദിവാസിയായ സരോജത്തിന്റെ ഭൂമി പലിശക്കാര്‍ തട്ടിയെടുത്ത വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്തിനെതിരെ  ഒരു ഡി വൈ എസ് പി തന്നെ രംഗത്ത് വന്നിരുന്നു.  വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പലിശക്കാരനായ തമിഴ്‌നാട് സ്വദേശി രംഗനാഥന്‍ നിരപരാധിയാണെന്നും  ഇയാളെ ചാനല്‍ മനപൂര്‍വം വ്യക്തിഹത്യ നടത്തുകയാണെന്നും ഡിവൈഎസ്പി ആരോപിച്ചത് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. 
ആയിരത്തില്‍പ്പരം ബ്ലേഡു കേന്ദ്രങ്ങളില്‍ പൊലീസ് ഇതിനകം റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം നടപ്പിലാകുമെന്ന് കണ്ടു തന്നെ അറിയണം. രണ്ട് വർഷം മുന്‍പ് സമാനമായ കുറെ നടപടികളിലൂടെ കുറെ ബ്ലേഡ് സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായിരുന്നു. പക്ഷെ, ഒട്ടും താമസമില്ലാതെ അതിൽ പലതും വീണ്ടും തുറന്നു പ്രവര്ത്തിച്ചു തുടങ്ങി എന്നതാണ് സത്യം. അത് കൊണ്ട് തന്നെ, ഇപ്പോഴത്തെ നടപടികളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും അവരുടെ കയ്യടി നേടാനും മാത്രമാകരുത്. മാത്രവുമല്ല, ചെറുകിടക്കാരെ ഓടിച്ചിട്ട്‌ പിടിച്ചു നടപടികൾ എടുക്കുമ്പോൾ വൻകിടക്കാരെ ഒഴിവാക്കുകയാനെന്നും ആരോപണം ഉണ്ട്. അതായത്, കൊഴുവ, നത്തോലി,പൂളോൻ, വട്ടോൻ, പൊടിമീൻ, ഊപ്പമീൻ മുതലായവ അകത്തും വാള, സ്രാവ്, തിമിംഗലം, തിരണ്ടി, നീരാളി മുതലായവ പുറത്തും എന്നാണ് പൊതുജനം മനസ്സിലാക്കിയിരിക്കുന്നത്. പണമിടപാടിലെ തട്ടിപ്പുകാരെ സ്വതന്ത്രമായി മേയാന്‍ വിടരുത്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുക തന്നെ വേണം. ഒരിക്കൽ പൂട്ടിയ ഇത്തരം സ്ഥാപനങ്ങള്‍ ഒരു കാരണവശാലും മേലില്‍ പ്രവര്‍ത്തിക്കുകയുമരുത്. ഒരു പക്ഷെ ഈ കടുത്ത നടപടികള്‍ ഇത്തരം ബിസിനസ്സ് നടത്തി എളുപ്പത്തിൽ ധനികരാകാം എന്ന് മോഹിച്ചു വരുന്ന കുറെ പേരെ നിരുല്സാഹപ്പെടുത്താൻ വഴി തെളിച്ചേക്കും. ഇതൊക്കെയാണെങ്കിലും, Demand Creates Supply എന്ന അടിസ്ഥാന പ്രമാണം പലിശക്ക് പണം കടം കൊടുപ്പിലും പ്രസക്തമാണ്. ഉയര്‍ന്ന പലിശക്ക് പണം കടമെടുക്കാൻ ആളുണ്ടെങ്കിൽ, എത്ര വലിയ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുറച്ചു കൊള്ള പലിശക്കാര്‍ എങ്കിലും സമൂഹത്തില സജീവമായി തുടരും. രഹസ്യാത്മകമായി ഇത്തരം ബിസിനസ്സ് നടത്തുമ്പോൾ കൈക്കൂലി ഇനത്തിലും മറ്റും ഉള്ള ചിലവും അവർക്ക് കൂടുതലായിരിക്കും. അത് കൂടി അവർ കടം വാങ്ങുന്നവരിൽ നിന്ന് പലിശയായി ഈടാക്കും. മാത്രമല്ല, കൊടുത്ത പണത്തിന്റെ തിരിച്ചു പിടുത്തം ഉറപ്പു വരുത്താന്‍ അവര്‍ പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തും. പണം ആവശ്യമുള്ളവര്‍ കൊള്ളപ്പലിശക്കാർ മുന്നോട്ടു വയ്ക്കുന്ന ഏത്ര കടുത്ത നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറാകും.  

മറുപുറം

ഇപ്പോൾ കേൾക്കുന്ന കടക്കെണി-കൊള്ളപ്പലിശ-ആത്മഹത്യ കഥകളിലെ ബ്ലേഡ് കൊള്ളക്കാരൊന്നും തന്നെ ഈ ഇരകളെ സമീപിച്ചു ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ കടം കേട്ടിയേൽപ്പിച്ചതല്ല എന്ന് ഈ വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാക്കാം.  മറ്റു ചില കാര്യങ്ങളും ഇതിൽ സുവ്യക്തമാണ്. ഈ ഇരകളൊന്നും തന്നെ തീരെ ദരിദ്രർ അല്ല; ഇടത്തരക്കാരോ അതിനേക്കാൾ ഉയര്ന്ന ജീവിത നിലവാരത്തിലുള്ളവരോ  ആണ്; മിക്കവരും ഈ കടം വാങ്ങിച്ചത് ചികിത്സ പോലെയുള്ള നിവൃത്തിയില്ലാത്ത  കാര്യങ്ങൾക്ക് വേണ്ടിയല്ല;  പ ട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ബ്ലേഡുകള്‍ക്ക് കഴുത്തുവെച്ചു കൊടുത്തതുമല്ല. വരവറിയാതെ ചിലവാക്കിയതിന്റെയും സ്വന്തം പോക്കറ്റിനു ചേരാത്ത ആര്‍ഭാടപൂര്‍വമായ ജീവിതത്തിന്റെയും ബാക്കിപത്രമാണ് ഈ കടക്കെണി. വളരെ അത്യാവശ്യമുള്ളതും ഒട്ടും തന്നെ ഒഴിച്ച് കൂടാനാവാത്ത ആവശ്യങ്ങൾക്ക് മാത്രമേ കടമെടുക്കാവൂ; അതും ന്യായമായ നാട്ടുനടപ്പ് പലിശക്ക് മാത്രം. ഭാവിയില്‍ തനിക്ക് ഉണ്ടാക്കാൻ കഴിയുമെന്നു ഉറപ്പായ വരുമാനം മുന്നില്‍ കണ്ടു കൊണ്ട് മാത്രമേ കടം വാങ്ങാവൂ. സാമ്പത്തിക കാര്യങ്ങളിൽ നല്ല ആത്മ നിയന്ത്രണവും  ദൃഡനിശ്ചയവും ഉണ്ടെങ്കിൽ മാത്രമേ ഒരു കടത്തെപ്പറ്റി ആലോചിക്കാവൂ. ഒരിക്കൽ വാങ്ങിയ കടം തിരിച്ചടക്കാൻ മറ്റൊരു കടം വാങ്ങേണ്ടി വരുന്ന സമയത്ത് ഒന്നോർക്കണം ; നിങ്ങളുടെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമാണ് എന്ന്. പിന്നെ ചെയ്യാവുന്ന പരിഹാരം ഉടനെ അടുത്ത കടം വാങ്ങുക എന്നതല്ല; പകരം കൂടുതൽ അധ്വാനിച്ചു കൂടുതൽ വരുമാനം ഉണ്ടാക്കാം; കയ്യിലുള്ള നിക്ഷേപങ്ങളോ വസ്തുവകകളോ വിറ്റ് കടം വീട്ടാം; ചിലവു ചുരുക്കൽ പരിപാടികൾ നോക്കാം. ദുരഭിമാനവും വ്യർഥാഭിമാനവും വളരെ അപകടകരമാകുന്ന സാഹചര്യമാണിത്. അതിനെ മനസ്സാന്നിദ്ധ്യത്തോടെ തരണം ചെയ്തില്ലായെങ്കിൽ ജീവിതത്തിനും സ്വയഹത്യക്കും ഇടക്കുള്ള ദൂരം വളരെ ചെറുതാണ്. ഒരു സാഹചര്യത്തിലും കടം വാങ്ങില്ലെന്ന ദൃഡനിശ്ചയം മാത്രമേ നമ്മെ രക്ഷിക്കൂ.  ആത്മീയാചാര്യന്മാർക്കോ ആൾദൈവങ്ങൾക്കോ ധ്യാനകേന്ദ്രങ്ങൾ ക്കോ രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടിൽ ഈയൊരു വിഷയത്തിൽ ജനങ്ങൾക്ക്‌ വേണ്ട ദിശാബോധം നല്കുവാൻ ഇവർക്ക്  ആർക്കും കഴിയുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക