എന്താണ് സൈബർ ബുള്ളിയിങ് !? ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തലുകളും തേജോവധവുമാണ് സൈബര്‍ ബുള്ളിയിങ്. ഏതു തരം ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും ആക്രമണങ്ങളും തേജോവധങ്ങളും ഇതിന്റെ പരിധിയില്‍ വരാം. സൈബർ ബുള്ളിയിങ് സംഭവിക്കുന്നത് ശത്രുതയോ വിരോധമോ ഉള്ളവരിൽ നിന്നോ അപരിചിതരില്‍ നിന്നോ തന്നെ ആവണമെന്നില്ല; അത് അറിയാവുന്ന ആള്‍ക്കാരില്‍ നിന്നു പോലും ആവാം.
തന്നെ എതിർക്കാൻ ശേഷിയോ സാഹചര്യമോ ഇല്ല എന്നുറപ്പുള്ള ആളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന ആളെയാണ് "BULLY" എന്ന് വിളിക്കാറുള്ളത്. ഡിക്ഷണറി നോക്കിയാൽ ബുള്ളിയിംഗ് (BULLYING) എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, മുഠാളത്തം കാട്ടുക എന്നൊക്കെയാണ് അർഥം കാണുന്നത്. ബുള്ളിയിംഗ് എന്ന പദം തീരെ പുതിയതല്ലെങ്കിലും ക്രൂരമായ ബുള്ളിയിംഗ് വ്യാപകവും അസഹനീയവും ആയത്, മനുഷ്യൻ ഇന്റർനെറ്റിന്റെ ചിറകിലേറി അതിരുകളില്ലാതെ ലോകം കീഴടക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിലാണ്.
ബലഹീനനായ ഒരു വ്യക്തിക്കു നേരെ നടത്തുന്ന കടന്നു കയറ്റമെന്ന നിലയിൽ ബുള്ളിയിങ്ങ് പ്രാചീനകാലത്തും ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. മിക്കവാറും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രരേഖകളിലുമെല്ലാം ബുള്ളിയിങ്ങിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും.
പഠനത്തിനും വിനോദത്തിനും സമയം കൊല്ലലിനുമൊക്കെയായി ഓൺലൈനിനെ ആശ്രയിക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വർദ്ധിക്കുന്നതനുസരിച്ച്, സൈബർ ബുള്ളിയിങ് പോലുള്ള ഭീഷണികൾ സ്ത്രീകളെയും കുട്ടികളെയും താരതമ്യേന ദുർബ്ബലരെയുമൊക്കെ ബാധിക്കുന്ന അപകടകരമായ പ്രവർത്തനമായി മാറിക്കൊണ്ടിരിക്കുകയാണ്. അജ്ഞാത മുഖങ്ങൾക്ക് പിന്നിലൊളിച്ചും സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച് വ്യാജ ഐഡന്റിറ്റിയിൽ ആക്രമിക്കാമെന്നതിനാലും ആരേയും ഏതു സമയത്തും ആക്രമിക്കാമെന്നതിനാലും നവ-സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ബുള്ളിയിംഗ് സങ്കല്പങ്ങൾക്കപ്പുറമുള്ള വിനാശങ്ങൾ വരുത്താൻ കെല്‍പ്പുള്ള ഒന്നായി തീരുന്നുണ്ട്.
സോഷ്യൽ മീഡിയയെ പറ്റി ചർച്ച ചെയ്യുമ്പോൾ സ്ത്രീകളെ പ്രത്യേകമായി പരാമർശിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ഭയാശങ്കകളില്ലാതെ ഉറച്ച സ്ത്രീ ശബ്ദങ്ങളും കൃത്യമായ നിലപാടുകളുമായി സ്ത്രീ സമൂഹത്തിൽ ഇടപെടുന്ന ഇടമാണ് സോഷ്യൽ മീഡിയ എന്ന് കാണാൻ കഴിയും. മുൻപൊക്കെ, ഭൂരിഭാഗം സ്ത്രീകളെയും സംബന്ധിച്ച് നിലപാടുകൾ തുറന്നു പറയാനും സ്വന്തം കഴിവുകളും സൃഷ്ടികളും സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുവാനുള്ള സാധ്യതകൾ തീരെ കുറവായിരുന്നു. സിനിമ, രാഷ്ട്രീയം, കല, സാഹിത്യം എന്നിവയിലൊക്കെ ഇപ്പോൾ കാണാനാകുന്ന സാന്നിധ്യത്തെ സോഷ്യൽ മീഡിയക്ക് മുൻപെന്നും പിൻപെന്നും തിരിച്ചാൽ അത് തമ്മിൽ താരതമ്യത്തിന് പോലും പര്യാപ്തമല്ലെന്നു കാണേണ്ടി വരും. "അസമയം", "ശാരീരിക പരിമിതികൾ" എന്നൊക്കെയുള്ള പരിധികൾ നിശ്ചയിച്ച് മിക്കവാറും പൊതു ഇടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടാ വിഭാഗമായിരുന്നു സ്ത്രീകൾ. അത്തരം പരിധികളെയും പരിധികളെയും തകർത്ത വിപ്ളവമായിരുന്നു സോഷ്യൽ മീഡിയ. അവർക്ക് സ്വതന്ത്രമായി രാഷ്ട്രീയം പറയാനും സാമൂഹ്യ വിമർശനം നടത്താനും എഴുതാനും പാടാനും ആടാനുമെല്ലാം അത് അവസരം കൊടുത്തു. ഈ അനുകൂല ഘടകങ്ങൾ നില നിൽക്കുമ്പോൾ തന്നെ, സമൂഹത്തിന്റെ പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ വിരുദ്ധത സോഷ്യൽ മീഡിയയിലെ സ്ത്രീകളെയും ബാധിക്കുന്നുണ്ട്. സൈബർ ബുള്ളിയിങ്, വൈകാരിക പീഡനങ്ങൾ, ലൈംഗിക ആക്രമണങ്ങൾ, സെക്സ്റ്റിങ് തുടങ്ങിയ ഓൺലൈൻ ചൂഷണങ്ങളുടെ ഇരകൾ ഭൂരിഭാഗവും പെൺകുട്ടികളും സ്ത്രീകളുമാണ്. 2018 - ൽ UNESCO നടത്തിയ ഒരു പഠനമനുസരിച്ച് സൈബർ ബുള്ളിയിങ്ങിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ് നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യയിലെ 53% കുട്ടികൾ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്.
മോശമായ ഭാഷയിൽ കമന്റ് ചെയ്യുക, മോശം മെസ്സേജുകൾ അയക്കുക, ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലുകളയക്കുക, സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, മെയിലുകൾ എന്നിവ പരസ്യമാക്കുക, അവ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുക, അക്കൗണ്ട് ഹാക്ക് ചെയ്യുക, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുക, ഓൺലൈൻ ചാറ്റ് റൂമുകളിൽ നിന്നോ പബ്ലിക്ക് ഗ്രൂപ്പുകളിൽ നിന്നോ പുറത്താക്കുക, അപകീർത്തികരമായ പബ്ലിക്ക് പ്രൊഫൈലുകൾ, വെബ്‌സൈറ്റുകൾ മുതലായവ തുടങ്ങുക തുടങ്ങി എണ്ണമറ്റ പ്രവർത്തികൾ സൈബർ ബുള്ളിയിങ്ങ് പരിധിയിൽ വരുന്നുണ്ട്. ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ അവരുടെ ജാതി, മതം, മാതൃഭാഷ, ജന്മസ്ഥലം, കാഴ്ചപ്പാട്, ശരീരപ്രകൃതി, കുടുംബ പശ്ചാത്തലം, തറവാട്, വസ്ത്രധാരണ രീതി തുടങ്ങിയവായുടെ പേരിൽ ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ അപമാനിക്കുന്നതും സൈബർ ബുള്ളിയിങ് പരിധിയിൽ വരുന്നതാണ്.
സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഓൺലൈൻ പീഡനങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ കൂടുതലും മാനസികമായിരിക്കും. സൈബര്‍ ബുള്ളിയിങിന്റെ പരിണതഫലങ്ങള്‍ ഈ ബുള്ളിയിങ് അവസാനിച്ചതിനു ശേഷവും നീണ്ടു നില്‍ക്കാനിടയുണ്ട്. സൈബർ ബുള്ളിയിങ് ഇരയെ സംബന്ധിച്ച്, ഒരു നിശ്ചിത കാലത്തേക്കോ ദീർഘകാലത്തേക്കോ, മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദവും നാശനഷ്ടവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അവ പലപ്പോഴും ഇരയെ വിഷാദത്തിലേക്കും നിരാശയിലേക്കും അതുവഴി ആത്മഹത്യയിലേക്ക് വരെ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, കോപം, നിരന്തരമായ മാനസിക ആഘാതം എന്നിവയൊക്കെ ആണ് ഇരയെ ആത്മഹത്യാപ്രവണതയിലേക്ക് നയിക്കുന്നത്.
ഓൺലൈൻ അതിക്രമങ്ങളിൽ ഇരയായാൽ എവിടെയാണ്, എങ്ങനെയാണ് പരാതിപ്പെടേണ്ടത് എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മളോ നമ്മളോട് ബന്ധപ്പെട്ടവരോ ഇരയാകുമ്പോൾ മാത്രമല്ല നിയമപരിരക്ഷയെ കുറിച്ച് അറിയേണ്ടത്. മറിച്ച് നമ്മുടെ ഓൺലൈൻ ഇടപാടുകളിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഓൺലൈൻ ഉപദ്രവങ്ങളുണ്ടാകുമ്പോൾ പരിരക്ഷക്കുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയിട്ടുള്ള പ്രധാനപ്പെട്ട നിയമങ്ങൾ അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.
സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നാല്‍ ഒരിക്കലും അതിനെതിരെ നേരിട്ട് പ്രതികരിക്കാന്‍ പോകാതിരിക്കുകയാണ് നല്ലത്. നേരിട്ടുള്ള ഇടപെടലുകൾ ഇരകളെയും ചില നിയമ കുരുക്കുകളിൽ പെടുത്താൻ സാധ്യതയുണ്ട്. സൈബര്‍ബുള്ളിയിങ് നടന്നതിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്‌ക്രീന്‌ഷോട്ട്, വോയിസ് റെക്കോർഡിങ്, ചാറ്റ് ഹിസ്റ്ററി മുതലായ എടുത്ത് സൂക്‌ഷിച്ചു വക്കുന്നത് ഉപകാരപ്പെടും. പരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ അവ തെളിവുകളായി ഉള്‍ക്കൊള്ളിക്കാം. ഇരകൾ അവർ ആയിരിക്കുന്ന സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലാണ് പരാതി കൊടുക്കേണ്ടത്. അവര്‍ സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ബാക്കിയുള്ള നടപടികള്‍ സ്വീകരിക്കും. ഇൻഫർമേഷൻ ടെക്‌നോളജി നിയമം (IT ACT 2000), IPC (Indian Penal Code) RULES 1860, POCSO (പോക്‌സോ) നിയമം 2012 തുടങ്ങിയ നിയമങ്ങൾ പ്രകാരം ഇരകൾക്ക് നിയമ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.
പോലീസിൽ നേരിട്ട് പരാതി കൊടുക്കുന്നത് പോലെ തന്നെ ചെയ്യേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. Cybercrime നടന്ന കാര്യം ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ https://cybercrime.gov.in എന്ന സൈറ്റിൽ ആണ് സൈബര്‍ ആക്രമണങ്ങള്‍ ഓൺലൈനിൽ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേകം സെക്ഷന്‍ തന്നെയുണ്ട്. പരാതിക്കാരുടെ പേരും ഫോണ്‍ നമ്പറും കൊടുത്തും കൊടുക്കാതെയും സൈബര്‍ പരാതി രേഖപ്പെടുത്താം. ട്രാക്ക് ചെയ്യാനുള്ള ഓപ്ഷനില്‍ ആണ് പരാതി ബോധിപ്പിച്ചതെങ്കില്‍, പരാതിക്കാർക്ക് ട്രാക്കിംഗ് നമ്പര്‍ കിട്ടുന്നതായിരിക്കും. അത് ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് പരിശോധിച്ചറിയാൻ സാധിക്കും. ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത്, ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത്, അതിന്റെ അധികൃതരോട് കംപ്ലൈന്റ്‌റ് റിപ്പോര്‍ട്ട് ചെയുക എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം.
വിവര സാങ്കേതിക വിദ്യയും ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും ഒക്കെ കഴിഞ്ഞ് നിർമ്മിതബുദ്ധിയുടെയും ഡീപ്പ് ഫേക്കിങ്ങിന്റെയും ഒക്കെ കാലത്താണ് നാം ജീവിക്കുന്നത്. ഓൺലൈൻ സൗകര്യങ്ങൾ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയ സാഹചര്യത്തിൽ സൈബർ ബുള്ളിയിങ്ങ് പോലെയുള്ള മോശം അനുഭവങ്ങൾ മുൻകൂട്ടിക്കാണാനും അവയെ പ്രതിരോധിക്കാനും അവക്കെതിരെ പ്രതികരിക്കാനുമുള്ള അടിസ്ഥാന അറിവും പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് എല്ലാവര്ക്കും ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും ഓരോരുത്തരും നേടേണ്ടതുണ്ട്. അറിവുകളും അനുഭവങ്ങളുമാണ് അപകടങ്ങളിൽ നിന്നു രക്ഷപ്പെടാൻ മനുഷ്യനെ സഹായിക്കുന്നത്; അത് സൈബർ അപകടങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്.