ഞാൻ വെറും പോഴൻ

Tuesday, 31 March 2020

അച്ചായനും അച്ചായത്തരങ്ങളും - നയ നിലപാടുകൾ

എന്റെ സോഷ്യൽ മീഡിയ എക്‌സിസ്റ്റൻസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. രാഷ്ട്രീയവും മതവും മറ്റ് സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഏറെക്കുറെ സ്ഥിരമായി പോസ്റ്റ് ചെയ്യാറുള്ള ആളാണ് ഞാൻ. Oanu Achayan എന്ന FB പ്രൊഫൈലിൽ നിന്നും Achayatharangal എന്ന FB ഗ്രൂപ്പ്, FB പേജ്, ഗൂഗിൾ ബ്ലോഗർ എന്നിവയിൽ നിന്നാണ് സോഷ്യൽ മീഡിയയിൽ എഴുതാറുള്ളത്. 

ഓനു അച്ചായൻ എന്ന പേര് കേൾക്കുമ്പോൾ സ്വാഭാവികമായും വരാറുള്ള ഒരാരോപണം ഞാൻ ഫേക്ക് ആണെന്നതാണ്. ഈ ഓനു അച്ചായന്‍ എന്നത് ഒരു ഫേക്ക് ഐ ഡി അല്ല എന്നുറപ്പിച്ചോളൂ. അതില്‍  ഓനു എന്നത് സ്കൂള്‍ കാലഘട്ടത്തില്‍ വീണ ഒരു കളിപ്പേര് (ഇരട്ടപ്പേര്) ആണ്. അച്ചായന്‍ എന്നത് വളരെ അടുപ്പമുള്ളവര്‍ എന്നെ വിളിക്കുന്നതാണ്. ഒരു കാര്യം കൂടി... അച്ചായൻ എന്ന വിളിയെ ഒരു മതത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണരുതെന്ന്  സ്നേഹപൂർവ്വം അപേക്ഷിക്കുന്നു. സങ്കല്പ്പവും വിശ്വാസവുമായ ഈശ്വരനുമായി അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ 101% യാഥാർത്ഥ്യമായ മതചട്ടക്കൂടുകളിൽ നിന്ന് ബഹുമാന്യമായ അകലം പാലിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ് ഞാൻ. 

എന്റെ രാഷ്ട്രീയം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു സെന്റർ ലെഫ്റ്റിസ്റ്റ് എന്നേ പറയാനൊക്കൂ. കോളേജ് പഠന കാലത്ത് CPI-യുടെ വിദ്യാർത്ഥി സംഘടനയായ AISF-ന്റെ പ്രവത്തകനും ഭാരവാഹിയും ആയിരുന്നു. മൂന്ന് വർഷം തുടർച്ചയായി കോളേജ് യൂണിയൻ മെമ്പർ ആയിട്ടുണ്ട്; അതിൽത്തന്നെ രണ്ട് വർഷം UUC ആയിരുന്നു. അന്നും ഇന്നും സഭ്യത വിട്ട് രാഷ്ട്രീയം സംവദിച്ചിട്ടില്ല. ഒരാളെ പോലും ശാരീരികമായി ഉപദ്രവിക്കാൻ കൂട്ട് നിൽക്കുക പോലും ചെയ്തിട്ടില്ല. എതിർപക്ഷത്തുള്ളവർ പോലും നല്ല സുഹൃത്തുക്കളായിരുന്നു. ഒരു രാഷ്ട്രീയകക്ഷിയിൽ നിന്നാൽ സ്വതന്ത്രനിലപാടുകൾ ഉയർത്തിപ്പിടിക്കാൻ എളുപ്പമല്ല എന്ന് തോന്നിയപ്പോൾ സംഘടനകക്കത്ത് നിന്ന് സൗഹാർദപരമായി പുറത്തു വന്നു. എന്നാലും ആദ്യം പറഞ്ഞത് പോലെ ഹൃദയം ഇടത് വശത്ത് തന്നെ ആണ്; പക്ഷെ ഇടത് വശത്ത് തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ ഒരു മടിയുമില്ല. കുറേക്കാലമായി ആരോടും പ്രത്യേക അടുപ്പമോ അകലമോ കാട്ടാറില്ലായിരുന്നു; എല്ലാവരെയും തല്ലിയും തലോടിയും ഒക്കെയാണ് എന്തെങ്കിലും ഒക്കെ പോസ്റ്റ്‌ ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഞാൻ ഒരു നിഷ്പക്ഷൻ ആണെന്ന് കുറച്ച് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അത് അങ്ങനെ ചിന്തിച്ചവരുടെ മാത്രം തെറ്റാണെന്ന് ഓർമ്മിപ്പിക്കുന്നു.

മറ്റു പല സോഷ്യൽ മീഡിയ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി വളരെ കുറവ് റിയാക്ഷൻസ് (അനുകൂലമായും പ്രതികൂലമായും) കിട്ടുന്ന ഒരാളാണ് ഞാൻ. റിയാക്ഷൻസ് എന്റെ ലക്ഷ്യമേ അല്ല; സോഷ്യൽമീഡിയയിൽ നിന്ന് എനിക്ക് പ്രത്യേകിച്ചൊരു വരുമാനവും ലഭിക്കുന്നില്ല എന്ന് കൂടി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. ഔദ്യോഗിക രേഖാപരമായി ബിജോയ് എന്ന പേരുള്ള ഞാൻ തൊഴിൽപരമായി ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. ഈ പ്രൊഫഷണൽ ക്വാളിഫിക്കേഷൻ കൂടാതെ രണ്ട് മാസ്റ്റർ ഡിഗ്രിയും സ്വന്തമായുണ്ട്. മോശമല്ലാതെ നടന്നു പോകുന്ന ഒരു പ്രൊഫഷണൽ കൺസൾട്ടൻസി സ്ഥാപനവും എനിക്കുണ്ട്. സോഷ്യൽ മീഡിയ ആക്ടിവിറ്റികൾ എന്റെ പ്രഥമ ഫോക്കസ് അല്ലാത്തത് കൊണ്ട് തന്നെ അച്ചായത്തരങ്ങൾ പൂട്ടിയാലോ അതിലെ റിയാക്ഷൻസ് കുറഞ്ഞ് പോയാലോ എനിക്കൊരു പുല്ലുമില്ല എന്നാണ് ഇപ്പറഞ്ഞതിൽ വ്യക്തമാക്കാൻ ഉദ്ദേശിച്ചത്. 
  
എന്റെ ചില പോസ്റ്റുകളിലെ കണ്ടന്റുകളിൽ സാരമായ വിയോജിപ്പ് തോന്നുന്ന വായനക്കാരിൽ ചിലർക്ക് ആശയപരമായി സംവദിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലുടൻ സാധാരണയായി അവർ സ്വീകരിക്കാറുള്ളത് മൂന്ന് മാർഗ്ഗങ്ങളാണ്. ഏറ്റവും മാന്യമായ മാർഗ്ഗമായി ഞാൻ നിരീക്ഷിച്ചിട്ടുള്ളത് അൺഫ്രണ്ട് ചെയ്യൽ / അൺ ഫോളോ ചെയ്യൽ ആണ്. ഇത് ശ്രദ്ധയിൽ പെട്ടാൽ ഒരു ആശംസയോക്കെ പറഞ്ഞ് സന്തോഷമായി പിരിയാറുമുണ്ട്. അടുത്തത് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചേർത്തോ അല്ലാതെയോ ഉള്ള അസഭ്യം, തെറി, പുലയാട്ട് മുതലായവ എഴുതിപ്പിടിപ്പിക്കുകയാണ്‌. ഈ കേസിൽ, ഒരു ഗ്രേഡ് വരെയുള്ളത് സൗമ്യമായ ഭാഷയിൽ നേരിടും; അല്ലെങ്കിൽ ഡിലീറ്റ്, ബ്ലോക്ക് മുതലായ പോരാട്ടരീതികൾ കൊണ്ട് നേരിടും. അടുത്തതാണ് ഒരു മാതിരി ഓഞ്ഞ ഏർപ്പാട്; ആശയങ്ങളിൽ ഊന്നി നിന്ന് സംസാരിക്കാനില്ലാതെ വരുമ്പോൾ പട്ടം ചാർത്തിത്തരലാണ് അത്. കോൺഗ്രസിനെതിരെ പോസ്റ്റിടുമ്പോൾ എനിക്ക് കമ്മി, അന്തം, സംഘി മുതലായ പട്ടങ്ങൾ ചാർത്തിക്കിട്ടും; പോസ്റ്റ് ഇടതു പക്ഷത്തിനെതിരെയാണെങ്കിൽ കൊങ്ങി, സംഘി, മാവോയിസ്റ്റ്, നക്സൽ മുതലായവ പട്ടങ്ങൾ ചാർത്തിക്കിട്ടും. മതപരമായ പോസ്റ്റാവുമ്പോൾ ഞാൻ നിരീശ്വരൻ, സാത്താൻ സേവക്കാരൻ, ബ്ലാക്ക് മാസ് കാരൻ, ജിഹാദി... ഒക്കെയാകും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ ഇട്ടപ്പോൾ പുതിയൊരു പട്ടങ്ങൾ പുതിയൊരു തലത്തിലേക്ക് പോയി. സർക്കാർ  വിരുദ്ധ സൈബർ പട എന്നെ പിണറായി ഭക്തൻ, പിണറായി PR ഏജന്റ് എന്നൊക്കെയുള്ള നിലയിലേക്ക് എത്തിച്ചു. അതൊക്കെ അങ്ങനെ പോകട്ടെ. പിന്നെ, ഒരു ഘട്ടത്തിൽ എതിർക്കുന്നവർ തന്നെ മറ്റൊരു ഘട്ടത്തിൽ അനുകൂലമായ റിയാക്ഷനുകളുമായി വരും എന്നത് കൊണ്ട് അവരോടൊന്നും സ്ഥായിയായ ഒരു വിരോധമോ വൈരാഗ്യമോ എനിക്കില്ല. ക്രിയാത്മകമായി പ്രതികരിക്കുന്നവരെ പോലെ തന്നെ പ്രധാനപ്പെട്ടവരാണ് ഇവരും എന്നാണെന്റെ നിലപാട്. ഇവരൊക്കെയാണ് ഇതിൽ സജീവമായി നിലനിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും. 

പണ്ട് മുതലേ നാലക്ഷരം വായിക്കുന്നതും രണ്ടക്ഷരം എഴുതുന്നതും കുറച്ച് താല്പര്യമുള്ള കാര്യങ്ങൾ ആയിരുന്നു. എഴുത്ത് എന്ന മന്ത്രവാദ പ്രപഞ്ചത്തിൽ ഇടം നേടാൻ കഴിയാതെ പോയ എനിക്ക് എഴുതാൻ, സോറി, ടൈപ്പാനും പോസ്റ്റാനും വേദി ഒരുക്കിത്തന്ന ആഭിചാര ലോകമാണ് ബ്ലോഗും ഫേസ്ബുക്കും‌. എന്തായാലും സംഗതി കൊള്ളാമെന്ന അഭിപ്രായമാണെനിക്ക്. തീരെ മോശം റെസ്പോണ്‍സ്‌  അല്ല. "ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്." എന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ വാക്കുകൾ ആയിരുന്നു മോട്ടോ ആയി ഇടാൻ ഉദേശിച്ചത്. പക്ഷെ, ഒരു ദിവസം വെളുത്ത് ഇരുട്ടുന്നത് വരെ നൂറു നുണയെങ്കിലും കാര്യമായും കളിയായും പറയുന്ന ഞാൻ എന്ത് വിപ്ലവ പ്രവർത്തനം നടത്താൻ....!!??? എന്നാലും ഈ ലോകത്ത് സജീവമായി തുടരണമെന്നു തന്നെയാണ് ആഗ്രഹം. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌, നല്ലത് കണ്ടാൽ ഒരു നല്ല വാക്ക് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമല്ലോ. 

ബെർളിത്തരങ്ങളും  കൊടകരപുരാണവും വള്ളിക്കുന്നും ഒക്കെ വായിച്ചു തുടങ്ങിയ അന്ന് മുതൽ സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ആശയം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പലവിധ കാരണങ്ങളാല്‍ അത് മനസ്സില്‍ തന്നെ കിടന്നതേ ഉള്ളൂ. യാഥാര്‍ത്ഥ്യമായില്ല. സാബു കാക്കശ്ശേരി എന്നൊരു സ്നേഹിതന്‍ എന്നോട് "ചുമ്മാ എഴുതിക്കൂടേ" എന്ന് എപ്പോഴോ തമാശയായി ചോദിച്ചിരുന്നു. എഴുതാനുള്ള വകുപ്പൊന്നും നമ്മുടെ കയ്യിൽ ഇല്ല എന്ന പൂര്‍ണ്ണബോധ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് തന്നെ ബ്ലോഗ്‌ പിറന്നില്ല. അങ്ങനെയിരിക്കെ, ഒരു വർഷം മുൻപ്, ഫേസ്ബുക്കില്‍ ഏതോ വിഷയത്തില്‍ എന്റെ ഒരു സ്നേഹിതനുമായി തുടങ്ങിയ ഒരു വാക്ക്‌യുദ്ധം.... അതിനെ തുടര്‍ന്ന് അദ്ദേഹം അദ്ദേഹത്തിന്റെ വാദഗതികള്‍ കൂട്ടിച്ചേര്‍ത്തു ഒരു ബ്ലോഗ്‌ തുടങ്ങി. അപ്പോള്‍ മലയാളിയുടെ അടിസ്ഥാന സ്വഭാവമായ മത്സരബുദ്ധിയില്‍  നിന്ന്‌ എനിക്കും വന്നു ഒരു ദുഷ്ചിന്ത; "എന്ത് കൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടാ?".  ആ ദുഷ്ചിന്തയാണ് തികച്ചും അനവസരത്തിലുള്ള "അച്ചായത്തരങ്ങള്‍" എന്ന ബ്ലോഗിന്റെ പിറവിയുടെ പിന്നിൽ. ബ്ലോഗ്‌ ലോകത്തെ ഹിറ്റ്‌ മേക്കേഴ്സിന്റെ നിലവാരത്തിന്റെ എഴയല്പക്കത്ത് പോലും എന്റെ എഴുത്ത് എത്തുകയില്ല എന്ന് നിങ്ങളെക്കാൾ ബോധ്യമുള്ള ആളാണ്‌ ഞാൻ.  പൊതുവെ ഓഫീസിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമാണ് ബ്ലോഗ്‌ എഴുത്തിന് വേണ്ടി വിനിയോഗിക്കാറുള്ളത്. തിടുക്കത്തിൽ തല്ലിക്കൂട്ടി ഒരു രണ്ടാം വായന പോലും നടത്താതെയാണ് മിക്കവാറും പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ വാക്യ ഘടനയിലും വ്യാകരണത്തിലും ഉള്ള തെറ്റുകൾക്ക് പുറമേ അക്ഷരത്തെറ്റുകളും വ്യാപകമായി ഉണ്ടാവാറുണ്ട്. അതൊക്കെ കൃത്യമായി ചൂണ്ടിക്കാട്ടാറുള്ള നല്ല കുറെ സുഹൃത്തുക്കളും ഈ സൈബർ ലോകത്ത് ഉണ്ട്. ഇവരെല്ലാം തന്നെയാണ് എന്നെ സജീവമായി ഇതിൽ നില നിർത്തുന്നത്. 

പിന്നെ അച്ചടി മാധ്യമങ്ങളിൽ എന്നതിനേക്കാൾ സ്വന്തം സൃഷ്ടിയെ പറ്റിയുള്ള ഫീഡ്ബാക്ക് ഉടനെ അറിയാം എന്നുള്ളത് സൈബർ ലോകത്തെ എഴുത്തിനെ കുറേക്കൂടി ആകർഷകമാക്കുന്നുണ്ട്. ലൈവ് ട്രാഫിക്‌ ഫീഡിൽ നോക്കുമ്പോൾ അതിൽ തെളിയുന്ന വായനക്കാരുടെ ലോക്കെഷനുകളുടെ വൈവിധ്യം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ അറിയാത്തവരും എന്നെ അറിയാത്തവരും ആയി അനേകം പേര്‍. ഒരേ സമയം ഈ ഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നു നമ്മൾ എഴുതിയ ഊളത്തരങ്ങൾ വായിക്കുന്നവരെ പറ്റി ഓർക്കുമ്പോൾ സത്യമായും കൃതജ്ഞത കൊണ്ടെന്റെ ശിരസ്സ്‌ കുനിയുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്ന് വരെ ഞാൻ എഴുതിയത് വായിക്കപ്പെടുന്നു എന്ന തിരിച്ചറിവ് തീർച്ചയായും അതിശയിപ്പിക്കുന്നതായിരുന്നു.  

ബ്ലോഗെഴുത്തിൽ പ്രശംസകളും നല്ല വാക്കുകളും അംഗീകാരങ്ങളും പോലെ തന്നെ, എടുത്തു പറയാവുന്ന ഒരനുഭവം ഏറ്റു വാങ്ങേണ്ടി വരുന്ന വിമർശനങ്ങളും തെറി വിളിയുമാണ്. അത് ഇതിന്റെ ഒരു ഭാഗം തന്നെ ആണെന്ന തിരിച്ചറിവ് കൊണ്ടാണ് അതിനെ നേരിടാൻ ശ്രമിച്ചിട്ടുള്ളത്. അത്യപൂർവ്വം ചില അവസരങ്ങളിൽ ആത്മസംയമനം വിട്ട് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടെന്നതും നിഷേധിക്കുന്നില്ല.

എന്ത് തന്നെയായാലും ഞാൻ സോഷ്യൽ മീഡിയ റൈറ്റിങ് ഇഷ്ടപ്പെടുന്നു. എനിക്ക് എന്റെ ആശയങ്ങളും ആശങ്കകളും പൊതുശ്രദ്ധയിലേക്ക് കൊണ്ടു വരാൻ ആകുമ്പോൾ  തന്നെ, അവയെ എതിർക്കുന്നവരും സ്വീകരിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം ചേർന്ന് നല്കുന്ന ആ ഒരംഗീകാരം; അത് നല്കുന്ന ആത്മസംതൃപ്തി ഇതൊക്കെ തന്നെയാണ് ബ്ലോഗ്/സോഷ്യൽ മീഡിയ എന്ന മാധ്യമത്തെ എന്നിലേക്ക് അടുപ്പിച്ചു നിർത്തുന്നത്.... അല്ലെങ്കിൽ ബ്ലോഗ്/സോഷ്യൽ മീഡിയ എന്ന മാധ്യമത്തിലേക്ക് എന്നെ അടുപ്പിച്ചു നിർത്തുന്നത്.

ഇനിയുള്ളത് മുൻപൊരു പോസ്റ്റിൽ പറഞ്ഞതിന്റെ ആവർത്തനമാണ്....

ഞാനെഴുതി  വിടുന്ന വധങ്ങള്‍  വായിക്കാനിട വരുന്ന എന്റെ വായനക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു....... അതല്ല, ഞാനെഴുതിയത് പിന്നെയും വായിക്കുന്നവരുണ്ടെങ്കില്‍ അവരോടുള്ള കടപ്പാടും നന്ദിയും ഞാനിവിടെ അറിയിക്കുന്നു...

എല്ലാവരോടും നന്ദി....

നല്ല കമന്റുകള്‍ എഴുതിയവരോട്...
വിമര്‍ശനങ്ങള്‍ ചൊരിഞ്ഞവരോട്...
ഫേസ്ബുക്ക്‌ ഇൻബോക്സിലും കമന്റ്റ് ബോക്സിലും വന്ന് തെറി വിളിച്ചവരോട്....

ബ്ലോഗ്‌ ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യാനനുവദിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളോട്, പേജുകളോട്...

ബ്ലോഗിന്‍റെ ഫേസ്ബുക്ക് ലിങ്കുകളും ഫേസ്ബുക്ക്‌ പേജും  ലൈക്ക്‌ ചെയ്തവരോട്, ഷെയര്‍ ചെയ്തവരോട് ....

പ്രത്യക്ഷമായും പരോക്ഷമായും പ്രോല്സാഹിപ്പിച്ചവരോട്...

നിങ്ങളോരോരുത്തരും തരുന്ന പ്രോഹത്സാഹനം കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും എഴുതുന്നത്‌..... തുടര്‍ യാത്രക്ക് കരുത്തേകി നിങ്ങള്‍ അത് തുടരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

സസ്നേഹം

ഓനു അച്ചായന്‍
അച്ചായത്തരങ്ങൾ 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


മഹാവ്യാധിക്കാലത്ത് ഓർക്കാനൊരു "ടൈഫോയ്‌ഡ് മേരി"

ഈ മേരിയെ അധികമാളുകൾക്ക് പരിചയം ഉണ്ടാകാൻ വഴിയില്ല. നമുക്ക് പരിചയമുള്ളത് കന്യകാമേരിയേയും പ്രേമം സിനിമയിലെ ചുരുണ്ടമുടിക്കാരി മേരിയെയും ചാള മേരിയെയും ഈയടുത്ത് പ്രശസ്തയായ "മഹാമേരി"യേയും ഒക്കെ ആണ്. ഈയടുത്തൊരു പ്രമുഖൻ പറഞ്ഞത് പോലെ, നൂറ് നൂറ്റിഇരുപത് വർഷങ്ങൾക്ക് മുൻപ് പത്രങ്ങളുടെ തലക്കെട്ടിലെ കഥാപാത്രമായിരുന്നു ഞാൻ പറയാൻ പോകുന്ന മേരി. ചിലരുടെ വീക്ഷണത്തിൽ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരയായിരുന്നപ്പോൾ തന്നെ മറ്റു ചിലരുടെ വീക്ഷണത്തിൽ ഭീകര കഥകളിലെ ക്രൂരയായ വില്ലൻ കഥാപാത്രമായിരുന്നു മേരി. ആ മേരിയാണ് ടൈഫോയ്‌ഡ് മേരി എന്നറിയപ്പെട്ട മേരി മാലൺ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ലോകമാസകലം ടൈഫോയിഡ് മേരി ചര്‍ച്ചയായി.

1869-ല്‍ അയർലണ്ടിലെ ടൈറാ കൗണ്ടിയിലാണ് മേരി മാലൺ ജനിച്ചത്. യൗവനത്തിന് മുൻപേ പുതിയൊരു ലോകവും ജീവിതവും തേടി അവൾ അമേരിക്കയിലേക്ക് കുടിയേറി. 1900 ആയപ്പോഴേക്കും ന്യൂയോര്‍ക്ക് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പണക്കാരുടെ വീടുകളില്‍ പാചകത്തൊഴിലെടുക്കുകയായിരിന്നു മേരി. ഒരു പ്രത്യേക ഭക്ഷ്യവിഭവം ഉണ്ടാക്കുന്നതിൽ അവൾക്കുള്ള നിപുണത കൊണ്ട് അവൾ വളരെ പ്രശസ്തയായി എന്നാണ് പറയപ്പെടുന്നത്. പീച്ച് ഐസ്ക്രീം എന്ന് വിളിപ്പേരുള്ള ഒന്നായിരുന്നത്രെ ഈ വിഭവം. വളരെയേറെ ആളുകൾ പാചകവേലയെടുക്കുന്ന ഒരു നാട്ടിൽ മികവുറ്റ ഈയൊരൊറ്റ വിഭവം ഉണ്ടാക്കാനുള്ള കഴിവ് അവളെ പാചകക്കാർക്കിടയിലെ റാണിയാക്കി. 

ഇതേ കാലഘട്ടത്തിലാണ് നാടിനെ ടൈഫോയിഡ് രോഗം കീഴടക്കുന്നത്. ഇന്നത്തെ കോവിഡ് 19 പോലെ ടൈഫോയിഡ് ഒരു കൊലയാളി രോഗം ആയി മാറി. കോവിഡ് 19 ൽ നിന്ന് വ്യത്യസ്തമായി അതൊരു ബാക്ടീരിയ ജന്യരോഗമായിരുന്നു. ആളുകൾ തിങ്ങി നിറഞ്ഞു താമസിച്ചിരുന്ന തെരുവുകളിൽ ജീവിച്ചിരുന്നവരെയാണ് ടൈഫോയിഡ് ആദ്യമാദ്യം ബാധിച്ചു കൊണ്ടിരുന്നത്. എന്നാല്‍, ഏറെ വൈകാതെ സമ്പന്നകുടുംബങ്ങളിൽ ജീവിക്കുന്നവർക്കും രോഗം പിടിപെടാൻ തുടങ്ങി. 

1901-ല്‍ മാന്‍ഹട്ടനിലെ ഒരു വീട്ടിൽ പാചകക്കാരിയായി മേരി വന്നു. ആ കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനു ശേഷം ഒരു അഭിഭാഷകന്‍റെ കുടുംബത്തിൽ മേരി ജോലിക്കെത്തി. ആ വീട്ടിലെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചു. മേരി അവിടെ നിന്നും ജോലി ഉപേക്ഷിച്ച് ഇറങ്ങി. ഇതേ സമയം മേരി ജോലിസ്ഥലം മാറിക്കൊണ്ടേയിരുന്നു. മേരി ജോലി ചെയ്ത വീടുകളിലെല്ലാം ടൈഫോയ്‌ഡ് രോഗബാധ ഉണ്ടായി. 

പിന്നീട് ന്യൂ യോർക്കിലെ അതിസമ്പന്നനായ ചാള്‍സ് ഹെന്‍റി വാറണ്‍ എന്ന ബാങ്കറുടെ വീട്ടില്‍ മേരി ജോലിക്ക് ചേർന്നു. 1906 -ല്‍ ഓയ്സ്റ്റര്‍ ബേയില്‍ ഒരു വീടെടുത്ത് പോയപ്പോള്‍ മേരിയേയും അവിടേക്ക് കൊണ്ടു പോയി. ആ കാലത്ത് തന്നെ ആ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയ്സ്റ്റര്‍ ബേയില്‍ ടൈഫോയ്‌ഡ് രോഗം സാധാരണമായിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു നിരീക്ഷണമായിരുന്നു. 1906 -ന്‍റെ ഒടുക്കം ചാള്‍സ് ഹെന്‍റി വാറണ്‍, ഈ രോഗത്തിന്‍റെ തുടക്കവും വ്യാപനവും എങ്ങനെയുണ്ടായി എന്ന് കണ്ടു പിടിക്കാന്‍ ജോര്‍ജ്ജ് സോബര്‍ എന്നൊരു സാനിറ്ററി എൻജിനീയറിങ് ഗവേഷകനെ നിയോഗിച്ചു. സോബർ തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15 -ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേർണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

വാറണ്‍ കുടുംബം രോഗബാധ കണ്ടെത്തിയ ദിവസങ്ങളിൽ കഴിച്ച കക്കയിറച്ചിയിൽ നിന്ന് രോഗം പകർന്നു എന്ന നിഗമനത്തിലാണ് ആദ്യം എത്തിയത്. പക്ഷെ, രോഗം ബാധിച്ച ചിലർ കക്കയിറച്ചി കഴിച്ചില്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് സോബറിന്റെ ശ്രദ്ധ മേരി എന്ന പാചകക്കാരിയിൽ പതിയുന്നത്. അവർ രോഗാണുവിനെ വഹിക്കുകയും പകർത്തുകയും ചെയ്യുന്നുണ്ടാകാനുള്ള സാധ്യത മനസിൽ തോന്നിയ സോബർ മേരിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. അന്വേഷണത്തിൽ മേരി അടുത്ത് ജോലി ചെയ്ത വീട്ടിലും രോഗബാധ ഉണ്ടായതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ, അടുക്കള ജോലിക്കാരി എന്ന നിലയിൽ മേരിയുടെ സാന്നിധ്യമുണ്ടായിരുന്നു കുടുംബങ്ങളിലെല്ലാം ടൈഫോയ്‌ഡ് ബാധ ഉണ്ടായതായും മനസിലാക്കി. അതോടെ മേരിയായിരുന്നു രോഗം ഓരോരുത്തരിലേക്കായി എത്തിച്ചതെന്ന അനുമാനത്തിൽ സോബർ എത്തിച്ചേർന്നു. രോഗം ഓരോ ഇടങ്ങളിൽ എത്തിച്ചതിലും അത് പകരാനിടയാക്കിയതിലും, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തതും ആരോഗ്യവതിയായി കാണപ്പെടുന്നതുമായ മേരിക്ക് പങ്കുണ്ട് എന്ന തന്റെ അനുമാനത്തിൽ നിന്ന് ആരോഗ്യവതിയായ രോഗാണുവാഹക (Healthy Carrier) എന്ന ആശയത്തെ സോബർ സ്ഥാപിച്ചെടുക്കുകയായിരുന്നു.

പക്ഷെ, ശ്രമകരമായ ഈ കണ്ടെത്തൽ നടത്തിയ ശേഷം അദ്ദേഹത്തിന് മേരിയെ കണ്ടുമുട്ടാൻ സാധിച്ചില്ല. കാരണം ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെ മേരി ആ വീട്ടിലെ ജോലിയും ഉപേക്ഷിച്ച് പോയിരുന്നു. ഓരോ ജോലിസ്ഥലത്തും ശരിയല്ലാത്ത മേൽവിലാസം നൽകിയിരുന്ന മേരി അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഉടനെ അവിടം വിട്ട് അടുത്ത സ്ഥലത്ത് ജോലിക്ക് കയറുമായിരുന്നു. അങ്ങനെയിരിക്കെ പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. ആ വീട്ടിലെ ഒരു പെൺകുട്ടി ടൈഫോയിഡ് ബാധിച്ച് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖബാധയെത്തുടർന്ന് ആശുപത്രിയിലാവുകയും ചെയ്തു.

ഇപ്രാവശ്യം ഏതായാലും സോബര്‍ക്ക്, മേരിയെ സമീപിക്കാൻ സാധിച്ചെങ്കിലും സോബറിന്‍റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിലുകൾ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി സമ്മതം നല്‍കിയില്ല. അന്ന് മടങ്ങിയെങ്കിലും നിരാശനാകാതെ സോബര്‍ പിന്നീട് ഒരു ഡോക്ടറെയും കൂട്ടി തിരിച്ചെത്തി. പക്ഷെ, അന്നും മേരി പരിശോധനയ്ക്ക് വിധേയയാകാൻ തയ്യാറായില്ല. മേരിയുമായുള്ള സംഭാഷണം ഒടുക്കാം വാഗ്വാദത്തിൽ വരെ എത്തി. ഒരു ഒത്തുതീർപ്പ് ആശയമെന്ന നിലയിൽ, അവള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സമ്മതിക്കുകയാണെങ്കില്‍, സോബർ അവളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും അതിന്‍റെ റോയല്‍റ്റി അവള്‍ക്ക് നല്‍കുകയും ചെയ്യമെന്നൊരു വാഗ്ദാനമാണ് സോബർ മുന്നോട്ട് വച്ചത്. എന്നാല്‍, ഇതിൽ പ്രതിഷേധിച്ച് ബാത്ത്റൂമില്‍ കയറി വാതിലടച്ച മേരി സോബർ പോകാതെ പുറത്തിറങ്ങില്ല എന്ന് ശഠിച്ചു. ഒരിക്കൽപ്പോലും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ തനിക്ക് രോഗമില്ലെന്ന് മേരി ഉറച്ച് വിശ്വസിച്ചു കാണും. എന്നാൽ ഹെൽത്തി ക്യാരിയർ എന്ന ആശയം മനസ്സിലാക്കാനോ താൻ കാരണം മറ്റുള്ളവർ രോഗബാധിതരാകുന്നു എന്ന് അംഗീകരിക്കാനോ പരിശോധനകൾക്കായി ആശുപത്രിയിലെത്താനോ ഒന്നും തന്നെ മേരി തയ്യാറായിരുന്നില്ല.

ഒടുവിൽ ന്യൂയോര്‍ക്ക് നഗരത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തീർച്ചപ്പെടുത്തുകയും അവർ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് എന്ന ബോധ്യത്തിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. താന്‍ വളരെ അപൂർവ്വമായി മാത്രമേ കൈകൾ കഴുകാറുണ്ടായിരുന്നുള്ളൂ എന്ന് മേരി ചോദ്യം ചെയ്യൽ വേളയിൽ തുറന്ന് സമ്മതിച്ചു. ഇടയ്ക്കിടെ കൈകൾ കഴുകുക എന്ന ശീലം അക്കാലത്ത് സാധാരണവും അല്ലായിരുന്നുവത്രെ. ഏതായാലും ചോദ്യം ചെയ്യലിനുശേഷം മേരിയെ നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ആശുപത്രിയിൽ ഐസൊലേഷനിലാക്കി. ആ ഐസൊലേഷൻ മൂന്ന് വർഷം നീണ്ടു നിന്നു. അവിടെ വച്ച്  നടത്തിയ മൂത്ര സാമ്പിൾ പരിശോധനയിൽ മേരിയുടെ ശരീരത്തിൽ ടൈഫോയിഡ് രോഗത്തിന് കാരണമായ സാൽമൊണെല്ല ടൈഫി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അവളുടെ ശരീരത്തിൽ നിരവധി രോഗാണുക്കൾ വസിക്കുന്നു എന്ന് കണ്ടെത്തിയ പിത്താശയം നീക്കം ചെയ്യാം എന്ന ആരോഗ്യവിദഗ്ദ്ധരുടെ നിർദേശം മേരി അംഗീകരിച്ചില്ല. അപ്പോഴും താന്‍ രോഗവാഹകയാണെന്ന് സമ്മതിക്കാന്‍ മേരി തയ്യാറല്ലായിരുന്നു. അത് കൊണ്ട് തന്നെ താനിനിയും പാചകത്തൊഴിൽ ചെയ്യുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ആ കാലഘട്ടത്തിലാണ് മേരി മലൺ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാൻ തുടങ്ങിയതും ടൈഫോയിഡ് മേരി എന്നറിയപ്പെടാന്‍ തുടങ്ങിയതും.

മൂന്ന് വര്‍ഷത്തിനു ശേഷം, രോഗവാഹകരെ ദീർഘകാലം ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് ന്യൂയോര്‍ക്കിലെ ആരോഗ്യവകുപ്പധികൃതർ തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മോചിപ്പിക്കപ്പെട്ടു. പാചകജോലിയിൽ തുടർന്ന് ഏർപ്പെടരുതെന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിനു ശേഷമാണ് മേരി മോചിപ്പിക്കപ്പെട്ടത്. ഇനി പാചകവേല തുടരില്ലെന്ന ഉറപ്പും രോഗം പകരാതിരിക്കാനായി മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകളുമെടുത്തു കൊള്ളാമെന്നുമുള്ള സത്യാവാങ്മൂലവും നല്‍കി ക്വാറന്റൈനിൽ നിന്ന് മോചനം നേടിയ മേരി അലക്കുപണി പോലുള്ള ചെറിയ ചെറിയ ജോലികള്‍ ചെയ്തു ജീവിതം തുടർന്ന്. പക്ഷെ, അത്തരം തൊഴിലുകൾക്കെല്ലാം പാചക കോലിയെക്കാൾ കൂലി കുറവായിരുന്നു. 

പിന്നീടവർ "മേരി ബ്രൌണ്‍" എന്ന് പേര് മാറ്റി വീണ്ടും പാചകക്കാരിയായി പണിക്ക് പോകാന്‍ തുടങ്ങി. ആ കാലഘട്ടത്തിൽ അവർ നിരവധി അടുക്കളകളില്‍ പാചക ജോലി ചെയ്തു. "മേരി ബ്രൌണ്‍" എവിടെയൊക്കെ ജോലി ചെയ്തോ അവിടെയെല്ലാം ടൈഫോയിഡ് ബാധയുണ്ടായി. ആർക്കെങ്കിലും രോഗം പിടിപെട്ടു എന്ന് മനസിലാക്കിയാലുടനെ മേരി അവിടം വിട്ട് അടുത്ത വീട്ടിൽ ജോലിക്ക് കയറും. ആശയവിനിമയ സംവിധാനങ്ങൾ ഏറെ പുരോഗമിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഏറെ പരിശ്രമിച്ചിട്ടും മേരിയെ കണ്ടെത്താനായില്ല.

എന്നാല്‍, 1915-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വനിതകൾക്ക് വേണ്ടിയുള്ള ആശുപത്രിയിൽ ഒരേ സമയം ഇരുപത്തഞ്ചോളം പേർക്ക് ടൈഫോയ്‌ഡ് രോഗബാധ ഉണ്ടായി. അപ്പോൾ അവിടത്തെ പാചകക്കാരി മേരിയായിരുന്നു. പതിവ് പോലെ മേരി അവിടെ നിന്നും മുങ്ങി. പിന്നീട് പൊലീസ് പിടിയിലായ മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടു. ഈ അവസരത്തിലും അപ്പോഴും മേരി തന്‍റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതം നൽകിയില്ലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങൾ അവര്‍ ക്വാറന്‍റൈനില്‍ തന്നെ കഴിയുകയായിരുന്നു. 23 വർഷങ്ങൾ നീണ്ട ആ ക്വാറന്‍റൈൻ കാലത്ത് അവർ വിവിധ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും വാർത്തകളിൽ പ്രത്യക്ഷപ്പെടുകയുമെല്ലാം ചെയ്തു. 1938 നവംബർ 11-ന് മേരി, തന്റെ 69 -ാം വയസ്സിൽ മേരി ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. തന്റെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ സുഹൃത്തക്കൾ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു പോയ മേരിക്ക് മതവിശ്വാസമായിരുന്നു ഏക ആശ്വാസമെന്ന് പറയപ്പെടുന്നു. 

സോബര്‍ പറയുന്നതനുസരിച്ച് അവളുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കണ്ടെത്തലുകൾ സ്ഥിരീകരിച്ചുവെന്നും അവളുടെ പിത്തസഞ്ചിയിൽ ടൈഫോയ്ഡ് ബാക്ടീരിയയുടെ തെളിവുകൾ കണ്ടെത്തിയെന്ന് അധികൃതർ അവകാശപ്പെടുന്നു. വളരെ നീണ്ട കാലം ഒരു വ്യക്തിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ചതിനെ ന്യായീകരിക്കാനാണ് മരണസമയത്തും മേരിയുടെ ശരീരത്തിൽ ടൈഫോയിഡ് ബാക്ടീരിയകളുണ്ടായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞതെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു. 


പ്രശ്നങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കുമ്പോഴും തനിക്ക് രോഗമില്ല എന്ന അമിത വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകരോടും അധികാരികളോടും സഹകരിക്കാതിരുന്ന മേരി ഏറെ പേരുടെ ജീവിക്കാനുള്ള അവകാശത്തെ അപകടത്തിലാക്കിയപ്പോൾ തന്നെ മനുഷ്യാവകാശത്തെ മേരി എന്ന വ്യക്തിയുടെ കോണിൽ നിന്ന് നോക്കിയാൽ അതീവ ദയനീയമായ കയ്പ്പനുഭവമായിരുന്നു മേരിയുടേതെന്ന് സമ്മതിക്കാതെയും  വയ്യ. അവളെ സ്നേഹിക്കണോ വെറുക്കണോ എന്നൊരു തീർപ്പിലെത്തുക എന്തായാലും എളുപ്പമല്ല.  

കാലം ഏറെ കടന്നു പോയി; ടൈഫോയ്‌ഡ് രോഗത്തിന് മരുന്നും പ്രതിരോധവും എല്ലാം ശാസ്ത്രം കണ്ടെത്തി. ഒരു നൂറ്റാണ്ടിനിപ്പുറം ശാസ്ത്രവും ആരോഗ്യമേഖലയുമെല്ലാം ഒട്ടേറെ പുരോഗതി പ്രാപിച്ചപ്പോഴും എയിഡ്‌സും ഇബോളയും കോവിഡ് 19 ഉം ഒക്കെ പോലെയുള്ള പകർച്ചവ്യാധികൾ മനുഷ്യനെ പിടി കൂടുന്നു. കോവിഡ് 19 പടർന്നു തുടങ്ങിയ വേളയിൽ രോഗം ബാധിച്ചവരോടും ബാധിച്ചവരെന്ന് സംശയിച്ചവരോടും  ജീവൻ പണയപ്പെടുത്തി കോവിഡ് നിയന്ത്രണ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരോടുമൊക്കെ നമ്മുടെ സമൂഹം വിവേചനവും അവഗണനയും അസ്പൃശ്യതയുമൊക്കെ കാണിച്ചതിന്റെ നടുക്കുന്ന വാർത്തകൾ നമ്മൾ കേട്ടത് മറക്കാൻ സമയമായിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാൻ അത്യാവശ്യമായ ക്വാറന്റൈൻ, ഐസൊലേഷൻ, സോഷ്യൽ ഡിസ്റ്റൻസിങ് നടപടികളിൽ അപൂർവ്വമായെങ്കിലും ചിലർ ആരോഗ്യപ്രവർത്തകരോടും അധികൃതരോടും സഹകരിക്കാതിരുന്നതും ടൈഫോയ്‌ഡ് മേരിയുടെ കഥയിൽ ചേർത്ത് വച്ച് വായിച്ചെടുക്കാവുന്നതാണ്. 

ഏതൊരു മഹാമാരിക്കാലത്തും വെറുപ്പില്ലാതെ ഓർക്കേണ്ട വ്യക്തിത്വമാണ് ടൈഫോയ്‌ഡ് മേരി... അറിവില്ലായ്മ കൊണ്ടാണെങ്കിൽ പോലും ആർക്കും ടൈഫോയ്‌ഡ് മേരിയുടെ മനോഭാവം ഉണ്ടായിക്കൂടാ... ആർക്കും ടൈഫോയ്‌ഡ് മേരിയുടെ അനുഭവവും ഉണ്ടായിക്കൂടാ...


"സഫലമീ യാത്ര" എന്ന കവിതയിൽ മഹാനായ കവി എ എൻ കക്കാട് എഴുതിയത് പോലെ "കാലമിനിയുമുരുളും, വിഷുവരും വർഷം വരും, തിരുവോണം വരും, പിന്നെയൊരോതളിരിനും, പൂ വരും കായ്‌വരും, അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം.." എങ്കിലും, ഇക്കാലവും കടന്നു പോകും ഇതും, നമ്മൾ അതിജീവിക്കും എന്നൊക്കെ ആവർത്തിച്ച് പറഞ്ഞ് ജീവിതം പഴയ നിലയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രത്യാശിക്കുന്നു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 21 March 2020

വാഴ്ത്തുപാട്ടുകൾക്കപ്പുറം പലതും അർഹിക്കുന്ന "മാലാഖമാർ"

ആരോഗ്യ അടിയന്തിരാവസ്ഥക്കാലത്തും നഴ്സസ് ദിനത്തിലും, നഴ്‌സുമാരെ മാലാഖമാരെന്നും ദൈവദൂതരെന്നും വാഴ്ത്തുപാട്ടുകൾ കൊണ്ട് മൂടുന്നതിൽ സമൂഹത്തിന് വല്ലാത്തൊരു ശ്രദ്ധയാണ്...

കുറച്ച് കാലം മുൻപ് വരെ പെൺകുട്ടികൾ നഴ്സിംഗ് പഠിപ്പിനും ജോലിക്കും പോകുന്നത് മുന്തിയ കുറെ ഫ്യൂഡലുകൾക്ക് അചിന്ത്യമായിരുന്നു. ദരിദ്രകുടുംബങ്ങളിലെയും ഇടത്തരം കുടുംബങ്ങളിലെയും ചില പെൺകുട്ടികൾ നഴ്‌സിങ് പഠിച്ചു വിദേശത്ത് ജോലിക്ക് പോയി കഷ്ടപ്പെട്ട് പത്തു കാശ് സമ്പാദിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ കണ്ണുകടി ശമിപ്പിക്കാൻ അക്കൂട്ടർ നഴ്‌സുമാരെ പറ്റി അപഖ്യാതി കഥകൾ പറഞ്ഞു പരത്തി അതിൽ അഭിരമിച്ചു; ഇപ്പോഴും എത്രയോ പേർ അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു ....

സ്വന്തം മകൻ നഴ്‌സിനെ പ്രേമിച്ച് കല്യാണം കഴിച്ചത് അംഗീകരിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ വളരെ ലോകപരിചയവും ഉന്നത വിദ്യാഭ്യാസവും ഉള്ള ഒരു അതി പുരാതന കത്തോലിക്കാ ക്രിസ്ത്യൻ പ്രമാണി ഉന്നയിച്ചത് "കക്കാത്ത കണ്ടക്ടറും ഇല്ലാ ____ക്കാത്ത നഴ്‌സും ഇല്ലാ" എന്ന സാമാന്യവൽക്കരിക്കപ്പെട്ട ദുരാരോപണമാണ്. അതിന് മുൻപും പിൻപും പല മുന്തിയ മാന്യന്മാരും ഒളിഞ്ഞും തെളിഞ്ഞും ഇത് പറയുന്നത് എത്രയോ വട്ടം കേട്ടിരിക്കുന്നു; മുൻവിധികളുടെ തടവറയിൽ ജീവപര്യന്തം പെട്ട് പോയ കെട്ട മനുഷ്യർ എന്നല്ലാതെ അവരെയൊക്കെ എന്ത് പറയാൻ... 
❗️❗️❗️

ആത്മാർത്ഥതയില്ലാത്ത വാഴ്ത്തുപാട്ടുകൾ മാത്രം കിട്ടിയിട്ട്
നഴ്‌സുമാർക്കെന്ത് കാര്യം; എടുക്കുന്ന ജോലിക്ക് ആനുപാതികമായ കൂലി കിട്ടുന്ന, മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉള്ള, ഇല്ലാത്ത അപരാധകഥകൾ ചമയ്ക്കപ്പെടാത്ത സാമൂഹ്യ അന്തരീക്ഷവും കൂടി വേണം....

ഭൂമിയിലെ എല്ലാ നഴ്‌സുമാരോടും ആരോഗ്യപ്രവർത്തകരോടും സ്‌നേഹം, അനുഭാവം, ഐകദാർഢ്യം        
❤❤❤

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 9 March 2020

പൊങ്കാലയുടെ പടം മാത്രം കണ്ട് എന്റെ മുതുകത്ത് പൊങ്കാലയിടാൻ വരരുത്...

പൊങ്കാലയുടെ പടം മാത്രം കണ്ട് എന്റെ മുതുകത്ത് പൊങ്കാലയിടാൻ വരരുത്...
മുഴുവൻ വായിച്ചിട്ട് പൊങ്കാല ആവാം.....കമന്റ് ബോക്സിലേക്കോ ഇൻബോക്സിലേക്കോ സ്വാഗതം....

ക്ഷേത്രങ്ങളിൽ പൊങ്കാല വേണ്ടെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല; ചികിത്സകൾ കണ്ടെത്താത്ത കോവിഡ് 19 വൈറസ് പടരുന്ന ദുരന്ത സാധ്യത മുൻകൂട്ടിക്കണ്ട് മാറി നിൽക്കുന്നവരുണ്ടെങ്കിൽ അവരോട് ആദരവ്. എന്തിന് പൊങ്കാലയിടാൻ പോകുന്നവരെ മാത്രം പറയുന്നു....!?? നമ്മുടെ നാട്ടിലെ ഏത് മതത്തിലെ വിശ്വാസികൾക്കാണ് വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും യുക്തിപൂർവ്വം മാറി നില്ക്കാൻ ബോധമനസ്സ് പാകപ്പെട്ടിട്ടുള്ളത്. വൈറസ് പടരാതിരിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ നിർത്തലാക്കിയ സൗദിയുടെയും പള്ളിത്തിരുക്കർമ്മങ്ങൾ വേണ്ടെന്ന് വച്ച ക്രിസ്ത്യൻ രാജ്യങ്ങളുടെയും നിലവാരത്തിലേക്ക് ഈ നൂറ്റാണ്ടിൽ നമുക്കെത്താൻ സാധിക്കുമോ !!??? 

ഇത്രയും പേര് മതപരമായി നടത്തുന്ന പൊങ്കാല വേണ്ടന്നുവയ്ക്കാൻ സർക്കാർ തുനിഞ്ഞാൽ ഉണ്ടാകാവുന്ന പുകിൽ കഴിഞ്ഞ ശബരിമലക്കാലം ഓർക്കുന്നവർക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ആ ക്ഷേത്ര ഭരണസമിതി വേണ്ടാന്ന് വച്ചാൽ തീരുന്ന പ്രശ്നമായിരുന്നു പൊങ്കാല. ദേവിക്കുള്ള പൊങ്കാലയല്ലേ ഇടുന്നത്, സൂക്കേടൊക്കെ ദേവി തടഞ്ഞോളും എന്ന് പറയുന്ന നിഷ്ക്കുകളെ നോക്കി ചിരിക്കുന്ന ഓരോരുത്തരും ഒന്ന് ആത്മപരിശോധന നടത്തണം. കൊറോണ വിപത്ത് ഒഴിയുന്നത് വരെ ഉത്സവങ്ങൾ, പെരുന്നാളുകൾ, പൊതു നേർച്ചകൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ വേണ്ടെന്നു വക്കാനോ കുറച്ചു കൂടി നീട്ടി വെക്കാനോ ഇവിടത്തെ മത സാമുദായിക രാഷ്ട്രീയ ബഹുജന സംഘടനകൾ തീരുമാനിക്കണം. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാകൂ.... മനുഷ്യർ ജീവനോടെ ഉണ്ടെങ്കിലല്ലേ സംഘടനകൾക്ക് പ്രസക്തിയുള്ളൂ....

നിയന്ത്രണസാധ്യതകൾ ഒന്നുമില്ലാതെ ദയാരഹിതമായി കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നു പിടിക്കുന്ന വാർത്തകളാണെമ്പാടും കേൾക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് പ്രത്യേകം അപേക്ഷിക്കാനുള്ളത് ഞാൻ അംഗമായിട്ടുള്ള കത്തോലിക്കാ സഭാ നേതൃത്വത്തോടാണ്. ഇപ്പോഴാണ് കേരള കത്തോലിക്കാ സഭ അതിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കേണ്ടത്. രോഗവ്യാപനം തടയുന്നതിനായി ആൾക്കൂട്ടം ഉണ്ടാകുന്ന പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോൾ അതിനോട് വിവേകപൂർവ്വം പ്രതികരിക്കുകയാണ് സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള സഭ ചെയ്യേണ്ടത്. ഇപ്പോൾ സഭ എടുക്കുന്ന പോസിറ്റിവ് നടപടികൾ മറ്റുള്ളവർക്ക് കൂടി അനുകരണീയ മാതൃകകൾ ആവും.  

പള്ളികളിൽ പതിവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആൾക്കൂട്ടമുണ്ടാകുന്ന കാലമാണ്; വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷങ്ങളും നേർച്ചസദ്യകളും, വാർഷിക - നോമ്പുകാല ധ്യാനങ്ങൾ, നോമ്പുകാല മലകയറ്റങ്ങൾ തുടങ്ങി വലിയ ആഴ്ചയിലെ ഓശാന, പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ മുതലായവയ്ക്ക് മുൻപേ നടക്കാനിരിക്കുന്ന ആൾക്കൂട്ട സാധ്യതയുള്ള പരിപാടികൾ ഒട്ടേറെ ഉണ്ട്. ഇത്തരം പരിപാടികൾ മുൻകൂട്ടി റദ്ദു ചെയ്യുന്നതിന് പുറമെ രോഗഭീതി ഒഴിയുന്നത് വരെ കുടുംബയോഗങ്ങൾ മുതൽ പൊതു ദിവ്യബലി പോലും നിർത്തി വയ്ക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം. ധ്യാനകേന്ദ്രങ്ങളോട് ധ്യാനപരിപാടികളും നിർത്തിവയ്ക്കാൻ സഭ ആവശ്യപ്പെടണം. ദൈവശാസ്ത്രം, കാനോൻ നിയമം, ആചാരങ്ങൾ ഒക്കെ തല്ക്കാലം യുക്തിക്ക് മാറ്റിവച്ച് മാർപ്പാപ്പയും വൈദേശികസഭകളും സ്വീകരിച്ചത് പോലെ പ്രായോഗിക സുരക്ഷിത നിലപാടുകളിലേക്ക് മാറണം. രോഗം മാറാൻ പ്രാർത്ഥിക്കാനും അതത് രൂപതകളും ഇടവകകളും മനോധർമ്മത്തിനനുസരിച്ച് പ്രവർത്തിക്കാനും നിർദേശിച്ചു കൊണ്ടുള്ള നിർജ്ജീവമായ പത്രക്കുറിപ്പിന് പകരം കൃത്യമായ മാർഗ്ഗ നിർദേശങ്ങളും അത് കർശനമായി നടപ്പാക്കാനുള്ള കല്പനകളും പുറപ്പെടുവിക്കണം.

അടുത്തിടെ രണ്ടു വൻ ജലപ്രളയങ്ങൾ തുടരെത്തുടരെ അഭിമുഖീകരിച്ചവരാണ് നമ്മൾ; അന്നും കുർബ്ബാനയും പെരുന്നാളും ആഘോഷങ്ങളും നമ്മൾ തീരുമാനിക്കാതെയും ആഗ്രഹിക്കാതെയും തന്നെ മുടങ്ങി; പക്ഷെ നമുക്കൊന്നും സംഭവിച്ചില്ല. ചടങ്ങുകൾ കുറച്ചു കൊണ്ടും ആത്മീയത നിലനിർത്താമെന്നുള്ള സന്ദേശമാണ്  ഇടയന്മാർ കുഞ്ഞാടുകൾക്ക് നൽകേണ്ടത്. ദൈവം തന്ന ബുദ്ധിയും യുക്തിയും ഉപയോഗിക്കാത്തവരെ ദൈവം പോലും സംരക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

കൊറോണ വൈറസ് അതിന്റെ ഏറ്റവും പുതിയ മ്യൂട്ടേഷനുകളുമായി വൈദ്യശാസ്ത്രത്തിന് ഒരു പിടിയും കൊടുക്കാതെ ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഈ ദശാസന്ധിഘട്ടത്തിൽ സർവ്വ ആഘോഷക്കാരോടും പറയാനുള്ളത് പ്രശസ്ത റഷ്യൻ അമേരിക്കൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന എയ്ന്‍ റാന്‍ഡി (Ayn Rand)- ന്റെ ഉദ്ധരണിയാണ് "We can evade reality, but we cannot evade the consequences of evading reality" "നമുക്ക് യാഥാര്‍ത്ഥ്യം അവഗണിക്കാന്‍ സാധിച്ചേക്കും. പക്ഷെ അങ്ങനെ ചെയ്യുന്നതിന്റെ അനന്തരഫലത്തെ അവഗണിക്കാന്‍ സാധിക്കില്ല"

Update :  ഇന്നലെ ഉച്ചകഴിഞ്ഞതോടെ ചില കത്തോലിക്കാ രൂപതകൾ ജനക്കൂട്ടം ഒഴിവാക്കാൻ ഉതകുന്ന രീതിയിൽ സഭ നടത്താനിരുന്ന പല ചടങ്ങുകളും പിൻവലിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നിൽ പോലും പൊതു വിശുദ്ധ കുർബ്ബാന ഒഴിവാക്കുന്നതിലേക്ക് വേണ്ട നിർദ്ദേശങ്ങൾ കണ്ടില്ല. കുർബ്ബാനയ്ക്ക് വരുന്ന ആൾക്കൂട്ടം അപകടരഹിതമാകുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്നാലും രൂപതകളുടെ പോസിറ്റിവ് നടപടികളോട് ആദരവ്. മിണ്ടാത്തതിലും ഭേദമാണല്ലോ കൊഞ്ഞപ്പ്... മാർത്തോമാ സഭയുടെ റവ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാത്രം കുർബ്ബാനയടക്കമുള്ള ചടങ്ങുകൾ എല്ലാം നിർത്തിവച്ചതായി കണ്ടു; അദ്ദേഹത്തിന് അഭിവാദ്യങ്ങൾ 

(സുടാപ്പി, സംഘി, നിരീശ്വർ വിളികൾക്കും പൊങ്കാലക്കും ഉള്ള സ്പേസ് കമന്റ് ബോക്സിലും ഇൻബോക്സിലും ഒരുക്കിയിട്ടുണ്ട്)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക